വെളിപാടിൻറെ കാലം

ഇപ്പോഴത്തെ  ചൂടുള്ള വാർത്ത യൂറോപ്പിലെ അത്യുഷ്ണമാണ്. ഫ്രാൻസും ഇംഗ്ലണ്ടും സ്പെയിനും ജർമനിയും അടക്കമുള്ള  യൂറോപ്യൻ രാജ്യങ്ങളിൽ പകൽ താപനില 40 ഡിഗ്രിയ്ക്കു മുകളിലാണ്. പലയിടത്തും അതു നാൽപ്പത്തിമൂന്നു  ഡിഗ്രിയും കടന്നു മുന്നോട്ടു കുതിയ്ക്കുകയാണ്.  

 ഇതിനു കാലാവസ്ഥാവിദഗ്ദ്ധരും  രാഷ്ട്രീയക്കാരും  ശാസ്ത്രജ്ഞന്മാരും  ഐക്യരാഷ്ട്രസഭയും  ഒക്കെ  ഏകസ്വരത്തിൽ മുന്നോട്ടുവയ്ക്കുന്ന കാരണം ആഗോളതാപനമാണ്.  നിങ്ങൾക്ക് അതു  വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം.  എന്നാൽ  ചരിത്രത്തിലെ ഒരു പ്രത്യേകകാലഘട്ടത്തിൽ ഭൂമിയിലെ ചൂട്  അസാധാരണമായ വിധത്തിൽ ഉയരും എന്നു രണ്ടായിരം വർഷം മുൻപേ ബൈബിളിൽ എഴുതിവെച്ചിട്ടുണ്ട്. സത്യദൈവത്തിൻറെ മാറ്റമില്ലാത്ത വചനം ആകയാൽ അതു നിറവേറുക തന്നെ ചെയ്യും.

ഇനി വായിക്കുക.

‘നാലാമൻ (ദൈവത്തിൻറെ ശിക്ഷാവിധി നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഏഴു ദൂതന്മാരിൽ നാലാമത്തെ   ദൂതൻ)  തൻറെ    പാത്രം (ദൈവകോപത്തിൻറെ പാത്രം) സൂര്യൻറെ മേലൊഴിച്ചു. അപ്പോൾ മനുഷ്യരെ അഗ്നി കൊണ്ടു   ദഹിപ്പിക്കാൻ അതിന് അനുവാദം ലഭിച്ചു.  അത്യുഷ്ണത്താൽ മനുഷ്യർ വെന്തെരിഞ്ഞു. ആ മഹാമാരികളുടെ മേൽ   അധികാരമുണ്ടായിരുന്ന  ദൈവത്തിൻറെ നാമം അവർ ദുഷിച്ചു. അവർ അനുതപിക്കുകയോ അവിടുത്തെ മഹത്വപ്പെടുത്തുകയോ ചെയ്തില്ല’  (വെളിപാട് പുസ്തകം  16:8-9).

ഇതു  കർത്താവായ യേശുക്രിസ്തുവിൻറെ  മഹത്വപൂർണമായ രണ്ടാം വരവിൻറെയും യുഗാന്ത്യത്തിൻറെയും അടയാളമായി അതിനു തൊട്ടുമുൻപു സംഭവിക്കേണ്ട കാര്യമാണെന്നു  ബൈബിൾ പറയുന്നു. യൂറോപ്പിലെ അത്യുഷ്‌ണം  അങ്ങനെയൊരു അടയാളമാണോ? അറിയില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ്. യൂറോപ്പിൽ സംഭവിക്കുന്നതു നമുക്കൊരു പാഠമാണ്.  മഹാമാരികൾ വരുമ്പോൾ പോലും ദൈവത്തിൻറെ നാമത്തെ ദുഷിക്കുന്ന വിധത്തിൽ പാപം നിറഞ്ഞ ഒരു ലോകത്തിലാണു  നാം ജീവിക്കുന്നത്. ദൈവനിഷേധത്തിൻറെയും തിന്മയുടെയും   ഈ കാലത്ത്, വിശുദ്ധിയിൽ ജീവിച്ച്  തൻറെ വരവ് പ്രതീക്ഷയോടെ കാത്തിരിക്കാനാണ് ഏകരക്ഷകനും ലോകരക്ഷകനുമായ  യേശുക്രിസ്തു നമ്മെ ആഹ്വാനം ചെയ്യുന്നത്.  കർത്താവിൻറെ  ആ ആഹ്വാനത്തിനു ചെവി കൊടുക്കുന്നവൻ ഭാഗ്യവാൻ.

(www.divinemercychannel.com)