കാലത്തിൻറെ അടയാളങ്ങൾ  -6

‘അനേകർ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും  ദ്വേഷിക്കുകയും ചെയ്യും’ (മത്തായി 24:10).

ഒരു അവിശ്വാസിയെക്കാൾ അപകടകാരിയാണ്‌ പലപ്പോഴും ഒരു വിശ്വാസത്യാഗി. കാരണം അവൻ സത്യം അറിയുകയും അതിനുശേഷം സത്യത്തെ നിഷേധിക്കുകയും ചെയ്യുന്നവനാണ്. സത്യത്തെ സംബന്ധിച്ചു  പൂർണമായ  അറിവു ലഭിച്ചതിനുശേഷം മനഃപൂർവം ചെയ്യുന്ന പാപങ്ങളുടെ ഗൗരവത്തെക്കുറിച്ചു ഹെബ്രായലേഖകൻ വിവരിക്കുന്നുണ്ടല്ലോ (ഹെബ്രാ  10:26).

വിശ്വാസത്യാഗം യുഗാന്ത്യത്തിൻറെ  വളരെ അടുത്ത അടയാളമാണെന്നു   പൗലോസ് ശ്ലീഹായും പഠിപ്പിക്കുന്നുണ്ട്.  ‘എന്തെന്നാൽ  ആ ദിവസത്തിനു  മുൻപ് (കർത്താവിൻറെ ദിവസത്തിനു  മുൻപ്) വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിൻറെ സന്താനമായ അരാജകത്വത്തിൻറെ  മനുഷ്യൻ (എതിർക്രിസ്തു) പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു’ (2 തെസ  2:3).  ആ വിശ്വാസത്യാഗത്തിൻറെ  തീവ്രത  എത്രയധികമായിരിക്കുമെന്നു മനസിലാക്കാൻ കർത്താവിൻറെ  വാക്കുകൾ തന്നെ  ധാരാളം. ‘എങ്കിലും മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ  വിശ്വാസം കണ്ടെത്തുമോ?’ (ലൂക്കാ  118:8).

ഈ വിശുദ്ധലിഖിതങ്ങൾ  നേരാംവണ്ണം മനസിലാക്കാത്തതുകൊണ്ടല്ലേ  ഇക്കാലത്തെ വിശ്വാസത്യാഗത്തിൻറെ അടയാളങ്ങൾ  നമ്മുടെ ശ്രദ്ധയിൽ പെടാതെ പോകുന്നത്?  ദൈവത്തിൻറെ  കല്പനകൾ പാലിക്കുന്ന വിശുദ്ധരുടെ സഹനശക്തിയും യേശുവിലുള്ള  വിശ്വാസവും (വെളി  14:12)   കൂടിയ അളവിൽ  ആവശ്യപ്പെടുന്ന   ആ നാളുകളിൽ – അതായത് ഈ നാളുകളിൽ-  വിശ്വാസത്തെ പ്രതി കഷ്ടതകളും പീഡനങ്ങളും   ഏറ്റുവാങ്ങാൻ തക്കവിധത്തിൽ  മനസിനെ ഒരുക്കാത്തവർ എല്ലാവരും വിശ്വാസത്തിൽ നിന്നു വീണുപോകും എന്നുറപ്പാണ്.  അതിന് അവരെ പ്രേരിപ്പിക്കുന്ന  തരത്തിലുള്ള  വ്യാജപ്രബോധനങ്ങൾ അന്ത്യകാലങ്ങളിൽ  സമൃദ്ധമായി ഉണ്ടാകും. ‘വരും കാലങ്ങളിൽ, ചിലർ കപടാത്മാക്കളിലും പിശാചിൻറെ പ്രബോധനങ്ങളിലും  ശ്രദ്ധയർപ്പിച്ചുകൊണ്ടു  വിശ്വാസത്തിൽ നിന്നു വ്യതിചലിക്കുമെന്ന് ആത്മാവു വ്യക്തമായിപ്പറയുന്നു’ (1 തിമോ.  4:1).  

ക്രിസ്തീയലോകം അഭിമുഖീകരിക്കുന്ന അതിഭയാനകമായ വിശ്വാസത്യാഗത്തിൻറെ നേർചിത്രമാണ് യൂറോപ്പിലും  വടക്കേ അമേരിക്കയിലും ലാറ്റിൻ അമേരിക്കയിലും  ഓസ്‌ട്രേലിയ, ന്യൂസീലാൻഡ് എന്നിവിടങ്ങളിലും ആകെ  ജനസംഖ്യയിലെ ക്രിസ്തുവിശ്വാസികളുടെ പങ്കിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രമാനുഗതമായ  കുറവ്.     ബ്രിട്ടൻ, ഫ്രാൻസ്, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ  ക്രിസ്തുമതം ഇപ്പോൾ ഭൂരിപക്ഷമതം  അല്ല.  അമേരിക്കയിൽ കഴിഞ്ഞ പതിനഞ്ചു  വർഷങ്ങൾ കൊണ്ട് ക്രിസ്ത്യൻ ജനസംഖ്യയിൽ  15% കുറവുണ്ടായി. കാനഡയിലും സമാനമായ കുറവുണ്ടായിട്ടുണ്ട്. ഇതിൻറെ കാരണം ജനനം കൊണ്ടു  ക്രിസ്ത്യാനിയായിരുന്നവർ പലരും പിൽക്കാലത്ത് മതവിശാസം ഉപേക്ഷിക്കുന്നതാണ്. ഈ പ്രവണത പടിഞ്ഞാറൻ ലോകത്തിൽ വ്യാപകമാണ്.

വിശാസം ഉപേക്ഷിക്കുന്ന ഒരാൾക്കു   സഹോദരനെ ഒറ്റിക്കൊടുക്കാൻ  യാതൊരു മനസാക്ഷിക്കുത്തുമുണ്ടാകില്ല.  യേശുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടപ്പോഴായിരുന്നു യൂദാസ്   അവിടുത്തെ ഒറ്റിക്കൊടുത്തത്. സമരിയായുടെ പതനത്തിനു കാരണം സത്യദൈവത്തിലുള്ള വിശ്വാസം ത്യജിച്ച് അവർ വിഗ്രഹാരാധനയിലേക്കു തിരിഞ്ഞതായിരുന്നു.  പണം കൊടുത്തു രാജാവിൻറെ അനുമതി വാങ്ങുകയും അങ്ങനെ പുരോഹിതസ്ഥാനം ഏറ്റെടുക്കുകയും ചെയ്ത  ജാസൻ എപ്രകാരമാണ്  യഹൂദജനത്തെ  സത്യവിശ്വാസത്തിൽ നിന്നു വ്യതിചലിപ്പിച്ചത് എന്നു  മക്കബായരുടെ രണ്ടാം പുസ്തകം നാലാം അധ്യായത്തിൽ നാം വായിക്കുന്നുണ്ട്.

വിശ്വാസം നഷ്ടപ്പെടുന്ന ജനം സ്വാഭാവികമായിത്തന്നെ മ്ലേച്ഛതകളിലേക്കു വഴുതിവീഴും. ദൈവാലയത്തിൽ  നടമാടുന്ന മ്ലേച്ഛതകൾ  എസെക്കിയേലിനു കാണിച്ചുകൊടുത്തുകൊണ്ടു ദൈവദൂതൻ  മൂന്നുതവണ പറയുന്ന ഒരു  വചനമുണ്ട്. ‘ഇതിനേക്കാൾ  വലിയ മ്ലേച്ഛതകൾ  നീ ഇനിയും കാണും’ (എസക്കി 8: 6,13,15). എസക്കിയേൽ അവസാനം കണ്ടതു  ദൈവാലയത്തിനു പുറംതിരിഞ്ഞുനിന്നുകൊണ്ടു  കിഴക്കോട്ടുനോക്കി  സൂര്യനെ നമസ്കരിക്കുന്ന ഇസ്രായേൽക്കാരെയാണ് (എസക്കി 8:16).  നമ്മുടെ ചെറുപ്പക്കാർ ദൈവാലയത്തിനു പുറംതിരിഞ്ഞു തുടങ്ങിയിട്ടു കാലം കുറെയായി.  എന്നാൽ അതു കാലത്തിൻറെ അടയാളമാണെന്നു മനസിലാക്കാൻ നാം വൈകിപ്പോയെന്നുമാത്രം.

സത്യദൈവാരാധനയിൽ നിന്നു  നമ്മെ വ്യതിചലിപ്പിക്കുന്ന ഒരുപാടു പ്രബോധനങ്ങൾ കൊണ്ടു  നിറഞ്ഞ ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്.  അവസാനം വരെ സഹിച്ചുനിൽക്കുന്നവർ  മാത്രമേ രക്ഷപെടുകയുള്ളൂ എങ്കിൽ (മത്തായി 24:13) അങ്ങനെ  പിടിച്ചുനിൽക്കാൻ നമുക്കു ശക്തി നൽകുന്നതു  വിശ്വാസമാണ് എന്നു  മറക്കരുത്.  വിശ്വാസത്തിൽ നിന്നല്ലാതെ ഉത്ഭവിക്കുന്നതെന്തും പാപമാണെങ്കിൽ (റോമാ 14:23)   ഓരോ പ്രവൃത്തിയും വിശ്വാസത്തിൻറെ ഉരകല്ലിൽ  പരിശോധിക്കാൻ ഓരോ വിശ്വാസിയും  കടപ്പെട്ടിരിക്കുന്നു.  കാരണം  അവിശ്വാസിയും വിശ്വാസിയും തമ്മിലുള്ള അതിർവരമ്പുകൾ നേർത്തുവരുന്ന ഒരു ലോകത്തിലാണു നാം  ജീവിക്കുന്നത്. ഇവിടെ   നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും മുദ്രകുത്തി അവതരിപ്പിക്കാൻ എളുപ്പമാണ്.

മറ്റു പല പാപങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ  വിശ്വാസത്യാഗം അതീവഗുരുതരമായ ഒന്നാണെങ്കിലും അതു  പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെടാതെ പോകാൻ സാധ്യതയുണ്ട്. കാരണം  നന്മയുടെ  വേഷമണിഞ്ഞുകൊണ്ടായിരിക്കും  വിശ്വാസവിരുദ്ധമായ കാര്യങ്ങൾ  നമ്മുടെ മുൻപിലെത്തുന്നത്. ലോകവുമായി  എളുപ്പമുള്ള ഒത്തുതീർപ്പുകൾ നടത്താൻ നമ്മെ പ്രേരിപ്പിക്കുന്ന വലിയൊരു കെണിയാണിത്.  വിശ്വാസത്തിൽ വെള്ളം ചേർക്കാനുള്ള ഗൂഢശ്രമങ്ങൾ സഭയ്ക്കുള്ളിൽ നിന്നുതന്നെ ഉത്ഭവിക്കുമ്പോൾ അതിൻറെ പിറകെ പോകുന്നവർ എളുപ്പം വിശ്വാസത്യാഗികളായി മാറും  എന്നു നാം  മറക്കരുത്.

ഈ വിഷമഘട്ടത്തിൽ നമ്മുടെ അഭയം,  ദൈവനിവേശിതമായ വിശുദ്ധലിഖിതങ്ങൾ തന്നെയാണ്. അവ ‘പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു’ (2 തിമോ  3:16). ആ ശരിയായ പ്രബോധനമാണു നമ്മെ വിശ്വാസത്തിൽ ഉറപ്പിച്ചുനിർത്തുന്നത്.  അതിനാൽ ‘ജനങ്ങൾ ഉത്തമമായ പ്രബോധനത്തിൽ  സഹിഷ്ണുത കാണിക്കാത്ത ഒരു കാലത്തിൽ ജീവിക്കുന്നവർ’  (2 തിമോ  4:3)എന്ന നിലയിൽ നാം  കൂടുതൽ വിവേകമതികളായിരിക്കണം.

ഓർക്കുക, ആദ്യപാപം വിശ്വാസനഷ്ടത്തിൻറെ ഫലമായിരുന്നു. ദൈവത്തെ  അവിശ്വസിക്കുന്നവർ  തികച്ചും സ്വാഭാവികമായിത്തന്നെ  പിശാചിൻറെ പ്രബോധനത്തിൽ വിശ്വസിക്കും. സാത്താനു കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം  ലഭിക്കുന്ന  യുഗാന്ത്യകാലഘട്ടത്തിൽ   സംഭവിക്കാനിരിക്കുന്ന  വിശ്വാസത്യാഗത്തിൻറെ  പരകോടി മുന്നിൽ കണ്ടുകൊണ്ടു  കർത്താവ്  നമുക്കു  മുന്നറിയിപ്പു   നൽകുന്നു:  ‘ഭൂമിയുടെ നാലുകോണുകളിലുമുള്ള ജനതകളെ വഴിതെറ്റിക്കാൻ അവൻ (സാത്താൻ) പുറത്തുവരും’ ( വെളി  20:8).  ‘ആകയാൽ  നിൽക്കുന്നു എന്നു   വിചാരിക്കുന്നവൻ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ’ (1 കൊറി  10:12) എന്ന മുന്നറിയിപ്പ് അപ്പസ്തോലൻ നമുക്കു നല്കുന്നതു    യുഗങ്ങളുടെ അന്തിമഘട്ടം നമ്മിലാണല്ലോ  വന്നെത്തിയിരിക്കുന്നത് എന്നു  പറഞ്ഞതിനുശേഷമാണ്. 

വിശ്വാസത്യാഗികൾ  വിശ്വാസികളെ ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും എന്ന പ്രവചനം നമ്മുടെ കണ്മുന്നിൽ  പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.  ഒരിക്കൽ നൂറുശതമാനവും ക്രൈസ്തവമായിരുന്ന രാജ്യങ്ങളിൽ പലതിലും ഇപ്പോൾ വിശ്വാസത്തിൽ നിലനിൽക്കുന്നവരുടെ ശതമാനം രണ്ടക്കത്തിലെത്തുന്നില്ല.  അവിടങ്ങളിലെ ഭൂരിപക്ഷം വരുന്ന വിശ്വാസത്യാഗികളായ സഹപൗരന്മാർ തന്നെയാണു  ക്രൈസ്തവിരുദ്ധവും സന്മാർഗവിരുദ്ധവുമായ നിയമങ്ങൾ  നടപ്പിൽ വരുത്തുന്നത്.  ആ നിയമങ്ങൾ അനുസരിച്ചുകൊണ്ടു ദൈവകല്പനകളെ  ലംഘിക്കാൻ കൂട്ടുനിൽക്കാത്ത വിശ്വാസികളെ വിശ്വാസത്യാഗികളായ  ഭൂരിപക്ഷം  ഒറ്റിക്കൊടുക്കുകയും  ദ്വേഷിക്കുകയും ചെയ്യുന്നത് എങ്ങനെയാണെന്നു  കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ.

ഭൂരിപക്ഷവും ക്രിസ്തുവിനെ നിഷേധിക്കുകയും ക്രിസ്തുവിനെ നിഷേധിക്കാനായി നമുക്കു മുൻപിൽ വച്ചുനീട്ടുന്ന  പ്രലോഭനം അത്രമേൽ ശക്തമായിരിക്കുകയും ചെയ്യുമ്പോൾ  ഓർക്കുക;  ‘ഭൂരിപക്ഷത്തോടു  ചേർന്നു  തിന്മ ചെയ്യരുത്’ (പുറ  23:2).  ക്രിസ്തുവിനെ ഏറ്റുപറയേണ്ടിടത്ത് ഏറ്റുപറയാൻ  മടികാണിക്കുന്നവർ  ദൈവത്തിൻറെ ദൃഷ്ടിയിൽ ഭീരുക്കളാണ്.  ഭീരുക്കളുടെയും അവിശ്വാസികളുടെയും ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും (വെളി  21:8).  ‘ഭീരുത്വത്തിൻറെ ആത്മാവിനെയല്ല  ദൈവം നമുക്കു  നൽകിയത്; ശക്തിയുടെയും സ്നേഹത്തിൻറെയും ആത്മനിയന്ത്രണത്തിൻറെയും ആത്മാവിനെയാണ് ‘ (2 തിമോ  1:7) എന്നതിൽ  ദൈവത്തെ നമുക്കു സ്തുതിക്കാം.  ഈ അന്ത്യനാളുകളിൽ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള കൃപയ്ക്കായി പ്രാർഥിക്കുകയും  ചെയ്യാം.

(തുടരും)

(www.divinemercychannel.com)