കാലത്തിൻറെ അടയാളങ്ങൾ  -3

‘ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണർന്നെഴുന്നേൽക്കും’ ( മത്തായി 24:7).

അന്ത്യകാലത്തിൻറെ ഈ അടയാളം നമ്മുടെ കൺമുന്നിൽതന്നെ  അനേകം സംഭവങ്ങളിലൂടെ വെളിപ്പെടുന്നുണ്ട്.   വർഗീയ കലാപങ്ങൾ,  മാവോവാദികൾ നടത്തുന്ന ആക്രമണങ്ങൾ,  തീവ്രവാദികളുടെ ആക്രമണങ്ങൾ, രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരുടെ ഗൂഢ പദ്ധതികൾ, മതത്തിൻറെയും ജാതിയുടെയും പേരിലുള്ള സംഘട്ടനങ്ങൾ, ഇതുവരെയും സൗഹാർദത്തിലും ഒരുമയിലും കഴിഞ്ഞിരുന്ന ജനങ്ങൾക്കിടയിൽ ആസൂത്രിതമായി സൃഷ്ടിക്കപ്പെടുന്ന സംഘർഷങ്ങൾ, ക്രിസ്തീയസഭകളിലെ വിഭാഗീയതകൾ, ഇതരമതസംഘടനകളിലെ  വിഘടന പ്രസ്ഥാനങ്ങൾ, ഇങ്ങനെ  ജനങ്ങളെ തമ്മിലടിപ്പിക്കുന്ന നൂറുനൂറു സംഭവങ്ങൾ നാം കാണുന്നുണ്ടല്ലോ.

നമ്മുടെ രാജ്യത്തുനിന്നുതന്നെ  ഉദാഹരണങ്ങൾ ധാരാളം.  നാൽപതു വർഷം മുൻപുവരെ പിന്നോക്കസംവരണം വിവാദമായിരുന്നില്ല. പിന്നെ  പിന്നെ മണ്ഡൽ കമ്മീഷൻ, ജാതി സെൻസസ്,  അങ്ങനെയങ്ങനെ അതു  മുന്നോട്ടുപോവുകയാണ്.   നാല്പതുകൊല്ലം മുൻപുവരെ  ബാബറി മസ്ജിദ്- രാമജന്മഭൂമി പ്രശ്‌നം  വെറുമൊരു കോടതിക്കേസ് ആയിരുന്നു. പിന്നെ അതു  ഭാരതത്തിലെ ജനങ്ങളെ മതത്തിൻറെ പേരിൽ ഭിന്നിപ്പിക്കുന്ന ഒന്നായി മാറി. മണിപ്പൂരിലെ വംശീയസംഘർഷം  മറക്കാൻ സമയമായിട്ടില്ല. ഏതാനും വർഷം  മുൻപുവരെ ക്രൈസ്തവമിഷനറിമാരെ സ്വാഗതം ചെയ്തിരുന്ന  വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ  ജനങ്ങളെ ഇപ്പോൾ അവർക്കെതിരെ തിരിച്ചുവിടുന്നതിൽ ചിലർ വിജയിച്ചിരിക്കുന്നു.  പൊതുവേ ശാന്തമെന്നു നാം കരുതിയിരുന്ന  കേരളത്തിൽ പോലും ജനം ജനത്തിനെതിരായി  മുന്നോട്ടുവരുന്നതു  നാം കാണുന്നുണ്ടല്ലോ.

ഇതു ഭാരതത്തിൻറെ മാത്രം കാര്യമല്ല. എല്ലാ രാജ്യങ്ങളിലും ഏറിയും കുറഞ്ഞും ഇതുതന്നെയാണ് സംഭവിക്കുന്നത്.  അഞ്ചു  രാജ്യങ്ങളുടെ  ചരിത്രം പരിശോധിക്കാം. ലിബിയ, ഈജിപ്ത്, ഇറാക്ക്, ഇറാൻ, സിറിയ. ഇവിടെ അഞ്ചിടത്തും  ന്യൂനപക്ഷമായ ക്രിസ്ത്യാനികൾ (യസീദികൾ അടക്കമുള്ള മറ്റു ന്യൂനപക്ഷങ്ങളും) പൊതുവേ സുരക്ഷിതരായിരുന്നു. അവിടുത്തെ ഭരണാധികാരികളെ ഏകാധിപതികൾ എന്നു  മുദ്രകുത്തി അട്ടിമറിച്ചതോടെ അവിടത്തെ ഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളെ ക്രിസ്ത്യാനികൾക്കെതിരായി തിരിച്ചുവിടുന്നതിൽ   അവർ വിജയിച്ചു.  മ്യാൻമർ, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാൻ  എന്നിങ്ങനെ നമ്മുടെ അയൽരാജ്യങ്ങൾ എല്ലാം  വംശീയകലാപത്തിൻറെയോ വിഭജനവാദത്തിൻറെയോ നിഴലിലാണ്.  സുഡാൻ, നൈജീരിയ, മാലി, ബുർക്കിനോ ഫാസോ , നൈജർ, കോംഗോ മുതലായ രാജ്യങ്ങളിലെ വംശീയസംഘർഷം മൂലം കൊല്ലപ്പെട്ടവരുടെയും നാടുവിട്ടുപോകേണ്ടിവന്നവരുടെയും  എണ്ണം ദശലക്ഷങ്ങളിലാണ്. 1994ലെ റുവാണ്ടൻ വംശഹത്യയുടെ കാരണം രണ്ടു ഗോത്രങ്ങൾ തമ്മിലുള്ള പകയായിരുന്നു. അതിൽ കൊല്ലപ്പെട്ടത്  അഞ്ചുലക്ഷത്തിലധികം മനുഷ്യരാണ്.  രണ്ടരലക്ഷത്തോളം സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടു എന്നു  പറയുമ്പോൾ അതിൻറെ ഭീകരത  വ്യക്തമാകും.  റുവാണ്ടയിൽ സംഭവിക്കാനിരിക്കുന്ന ഭീകരദുരന്തങ്ങളെക്കുറിച്ച്  അതിനും പതിമൂന്നു വർഷങ്ങൾക്കു  മുൻപേ മാതാവ്  സന്ദേശങ്ങൾ നൽകിയിരുന്നു. എന്നാൽ അപ്പോൾ  അത് ആരും ചെവിക്കൊണ്ടില്ല.

സമാധാനപൂർണമായ ജീവിതം നയിച്ചിരുന്ന യൂറോപ്പിലെ  ജനങ്ങൾ ഇപ്പോൾ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നതു  സമാനതകളില്ലാത്ത  സാമൂഹ്യവിഭജനത്തിൻറെ  നാളുകളിലൂടെയാണ്.  നൂറ്റാണ്ടുകളായി അവിടെ  ജീവിക്കുന്നവരെ ആശയം കൊണ്ടും അക്രമം കൊണ്ടും കീഴടക്കാൻ  ശ്രമിക്കുന്നവരാണ് അവിടെ അശാന്തി വിതയ്ക്കുന്നത് എന്നു നമുക്കറിയാം.

ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് സാത്താൻറെ തന്ത്രമാണ്.  ജനത്തെ ജനത്തിനെതിരായും രാജ്യത്തെ  രാജ്യത്തിനെതിരായും തിരിക്കുന്നതു  സാത്താനാണ്. ആദവും ഹവ്വയും ഒരുമിച്ചുനിന്നപ്പോളല്ല, സർപ്പം ഹവ്വയെ സമീപിച്ചത് എന്നോർക്കണം.  ഐക്യമുള്ളിടത്തു പ്രവർത്തിക്കുക അവനു സാധ്യമല്ല.

ഭിന്നിപ്പിൻറെ അരൂപി ഇനിയും വളർന്നുകൊണ്ടേയിരിക്കും. ആ ഭിന്നിപ്പുകൾ രക്തരൂക്ഷിതമായ സംഘട്ടനങ്ങളും യുദ്ധങ്ങളും ആയി മാറുകയും   അതു  ലോകമെങ്ങും വ്യാപിക്കുകയും ചെയ്യുമ്പോൾ  അതിൽ നിന്നെല്ലാം  ലോകത്തെ രക്ഷിക്കാം എന്ന വ്യാജവാഗ്ദാനവുമായിട്ടായിരിക്കും വ്യാജമിശിഹാ പ്രത്യക്ഷപ്പെടുന്നത്. അതായതു  ലോകത്തിൽ ഇന്നു നാം കാണുന്ന സംഘർഷങ്ങളും വിഭാഗീയതയും എല്ലാം  എതിർക്രിസ്തുവിൻറെ  വെളിപ്പെടലിനു കളമൊരുക്കാൻ വേണ്ടി സാത്താൻ തൻറെ  പിണിയാളുകളിലൂടെ ആസൂത്രണം  ചെയ്യുന്നതാണ്.

ആത്‌മീയതലത്തിൽ ഭിന്നിപ്പുകൾ ഉണ്ടാകുന്നതിന്  ഒരു പോസിറ്റീവ് വശം ഉണ്ടെന്നതും മറക്കരുത്. പൗലോസ് ശ്ലീഹാ ഇങ്ങനെ എഴുതുന്നു;  ‘നിങ്ങളിൽ  യോഗ്യരെ തിരിച്ചറിയാൻ ഭിന്നിപ്പുകൾ ഉണ്ടാകുകയെന്നതും ആവശ്യമാണ്’ (1 കൊറി  11:19).  ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി  കുടുംബത്തിൽ ഭിന്നിപ്പ് ഉണ്ടാകും എന്ന കർത്താവിൻറെ  മുന്നറിയിപ്പും നാം ഓർക്കണം (മത്തായി  10:35-36,ലൂക്ക 12:53). അന്തിമയുദ്ധത്തിൽ നാം ക്രിസ്തുവിൻറെ കൂടെയാണോ അതോ എതിർക്രിസ്തുവിൻറെ കൂടെയാണോ എന്നു തീരുമാനിക്കുന്നത് ഇപ്പോൾ നാം എടുക്കുന്ന നിലപാടുകളാണ്.  ഭൗതികതലത്തിൽ കാണുന്ന ഭിന്നതകൾ എല്ലാം അന്തിമമായി ഗോതമ്പും പതിരും വേർതിരിക്കപ്പെടുന്ന  കർത്താവിൻറെ മഹാദിനത്തിലേക്കുള്ള  ഒരുക്കങ്ങളായി കണ്ടുകൊണ്ടു   നമുക്കു വിശ്വാസത്തിൽ ഉറച്ചുനിൽക്കാം.

(തുടരും)

(www.divinemercychannel.com)