കാലത്തിൻറെ അടയാളങ്ങൾ  -5

‘അവർ നിങ്ങളെ  പീഡനത്തിന് ഏല്പിച്ചുകൊടുക്കും.  അവർ നിങ്ങളെ വധിക്കും. എൻറെ നാമം നിമിത്തം  സർവജനങ്ങളും നിങ്ങളെ ദ്വേഷിക്കും’ (മത്തായി  24:9).

ക്രൈസ്തവവിശ്വാസികൾ നേരിടേണ്ടിവരുന്ന ഭയാനകമായ പീഡനം യുഗാന്ത്യത്തിൻറെ  സുവ്യക്തമായ അടയാളമായി  വിശുദ്ധഗ്രന്ഥത്തിൽ  രേഖപ്പെടുത്തിയിരിക്കുന്നു.  ക്രിസ്തീയവിശ്വാസത്തിൻറെ ആദ്യനൂറ്റാണ്ടുകളിൽ  റോമൻ ഭരണാധികാരികൾ അഴിച്ചുവിട്ട അതിക്രൂരമായ  ക്രൈസ്തവപീഡനത്തിനെക്കാൾ  അനേകമടങ്ങു രൂക്ഷമായ   മതപീഡനമാണു നമുക്കുവേണ്ടി ഒരുങ്ങികൊണ്ടിരിക്കുന്നത്.   AD 258 സെപ്റ്റംബർ 14നു കാർത്തേജിലെ മെത്രാനായിരുന്ന വിശുദ്ധ സിപ്രിയാനെ  വിചാരണ ചെയ്തു  വധശിക്ഷയ്ക്കു വിധിച്ച  റോമൻ പ്രോകോൺസൽ  ഗലേറിയൂസ്   മാക്സിമസിൻറെ   നടപടികളുടെ രേഖകൾ ഇന്നും  സൂക്ഷിച്ചുവച്ചിട്ടുണ്ട്.  അത് എക്കാലത്തേയും  ക്രിസ്ത്യാനികൾക്കുള്ള മുന്നറിയിപ്പും വഴികാട്ടിയുമാണ്.

പ്രോകോൺസൽ ചോദിക്കുന്നു:  നിങ്ങളാണോ  സിപ്രിയാൻ?

സിപ്രിയാൻറെ ഉത്തരം : അതേ.

പ്രോകോൺസൽ :  പരിശുദ്ധനായ ചക്രവർത്തി  റോമൻ ആചാരങ്ങൾ അനുസരിക്കാൻ  നിങ്ങളോടു കല്പിച്ചിരിക്കുന്നു.

സിപ്രിയാൻ : ഞാൻ അതു  നിരസിക്കുന്നു.

പ്രോകോൺസൽ :നിങ്ങളുടെ ജീവൻ രക്ഷിക്കാനായി അത്  അനുസരിക്കുക

സിപ്രിയാൻ: താങ്കൾക്ക് ഇഷ്ടമുള്ളതു  ചെയ്തുകൊള്ളുക. ഇത്രയും വ്യക്തമായ ഒരു കാര്യത്തിൽ    താങ്കളെ അനുസരിക്കാൻ ഞാൻ  തയാറല്ല.

ഈ മറുപടി കേട്ടതും ക്രുദ്ധനായ പ്രോ കോൺസൽ  സിപ്രിയാനെ ശിരച്ഛേദം ചെയ്യാൻ ഉത്തരവിട്ടു. ആ ഉത്തരവ് കേട്ടപ്പോൾ സിപ്രിയാൻ പറഞ്ഞ വാക്കുകൾ ഓരോ ക്രിസ്ത്യാനിയും ഓർക്കണം. അത് ‘ദൈവത്തിനു നന്ദി’ എന്നായിരുന്നു.

കോൺസ്റ്റൻറ്റൈൻ  ചക്രവർത്തിയുടെ കാലത്തോടെ  റോമാ സാമ്രാജ്യത്തിലെ ക്രൈസ്തവപീഡനം അവസാനിച്ചു.  എന്നാൽ ഏതാനും നൂറ്റാണ്ടുകൾ  പിന്നിട്ടപ്പോൾ മുസ്ലിം അധിനിവേശവും അതിൻറെ ഫലമായുള്ള  ക്രൈസ്തവപീഡനവും രൂക്ഷമായി.  അതിനുശേഷം നടന്ന സംഘടിതമായ ക്രൈസ്തവപീഡനം  ഫ്രഞ്ച് വിപ്ലവത്തിൻറെ  കാലത്തായിരുന്നു. രാജ്യത്തെ ക്രൈസ്തവപൈതൃകത്തെ സമൂലം നശിപ്പിക്കുക എന്നതായിരുന്നു വിപ്ലവകാരികളുടെ ലക്‌ഷ്യം. ഇരുപതാം നൂറ്റാണ്ടിൽ  നിരീശ്വര കമ്മ്യൂണിസ്റ്റു ഭരണകൂടങ്ങളും (സോവിയറ്റ് യൂണിയൻ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, ചൈന, ഉത്തര കൊറിയ, ക്യൂബ) അതോടൊപ്പം  ഓട്ടോമൻ തുർക്കികളും  (അർമേനിയൻ കൂട്ടക്കൊല) ലക്ഷക്കണക്കിനു ക്രിസ്ത്യാനികളെ  കൊന്നൊടുക്കുകയും  ക്രൈസ്തവവിശ്വാസത്തെ നശിപ്പിക്കാൻ  സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്തു,

ഇന്നു ക്രൈസ്തവർ പീഡനം നേരിടുന്നതു പ്രധാനമായും രണ്ടു  വിധത്തിലാണ്. ഒന്ന് ക്രൈസ്തവർ  ന്യൂനപക്ഷമായ രാജ്യങ്ങളിൽ ഭൂരിപക്ഷമതത്തിൽ പെട്ടവർ  ക്രൈസ്തവരെ സംഘടിതമായും ആസൂത്രിതമായും നശിപ്പിക്കാൻ ശ്രമിക്കുന്നു. രണ്ട്  ക്രൈസ്തവഭൂരിപക്ഷരാജ്യങ്ങളിൽ  നുഴഞ്ഞുകയറുന്ന ക്രിസ്തുവിരോധികളും അവരോടൊപ്പം കൂട്ടരുചേരുന്ന ലിബറൽ കമ്മ്യൂണിസ്റ്റ്  ചിന്താഗതിക്കാരും ചേർന്ന് അവിടുത്തെ ക്രൈസ്തവപാരമ്പര്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും കാനഡയും ഓസ്‌ട്രേലിയയും എല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

Open Doors International ൻറെ കണക്കനുസരിച്ച്  ലോകത്തിൽ ഏതാണ്ട് 39 കോടി ക്രിസ്ത്യാനികൾ  രൂക്ഷമായ പീഡനവും വിവേചനവും നേരിടുന്നുണ്ട്. ലോകത്തിലെ ആകെ  ക്രൈസ്തവജനസംഖ്യ 240 കോടി ആണെന്നോർക്കണം.  അതായത്  ആറിലൊന്നു ക്രിസ്ത്യാനികൾ ജീവിക്കുന്നത് പീഡനത്തിൻറെ നിഴലിലാണ്. 2025ൽ വിശ്വാസത്തിനു വേണ്ടി വധിക്കപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം  4849 ആയിരുന്നു. 3632 ദൈവാലയങ്ങളോ ക്രൈസ്തവസ്ഥാപനങ്ങളോ  കഴിഞ്ഞവർഷം  ആക്രമിക്കപ്പെട്ടു. 225000 ക്രിസ്ത്യാനികൾക്കു  വിശ്വാസത്തെപ്രതി നാടും  വീടും ഉപേക്ഷിച്ചു പോകേണ്ടിവന്നു, പതിനഞ്ചു രാജ്യങ്ങളിലെ ക്രൈസ്തവപീഡനം അതീവരൂക്ഷമാണ്.

എന്നാൽ ഇപ്പോൾ നടക്കുന്നതു  വെറും റിഹേഴ്‌സൽ മാത്രമാണെന്നും അന്ത്യകാലത്തു നടക്കാനിരിക്കുന്ന മഹാപീഡനത്തിൻറെ കേളികൊട്ടാണു നാം കാണുന്നത് എന്നും  എത്രപേർ തിരിച്ചറിയുന്നുണ്ട്?

ജെറുസലേം ദൈവജനത്തിൻറെ പ്രതീകമാണ്.  ആ ജെറുസലേമിനെക്കുറിച്ച് പ്രവാചകൻ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘അന്നു ഞാൻ ജെറുസലേമിനെ ഭാരമേറിയ കല്ലാക്കും.  അതു പൊക്കുന്നവർക്കു കഠിനമായി മുറിവേൽക്കും.  ഭൂമിയിലെ എല്ലാ ജനതകളും അതിനെതിരെ ഒത്തുചേരും’ (സഖ. 12:3). ലോകം രണ്ടായി വിഭജിക്കപ്പെടുന്ന  കാലമാണ് അന്ത്യകാലം. അപ്പോൾ നാം ഒന്നെങ്കിൽ ക്രിസ്തുവിനോടുകൂടെ, അല്ലെങ്കിൽ ക്രിസ്തുവിനെതിരെ എന്ന ഒരു  കൃത്യമായ നിലപാട് എടുക്കേണ്ടിവരും. മറ്റെല്ലാ  മാനദണ്ഡങ്ങളും അപ്രസക്തമാവുകയും  ക്രിസ്തുവിലുള്ള വിശ്വാസത്തിൻറെ പേരിൽ മാത്രം മനുഷ്യർ വേർതിരിക്കപ്പെടുകയും ചെയ്യുന്ന കാലം അടുത്തുവരുന്നു എന്നു മനസ്സിൽ കുറിച്ചിടുക.  

വെളിപാട് പുസ്തകം ഇക്കാര്യത്തിൽ കുറച്ചുകൂടി വെളിച്ചം വീശുന്നുണ്ട്. ‘അപ്പോൾ സർപ്പം സ്ത്രീയുടെ നേരെ കോപിച്ചു. ദൈവകല്പനകൾ  കാക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളിൽ  ശേഷിച്ചിരുന്നവരോടു യുദ്ധം ചെയ്യാൻ അതു പുറപ്പെട്ടു’ (വെളി  12:17). അന്തിമയുദ്ധം ക്രിസ്തുവിശ്വാസത്തിനെതിരെ മാത്രമായിരിക്കും. ആ യുദ്ധത്തിൽ ലോകത്തിലെ  മറ്റെല്ലാ ശക്തികളും ഒത്തുചേരും.  സകല ജനതകളും  ഒരുമിച്ചുചേർന്നു  ജെറുസലേമിനെ ആക്രമിക്കുന്നത് (സഖ 14:2) വിശുദ്ധരുടെ പാളയവും പ്രിയപ്പെട്ട പട്ടണവും വളയാനായി സാത്താനികസൈന്യം ഒരുമിക്കുന്നത് (വെളി  20:9), സർവശക്തനായ  ദൈവത്തിനെതിരെയുള്ള യുദ്ധത്തിനായി ലോകമെമ്പാടുമുള്ള രാജാക്കന്മാർ ഒത്തുചേരുന്നത്  (വെളി  16:14) എന്നിങ്ങനെ ദൈവജനത്തിനെതിരെ ലോകം മുഴുവൻ ഒന്നിക്കുമെന്ന പ്രവചനം ബൈബിളിൽ പല തവണ ആവർത്തിക്കപ്പെടുന്നുണ്ട്. സകല ലോകത്തിനും മേൽ അധികാരം ലഭിക്കുന്ന മൃഗത്തെക്കുറിച്ചുള്ള  (എതിർക്രിസ്തു)  പ്രവചനത്തിൽ അവനു  വിശുദ്ധരോടു പടപൊരുതി അവരെ കീഴ്‌പ്പെടുത്താൻ അനുവാദം നൽകപ്പെട്ടു എന്നു നാം വായിക്കുന്നുണ്ട് (വെളി  13:7).  സർവലോകത്തിൻറെയും അധികാരി യുദ്ധം ചെയ്യുന്നതു ക്രിസ്തുവിശ്വാസികളോടു  മാത്രമായിരിക്കും. കാരണം അപ്പോഴേക്കും മറ്റെല്ലാവരും അവൻറെ പാളയത്തിൽ എത്തിക്കഴിഞ്ഞിരിക്കും.

വർത്തമാനകാലത്തിലേക്കു വന്നാൽ  ക്രൈസ്തവഭൂരിപക്ഷ രാജ്യങ്ങൾ പലതും അടിസ്ഥാനക്രൈസ്തവവിശ്വാസത്തിന് എതിരായ നിയമനിർമാണങ്ങൾ നടത്തുന്ന തിരക്കിലാണ്. അബോർഷനും വിവാഹമോചനവും സ്വവർഗലൈംഗികബന്ധങ്ങളും ദയാവധവും ലിംഗമാറ്റവും   എന്നല്ല  സകല മ്ലേച്ഛതകളും നിയമം മൂലം അംഗീകരിക്കപ്പെടുന്ന ആ രാജ്യങ്ങളിൽ ക്രിസ്ത്യാനിയായി ജീവിക്കുക എന്നതുതന്നെ ക്ലേശകരമാണ്. കുമ്പസാരരഹസ്യം വെളിപ്പെടുത്താൻ ഒരു ക്രൈസ്തവപുരോഹിതൻ നിയമം മൂലം നിർബന്ധിക്കപ്പെടുമെന്ന് ആരെങ്കിലും എന്നെങ്കിലും  ചിന്തിച്ചിരുന്നോ? സ്വന്തം മനസാക്ഷിയെ  പ്രതി അബോർഷനു കൂട്ടുനിൽക്കാൻ സാധ്യമല്ല എന്ന് ഒരു ഡോക്ടർക്കോ നഴ്‌സിനോ പറയാൻ കഴിയാത്ത വിധം പലയിടത്തും നിയമങ്ങൾ കർക്കശമാക്കിക്കൊണ്ടിരിക്കുന്നു. മ്ലേച്ഛമായ  സ്വവർഗബന്ധങ്ങൾ ദൈവാലയത്തിൽ വച്ച് “ആശിർവദിക്കാൻ”  വൈദികർ നിർബന്ധിക്കപ്പെടുന്നു. ഇതരമതവിശാസങ്ങളോടു കാണിക്കുന്ന സഹിഷ്ണുത ക്രിസ്തീയവിശ്വാസത്തോടു  കാണിക്കാതിരിക്കുന്നതിൽ മുന്നിൽ നിൽക്കുന്നതു  ക്രൈസ്തവം എന്നു  നാം കരുതുന്ന രാജ്യങ്ങൾ തന്നെയാണ്. ‘അവർ നിങ്ങളെ ന്യായാധിപസംഘങ്ങൾക്ക് ഏല്പിച്ചുകൊടുക്കും….. നിങ്ങൾ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ   അവരുടെയും വിജാതീയരുടെയും മുൻപാകെ  നിങ്ങൾ സാക്ഷ്യം നൽകും’ (മത്തായി  10:18). ഭരണകൂടവും നിയമവും  ന്യായാധിപന്മാരും  നമുക്കെതിരെ  ഒരുമിക്കുന്ന ഒരു കാലം   വരുമെന്നു  പ്രവചിച്ചത് ഒരിക്കൽ അതു  നേരിട്ടനുഭവിച്ച യേശുക്രിസ്തു തന്നെയാണ്.

നിയമവും ഭരണകൂടവും സഹപൗരന്മാരും  ക്രിസ്ത്യാനിയെ പീഡിപ്പിക്കാൻ കാരണം ഒന്നേയുള്ളൂ. അതു ക്രിസ്ത്യാനി സത്യദൈവമായ ക്രിസ്തുവിൻറെ നാമം വഹിക്കുന്നു എന്നതാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ  ‘കർത്താവിൻറെ നാമം നീ  വഹിക്കുന്നതു കാണുമ്പോൾ  ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും’ (നിയമാ  28:10) എന്ന പ്രവചനത്തിൻറെ  മറുപുറമാണത്.   സത്യദൈവത്തെ വിശ്വസിക്കുന്നവരെ തങ്ങളുടെ   ഉള്ളിൻ്റെയുള്ളിൽ  ഭയപ്പെടുന്നവരാണല്ലോ  നമുക്കെതിരെ  ആക്രമണം നടത്തുന്നത്!

 രോഗികളെയും അശരണരെയും  ആരു ശുശ്രൂഷിച്ചാലും അതു  നല്ലതാണ്.  എന്നാൽ മദർ തെരേസയുടെ  സന്യാസിനീസമൂഹം അതേ  നന്മപ്രവൃത്തി ചെയ്യുമ്പോൾ അവർ എതിർക്കപ്പെടാൻ കാരണം അവർ അതു  ചെയ്യുന്നതു  യേശുക്രിസ്തുവിൻറെ നാമത്തിൽ ആയതുകൊണ്ടാണ്.   നമ്മുടെ രാജ്യത്തു ജോലിക്കായും  പഠനത്തിനായും ലക്ഷക്കണക്കിനു  മനുഷ്യരെ ഇതരസംസ്ഥാനങ്ങളിലേക്കു   കൊണ്ടുപോകുന്നുണ്ട്. എന്നാൽ രണ്ടു കന്യാസ്ത്രീകൾ  അതേ  കാര്യത്തിന് അറസ്റ്റു  ചെയ്യപ്പെടാൻ കാരണം അവർ ധരിച്ചിരുന്ന സഭാവസ്ത്രം ക്രിസ്തുവിനുള്ള സാക്ഷ്യം ആയിരുന്നു എന്നതാണ്.  കുരിശുകൾ തകർക്കപ്പെടുന്നതും  തിരുവോസ്തി അപമാനിക്കപ്പെടുന്നതും  ദൈവാലയങ്ങൾ അശുദ്ധമാക്കപ്പെടുന്നതുമൊക്കെ  അവ  യേശുക്രിസ്തുവിൻറെ അടയാളങ്ങൾ ആയതുകൊണ്ടാണ്.  മറ്റു സ്ഥാപനങ്ങളെക്കാൾ മെച്ചപ്പെട്ട  രീതിയിൽ സമൂഹത്തിനു സേവനം നൽകുന്ന  ക്രിസ്ത്യൻ  ആതുരാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും   ആസൂത്രിതമായി ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ  അതിൻറെ ഏകകാരണം അവ വഹിക്കുന്നതു  ക്രിസ്തുവിൻറെ നാമമാണ് എന്നതാണ്.  അതിൽ അത്ഭുതപ്പെടേണ്ടതില്ല. ‘അവർ എന്നെ പീഡിപ്പിച്ചുവെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും’ എന്നു  കർത്താവ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ ( യോഹ. 15:20).

 ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കെതിരെ  ലോകം മുഴുവൻ ഒന്നിക്കുമ്പോൾ  നമുക്കു സഹായം എവിടെ നിന്നു വരും?

‘നമുക്കു  സഹായം കർത്താവിൽ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൽ നിന്ന്’ (സങ്കീ 121:2). അതുതന്നെയാണു കർത്താവിൻറെ വാഗ്ദാനവും.  ‘എൻറെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും നിങ്ങളുടെ  ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല. പീഡനത്തിലും ഉറച്ചുനിൽക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങൾ നേടും’ (ലൂക്കാ 21:17-19).  ഈ അവസാനകാലത്തു രക്തസാക്ഷിത്വത്തിനുള്ള അനന്ത സാദ്ധ്യതകൾ ഇതാ  നമുക്കായി തുറന്നിട്ടിരിക്കുന്നു.  പീഡിപ്പിക്കപ്പെടുമ്പോഴും  സ്തേഫാനോസിനെപ്പോലെ  സ്വർഗം തുറന്നിരിക്കുന്നതും  മനുഷ്യപുത്രൻ ദൈവത്തിൻറെ വലതുഭാഗത്തു  നിൽക്കുന്നതും കാണാൻ തക്കവിധം  (അപ്പ. 7:56) പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ വേണ്ടി നമുക്കു  പ്രാർഥിക്കാം.

(തുടരും)

(www.divinemercychannel.com)