കാലത്തിൻറെ അടയാളങ്ങൾ  -1

‘വൈകുന്നേരം നിങ്ങൾ  പറയുന്നു: ആകാശം ചെമന്നിരിക്കുന്നു. കാലാവസ്ഥ പ്രസന്നമായിരിക്കും.  രാവിലെ നിങ്ങൾ പറയുന്നു: ആകാശം  ചെമന്നു മൂടിയിരിക്കുന്നു. ഇന്നു  കാറ്റും കോളും ഉണ്ടാകും. ആകാശത്തിൻറെ  ഭാവഭേദങ്ങൾ തിരിച്ചറിയാൻ നിങ്ങൾക്കു കഴിയുന്നു. എന്നാൽ കാലത്തിൻറെ അടയാളങ്ങൾ  തിരിച്ചറിയാൻ നിങ്ങൾക്കു  കഴിയുകയില്ലേ?’ (മത്തായി 16:2-3). കാലത്തിൻറെ അടയാളങ്ങൾ തിരിച്ചറിയാൻ കഴിയാതെ പോയ ആ  ജനത്തെ   കർത്താവ് വിളിച്ചതു  ദുഷിച്ചതും അവിശ്വസ്‌തവുമായ തലമുറ എന്നായിരുന്നു.  യോനായുടെ അടയാളമല്ലാതെ മറ്റൊന്നും അവർക്കു  നല്കപ്പെടുകയില്ല എന്നും അവിടുന്ന്  പറഞ്ഞു.

യോനായുടെ അടയാളം നല്കപ്പെട്ടുകഴിഞ്ഞു.  ഇനി നമുക്കു കാത്തിരിക്കാനുള്ളതു  കാലത്തിൻറെ അടയാളങ്ങൾ  മാത്രമാണ്. അതു നമ്മൾ തിരിച്ചറിയുന്നുണ്ടോ എന്നതാണു  ചോദ്യം.  ആ ചോദ്യത്തിന് സത്യസന്ധമായ ഉത്തരം നൽകുക എന്നതു പരമപ്രധാനമായ കാര്യമാണ്. അതിനു സഹായിക്കുന്ന വിധത്തിൽ,   നാം ജീവിക്കുന്ന യുഗാന്ത്യകാലത്തിൻറെ അടയാളങ്ങളായി വിശുദ്ധഗ്രന്ഥത്തിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന സംഭവങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമാണ്   ഈ പരമ്പരയിലൂടെ ഉദ്ദേശിക്കുന്നത്.  ആ അടയാളങ്ങൾ തിരിച്ചറിയാനുള്ള കൃപ   നൽകി  ദൈവം നമ്മെ അനുഗ്രഹിക്കട്ടെ  എന്ന പ്രാർത്ഥനയോടെ നമുക്കു  മുന്നോട്ടു പോകാം.

അതിനു മുൻപായി ഒരു കാര്യം  ഓർമ്മിപ്പിക്കട്ടെ.  കാലത്തിൻറെ അടയാളങ്ങളെക്കുറിച്ചു നാം പഠിക്കുന്നതു  നമുക്ക് ഒരുങ്ങാൻ വേണ്ടിയാണ്. ആ ഒരുക്കം  കേവലം ഭൗതികമല്ല.  മറിച്ച് വിശുദ്ധിയിലും  വിശ്വാസത്തിലും അടിയുറച്ച ഒരു പുണ്യജീവിതമാണ്.  വെഞ്ചരിച്ച മെഴുകുതിരികൾ  സംഭരിച്ചുവയ്ക്കുന്നതോ ഹന്നാൻ വെള്ളം  സൂക്ഷിച്ചുവയ്ക്കുന്നതോ  എണ്ണം തികയ്ക്കാൻ വേണ്ടി ജപമാലകൾ ചൊല്ലുന്നതോ  വിമലഹൃദയപ്രതിഷ്ഠ നടത്തുന്നതോ ഒന്നും അതിൽത്തന്നെ  രക്ഷ നൽകുകയില്ല. ഇതൊന്നും വേണ്ടെന്നല്ല, മറിച്ച്   യുഗാന്ത്യകാലത്തെ നമ്മുടെ  ആയുധങ്ങൾ  ഇവമാത്രമാണെന്നു  തെറ്റിദ്ധരിക്കുന്നതാണു പ്രശ്നം. വിശുദ്ധിയും വിശ്വാസവും  ആ വിശ്വാസത്തെ പ്രതി പീഡനങ്ങൾ സഹിക്കാനുള്ള ശക്തിയും   വചനത്തെ  എളിമയോടെ  സ്വീകരിക്കാനുള്ള  മനോഭാവവും ഇല്ലെങ്കിൽ മറ്റെല്ലാം  വ്യർഥമാണ്. കർത്താവിൻറെ രണ്ടാം വരവിനായി ജനങ്ങളെ ഒരുക്കുന്നു എന്ന വ്യാജേന  ഭൗതികമായ ഒരുക്കങ്ങൾക്ക് മുൻ‌തൂക്കം  കൊടുത്തുകൊണ്ടു പ്രവർത്തിക്കുന്ന പല സെക്ടുകളും   നമുക്കുചുറ്റും ഉള്ളതുകൊണ്ടാണ് ഇതു പറയേണ്ടിവരുന്നത്.   ഈ ചിന്തയോടെ അടുത്ത അധ്യായം മുതൽ നമുക്കു കാലത്തിൻറെ അടയാളങ്ങൾ ഒന്നൊന്നായി പഠിക്കാം

ഒന്നാമത്തെ അടയാളം : വ്യാജക്രിസ്തുമാരുടെ വെളിപ്പെടൽ

‘ആരും നിങ്ങളെ  വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. പലരും എൻറെ നാമത്തിൽ വന്ന്, ഞാൻ ക്രിസ്തുവാണ് എന്നു  പറയുകയും അനേകരെ വഴി തെറ്റിക്കുകയും ചെയ്യും’ ( മത്തായി 24:4) . പൂർണ്ണദൈവവും പൂർണമനുഷ്യനുമായ യേശുക്രിസ്തു  ഇതുവരെ ചരിത്രത്തിൽ  ഒരിക്കൽ മാത്രമേ  ഭൂമിയിൽ  അവതരിച്ചിട്ടുള്ളൂ. ഇനി നാം  പ്രതീക്ഷിക്കുന്നത്  മഹത്വത്തിലുള്ള അവിടുത്തെ രണ്ടാം വരവാണ്. എന്നാൽ അതിനു മുൻപായി  മനുഷ്യരെ വഴിതെറ്റിക്കാനായി അനേകം വ്യാജക്രിസ്തുമാർ  പ്രത്യക്ഷപ്പെടും എന്ന് കർത്താവു തന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.  വ്യാജക്രിസ്തു (false Christ, false Messiah) എന്ന്  ഇൻ്റർനെറ്റിൽ തിരഞ്ഞാൽ  നിങ്ങൾക്ക് എത്രയെങ്കിലും വ്യാജക്രിസ്തുമാരുടെ വിവരങ്ങൾ ലഭിക്കും.   അവരിൽ പലർക്കും  ലക്ഷക്കണക്കിന് അനുയായികളും ഉണ്ട്.  മടങ്ങിവരുന്ന ക്രിസ്തുവാണു താൻ, അല്ലെങ്കിൽ ക്രിസ്തുവിൻറെ  പുനരവതാരമാണ്  താൻ എന്നൊക്കെ പറഞ്ഞുകൊണ്ടു സ്വയം ക്രിസ്തുവായി  വേഷം കെട്ടുന്നവരുടെ എണ്ണത്തിലുള്ള അഭൂതപൂർവമായ വർധനവ് തന്നെ ഒരടയാളമാണ്. യഥാർഥക്രിസ്തു  തൻറെ മഹത്വത്തിൽ  പ്രത്യക്ഷപ്പെടുന്നതിനു മുൻപേ കഴിയുന്നത്ര ആത്മാക്കളെ തട്ടിയെടുക്കാനായി  അയയ്ക്കപ്പെടുന്ന സാത്താൻറെ  ഏജൻറുമാരാണവർ.

വ്യാജക്രിസ്തുമാരുടെ പ്രവർത്തനം മനുഷ്യരെ വഴിതെറ്റിക്കുക എന്നതാണ്.  ദൈവപുത്രനും മനുഷ്യപുത്രനുമായ യേശുക്രിസ്തുവിൽ നിന്നു  മനുഷ്യരെ വഴിതെറ്റിച്ച്    അവരുടെ ആത്മനാശത്തിനു കാരണക്കാരാകുന്ന ഇക്കൂട്ടരിൽ നിന്ന് അകന്നുനിൽക്കുക.  മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടുന്ന കള്ളക്രിസ്തുവിനെപ്പോലെ തന്നെയോ ഒരുപക്ഷേ അതിനേക്കാൾ കൂടുതലോ അപകടകാരികളാണു   യഥാർഥക്രിസ്തുവിനെക്കുറിച്ചുള്ള  തെറ്റായ ചിത്രം അവതരിപ്പിക്കുന്നവരും. പുറമേയ്ക്കു ക്രിസ്ത്യാനികളും വിശ്വാസികളും ഒക്കെയായി കാണപ്പെടുമെങ്കിലും അവർ പ്രസംഗിക്കുന്ന ക്രിസ്തു നാം  അറിയുന്ന   ഏകരക്ഷകനും ലോകരക്ഷകനുമായ ക്രിസ്തു ആയിരിക്കില്ല.  ഇത്തരക്കാരിൽ പ്രവർത്തിക്കുന്ന അരൂപിയെക്കുറിച്ച് പൗലോസ് ശ്ലീഹാ മുന്നറിയിപ്പു  നൽകുന്നതു ശ്രദ്ധിക്കുക;  ‘എന്തെന്നാൽ, ഞങ്ങൾ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങൾ സ്വീകരിച്ചതല്ലാത്ത  മറ്റൊരു ആത്മാവിനെ നിങ്ങൾ സ്വീകരിക്കുകയോ, നിങ്ങൾ  കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങൾ കൈക്കൊള്ളുകയോ ചെയ്താൽ  നിങ്ങൾ അനായാസം അതിനെല്ലാം  കീഴടങ്ങുകയായിരിക്കും ചെയ്യുക’ ( 2 കൊറി  11:4). വിശുദ്ധഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തപ്പെട്ട യേശുക്രിസ്തുവിനും  അവിടുത്തെ പ്രബോധനങ്ങൾക്കും നിരക്കാത്ത പഠനങ്ങളും   ആശയങ്ങളും  ക്രിസ്തുവിൻറെ നാമത്തിൽതന്നെ പ്രഘോഷിക്കപ്പെടുകയും അനേകർ അതിന് ഇരയാവുകയും ചെയ്യുമ്പോൾ  ഓർക്കുക;  അതെല്ലാം   ക്രിസ്തുവിൻറെ ദ്വിതീയാഗമനത്തിൻറെ പ്രഭാതത്തിനുമുൻപുള്ള  രാത്രിയിൽ  നമ്മെ വഴിതെറ്റിക്കാനായി  സാത്താൻ ഒരുക്കുന്ന കെണികളാണ്. അത്തരം കെണികളിൽ വീഴാതിരിക്കാൻ വേണ്ടി നാം ഉണർന്നിരുന്നു പ്രാർഥിക്കേണ്ട സമയമാണിത് എന്നും ഓർക്കുക.

(www.divinemercychannel.com)