കാലത്തിൻറെ അടയാളങ്ങൾ  – 8

 യുഗാന്ത്യത്തിൻറെ അടയാളമായി കർത്താവ് പറഞ്ഞിരിക്കുന്ന ഒരു പ്രധാന അടയാളം  അധർമം വർധിക്കുന്നതാണ്. ‘അധർമം വർധിക്കുന്നതിനാൽ പലരുടെയും സ്നേഹം  തണുത്തുപോകും’ (മത്തായി 24:12).

യുഗാന്ത്യവും യേശുക്രിസ്തുവിൻറെ രണ്ടാം വരവും  ചരിത്രത്തിൻറെ  അവസാനമാണെന്നു പറയാം.  കാരണം അതിനുശേഷം അവശേഷിക്കുന്നത് ഒരു  പുതിയ ആകാശവും പുതിയ ഭൂമിയുമായിരിക്കും. ആദ്യത്തെ ആകാശവും  ആദ്യത്തെ ഭൂമിയും കടന്നുപോകുന്നതിനു മുൻപ് ( വെളി  21:1) അധർമം പെരുകേണ്ടിയിരിക്കുന്നു. വിധിയുടെയും  ദുഷ്ടമനുഷ്യരുടെ നാശത്തിൻറെയും ദിനത്തിൽ അഗ്നിക്ക് ഇരയാകേണ്ടതിനു  വേണ്ടിയാണ്  ഇപ്പോഴുള്ള ആകാശവും ഭൂമിയും ദൈവത്തിൻറെ വചനത്താൽ സൂക്ഷിക്കപ്പെടുന്നത് എന്നു  പത്രോസ് ശ്ലീഹാ   എഴുതിയിരിക്കുന്നു (2 പത്രോസ്  3:7).

ചരിത്രത്തിൽ നിർണായകമായ വിധത്തിൽ ദൈവം ഇടപെടുന്നത് അധർമം വർധിക്കുമ്പോളാണ്. നോഹയുടെ കാലത്തെ മഹാപ്രളയത്തിൻറെ കാരണം   ഭൂമിയിൽ പാപം വർധിച്ചതായിരുന്നു.  ‘ഭൂമിയിൽ  മനുഷ്യൻറെ ദുഷ്ടത വർധിച്ചിരിക്കുന്നെന്നും   അവൻറെ  ഹൃദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതുമാത്രമാണെന്നും കർത്താവ് കണ്ടു’ (ഉൽ.  6:5).    മനുഷ്യപാപത്തിൻറെ ഭാരം ഇനിയും താങ്ങാൻ കഴിയാത്തവിധം ഭൂമി   ഞെരുങ്ങിയിരുന്ന ഒരു കാലമായിരുന്നു അത്.  ‘ദൈവത്തിൻറെ  ദൃഷ്ടിയിൽ  ഭൂമിയാകെ ദുഷിച്ചതായിത്തീർന്നു. എങ്ങും അക്രമം നടമാടി. ഭൂമി ദുഷിച്ചുപോയെന്നു ദൈവം കണ്ടു. ലോകത്തിൽ മനുഷ്യരെല്ലാം  ദുർമാർഗികളായി’ (ഉൽ. 6:11-12).

ആ തലമുറയിൽ  നോഹയെ മാത്രമാണ് ദൈവം നീതിമാനായി  കണ്ടത്. നോഹയിലൂടെ അവിടുന്ന് പുതിയൊരു സൃഷ്ടി നടത്തി.  എന്നാൽ ആ ഭൂമിയും ഏറെത്താമസിയാതെ പാപത്താൽ മലിനമായി.  അതിൻറെ പരകോടിയിലാണ് ദൈവം  സോദോമിനെയും ഗൊമോറയെയും ശിക്ഷിച്ചത്.   സോദോമിനു വേണ്ടി  മധ്യസ്ഥപ്രാർഥനയുമായി വന്ന അബ്രഹാം കർത്താവിനോടു വിലപേശി അവസാനം വാങ്ങിയെടുത്ത ഉറപ്പ്   അവിടെ പത്തു നീതിമാന്മാരെങ്കിലും ഉണ്ടെങ്കിൽ സോദോമിനെ ദൈവം നശിപ്പിക്കില്ല എന്നായിരുന്നു. പക്ഷേ അവിടെ നീതിമാനായി ലോത്ത് എന്ന ഒരേയൊരാളിനെ മാത്രമേ ദൈവം കണ്ടുള്ളൂ.  അധർമം അത്രയധികം വ്യാപിച്ചുകഴിഞ്ഞിരുന്ന ആ  നഗരത്തിൻറെ അവസ്ഥയെക്കുറിച്ചുള്ള   ഒരു വചനം ബൈബിളിൽ  എഴുതിവെച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്. ‘അവർ  (ലോത്തും രണ്ടു ദൂതന്മാരും) കിടക്കുംമുമ്പേ  സോദോം നഗരത്തിൻറെ എല്ലാ ഭാഗത്തും നിന്നു യുവാക്കന്മാർ  മുതൽ  വൃദ്ധന്മാർവരെയുള്ള എല്ലാവരും വന്നു വീടുവളഞ്ഞു’ (ഉൽ  19:4).  നഗരത്തിൻറെ എല്ലാ ഭാഗത്തുനിന്നും എല്ലാ പ്രായത്തിലുമുള്ള എല്ലാവരും പാപം ചെയ്യുന്നതിനായി ഏകമനസോടെ ഒരുമിച്ചു വരത്തക്കവിധം അത്ര ഭീകരമായിരുന്നു   സോദോമിൻറെ  ധാർമ്മികാധപതനം!  സോദോമിൻറെ മേൽ ദൈവം പ്രസ്താവിച്ച വിധി നടപ്പിൽ വരുത്താൻ പിന്നെ താമസമുണ്ടായില്ല.

അവസാനനാളുകളിൽ  ലോകം പാപത്തിൽ മുങ്ങിത്താഴുകയായിരിക്കും എന്ന സന്ദേശം അനേകം വിശുദ്ധർക്കു  ലഭിച്ചിട്ടുണ്ട്.  വിശുദ്ധ ഫൗസ്റ്റീനയ്ക്കു ലഭിച്ച സന്ദേശത്തിൽ  പറയുന്നത്  എതിർക്രിസ്തുവിൻറെ  വെളിപ്പെടലിനു മുൻപായി  അതിഭയാനകമായ ധാർമിക അന്ധകാരം ലോകത്തെ ആവരണം ചെയ്യും എന്നാണ്.  മനുഷ്യർ നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും വിളിക്കുന്ന ഒരു കാലമായിരിക്കും അത്.  ലാസലേറ്റിൽ പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ  പറഞ്ഞതു   വിശ്വാസം എന്നത് അവഗണിക്കപ്പെടുമെന്നും മനുഷ്യർ അഹങ്കരപ്രമത്തരായി  ദൈവത്തെ കൂടാതെ ജീവിക്കാൻ തുടങ്ങുമെന്നുമാണ്. പാപികളായ മനുഷ്യർ എല്ലാത്തരത്തിലുമുള്ള വഷളത്തത്തിനും  ദുശീലങ്ങൾക്കും തങ്ങളെത്തന്നെ വിട്ടുകൊടുക്കും.  വിശുദ്ധ ഹിൽഡേഗാർഡ് എഴുതിയിരിക്കുന്നത്  എതിർക്രിസ്തുവിൻറെ ആഗമനത്തിനു മുൻപായി  ന്യായം പരിഹസിക്കപ്പെടുകയും മനുഷ്യനിയമങ്ങൾ വഴിപിഴയ്ക്കുകയും ചെയ്യുമെന്നും മനുഷ്യരെല്ലാം  സമ്പത്തിൻറെയും ശാരീരികസുഖങ്ങളുടെയും പിറകേ പോകുമെന്നുമാണ്.

പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ വിൻസെൻറ് ഫെറർ  ആ കാലത്തെക്കുറിച്ചു   പറയുന്നത് ഇങ്ങനെയാണ്.  സൂര്യൻ ഇരുണ്ടുപോകും എന്ന മത്തായി സുവിശേഷത്തിലെ  പ്രവചനം ഓർക്കുക. നമ്മുടെ നീതിസൂര്യൻ ക്രിസ്തുവാണ്.  സൂര്യന് ഒരിക്കലൂം തന്നത്താൻ  ഇരുളാൻ സാധ്യമല്ല. എന്നാൽ മേഘങ്ങൾക്കു സൂര്യനെ മറയ്ക്കാൻ സാധിക്കും. ഇതുപോലെ അവസാനനാളുകളിൽ  എതിർക്രിസ്തു വാഗ്ദാനം  ചെയ്യുന്ന സുഖഭോഗങ്ങളും സ്ഥാനമാനങ്ങളും  സമ്പത്തുമാകുന്ന മേഘങ്ങൾ   ക്രിസ്തുവിൻറെ പ്രകാശത്തെ  നമ്മുടെയടുക്കലെത്തുന്നതിൽ നിന്നും തടയും. അതായതു  മനുഷ്യർ  ദൈവികനിയമങ്ങൾ  ലംഘിച്ചുകൊണ്ടു  ജീവിക്കും എന്നു  സാരം.

അധർമത്തിൻറെ നേരിട്ടുള്ള പരിണതഫലമാണ് വർധിച്ചുവരുന്ന സ്നേഹരാഹിത്യം.  വിവാഹബന്ധങ്ങളുടെ തകർച്ചയിലും  മാതാപിതാക്കളും മക്കളും തമ്മിലുള്ള  ബന്ധത്തിൽ വരുന്ന വിള്ളലിലും എല്ലാം പ്രധാനകാരണം  സ്നേഹം തണുത്തുപോകുന്നതാണ്. അതിൻറെ മൂലകാരണം അധർമം വർധിക്കുന്നതാണെന്നു  വിശുദ്ധഗ്രന്ഥം  പറയുന്നു.  ഉദരത്തിലുള്ള കുഞ്ഞിനോടുള്ള സ്നേഹം നഷ്ടപ്പെടുമ്പോൾ  മാത്രമാണ് ഒരമ്മ ഗർഭഛിദ്രം നടത്താൻ തീരുമാനിക്കുന്നത്.  ജീവിതപങ്കാളിയോടുള്ള സ്നേഹം തണുത്തുപോകുമ്പോഴാണ്  വിവാഹമോചനം സംഭവിക്കുന്നത്. സഹോദരനോടുള്ള സ്നേഹം നഷ്ടപ്പെടുന്നിടത്താണ് അവനെ ചൂഷണം ചെയ്യാൻ ആരംഭിക്കുന്നത്.

വൈദികർക്കുള്ള സന്ദേശത്തിൽ പരിശുദ്ധ അമ്മ    പറയുന്നു;  ‘ഇതാ,  മനുഷ്യവ്യക്തികളുടെയും ജനസമൂഹങ്ങളുടെയും ജീവിതത്തെ  പാപത്തിൻറെ  കൊടുംശൈത്യം ആവരണം ചെയ്യുകയാണ്. അബദ്ധങ്ങളുടെ  അന്ധകാരം ലോകത്തെയാകെ വലയം  ചെയ്യുന്നു. ദൈവത്തെയും ദൈവികനിയമങ്ങളെയും  നിരാകരിക്കുക മനുഷ്യജീവിതത്തിലെ ഒരു  പൊതുജീവിതശൈലിയായി പ്രതിഷ്ഠ നേടിയിരിക്കുകയാണ്. വിദ്വേഷം, അശുദ്ധി, സ്വാർഥത, ഭിന്നത തുടങ്ങിയ തിന്മകൾ സർവവ്യാപകമാവുകയും നവീനവും ഭയാനകവുമായ യുദ്ധഭീതി സാർവത്രികമായി, ദിവസങ്ങൾ കഴിയുംതോറും കൂടുതൽ ശക്തവും സമീപസ്ഥവും യാഥാർഥ്യവുമായിത്തീരുകയും ചെയ്യുന്നു. നിങ്ങൾക്കു മുന്നറിയിപ്പു നല്കപ്പെട്ടിരിക്കുന്ന ആ കാലഘട്ടത്തിലേക്കു നിങ്ങൾ വന്നുകഴിഞ്ഞിരിക്കുന്നു. അതേ, ആ അന്ത്യകാലഘട്ടത്തിൽ നിങ്ങൾ പ്രവേശിച്ചിരിക്കുന്നു’ (നമ്മുടെ ദിവ്യനാഥ വൈദികരോടു സംസാരിക്കുന്നു: സന്ദേശം 439).

ഫാത്തിമയും ലൂർദും  മെജുഗോറിയയും അക്കിത്തയും അടക്കം  മാതാവ് പ്രത്യക്ഷപ്പെട്ട എല്ലായിടങ്ങളിലും    ലോകത്തിൽ   സംഭവിക്കാനിരിക്കുന്ന അതിഭീകരമായ  പാപങ്ങളുടെ പ്രളയത്തെക്കുറിച്ചും   അതിൻറെ ഫലമായി മനുഷ്യരുടെ സ്നേഹം  തണുത്തുപോകുന്നതിനെക്കുറിച്ചും  പലതവണ  മുന്നറിയിപ്പു  നൽകിയിരുന്നു. നാലു നൂറ്റാണ്ടുമുമ്പ് ഇക്വഡോറിൽ നല്ല വിജയത്തിൻറെ  മാതാവായി പ്രത്യക്ഷപ്പെട്ടപ്പോൾ അമ്മ പറഞ്ഞത്   ഇരുപതാം നൂറ്റാണ്ടിൽ ലോകത്തിൽ അസാന്മാർഗികജീവിതത്തെ പ്രോത്സാഹിപ്പിക്കാനും എല്ലാവർക്കും  പാപത്തിൽ ജീവിക്കാൻ സൗകര്യം ചെയ്തുകൊടുക്കാനുമായി   അശുദ്ധനിയമങ്ങൾ  നടപ്പിലാക്കപ്പെടും എന്നാണ്. സഭയുടെ ആശിർവാദമില്ലതെയും, വിവാഹബന്ധത്തിനു പുറത്തും അനേകം കുഞ്ഞുങ്ങൾ ജനിക്കും എന്നും അമ്മ പറഞ്ഞു.

നമുക്കു കൂടുതൽ ഉദാഹരണങ്ങൾ പരതേണ്ട ആവശ്യമില്ല.  ലാഭേച്ഛ മാത്രം കൊണ്ടുണ്ടാകുന്ന യുദ്ധങ്ങൾ,  കൂട്ടക്കൊലകൾ, വംശഹത്യകൾ,  അശുദ്ധജീവിതത്തിനു  വളം വച്ചുകൊടുക്കുന്ന  രാഷ്ട്രനിയമങ്ങൾ,  ദൈവത്തെ  പൂർണമായുംനിരാകരിച്ചുകൊണ്ടുള്ള പുതിയ ലോകക്രമം ഇങ്ങനെ  അധർമം പെരുകാൻ ആവശ്യമായ എല്ലാ   ഘടകങ്ങളും ഒത്തുവന്നിരിക്കുന്ന ഇക്കാലത്തു   ദൈവികനിയമങ്ങളോടു  ചേർന്നുനിൽക്കുക എന്നതു   കൂടുതൽ കൂടുതൽ   ക്ലേശകരമായി മാറുന്നു.  അധർമം വർധിക്കുന്നതിനനുസരിച്ചു  ദൈവത്തോടും  അയൽക്കാരനോടുമുള്ള സ്നേഹം തണുത്തുപോകുകയും ചെയ്യും.  എന്നാൽ   ലോകം മുഴുവനെയും ബാധിക്കുന്ന അധർമത്തിൻറെയും  സ്നേഹരാഹിത്യത്തിൻറെയും ആ    രാത്രിയ്ക്കപ്പുറം നമുക്കായി നീതിസൂര്യനായ ക്രിസ്തു വീണ്ടും  വരുമെന്ന പ്രത്യാശയിൽ നമുക്കു വിശുദ്ധിയിൽ ജീവിക്കാം.

(തുടരും)

(www.divinemercychannel.com)