അവസാനം ശേഷിക്കുന്നത്….!

രക്ഷാകരചരിത്രം തെരഞ്ഞെടുപ്പിൻറെയും അതോടൊപ്പം തന്നെ തിരസ്കരണത്തിൻറെയും ചരിത്രമാണ്. അബ്രാഹത്തെ ദൈവം തെരഞ്ഞെടുത്തു, ഇസഹാക്കിനെ അനുഗ്രഹിച്ചു, യാക്കോബിനെ അനുഗ്രഹിച്ചു. മോശയെ തെരഞ്ഞെടുത്തു.  ദൈവാലയത്തിൽ ഉറങ്ങിക്കിടന്നിരുന്ന  സാമുവലിനെ വിളിച്ചുണർത്തി പ്രവാചകനാക്കി ഉയർത്തി. ആടിനെ  മേയ്ച്ചു നടന്ന ദാവീദിനെ   ഇസ്രായേലിൻറെ രാജാവായി  അഭിഷേകം ചെയ്തു. മാതാവിൻറെ  ഉദരത്തിൽ വച്ചുതന്നെ ജെറമിയയെ തെരഞ്ഞെടുത്തു, ഭൂമിയിൽ പിറന്നുവീഴുംമുമ്പേ സ്നാപകയോഹന്നാനെ  വേർതിരിച്ചു  വിശുദ്ധീകരിച്ചു. 

ഇതിനു സമാന്തരമായി  ഒരു തിരസ്കരണത്തിൻറെ കഥയും ബൈബിൾ പറയുന്നുണ്ട്. കായേൻ ദൈവസന്നിധിയിൽ നിന്നു ബഹിഷ്കൃതനായി. നോഹയും കുടുംബവുമൊഴികെ മറ്റാരും  ദൈവസന്നിധിയിൽ  സംപ്രീതി കണ്ടെത്തിയില്ല.  ദൈവം വിളിച്ചപ്പോൾ അതിനെ സംശയിച്ച ലോത്തിൻറെ ഭാര്യ തിരസ്കൃതയായി.  ഏസാവിനു ദൈവത്തിൻറെ മഹാപദ്ധതിയിൽ ഒരിടം കണ്ടെത്താനാകാതെ പോയി.  കോറഹും ദാത്താനും അബിറാമും  അഹങ്കാരത്താൽ  തിരസ്കൃതരായി നശിച്ചു. സാവൂൾ ആകട്ടെ അനുസരണക്കേടുമൂലമാണു    പുറംതള്ളപ്പെട്ടത്.  ഫരിസേയൻ തിരസ്കരിക്കപ്പെടാൻ കാരണം അവൻറെ സ്വയം നീതീകരണമായിരുന്നു.  പുരോഹിതവർഗവും   നിയമജ്ഞരും  തിരസ്‌കരിക്കപ്പെട്ടതോ  അവരുടെ അവിശ്വാസം മൂലവും.

ഓരോ തെരഞ്ഞെടുപ്പിൻറെയും  ഓരോ തിരസ്കരണത്തിൻറെയും വേളയിൽ ദൈവം   ആഗ്രഹിക്കുന്നത് അതിനുശേഷം   നിലനിൽക്കുന്നവർ  നല്ല ഫലം പുറപ്പെടുവിക്കണം  എന്നാണ്.  പ്രഭാതം മുതൽ പ്രദോഷം വരെ നിർമലമായ ഒരു  ബലി  തൻറെ മുൻപിൽ അർപ്പിക്കപ്പെടുന്നതിനായി ഒരു ജനത്തെ  ഒരുമിച്ചുകൂട്ടുന്നതിൽ ദൈവം നിരന്തരം  വ്യാപൃതനാണല്ലോ.  എന്നും എവിടെയും എക്കാലത്തും കർത്താവ് ഉറ്റുനോക്കുന്നത് ആ അവശിഷ്ടഭാഗത്തെയാണ്. 

ഏലിയായുടെ കാലത്ത് അങ്ങനെയൊരു അവശിഷ്ടഭാഗം ഉണ്ടായിരുന്നു. ദേശത്തെ ജനങ്ങളെല്ലാം  രാജാവിൻറെ  നേതൃത്വത്തിൽ വിഗ്രഹാരാധനയിലേക്കു തിരിയുകയും താൻ ഒറ്റയ്ക്കാണെന്ന് ഏലിയാ ആകുലപ്പെടുകയും ചെയ്തപ്പോൾ  കർത്താവ്‌ പറഞ്ഞു; നീ ഒറ്റയ്ക്കല്ല; ‘ബാലിൻറെ മുൻപിൽ മുട്ടുമടക്കുകയോ  അവനെ ചുംബിക്കുകയോ ചെയ്യാത്ത   ഏഴായിരം പേരെ ഞാൻ ഇസ്രായേലിൽ അവശേഷിപ്പിക്കും’ (1 രാജാ  19:18). പുറപ്പാടിൻറെ കാലത്തും അങ്ങനെയൊരു അവശിഷ്ടഭാഗം ഉണ്ടായിരുന്നു. കർത്താവിൻറെ ഭാഗത്തുള്ളവർ എൻറെ അടുത്തേക്കു വരട്ടെ  എന്ന മോശയുടെ  ആജ്ഞ (പുറ  32:26) കേട്ട ലേവിയുടെ പുത്രന്മാർ  അനുഗ്രഹത്തിനർഹരായി.   ആ മഹായാത്രയുടെ അവസാനമെത്തുമ്പോൾ  ആറുനൂറായിരം  വരുന്ന പുരുഷാരത്തിൽ നിന്നു  കാനാൻ ദേശത്തു കാലുകുത്താൻ അവശേഷിച്ചതു    ജോഷ്വയും കാലേബും മാത്രമായിരുന്നു. 

അറപ്പുരയിൽ ഗോതമ്പ് ശേഖരിക്കുകയും പതിരു  കെടാത്ത തീയിൽ കത്തിച്ചുകളയുകയും ചെയ്‌തുകൊണ്ട് (മത്തായി  3:12)  നടത്താനിരിക്കുന്ന ഒരു തെരഞ്ഞെടുപ്പിനെക്കുറിച്ച് ആദ്യം  മുന്നറിയിപ്പു കൊടുത്തതു  സ്നാപകനാണ്.   എന്നാൽ ദൈവത്തിൻറെ ഭാഗത്ത് അവശേഷിക്കുന്ന  ഒരു അവശിഷ്ടഭാഗത്തെക്കുറിച്ചു  കൂടുതൽ വിശദമായി നമുക്കു  പറഞ്ഞുതന്നതു  യേശുക്രിസ്തു തന്നെയാണ്.  ഇടുങ്ങിയ വാതിലിലൂടെ കടന്നുപോകുന്ന വളരെ ചെറിയ ഒരു അജഗണത്തെയാണു കർത്താവ് മുന്നിൽ കണ്ടത് (മത്തായി  7:14). മറ്റുള്ളവരെല്ലാം  വിനാശത്തിലേക്കു നയിക്കുന്ന വിശാലമായ വഴി തെരഞ്ഞെടുത്തുകഴിഞ്ഞിരിക്കും എന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. 

കുർബാനയെക്കുറിച്ചു പഠിപ്പിച്ചപ്പോൾ കർത്താവിൻറെ ശിഷ്യന്മാരിൽ നല്ലൊരുപങ്ക് അവനെ വിട്ടുപോയി.  അവശേഷിച്ചതു  പന്ത്രണ്ടുപേർ മാത്രം. അതിൽ നിന്നൊരാൾ പിന്നെയും കൊഴിഞ്ഞുപോയെങ്കിലും മത്യാസിനെ തെരഞ്ഞെടുത്തുകൊണ്ട്   തൻറെ സഭയ്ക്കു പന്ത്രണ്ടു തൂണുകൾ തന്നെ വേണം  എന്ന തൻറെ മുൻതീരുമാനം അവിടുന്ന് നടപ്പിൽ വരുത്തി.  

തൻറെ രണ്ടാംവരവിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടു കർത്താവ് ഒരിക്കൽ ചോദിച്ചതു   ‘മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?’ (ലൂക്കാ  18:8) എന്നായിരുന്നു.  വിശ്വാസത്തിൽ അവശേഷിക്കുന്നവരുടെ എണ്ണം വളരെ  കുറവായിരിക്കും എന്നുതന്നെയാണ്  അവിടുന്ന്  പ്രവചിച്ചത്.  എങ്കിലും അവർക്കായി  അവിടുന്ന് സമൃദ്ധമായ വാഗ്ദാനങ്ങൾ നൽകി. ‘ചെറിയ അജഗണമേ, ഭയപ്പെടേണ്ട, എന്തെന്നാൽ നിങ്ങൾക്കു രാജ്യം  നൽകുവാൻ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു’ (ലൂക്കാ 12:32).

ദൈവപരിപാലനയിൽ മാത്രം ആശ്രയിച്ചുകൊണ്ട്, ലോകത്തിൻറെ   മാലിന്യമേൽക്കാതെ ജീവിക്കുന്ന ആ അവശിഷ്ടഭാഗത്തെക്കുറിച്ചു പൗലോസ് പറയുന്നത് ഏലിയാ പ്രവാചകൻറെ കാലത്തെ  ഓർമ്മിപ്പിച്ചുകൊണ്ടാണ്.   ആ തെരഞ്ഞെടുപ്പിൻറെ  അടിസ്ഥാനം മനുഷ്യൻറെ  പ്രയത്നമോ പരിശ്രമമോ അല്ല, ദൈവത്തിൻറെ കൃപ ഒന്നു മാത്രമാണ്  എന്നതുകൊണ്ട് അപ്പസ്തോലൻ ഇങ്ങനെ എഴുതിവച്ചു; ‘അപ്രകാരം തന്നെ കൃപയാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്ടഭാഗം ഇക്കാലഘട്ടത്തിലും ഉണ്ട്’  (റോമാ  11:5). ആ അവശിഷ്ടഭാഗം എല്ലാക്കാലത്തും എല്ലായിടത്തും ഉണ്ടെന്നോർക്കണം. ഗോതമ്പും പതിരും ഒരുമിച്ചു വളരുന്നതുകൊണ്ടു  കൃപയാൽ തെരഞ്ഞെടുക്കപ്പെട്ട ആ അവശിഷ്ടഭാഗത്തെ  ‘ഈ ജീവിതത്തിനു വേണ്ടിമാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിട്ടുള്ള നിർഭാഗ്യരായ മനുഷ്യരിൽ’  (1 കൊറി  15:19) നിന്നു വേർതിരിച്ചറിയാൻ കഴിയുന്നില്ല എന്നേയുള്ളു. 

എന്നാൽ ഇതാ  കൊയ്ത്തുകാലം അടുത്തുവരുന്നു. ‘അരിവാൾ എടുത്തു കൊയ്യുക.  കൊയ്ത്തിനു കാലമായി.  ഭൂമിയിലെ വിളവു പാകമായിക്കഴിഞ്ഞു’ (വെളി. 14:16) .അപ്പോൾ  കൃപയാൽ തെരഞ്ഞെടുക്കപ്പെട്ട  ആ അവശിഷ്ടഭാഗം മാത്രം നിലനിൽക്കും.  ഭൂമിയിലെ വിളവു പാകമായതറിയാതെ, കൊയ്ത്തുകാലം വന്നതറിയാതെ, വൃക്ഷത്തിൻറെ വേരിനു കോടാലി വയ്ക്കപ്പെട്ടിരിക്കുന്നതറിയാതെ  ജീവിക്കുന്ന മഹാഭൂരിപക്ഷത്തിനുവേണ്ടി പ്രാർഥിക്കാൻ വേണ്ടിക്കൂടിയാണു  ദൈവം ഈ അവശിഷ്ടഭാഗത്തെ തെരഞ്ഞെടുത്തിരിക്കുന്നത് എന്ന ചിന്ത നമ്മിൽ ഉണ്ടായിരിക്കട്ടെ.

(www.divinemercychannel.com)