മർക്കോസിൻറെ സുവിശേഷം പത്താം അധ്യായത്തിൽ യേശുവിൻറെ അടുത്തു വന്ന രണ്ടുപേരെക്കുറിച്ചു നാം വായിക്കുന്നുണ്ട്. ആദ്യം വന്നയാൾ ഒരു ധനികനായ ചെറുപ്പക്കാരനായിരുന്നു. ഒരു സംശയനിവൃത്തിക്കായിട്ടാണ് അവൻ കർത്താവിനെ സമീപിച്ചത്. ‘യേശു വഴിയിലേക്കിറക്കിറങ്ങിയപ്പോൾ ഒരുവൻ ഓടിവന്ന് അവൻറെ മുൻപിൽ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തുചെയ്യണം?’ (മർക്കോസ് 10:17). കർത്താവ് അവൻറെ സംശയം തീർത്തുകൊടുത്തുവെങ്കിലും തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാൻ തയ്യാറാകാതിരുന്ന ആ ചെറുപ്പക്കാരൻ വിഷാദിച്ചു സങ്കടത്തോടെ തിരിച്ചുപോവുകയാണുണ്ടായത്.
പിന്നെ വന്നതു ബർതിമേയൂസ് എന്ന അന്ധയാചകനായിരുന്നു. തൻറെ മുൻപിലൂടെ കടന്നുപോകുന്നത് ആരാണെന്നന്വേഷിച്ച ബർതിമേയൂസിനോടു ജനം പറഞ്ഞത് അതു നസറായനായ യേശു ആണെന്നായിരുന്നു. എന്നാൽ ധനികനായ ചെറുപ്പക്കാരൻ ഒരിക്കൽ ഗുരു എന്നു വിളിച്ച് അഭിസംബോധന ചെയ്ത യേശു തങ്ങൾ നൂറ്റാണ്ടുകളായി കാത്തിരുന്ന മിശിഹാ ആണെന്ന തിരിച്ചറിവു ലഭിക്കത്തക്കവിധം ശിശുസഹജമായ ഒരു മനസിൻറെ ഉടമയായിരുന്നു ബർതിമേയൂസ്. കർത്താവ് തന്നെ വിളിക്കുന്നു എന്നറിഞ്ഞ ഉടനെ അവൻ ചെയ്തതു കുതിച്ചുചാടി യേശുവിൻറെ അടുത്തെത്തുകയായിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ കുതിച്ചുചാടാൻ തനിക്കു തടസമായി നിന്ന തൻറെ പുറംകുപ്പായം അവൻ ദൂരെയെറിഞ്ഞുകളഞ്ഞു. ഒരുപക്ഷേ അവനു സ്വന്തമെന്നു പറയാൻ ആകെയുണ്ടായിരുന്നത് ആ പുറംകുപ്പായം മാത്രമായിരുന്നിരിക്കാം. ബർതിമേയൂസിനു കാഴ്ച ലഭിച്ചു എന്നു പറഞ്ഞുകൊണ്ടല്ല ആ വിവരണം അവസാനിക്കുന്നത്. പിന്നെയോ അവൻ യേശുവിനെ അനുഗമിച്ചു എന്നുപറഞ്ഞുകൊണ്ടാണ് (മർക്കോസ് 10:52).
യേശുവിൻറെ പക്കലേക്ക് ആവേശത്തോടെ ഓടിവന്ന രണ്ടുപേർ! അവരിൽ ഒരാൾ വിഷാദത്തോടെ തിരിച്ചുപോയി. കാരണം അയാൾ തിരഞ്ഞുവന്നത് ഒരു ഗുരുവിനെയായിരുന്നു. നിയമവും പ്രമാണങ്ങളും എല്ലാം ഹൃദിസ്ഥമാക്കുകയും അവ പാലിക്കുകയും ചെയ്തുകൊണ്ടിരുന്ന അയാൾക്ക് ആ നിയമത്തിൻറെയും പ്രമാണങ്ങളുടെയും പൂർത്തീകരണമായ മിശിഹായാണു തൻറെ മുൻപിൽ നിൽക്കുന്നതെന്ന തിരിച്ചറിവു ലഭിച്ചില്ല. രണ്ടാമത്തെയാളാകട്ടെ കർത്താവിനെ കണ്ടതിനുശേഷം പിന്നീടൊരിക്കലും തിരിച്ചുപോയില്ല. കാരണം അവൻ ഓടിയത് ഒരു സാധാരണ ഓട്ടമായിരുന്നില്ല. തനിക്കുചുറ്റും കൂടിനിൽക്കുന്ന വലിയൊരു ജനക്കൂട്ടത്തിനിടയിലൂടെ, തനിക്കുള്ളതെല്ലാം വലിച്ചെറിഞ്ഞുകൊണ്ട് ഒരു അന്ധൻ നടത്തിയ ഓട്ടമായിരുന്നു അത്. ആ ഓട്ടത്തിൻറെ അവസാനം തനിക്കു കാഴ്ചയോടൊപ്പം രക്ഷയും കിട്ടുമെന്ന് അവൻ സത്യമായും വിശ്വസിച്ചിരുന്നിരിക്കണം. ശിശുസഹജമായ ആ വിശ്വാസത്തിൻറെ പ്രതിഫലം അവനു ലഭിക്കുകയുംചെയ്തു. ‘ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതിൽ പ്രവേശിക്കുകയില്ല’ (മർക്കോസ് 10:15) എന്നുപറഞ്ഞ കർത്താവിൻറെ അടുത്തേക്കാണല്ലോ അവൻ ഓടിയത്.
മുന്നിലുള്ള തടസങ്ങൾ അവൻ കണ്ടില്ല. അഥവാ അവ കാണാൻവേണ്ടിയുള്ള ബാഹ്യനേത്രങ്ങൾ അവനുണ്ടായിരുന്നില്ല. അവനു കാണാൻ കഴിഞ്ഞതു ദൂരെ നിൽക്കുന്ന ക്രിസ്തുവിനെ മാത്രമാണ്. അതുകാണാനുള്ള ആന്തരനേത്രങ്ങൾ ദൈവം അവനു തുറന്നുകൊടുക്കുകയും ചെയ്തു. ‘കാഴ്ചയില്ലാത്തവർ കാണുകയും കാഴ്ചയുള്ളവർ അന്ധരാവുകയും ചെയ്യുന്ന ന്യായവിധിയുടെ കർത്താവിനെ’ (യോഹ 9:39) കാത്തിരിക്കുന്ന നമുക്കുള്ള മാതൃകയും ബർതിമേയൂസ് ഓടിയ ആ അന്ധൻറെ ഓട്ടമാണ്.ആ ഓട്ടത്തിൻറെ വഴികളിൽ നമ്മെ കാത്തുപാലിക്കാനും നമ്മുടെ പാദങ്ങൾ കല്ലിൽ തട്ടാതെ നമ്മെ കൈകളിൽ വഹിക്കാനുമായി തൻറെ ദൂതന്മാരെ നിയോഗിച്ചുകൊണ്ട് (സങ്കീ 91:11-12) കർത്താവ് നമ്മുടെ യാത്ര സുഗമമാക്കും എന്ന പ്രത്യാശയോടെ നമുക്കു മുന്നേറാം.
(www.divinemercychannel.com)
