കാലത്തിൻറെ അടയാളങ്ങൾ  -4

ക്ഷാമങ്ങളും ഭൂകമ്പങ്ങളും  പല സ്ഥലങ്ങളിലും ഉണ്ടാകും’ (മത്തായി 24:7) എന്നതു  കർത്താവിൻറെ രണ്ടാം വരവിനു മുൻപുള്ള അടയാളമായി   വിശുദ്ധഗ്രന്ഥത്തിൽ  പ്രവചിക്കപ്പെട്ടിട്ടുള്ളതാണ്. യുദ്ധത്തിൻറെ കാര്യത്തിൽ നേരത്തെ സൂചിപ്പിച്ചതുപോലെതന്നെ   ലോകചരിത്രത്തിൽ ഇതിനുമുൻപും   ക്ഷാമങ്ങളും ഭൂകമ്പങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്. എന്നാൽ അവയെ  യുഗാന്ത്യവുമായി ബന്ധപ്പെടുത്തി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന  ഘടകം അവയുടെ തീവ്രതയിലും ആവൃത്തിയിലും ഉള്ള വർധനവും അതോടൊപ്പം തന്നെ  മുൻകാലങ്ങളിൽ ഭൂകമ്പസാധ്യത ഇല്ലാതിരുന്ന സ്ഥലങ്ങളിലും അവ ഉണ്ടാകുന്നു എന്നതുമാണ്. ഇതെഴുതുമ്പോൾ കേൾക്കുന്ന വാർത്ത  തൃശൂർ ജില്ലയിലെ പീച്ചിയിൽ തുടർച്ചയായി ഭൂചലനം ഉണ്ടാകുന്നു എന്നാണ്.  കേരളം ഒരു ഭൂകമ്പസാധ്യതാമേഖല ആണെന്നു   നമ്മുടെ പൂർവികർ എപ്പോഴെങ്കിലും ചിന്തിച്ചിരുന്നോ?

കർത്താവിൻറെ മഹാപ്രവൃത്തികളിൽ  ഒന്നായി ഭൂകമ്പത്തെ  ബൈബിൾ വിവരിക്കുന്നുണ്ട്  (സങ്കീ 18:7, ജോബ്  9:6, ഹഗ്ഗായി  2:6,).  ഹെബ്രായലേഖകൻ ഇങ്ങനെ എഴുതുന്നു:  ‘അന്ന് അവൻറെ സ്വരം  ഭൂമിയെ ഇളക്കി. എന്നാൽ ഇനിയും ഒരിക്കൽ കൂടി ഞാൻ ഭൂമിയെ മാത്രമല്ല ആകാശത്തെയും ഇളക്കും എന്ന്  ഇപ്പോൾ അവൻ  വാഗ്ദാനം ചെയ്തിരിക്കുന്നു.  ഇനിയുമൊരിക്കൽ കൂടി എന്ന പ്രയോഗം സൂചിപ്പിക്കുന്നത്  ഇളക്കപ്പെട്ടവ – സൃഷ്ടിക്കപ്പെട്ടവ- നീക്കം ചെയ്യപ്പെടുമെന്നാണ്. ഇളക്കപ്പെടാൻ പാടില്ലാത്തവ നിലനിൽക്കാൻ വേണ്ടിയാണ് ഇത്’ (ഹെബ്രാ  12:26-27).

ആശയം വ്യക്തമായെന്നു കരുതുന്നു.  ഭൂമിയുടെ സമ്പൂർണനാശത്തിനു മുൻപായി   മഹാഭൂകമ്പങ്ങൾ സംഭവിക്കാനിരിക്കുന്നു. ‘അവൻ ആറാമത്തെ മുദ്ര തുറന്നപ്പോൾ ഞാൻ നോക്കി. വലിയ ഒരു ഭൂകമ്പമുണ്ടായി…..എല്ലാ പർവതങ്ങളും ദ്വീപുകളും അവയുടെ സ്ഥാനങ്ങളിൽ നിന്നു മാറ്റപ്പെട്ടു’ (വെളി  6:  12-14). ‘ഏഴാമൻ തൻറെ പാതം  അന്തരീക്ഷത്തിലൊഴിച്ചു…… അപ്പോൾ മിന്നൽപിണരുകളും ഉച്ചഘോഷങ്ങളും  ഇടിമുഴക്കങ്ങളും  ഭൂമിയിൽ മനുഷ്യർ  ഉണ്ടായതു മുതൽ ഇന്നോളം സംഭവിച്ചിട്ടില്ലാത്തവിധം അത്ര വലിയ ഭൂകമ്പവും ഉണ്ടായി. മഹാനഗരം മൂന്നായിപ്പിളർന്നു. ജനതകളുടെ പട്ടണങ്ങൾ   നിലംപതിച്ചു….ദ്വീപുകളെല്ലാം ഓടിയൊളിച്ചു; പർവതങ്ങൾ കാണാതായി’ (വെളി  16:18-20).

ആകാശവും ഭൂമിയും  ഇളകിവിറയ്ക്കുന്ന ആ നാളുകൾ അതിവേഗം സമീപിക്കുന്നു എന്നതിൻറെ സൂചനയല്ലേ ഇന്നു ലോകത്തിൽ വർധിച്ചുവരുന്ന ഭൂകമ്പങ്ങൾ?

കഴിഞ്ഞ പതിനഞ്ചു നൂറ്റാണ്ടുകളിലെ  കണക്കെടുത്താൽ ഒരുലക്ഷത്തിലധികം  പേർ  കൊല്ലപ്പെട്ട  പതിനഞ്ചോളം ഭൂകമ്പങ്ങൾ ലോകത്തിൽ ഉണ്ടായിട്ടുണ്ട്. അതിൽ ആറെണ്ണവും  കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലുമായിട്ടാണു  സംഭവിച്ചത്.  കഴിഞ്ഞ എഴുപത്തിയഞ്ച് വർഷത്തിനിടയിൽ റിക്ടർ സ്കെയിലിൽ ഒൻപതോ അതിലധികമോ   തീവ്രത രേഖപ്പെടുത്തിയ  അഞ്ചു  ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. 2004ൽ  സുനാമിയ്ക്കു കാരണമായ  ഭൂകമ്പത്തിൻറെ തീവ്രത 9.2 ആയിരുന്നു.  വർധിച്ചുവരുന്ന  നഗരവൽക്കരണവും  തൽഫലമായി ജനസാന്ദ്രതയിൽ ഉണ്ടാകുന്ന വർധനവും  ഭൂകമ്പം പോലെയുള്ള പ്രകൃതിദുരന്തങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടാൻ കാരണമാകുന്നുണ്ട്.  ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ പല ഭൂകമ്പങ്ങളുടെയും മൂലകാരണം മനുഷ്യൻറെ പ്രകൃതിയുടെ മേലുള്ള കടന്നുകയറ്റമാണ്. (ഉദാ: വൻകിട ഡാമുകൾ, അശാസ്ത്രീയമായ ഖനനരീതികൾ തുടങ്ങിയവ). 1988ൽ നെടുങ്കണ്ടത്തുണ്ടായ ഭൂചലനത്തിൻറെ  കാരണം ഇടുക്കി ഡാമിൽ സംഭരിച്ചിരിക്കുന്ന  വെള്ളത്തിൻറെ സമ്മർദ്ദമാണെന്ന വാർത്തകൾ നാം വായിച്ചതാണല്ലോ.

ഭൂകമ്പം പോലെ തന്നെ ക്ഷാമവും അന്ത്യകാലത്തിൻറെ അടയാളമായി പ്രവചിക്കപ്പെട്ടുള്ള ഒന്നാണ്.  മൂന്നാമത്തെ മുദ്ര തുറക്കുമ്പോൾ കടന്നുവരുന്ന കറുത്ത കുതിരയുടെ പുറത്തിരിക്കുന്നവൻറെ കൈയിൽ നാം  കാണുന്നത് ഒരു ത്രാസാണ്.  അതു ക്ഷാമത്തെ  സൂചിപ്പിക്കുന്നു. ‘ആ നാലു ജീവികളുടെ  മധ്യത്തിൽ നിന്ന്  ഉണ്ടായ ഒരു ശബ്ദം പോലെ ഞാൻ കേട്ടു.  ഒരു ദെനാറയ്ക്ക് ഇടങ്ങഴി ഗോതമ്പ്,  ഒരു ദെനാറയ്ക്കു   മൂന്നിടങ്ങഴി ബാർലി. എണ്ണയും വീഞ്ഞും നശിപ്പിച്ചുകളയരുത്’ (വെളി  6:6).

ഇടങ്ങഴി എന്നത് ഒരു കിലോയ്ക്കടുത്തുവരുന്ന ഒരളവാണ്. ദെനാറ എന്നതു   ബൈബിൾ പശ്ചാത്തലത്തിൽ  ഒരു  ദിവസത്തെ  വേതനമാണ്.   ഇന്നു ബാർലിക്കു   ഗോതമ്പിനെക്കാൾ വിലയുണ്ടെങ്കിലും വെളിപാട് പുസ്തകം രചിക്കപ്പെട്ട കാലത്ത്  ബാർലിയുടെ വില ഗോതമ്പിൻറെ  വിലയുടെ മൂന്നിലൊന്നോ  പരമാവധി പകുതിയോ ആയിരുന്നു.  എണ്ണയും വീഞ്ഞും നശിപ്പിച്ചുകളയരുത് എന്നതിനെ   ബൈബിൾ പണ്ഡിതന്മാർ  വ്യാഖ്യാനിക്കുന്നത്  അവ ഒരു ക്ഷാമത്തിൻറെ പശ്ചാത്തലത്തിൽ  ആഡംബരവസ്തുക്കൾ ആണെന്നതിനാൽ അനാവശ്യമായി ഉപയോഗിച്ചുതീർക്കരുത് എന്ന അർഥത്തിലാണ്. നാലാമത്തെ മുദ്രയും ക്ഷാമത്തെക്കുറിച്ചുള്ള സൂചന നൽകുന്നുണ്ട് (വെളി  6:8).

ഇനി ചില കണക്കുകൾ പരിശോധിക്കാം. ഐക്യരാഷ്ട്രസഭയുടെ  World Food Programme  നൽകുന്ന കണക്കുകൾ അനുസരിച്ച് ലോകത്താകെ  27 കോടി ജനങ്ങൾ പട്ടിണിയുടെ പിടിയിലാണ്.  അതായത് ലോകജനസംഖ്യയുടെ   മൂന്നു ശതമാനത്തിലധികം ഇപ്പോഴേ പട്ടിണിയിലാണ്.  ലോകാരോഗ്യസംഘടന പറയുന്നതു 2025 ൽ  അറുപത്തിയഞ്ചു  കോടിയോളം ജനങ്ങൾ (ലോകജനസംഖ്യയുടെ 7.8%)  ഭക്ഷ്യക്ഷാമത്തിൻറെ ഇരകളായിരുന്നു എന്നാണ്. 27 രാജ്യങ്ങളിലെ 2025 ലെ GlobalHungerIndex  2016 ലെ സ്ഥിതിയെക്കാൾ മോശമാണ്. അഞ്ചുരാജ്യങ്ങളുടെ അവസ്ഥ 2000ത്തേക്കാൾ   മോശമായിരിക്കുന്നു.

 ലോകത്തിൽ കയറ്റുമതി  ചെയ്യപ്പെടുന്ന ഗോതമ്പിൻറെയും ചോളത്തിൻറെയും  പത്തു ശതമാനത്തോളം യുക്രെയിൻ്റെ  സംഭാവനയായിരുന്നു. റഷ്യ – യുക്രെയിൻ  യുദ്ധം  നാലുവർഷം പിന്നിടുമ്പോൾ  യുക്രെയിൻറെ  ഭക്ഷ്യധാന്യകയറ്റുമതി  35% കുറഞ്ഞു. ഇതു സാരമായി ബാധിക്കുന്നത്  ആഫ്രിക്കയിലെയും തെക്കൻ ഏഷ്യയിലെയും  ദരിദ്രരാജ്യങ്ങളെയാണ്. യുക്രെയിനിലെ  Kakhovka ഡാമിലെ വെള്ളമായിരുന്നു ആ രാജ്യത്തെ ആറുലക്ഷം ഹെക്ടർ സ്ഥലത്തു കൃഷിയ്ക്ക് ഉപയോഗിച്ചിരുന്നത്.   റഷ്യ ആ  അണക്കെട്ടിനെ  തകർത്തുകളഞ്ഞു.  

ദേശം മുഴുവനും ക്ഷാമത്തിൻറെ പിടിയിൽ  അമർന്നപ്പോഴും ദൈവം തൻറെ ജനത്തിന്, തൻറെ പ്രിയപ്പെട്ടവർക്ക്, ഭക്ഷണം കൃത്യമായി കൊടുത്തുകൊണ്ടിരുന്നു. യാക്കോബും മക്കളും  എങ്ങനെയാണ് പരിപാലിക്കപ്പെട്ടത് എന്ന് നമുക്കറിയാം.  ഏലിയായ്ക്കുവേണ്ടി സരപ്തായിലെ വിധവയുടെ പക്കലുണ്ടായിരുന്ന  ധാന്യമാവും എണ്ണയും വർധിപ്പിച്ചുകൊടുക്കുകയാണു കർത്താവ് ചെയ്തത്.  ‘മനുഷ്യൻ അപ്പം കൊണ്ടുമാത്രമല്ല, ദൈവത്തിൻറെ നാവിൽ നിന്നു  പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു’ (മത്തായി  4:4). അപ്പത്തിനു  പകരം വയ്ക്കാവുന്നത്, അഥവാ അപ്പമില്ലെങ്കിലും മനുഷ്യനെ താങ്ങിനിർത്തുന്നതു ദൈവത്തിൻറെ വചനമാണ്. എന്നാൽ ആ വചനവും നമ്മിൽ നിന്ന് എടുക്കപ്പെടുന്ന നാളുകൾ വരും എന്ന് ആമോസ് പ്രവാചകനിലൂടെ കർത്താവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ‘ദൈവമായ കർത്താവ്  അരുളിച്ചെയ്യുന്നു: ദേശത്തു ഞാൻ ക്ഷാമം അയയ്ക്കുന്ന  നാളുകൾ വരുന്നു. ഭക്ഷണക്ഷാമമോ  ദാഹജലത്തിനുള്ള വറുതിയോ അല്ല, കർത്താവിൻറെ വചനം   ലഭിക്കാത്തതുകൊണ്ടുള്ള ക്ഷമമായിരിക്കും അത്.’ (ആമോസ് 8: 11). ശരീരവും ആത്മാവും ഒരുപോലെ   ക്ഷാമം അനുഭവിക്കുന്ന ആ നാളുകളിലേക്കു നമ്മെത്തന്നെ ഒരുക്കാം. ശരീരത്തെ സംബന്ധിച്ചിടത്തോളം അതിനുള്ള  വഴി ഉപവാസത്തിലൂടെ ശരീരത്തെ പാകപ്പെടുത്തുകയാണ്.  ആത്മാവിനെ സംബന്ധിച്ചിടത്തോളമാകട്ടെ,  വചനത്തിനു ക്ഷാമം  വരുന്ന കാലത്തിനുമുമ്പേ  വചനം കേട്ട്, അതു  ഹൃദയത്തിൽ സംഗ്രഹിക്കുക എന്നതുമാത്രമേ ചെയ്യാൻ  കഴിയൂ.  പീഡനകാലത്തിനു മുൻപു തങ്ങൾ  കേട്ട വചനം  മറന്നുപോകാതെ ഹൃദയത്തിൽ സംഗ്രഹിച്ചുവച്ചവർ മാത്രമേ പീഡനകാലത്ത് പിടിച്ചുനിട്ടിട്ടുള്ളൂ എന്നതിനു  ചരിത്രം സാക്ഷി.   അന്നന്നു വേണ്ട ആഹാരം ഇന്നു  ഞങ്ങൾക്കു  തരണമേ എന്ന പ്രാർഥനയോടൊപ്പം  ക്ഷാമത്തിൻറെ നാളുകളിലേക്കു  നമ്മുടെ  ശരീരത്തെയും മനസിനെയും ആത്മാവിനെയും  പാകപ്പെടുത്താനുള്ള    കൃപയ്ക്കുവേണ്ടിയും നമുക്കു  പ്രാർഥിക്കാം.

(തുടരും)

(www.divinemercychannel.com)