കാലത്തിൻറെ അടയാളങ്ങൾ  -2

യുഗാന്ത്യത്തിൻറെയും തൻറെ  രണ്ടാം വരവിൻറെയും  അടയാളങ്ങൾ എന്തായിരിക്കുമെന്ന  ശിഷ്യന്മാരുടെ ചോദ്യത്തിനു  കർത്താവ് പറഞ്ഞ മറുപടിയെക്കുറിച്ചാണല്ലോ  നാം ധ്യാനിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നാം ചിന്തിച്ചതു  മത്തായി 24: 4-5 ൽ പറയുന്ന  വ്യാജക്രിസ്തുമാരെക്കുറിച്ചും അവരുടെ വഞ്ചനയെക്കുറിച്ചുമാണ്.  ഇന്നു  നാം വിചിന്തനം ചെയ്യുന്നതു   യുഗാന്ത്യത്തിൻറെ  അടുത്ത അടയാളമായി കർത്താവ് പറഞ്ഞ യുദ്ധങ്ങളെക്കുറിച്ചാണ്.

‘ നിങ്ങൾ യുദ്ധങ്ങളെപ്പറ്റി കേൾക്കും; അവയെക്കുറിച്ചുള്ള കിംവദന്തികളും. എന്നാൽ നിങ്ങൾ അസ്വസ്ഥരാകരുത്. കാരണം ഇതെല്ലം സംഭവിക്കേണ്ടതാണ്. എന്നാൽ ഇനിയും അവസാനമായിട്ടില്ല’ (മത്തായി 24:6).

ഇതു  വായിക്കുമ്പോൾ പെട്ടെന്നു  നിങ്ങളുടെ മനസിലേക്കു  കടന്നുവരുന്ന ചിന്ത  എത്രയോ നൂറ്റാണ്ടുകളായി   ഈ ലോകത്തിൽ വലുതും ചെറുതുമായ യുദ്ധങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ. അപ്പോൾ അതിനെ എങ്ങനെയാണ് യുഗാന്ത്യവുമായി ബന്ധപ്പെടുത്താൻ സാധിക്കുക എന്നായിരിക്കും. തികച്ചും ന്യായമായ  ഒരു സംശയമാണിത്.  തീർച്ചയായും അതിനു  വ്യക്തത വരുത്തേണ്ടതുണ്ട്.  യുദ്ധം മാത്രമല്ല, യുഗാന്ത്യത്തിനു  മുന്നോടിയായി സംഭവിക്കുമെന്നു കർത്താവ് പറഞ്ഞ ഏതാണ്ടെല്ലാ കാര്യങ്ങളും  കർത്താവിൻറെ കാലം മുതൽ തന്നെ  ലോകത്തിൽ നടക്കുന്നവയാണ്.  എന്നാൽ  മനുഷ്യചരിത്രം ഒരു നിർണായക കാലയളവിലേക്കു  കടക്കുമ്പോൾ ആ  അടയാളങ്ങളുടെ തീവ്രതയും (intensity) ആവൃത്തിയും (frequency)  അസാധാരണമായ വിധത്തിൽ വർധിക്കും എന്നതാണ്   അവ തമ്മിലുള്ള വ്യത്യാസം.  അതായത് ഇന്നലെയും യുദ്ധം നടന്നിരുന്നു. ഇന്നും യുദ്ധം നടക്കുന്നു. ഇന്നലെകളിലെ യുദ്ധങ്ങൾ സാധാരണ യുദ്ധങ്ങൾ ആയിരുന്നു. അവ  ഒരു ചെറിയ പ്രദേശത്ത് അല്ലെങ്കിൽ അതിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ  മാത്രം ഒതുങ്ങിനിന്നിരുന്നു. അതിനു വ്യത്യാസം വന്നത് 1914 ൽ ആരംഭിച്ച ഒന്നാം ലോകമഹായുദ്ധത്തോടെയാണ്.  അതിനുശേഷമുള്ള യുദ്ധങ്ങൾ  എല്ലായർഥത്തിലും മുൻപത്തെ യുദ്ധങ്ങളെക്കാൾ വ്യത്യസ്തമായിരുന്നു.  ഒന്നാം  ലോകമഹായുദ്ധം  നടക്കുന്നതിനിടയിൽ 1917ലാണ് മാതാവ് ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ട്  അതിപ്രധാനമായ  മുന്നറിയിപ്പുകൾ ലോകത്തിനു നൽകിയത് എന്നു കൂടി സാന്ദർഭികമായി പറയട്ടെ.

ചില കണക്കുകൾ ശ്രദ്ധിക്കുക.

1)  2020 ലോ അതിനുശേഷമോ തുടങ്ങിയ യുദ്ധങ്ങളുടെമാത്രം  എണ്ണം അറുപതിനടുത്താണ്. അതിൽ പലതും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

2) 2003 വർഷത്തിൽ  യുദ്ധം മൂലം മരിച്ചവരുടെ എണ്ണം  അൻപതിനായിരം ആയിരുന്നെങ്കിൽ  2022 ൽ അത് മൂന്നുലക്ഷത്തിൽ അധികമായി.

3)  2023 മുതൽ 2026 ജൂൺ  വരെയുള്ള കാലഘട്ടത്തിൽ  യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ സംഖ്യ 40% വർധിച്ചതായി ഐക്യരാഷ്ട്രസഭ തന്നെ പറയുന്നു.

എല്ലാ യുദ്ധത്തിൻറെയും പിറകിൽ  പ്രവർത്തിക്കുന്നത് ‘ആദിമുതലേ കൊലപാതകി’ എന്നു  വിശുദ്ധഗ്രന്ഥം വിളിക്കുന്ന (യോഹ 8:44) പിശാചാണ്.  യുദ്ധങ്ങൾ കൊണ്ടു പൊറുതിമുട്ടിയ   ഒരു ലോകത്തിലേക്കു  സമാധാനം കൊണ്ടുവരുന്നു എന്ന വ്യാജേനയാണ് എതിർക്രിസ്തു  കടന്നുവരുന്നത് എന്നു  പല വിശുദ്ധരും എഴുതിയിട്ടുള്ളത് ഇതിനോടു ചേർത്തുവായിക്കണം.  എതിർക്രിസ്തു കൊണ്ടുവരുന്ന സമാധാനം ഒരു വ്യാജസമാധാനം ആയിരിക്കും എന്നു  നമുക്കറിയാം.  എല്ലാം ശാന്തമായി എന്നു നാം കരുതുമ്പോൾ തന്നെയായിരിക്കും  വിനാശം  കടന്നുവരുന്നത്. പൗലോസ് ശ്ലീഹായുടെ വാക്കുകൾ  ശ്രദ്ധിക്കുക. ‘സമാധാനവും ഭദ്രതയും എന്ന്  അവർ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, ഗർഭിണിക്കു  പ്രസവവേദനയുണ്ടാകുന്നതുപോലെ പെട്ടെന്നു നാശം  അവരുടെമേൽ നിപതിക്കും’ (1 തെസ  5:3).

ഇവിടെ ചില  കാര്യങ്ങൾ മനസിൽ പതിപ്പിക്കണം.

സമാധാനത്തിൻറെ ചെറിയ ഇടവേളകൾ യുദ്ധത്തിനുള്ള ഒരുക്കം മാത്രമാണ്. സമാധാനം ഇല്ലാതിരിക്കേ, എല്ലാം ശാന്തമായി എന്നു പറഞ്ഞുകൊണ്ടു  മനുഷ്യരെ വഞ്ചിക്കുന്നതിനു പിന്നിലുള്ള ഉദ്ദേശം ശാശ്വതമായ  സമാധാനം കൊണ്ടുവരും എന്ന് അവർ അവകാശപ്പെടുന്ന എതിർക്രിസ്തുവിൻറെ  വെളിപ്പെടലിനുള്ള അരങ്ങൊരുക്കുക എന്നതുമാത്രമാണ്.   അന്ത്യകാലത്തെ അടയാളങ്ങളെ തിരിച്ചറിയാനുള്ള വഴിയായി  അപ്പസ്തോലൻ പറയുന്നത് അതു ഗർഭിണിയ്ക്കു പ്രസവവേദന വരുന്നതുപോലെയാണ് എന്നാണ്.  നമുക്കറിയാവുന്നതുപോലെ പ്രസവവേദനയുടെ തീവ്രതയും  വേദന അനുഭവപ്പെടുന്ന ആവൃത്തിയും (frequency) പ്രസവസമയം അടുക്കുംതോറും വർധിച്ചുകൊണ്ടിരിക്കും.

ഇതു മനസിൽ വച്ചുകൊണ്ട് ഇന്നു  നടക്കുന്ന യുദ്ധങ്ങളെ വിശകലനം ചെയ്താൽ ലോകത്തിൻറെ പോക്ക്  എങ്ങോട്ടാണെന്നു മനസിലാക്കാൻ ബുദ്ധിമുട്ടില്ല.  ക്ലേശകരമായ നാളുകളാണു നമ്മുടെ മുൻപിലുള്ളത് . വെളിപാടിലെ രണ്ടാമത്തെ മുദ്ര തുറക്കുമ്പോൾ  കടന്നുവരുന്ന തീക്കനലിൻറെ   നിറമുള്ള കുതിരയുടെ പുറത്തുവരുന്നവനു ഭൂമിയിൽ നിന്നു സമാധാനം എടുത്തുകളയാൻ അധികാരം നൽകപ്പെടും   എന്നു  വിശുദ്ധഗ്രന്ഥത്തിൽ പ്രവചിച്ചിരിക്കുന്നു (വെളി  6:4). നാം ആ നാളുകളിലേക്കു പ്രവേശിച്ചുകഴിഞ്ഞുവോ എന്നു സംശയിക്കേണ്ട വിധത്തിലാണു ലോകമെങ്ങും യുദ്ധവും സംഘർഷങ്ങളും  മൂർച്ഛിക്കുന്നത്.

ഒരു കാര്യം കൂടി പറയാതെ ഈ വിഷയം അവസാനിപ്പിക്കാൻ കഴിയില്ല.  സുവിശേഷത്തിൽ  യുഗാന്ത്യത്തിൻറെ അടയാളമായി പറയുന്നതു യുദ്ധങ്ങൾ മാത്രമല്ല അവയെക്കുറിച്ചുള്ള കിംവദന്തികളുമാണ്.  ഇപ്പോൾ നടക്കുന്ന യുദ്ധങ്ങളെക്കുറിച്ച് എത്രയെത്ര വ്യത്യസ്തമായ വ്യാഖ്യാനങ്ങളും കിംവദന്തികളുമാണു നാം കേട്ടുകൊണ്ടിരിക്കുന്നത് എന്നു ചിന്തിക്കുക.  യുദ്ധത്തിൻറെ സത്യാവസ്ഥ  ജനങ്ങൾ അറിയാതിരിക്കാൻ വേണ്ടി ബോധപൂർവം കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ ഭരണകൂടങ്ങളും  വാർത്താമാധ്യമങ്ങളും  മത്സരിക്കുമ്പോൾ  ഓർക്കുക, അവയെല്ലാം   കർത്താവായ യേശുക്രിസ്തുവിൻറെ പ്രവചനങ്ങളുടെ പൂർത്തീകരണം മാത്രമാണ്.

കാലത്തിൻറെ അടയാളങ്ങൾ  മനസിലാക്കുന്നവൻ ഭാഗ്യവാൻ.

(തുടരും)

(www.divinemercychannel.com)