മറിയം നിത്യകന്യക

‘ അതിനാൽ കർത്താവ് തന്നെ നിനക്ക് അടയാളം തരും. യുവതി ഗർഭം ധരിച്ച്  ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും’ (ഏശയ്യാ  7:14). ഇവിടെ യുവതി എന്നു വിവർത്തനം ചെയ്തിരിക്കുന്ന പദത്തിൻറെ മൂലരൂപത്തിനു   കന്യക എന്നും അർത്ഥമുണ്ട്. ആധികാരികമായ  ഗ്രീക്ക്  വിവർത്തനങ്ങളിലും  പെശീത്ത  ബൈബിളിലും  അടക്കം  ഏതാണ്ടെല്ലാ വിവർത്തനങ്ങളിലും കന്യക എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.  ഈ വാക്യത്തിൻറെ  സന്ദർഭം നോക്കിയാലും   കന്യക എന്ന  അർഥത്തിനാണു  കൂടുതൽ സാധ്യത. കാരണം അതു  കർത്താവ്  കൊടുക്കുന്ന ഒരടയാളമാണ്.  ഒരു യുവതി ഗർഭം ധരിക്കുന്നതിൽ   അസ്വാഭാവികമായി  ഒന്നുമില്ല.  എന്നാൽ ഒരു കന്യക  ഗർഭം ധരിക്കുക എന്നതു   മനുഷ്യൻ അന്നേവരെ കേട്ടിട്ടില്ലാത്ത ഒരു മഹാത്ഭുതമാണ്.  അതുതന്നെയായിരുന്നു ദൈവം   നൽകിയ അടയാളം. 

മറിയം നിത്യകന്യകയായിരുന്നു എന്ന വിശ്വാസം  ആദിമനൂറ്റാണ്ടുകൾ മുതൽ തന്നെ  സഭയിൽ വ്യാപകമായിരുന്നു.   എല്ലാക്കാര്യങ്ങളും പ്രാരംഭം മുതലേ സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം മാത്രം  സുവിശേഷ രചന ആരംഭിച്ച ലൂക്കാ  (ലൂക്കാ 1:3) ഇങ്ങനെ എഴുതിയിരിക്കുന്നു.  ‘ആറാം മാസത്തിൽ ഗബ്രിയേൽ ദൂതൻ ഗലീലിയിൽ നസറത്ത് എന്ന പട്ടണത്തിൽ ദാവീദിൻറെ വംശത്തിൽപ്പെട്ട ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം  ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താൽ അയയ്ക്കപ്പെട്ടു’ (ലൂക്കാ 1:26). അതായതു മംഗളവാർത്താ സമയത്തു മറിയം കന്യകയായിരുന്നു.  കന്യക ഗർഭം ധരിച്ച്  ഒരു പുത്രനെ പ്രസവിക്കും എന്ന ഏശയ്യാ  പ്രവചനത്തിൻറെ  പൂർത്തീകരണമായിരുന്നു  മറിയത്തിൻറെ  ഗർഭധാരണം എന്നു മത്തായിയും ആവർത്തിക്കുന്നുണ്ട് (മത്തായി  1:23).  യേശുവിൻറെ ജനനം വരെ  മറിയം   കന്യക ആയിരുന്നു എന്നതിലും തർക്കമില്ല. ‘പുത്രനെ  പസവിക്കുന്നതുവരെ അവളെ അവൻ (ജോസഫ്) അറിഞ്ഞില്ല’ (മത്തായി  1:25).

എന്നാൽ മറിയം  യേശുവിൻറെ ജനനത്തിനുശേഷവും കന്യകയായി തുടർന്നു എന്നു പറയുമ്പോൾ  ചിലരുടെയെങ്കിലും നെറ്റി ചുളിയുന്നുണ്ട്. അതിനു കാരണം അവർ മറിയത്തെക്കുറിച്ച് അറിയേണ്ടത് ഒന്നും അറിഞ്ഞിട്ടില്ല എന്നതാണ്.  പുത്രനെ പ്രസവിക്കുന്നതുവരെ  അവളെ അവൻ അറിഞ്ഞില്ല  എന്ന വചനം  അതിനുശേഷം  അവർ   സാധാരണ ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിച്ചു  എന്നാണു  സൂചിപ്പിക്കുന്നതെന്ന  വാദമാണ് അവർ ഉയർത്തുന്നത്. എന്നാൽ ബൈബിളിലെ രചനാരീതിയും,  ജോസഫും മറിയവും  ജീവിച്ചിരുന്ന യഹൂദസമുദായത്തിൻറെ ശൈലിയും, പഴയ നിയമത്തിലെ തന്നെ  മറ്റു സന്ദർഭങ്ങളും ഒന്നും ഈ വാദത്തെ സാധൂകരിക്കുന്നില്ല. 

ഉദാഹരണത്തിന്  2 സാമുവൽ  6:23ൽ  നാം ഇങ്ങനെ വായിക്കുന്നു.  ‘സാവൂളിൻറെ പുത്രി മിഖാൽ മരണം വരെയും  സന്താനരഹിതയായിരുന്നു’.   അതിൻറെയർത്ഥം മരണത്തിനുശേഷം  മിഖാലിനു സന്താനങ്ങൾ ഉണ്ടായി എന്നാണോ?

ദൈവികപദ്ധതിയിൽ ബ്രഹ്മചര്യവും കന്യകാത്വവും  ശ്രേഷ്ഠമായ കാര്യങ്ങളാണോ എന്നതാണ് അടുത്ത ചോദ്യം. കാരണം  ദൈവം മനുഷ്യനു നൽകിയ ആദ്യത്തെ അനുഗ്രഹം തന്നെ   സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ എന്നായിരുന്നുവല്ലോ (ഉൽ. 1:28). പഴയനിയമത്തിൽ പലയിടത്തും നാം വായിക്കുന്നതു   വന്ധ്യത ഒരു ശാപമായി പരിഗണിക്കപ്പെട്ടിരുന്നു എന്നാണ്.  എന്നാൽ പുതിയ നിയമത്തിലേക്കു വരുമ്പോൾ അവിടെ  ബ്രഹ്മചര്യം  ഒരു ദൈവികദാനമായിത്തന്നെ  പരിഗണിക്കപ്പെടുന്നതു കാണാൻ കഴിയും.  സ്വർഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുണ്ട് (മത്തായി  19:12)   എന്നുപറഞ്ഞ കർത്താവ് അത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.  ‘ഗ്രഹിക്കാൻ കഴിവുള്ളവൻ ഗ്രഹിക്കട്ടെ’. കർത്താവ് ഒരു കാര്യം കൂടി പറഞ്ഞിരുന്നു. ‘കൃപ ലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല’ (മത്തായി  19:11). 

കൃപ ലഭിച്ചവൾ എന്നു വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്ന വ്യക്തിയാണു മറിയം.  ‘ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി.  കർത്താവ് നിന്നോടുകൂടെ!’ (ലൂക്കാ 1:28)  എന്ന സാക്ഷ്യം ലഭിച്ചതു മനുഷ്യരിൽ നിന്നല്ല, പിന്നെയോ സ്വർഗത്തിൽ നിന്നു തന്നെയായിരുന്നു. അങ്ങനെ ദൈവകൃപ നിറഞ്ഞവൾ   എന്നു ദൈവം തന്നെ സാക്ഷ്യപ്പെടുത്തിയ മറിയം  ദൈവരാജ്യത്തെ പ്രതി സ്വയം കന്യകാത്വം വരിക്കുന്നതിനുള്ള   ആഹ്വാനം  ഗ്രഹിക്കാൻ കഴിവുള്ളവളാണ് എന്നതിൽ സംശയമില്ലല്ലോ.  വചനങ്ങൾ ഒന്നുപോലും വിട്ടുപോകാതെ ഹൃദയത്തിൽ  സംഗ്രഹിച്ച്,  ഗാഢമായി ചിന്തിക്കുന്ന പ്രകൃതമായിരുന്നു മറിയത്തിൻറേത് (ലൂക്കാ 1:19, 51) എന്നുകൂടി നാം ഓർക്കണം. അതായതു   കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും എന്ന ഏശയ്യാ പ്രവചനവും  മറിയത്തിൻറെ ഹൃദയത്തിൽ തീർച്ചയായും ഉണ്ടായിരുന്നു. ഗബ്രിയേലിൻറെ സന്ദേശത്തിനു പിറകെ എലിസബത്തിൻറെയും ശിമയോൻറെയും അന്നയുടെയും  വാക്കുകളും  താൻ രക്ഷകൻറെ അമ്മയാണെന്ന ബോധ്യത്തെ മറിയത്തിൽ ഉറപ്പിച്ചിരുന്നു. അത്രമേൽ ശ്രേഷ്ഠമായ ഒരു വിളി ലഭിച്ച  ഒരു വ്യക്തിയ്ക്കു  നിത്യകന്യകാത്വം  വ്രതമായി സ്വീകരിക്കുക എന്നത് ഒട്ടും  ബുദ്ധിമുട്ടുള്ള കാര്യമല്ല. വിശ്വാസത്തിലും വിശുദ്ധിയിലും കൃപയിലും  ജ്ഞാനത്തിലും മറിയത്തെക്കാൾ എത്രയോ താഴെ നിൽക്കുന്ന സാധാരണ മനുഷ്യർ പോലും  ബ്രഹ്മചര്യവും കന്യകാത്വവും  വ്രതമായി സ്വമനസാ സ്വീകരിക്കുന്നതും അതിൽ മരണം വരെ ഉറച്ചുനിൽക്കുന്നതും  നാം കാണുന്നുണ്ടല്ലോ. 

ഇനി നമുക്കു വെളിപാട് പുസ്തകത്തിലേക്കു  വരാം. കുഞ്ഞാടിനെ അതുപോകുന്നിടത്തെല്ലാം  അനുഗമിക്കുന്ന  കുറെപ്പേരെക്കുറിച്ച്  അവിടെ പ്രതിപാദിക്കുന്നുണ്ട്.  എന്താണ് അവരുടെ  പ്രത്യേകത? ‘അവർ  സ്ത്രീകളോടു  ചേർന്നു മലിനരാകാത്തവരാണ്.  അവർ ബ്രഹ്മചാരികളുമാണ്. …. അവർ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലമായി  മനുഷ്യരിൽ നിന്നു വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. അവരുടെ അധരങ്ങളിൽ വ്യാജം കാണപ്പെട്ടില്ല. അവർ  നിഷ്കളങ്കരാണ്’ (വെളി. 14:  4-5).  അങ്ങനെയെങ്കിൽ  ദൈവത്തിൻറെ കുഞ്ഞാടായ യേശുവിനെ ഉദരത്തിൽ വഹിക്കുകയും  അവസാനനിമിഷം  വരെ അനുഗമിക്കുകയും ചെയ്ത  മറിയം കന്യകാത്വവ്രതം പാലിച്ചിരുന്നു എന്നുതന്നെ കരുതണം.

പല സഭാപിതാക്കന്മാരും മറിയം നിത്യകന്യക ആയിരുന്നു എന്ന് ഉറപ്പായി വിശ്വസിക്കുകയും പഠിപ്പിക്കുകയുംചെയ്തിരുന്നു.  AD 411ൽ വിശുദ്ധ അഗസ്റ്റിൻ ഇങ്ങനെ എഴുതി; ‘കന്യകയായിരിക്കേ ഗർഭം ധരിച്ച്, കന്യകയായിരിക്കേ  ഉദരത്തിൽ കുഞ്ഞിനെ  വഹിച്ച്, കന്യകയായിരിക്കേ  ഗർഭകാലം  കടന്ന്, കന്യകയായിരിക്കേ  പുത്രനു ജന്മം നൽകി, കന്യകയായിത്തന്നെ  എന്നേക്കും ജീവിച്ചവളാണു  മറിയം’. തെർത്തുല്യൻ, അത്തനേഷ്യസ്, അംബ്രോസ്  തുടങ്ങിയ  സഭാപിതാക്കന്മാരും മറിയം നിത്യകന്യക ആയിരുന്നു എന്ന വിശ്വാസത്തെ ഏറ്റുപറയുന്നുണ്ട്.  മറിയത്തിൻറെ  നിത്യകന്യകാത്വത്തെ  ചോദ്യം ചെയ്യുന്ന  പ്രൊട്ടസ്റ്റൻറ്, ഇവാഞ്ചലിക്കൽ, പെന്തക്കോസ്തു  സഹോദരങ്ങൾ  അറിയേണ്ടതു പ്രൊട്ടസ്റ്റൻറ് വിപ്ലവത്തിനു നേതൃത്വം  നൽകിയ  മാർട്ടിൻ ലൂതറും ജോൺ കാൽവിനും സ്വിങ്ങ്ളിയും  അടക്കമുള്ളവർ  മറിയത്തിൻറെ നിത്യകന്യകാത്വത്തെ അംഗീകരിച്ചിരുന്നു എന്നതാണ്. 

 AD 120 നോട് അടുപ്പിച്ച കാലഘട്ടത്തിൽ വിരചിതമായ അപ്രമാണികഗ്രന്ഥമായ  യാക്കോബിൻറെ സുവിശേഷത്തിൽ   മറിയത്തിൻറെ ജന്മത്തിനു മുൻപുതന്നെ മാതാപിതാക്കൾ അവളെ   ദൈവശുശ്രൂഷയ്ക്കായി പ്രതിഷ്ഠിച്ചിരുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയെങ്കിൽ കന്യകയായിത്തന്നെ അവൾ ജീവിക്കേണ്ടിയിരുന്നു. 

അപ്പോൾ എന്തിനാണു മറിയത്തിനു  ഭർത്താവായി ജോസഫിനെ കൊടുത്തത് എന്ന ചോദ്യം ന്യായമായും ഉയർന്നുവരാം.  മുഴുവൻ സമയവും ദൈവശുശ്രൂഷയ്ക്കായി  ഉഴിഞ്ഞുവയ്ക്കപ്പെട്ട ഒരു സ്ത്രീയ്ക്ക് അവളുടെ കന്യകാത്വവ്രതത്തെ അംഗീകരിക്കുന്ന  ഒരു പുരുഷൻ  സംരക്ഷകനായി  ഉണ്ടായിരിക്കുക എന്നത് അവശ്യം വേണ്ട കാര്യമാണ്. അതുകൊണ്ടുതന്നെ മറിയം ഗർഭിണിയാണെന്ന് അറിയുമ്പോൾ അതിൻറെ ഉത്തരവാദിത്വം ജോസഫിൻറെ മേൽ തന്നെ ആരോപിക്കപ്പെടുക എന്നതും സ്വാഭാവികമായിരുന്നു. നേരെമറിച്ച്,  ഭർത്താവില്ലാത്ത അവസ്ഥയിൽ മറിയം ഒരു കുഞ്ഞിനു  ജന്മം നൽകുകയാണെങ്കിൽ അവൾ സമൂഹമധ്യത്തിൽ  അപമാനിതയാക്കപ്പെടുകയും  കല്ലെറിഞ്ഞു കൊല്ലപ്പെടുകയും ചെയ്യുമായിരുന്നു.  അതുകൊണ്ടുതന്നെ  ജോസഫും മറിയവുമായുള്ള വിവാഹം ദൈവം  തൻറെ അനന്തജ്ഞാനത്തിൽ  തീരുമാനിച്ചു നടപ്പിൽ വരുത്തിയതായിരുന്നു. ആ വിവാഹം  മറിയത്തിൻറെ  കന്യകാത്വവ്രതത്തിനെതിരായ ഒരു പ്രവൃത്തിയേ  ആയിരുന്നില്ല. 

മേല്പറഞ്ഞതിനുള്ള തെളിവ് നമുക്കു ലഭിക്കുന്നതു  ലൂക്കായുടെ സുവിശേഷത്തിൽ നിന്നാണ്.  വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന അവസ്ഥയിലാണല്ലോ ദൂതൻ മറിയത്തോടു മംഗളവാർത്ത അറിയിക്കുന്നത്. അപ്പോൾ മറിയത്തിൻറെ മറുപടി, ‘ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ’ എന്നായിരുന്നു. സാധാരണ ഒരു വിവാഹബന്ധമായിരുന്നു മറിയവും ജോസഫും  ഉദ്ദേശിച്ചിരുന്നതെങ്കിൽ ഈ ചോദ്യം അപ്രസക്തമാണ്. കാരണം   വിവാഹനിശ്ചയം  കഴിഞ്ഞാൽ അടുത്ത പടി  വിവാഹവും അതിനെത്തുടർന്നുണ്ടാകുന്ന സ്വാഭാവികമായ കുടുംബജീവിതവും  കുഞ്ഞുങ്ങളുടെ ജനനവുമാണ്. ആ നിലയ്ക്കു  ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ എന്നു  മറിയം പറയുമ്പോൾ താൻ ജീവിതകാലം മുഴുവൻ കന്യക ആയിരിക്കാൻ  തീരുമാനിച്ച വ്യക്തിയാണല്ലോ എന്നാണ് അവൾ സൂചിപ്പിക്കുന്നത്. 

മത്തായി 12:46 നെ ഉദ്ധരിച്ചുകൊണ്ട് മറിയത്തിനു വേറെയും മക്കളുണ്ടായിരുന്നു എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ അവർ മറക്കുന്ന കാര്യം  യേശുവിൻറെയും  മറിയത്തിൻറെയും മാത്രമല്ല, സുവിശേഷം എഴുതിയ  അപ്പസ്തോലന്മാരുടെയും സംസാരഭാഷയായിരുന്ന അരമായയിൽ  മാതാവിൻറെയോ പിതാവിൻറെയോ സഹോദരങ്ങളുടെ മക്കളെ വിശേഷിപ്പിക്കാൻ നാം ഉപയോഗിക്കുന്ന കസിൻസ്  (cousins) എന്ന പദത്തിനു സമാനായ വാക്കുകൾ ഇല്ലായിരുന്നു എന്നാണ്. അവിടെ കസിൻസിനെ മാത്രമല്ല,  അടുത്ത ബന്ധുക്കളെയും സഹോദരർ എന്നാണ് വിളിച്ചിരുന്നത്. ഉല്പത്തി 14:14 ൽ നാം വായിക്കുന്നതു  സഹോദരൻ തടവുകാരനാക്കപ്പെട്ടെന്നുകേട്ടപ്പോൾ  അബ്രാം ശത്രുക്കളെ  ആക്രമിച്ചു കീഴ്‌പ്പെടുത്തി  അവനെ രക്ഷിച്ചു എന്നാണ്. ഇവിടെ സഹോദരൻ എന്നു വിളിക്കുന്നത് അബ്രാമിൻറെ സഹോദരനെയല്ല, പിന്നെയോ  സഹോദരപുത്രനായ ലോത്തിനെയാണ് എന്നോർക്കണം. 

ലൂക്ക 2:6 ൽ മറിയം തൻറെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു എന്നു പറയുന്നതിനെ ഉദ്ധരിച്ചുകൊണ്ടു  മറിയത്തിനു  വേറെയും മക്കൾ ഉണ്ടായിരുന്നു  എന്നു വാദിക്കുന്നവരോടു പറയാനുള്ള മറുപടി ബൈബിളിൽ കടിഞ്ഞൂൽ പുത്രൻ / ആദ്യജാതൻ എന്നെല്ലാം പറയുന്നതു   വളരെയധികം പ്രധാനപ്പെട്ട ഒരു സ്ഥാനം ആണെന്നതാണ്.  കടിഞ്ഞൂൽ  പുത്രന്മാരെല്ലാം ദൈവത്തിനു സമർപ്പിക്കപ്പെടണമെന്നും  (പുറ  13:2)   അപ്രകാരം സമർപ്പിക്കപ്പെടുന്ന ആദ്യജാതന്മാരെ  വീണ്ടെടുക്കണം എന്നും (പുറ  34:20)  കർത്താവ് കല്പിച്ചിരുന്നു.  അതായതു രണ്ടാമത് ഒരു കുഞ്ഞുണ്ടായാൽ  മാത്രമല്ല ആദ്യത്തെ കുഞ്ഞിനെ ആദ്യജാതൻ എന്നു വിളിക്കുന്നത്. ഒരു സ്ത്രീയ്ക്കു  വീണ്ടും കുട്ടികൾ  ഉണ്ടായാലും ഇല്ലെങ്കിലും  അവളുടെ ആദ്യത്തെ കുഞ്ഞ്  ആദ്യജാതൻ തന്നെയാണ്.  ആ കുഞ്ഞിനു വേണ്ടി നിയമം അനുസരിച്ചുള്ള   കർമ്മങ്ങൾ ചെയ്യാൻ  അവർ ബാധ്യസ്ഥരുമാണ്. അതുകൊണ്ട്  യേശു ആദ്യജാതൻ ആണ്  എന്നതിന് യേശുവിൻെറ അമ്മയ്ക്കു വേറെയും  മക്കൾ ഉണ്ടായിരുന്നു എന്ന ഒരർത്ഥവും ബൈബിൾ  പശ്ചാത്തലത്തിൽ ഇല്ല.  

ഇനി  മറിയത്തിനു  വേറെയും  മക്കൾ ഉണ്ടായിരുന്നു എന്നു കരുതുക. അപ്പോൾ എങ്ങനെയാണ്  യേശു കുരിശിൻ ചുവട്ടിൽ വച്ചു തൻറെ  അമ്മയെ യോഹന്നാൻറെ സംരക്ഷണത്തിന് ഏല്പിച്ചുകൊടുക്കുന്നത്? സ്വാഭാവികമായും അതു മറിയത്തിൻറെ മറ്റു മക്കളുടെ കടമ ആയിരുന്നല്ലോ.  മത്തായി 15:3-6 ൽ മാതാപിതാക്കളെ സംരക്ഷിക്കേണ്ട ചുമതല മക്കൾക്കുതന്നെയാണ് എന്ന് എടുത്തുപറഞ്ഞ യേശു സ്വന്തം മാതാവിൻറെ കാര്യത്തിൽ ആ ചുമതല നിറവേറ്റാൻ  മറിയത്തിൻറെ  മറ്റു മക്കളെ അനുവദിക്കാതിരിക്കുമോ? 

രക്തത്തിൽ നിന്നോ ശാരീരികാഭിലാഷത്തിൽ നിന്നോ പുരുഷൻറെ ഇച്ഛയിൽ നിന്നോ  ഉള്ള ജനനത്തെക്കാൾ ശ്രേഷ്ഠമായതും  ദൈവത്തിൽ നിന്നുള്ളതുമായ ഒരു ജനനമാണു തൻറെ നാമത്തിൽ  വിശ്വസിക്കുന്നവർക്കായി (യോഹന്നാൻ 1:13) യേശു വാഗ്ദാനം ചെയ്തത്. അപ്പോൾ  ദൈവമക്കൾക്ക് അമ്മയായി അവിടുന്ന്  ഏല്പിച്ചുതന്ന മറിയം ശരീരത്തിൻറെ സ്വാഭാവികമായ പ്രവണതകളെ ആത്മാവിനാൽ  നിഹനിച്ചുകൊണ്ട് ( റോമാ  8:13) ദൈവമക്കൾക്ക് ഒരു മാതൃക നൽകി എന്നു വിശ്വസിക്കാൻ എന്തിനു മടിക്കണം? ആദ്യത്തെ ഹവ്വ പാപം ചെയ്യുന്നതുവരെയും കന്യകയായിരുന്നു.   പറുദീസയിൽ നിന്നു പുറത്താക്കപ്പെട്ടതിനുശേഷമാണ്  ആദം തൻറെ  ഭാര്യയായ ഹവ്വയെ അറിഞ്ഞത് (ഉൽ. 4:1).  അങ്ങനെയെങ്കിൽ ഉത്ഭവപാപത്തിൽ നിന്നു വിമുക്തയും   ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്കു സംവഹിക്കപ്പെട്ടവളുമായ മറിയം അതിനിടയിലുള്ള ചുരുങ്ങിയ കാലത്തെ തൻറെ  ഇഹലോകജീവിതത്തിൽ കന്യകയായി തന്നെ തുടർന്നു എന്നു ചിന്തിക്കുന്നതിൽ യുക്തിഭംഗമില്ലല്ലോ. 

ആദിമനൂറ്റാണ്ടുകൾ മുതൽ  അഭംഗുരം തുടർന്നുപോന്നതും  സഭാപിതാക്കന്മാർ ഏറ്റുപറഞ്ഞതും വിശുദ്ധഗ്രന്ഥത്തിലെ പ്രബോധനങ്ങൾക്ക് അനുസൃതമായതുമായ  ഒരു വിശ്വാസമാണു മറിയം നിത്യകന്യക ആയിരുന്നു എന്നത്. AD  553 ലെ  കോൺസ്റ്റാൻറിനോപ്പിൾ സൂനഹദോസ് അതിനെ   ഒരു വിശ്വാസസത്യത്തിൻറെ തലത്തിലേക്കുയർത്തി എന്നു മാത്രം.

അതുകൊണ്ടു  നമുക്കു  മറിയത്തെ നിത്യകന്യക എന്ന്  ആത്മവിശ്വാസത്തോടെ അഭിസംബോധന ചെയ്യാം.  നമുക്കു പ്രാർഥിക്കാം: നിത്യകന്യകയായ പരിശുദ്ധമറിയമേ, ആത്മശരീരവിശുദ്ധി പാലിക്കാൻ ഞങ്ങളെ സഹായിക്കണമേ. 

(www.divinemercychannel.com)