‘കർത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം സ്വർഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവൻ ദൈവത്തിൻറെ വലതുഭാഗത്ത് ഉപവിഷ്ടനായി’ ( മർക്കോസ് 16:19).
ഉത്ഥാനം മുതൽ സ്വർഗാരോഹണം വരെയുള്ള നാൽപതു നാളുകളിൽ യേശു ഒരുപാടു കാര്യങ്ങൾ ശിഷ്യന്മാരോടു പറഞ്ഞിരുന്നു. അവരെ സുവിശേഷ വേല ഏല്പിച്ചു. പിശാചുക്കളുടെ മേൽ ആധിപത്യം നൽകി. രോഗികളെ സുഖപ്പെടുത്താനും അത്ഭുതങ്ങൾ പ്രവർത്തിക്കാനുമുള്ള അധികാരം നൽകി. ശത്രുവിൻറെ എല്ലാ ആയുധങ്ങൾക്കുമെതിരെ വിജയം വരിക്കാനുള്ള അനുഗ്രഹവും നൽകി. അങ്ങനെ തൻറെ ദൗത്യം പൂർത്തിയാക്കിയതിനുശേഷം സ്വർഗത്തിൽ തൻറെ പിതാവിൻറെ അടുത്തേക്കു മടങ്ങുന്നതിനു മുൻപ് അവിടുന്ന് പ്രധാനപ്പെട്ട ഒരു കാര്യം കൂടി തൻറെ ശിഷ്യന്മാരോടു പറഞ്ഞിരുന്നു. ‘നിങ്ങൾ ജെറുസലേം വിട്ടു പോകരുത്. എന്നിൽ നിന്നു നിങ്ങൾ കേട്ട പിതാവിൻറെ വാഗ്ദാനം കാത്തിരിക്കുവിൻ’ (അപ്പ. 1:4).
യേശുവിൽ നിന്നു ശിഷ്യന്മാർ കേട്ട പിതാവിൻറെ വാഗ്ദാനം പരിശുദ്ധാത്മാവിനെ അയയ്ക്കും എന്നതായിരുന്നു (യോഹ. 14: 26). ശിഷ്യന്മാർ കർത്താവിൻറെ വാക്ക് അനുസരിച്ചു. അവർ ജെറുസലേം വിട്ടുപോകാതെ പ്രാർത്ഥനയിൽ ചെലവഴിച്ച ആ ഒൻപതുദിവസങ്ങളാണു പരിശുദ്ധാത്മാവിൻറെ ശക്തമായ അഭിഷേകത്തിനായി അവരെ ഒരുക്കിയത്.
സ്വർഗാരോഹണ തിരുനാളിനെയും പന്തക്കുസ്താ തിരുനാളിനെയും നാം ഒരുമിച്ചു കാണണം. കാരണം സ്വർഗാരോഹണം നടക്കുന്നില്ലെങ്കിൽ പരിശുദ്ധാത്മാവ് വർഷിക്കപ്പെടുകയില്ല എന്നു കർത്താവു തന്നെ പറയുന്നുണ്ട് (യോഹ. 16:7). പരിശുദ്ധാത്മാവിനെ സ്വീകരിക്കാനായി ശിഷ്യൻമാർ മറിയത്തോടൊപ്പം പ്രാർഥനയിൽ ചെലവഴിച്ച ആ ഒൻപതു ദിവസങ്ങളുടെ അഭിഷേകം വരും തലമുറകൾക്കും ലഭിക്കണം എന്ന ഉദ്ദേശത്തോടുകൂടെയാണ് സഭ പരിശുദ്ധാത്മാവിൻറെ നൊവേന നമുക്കു നൽകിയിരിക്കുന്നത്. കത്തോലിക്കാ സഭ ഔദ്യോഗികമായി നിർദ്ദേശിച്ചിരിക്കുന്ന ഒരേയൊരു നൊവേന പരിശുദ്ധാത്മാവിനോടുള്ള നൊവേന ആണെന്നത് അതിൻറെ പ്രാധാന്യം വർധിപ്പിക്കുന്നു.
സ്വർഗാരോഹണതിരുനാളിൻറെ പിറ്റേന്നു (വെള്ളിയാഴ്ച ) മുതൽ പന്തക്കുസ്താ തിരുനാളിൻറെ തലേന്നു ശനിയാഴ്ച വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് ഈ നൊവേന ചൊല്ലേണ്ടത്. എന്നാലും ഈ നൊവേന പ്രാർത്ഥന ഏതു സമയത്തും ചൊല്ലാവുന്നതാണ്. ആദ്ധ്യാത്മികാ ഭിഷേകം ആവശ്യമാണെന്ന് നമുക്ക് തോന്നുമ്പോഴൊക്കെ ഇത് നടത്താം. പന്തക്കുസ്താ തിരുനാളിലെ ആത്മാവിൻറെ അഭിഷേകത്തിനായുള്ള ഈ ഒരുക്കത്തിൻറെ നാളുകൾ ഫലപ്രദമായി ചെവവഴിക്കാൻ പരിശുദ്ധാത്മാവിൻറെ നൊവേന എല്ലാവരെയും സഹായിക്കട്ടെ എന്നു പ്രാർഥിക്കുന്നതോടൊപ്പം എല്ലാവർക്കും സ്വർഗാരോഹണ തിരുനാളിൻറെ മംഗളങ്ങൾ നേരുകയും ചെയ്യുന്നു.
പൊതുപ്രാർത്ഥനകൾ
പരിശുദ്ധാത്മാവേ വരേണമേ
ലീഡർ: പരിശുദ്ധാത്മാവേ വരണവേ, അങ്ങയുടെ വിശ്വസ്തതയുടെയും സ്നേഹത്തിൻ്റെയും അഗ്നിയാൽ ഞങ്ങളെ ജ്വലിപ്പിക്കണമേ, സമൂഹം: അങ്ങയുടെ സാന്നിധ്യത്താൽ ഭൂമിയുടെ മുഖം നവീകരിക്കണമേ.
ആമുഖ പ്രാർത്ഥന
ലീഡർ : പിതാവേ, അങ്ങയുടെ വിശ്വസ്തരുടെ ഹൃദയങ്ങളെ അവിടുത്തെ ആത്മാവിന്റെ വെളിച്ചത്താൽ നയിക്കുമല്ലോ. അങ്ങെ ആത്മാവിനെ ഞങ്ങൾക്കും തരണമേ. അങ്ങേ ദിവ്യ പ്രചോദനത്താൽ സത്യത്തെ തിരിച്ചറിയാനും നല്ലത് രുചിച്ചറിയാനും എപ്പോഴും അങ്ങേ സാന്ത്വനത്തിൻ്റെ പരിമളം അനുഭവിക്കാനും ഞങ്ങൾക്ക് ഇടയാകട്ടെ. ഞങ്ങളുടെ കർത്താവായ ഈശോ മിശിഹാ വഴി ഈ പ്രാർത്ഥന ഞങ്ങൾ അങ്ങേക്കു സമർപ്പിക്കുന്നു.
പ്രാർത്ഥന
ലീഡറും സമൂഹവും: ഞങ്ങളുടെ സ്രഷ്ടാവും പിതാവും സംരക്ഷകനുമായ ദൈവമേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. അവിടുത്തെ സ്നേഹം ഞങ്ങൾക്കു വെളിപ്പെടുത്താനായി മനുഷ്യാവതാരം ചെയ്ത ഈശോയേ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. ഞങ്ങളുടെ രക്ഷകനും നാഥനുമാണ് ഈശോ എന്ന തിരിച്ചറിവ് ഞങ്ങൾക്കു നൽകുന്ന പരിശുദ്ധാത്മാവേ, ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു. ലോകസ്ഥാപനം മുതൽ അങ്ങേ ദിവ്യസാന്നിദ്ധ്യത്താൽ ഭൂമിയുടെ മുഖം നവീകരിച്ചു കൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവേ ഞങ്ങൾ അങ്ങയെ മഹത്വപ്പെടുത്തുന്നു. സെഹിയോൻ ഊട്ടുശാലയിൽ ദാഹത്തോടെ കാത്തിരുന്ന പരിശുദ്ധ അമ്മയുടെയും ശ്ലീഹൻമാരുടെയും മേൽ ഇറങ്ങി വന്ന പരിശുദ്ധാത്മാവേ ഈ സമൂഹത്തിന്റെ മേലും ഇറങ്ങി വരണമേ. ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയുടെ കൃപയാൽ നിറയ്ക്കണമേ. അവിടുത്തെ ആലയമായ ഞങ്ങളുടെ ശരീരത്തെ അങ്ങ് വിശുദ്ധീകരിക്ക ണമേ, പിതാവിന്റെയും പുത്രന്റെയും ആത്മാവേ ഞങ്ങൾക്ക് ആഴമുള്ള ദൈവസ്നേഹാനുഭവത്തിലും വിശ്വാസത്തിലും വളരാൻ ആവശ്യമായ കൃപ തരണമേ. ആമേൻ.
പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥന
ലീഡർ : സമൂഹവുമായി ചേർന്ന്: ഓ… പരിശുദ്ധ മാതവേ, എന്റെ അമ്മേ, ഞാൻ പാപവഴികൾ ഉപേക്ഷിക്കുന്നതിനും ഈശോയുടെ വിലയേറിയ തിരുരക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നതിനും പരിശുദ്ധാത്മാവിൻറെ ഫലങ്ങളാൽ നിറയപ്പെടുന്നതിനുമായി അമ്മ പ്രാർത്ഥിക്കണമേ….. പാപത്താൽ കഠിനമാക്കപ്പെട്ട ഹൃദയം എടുത്തുമാറ്റി എസക്കിയേൽ പ്രവാചകൻ വഴി വാഗ്ദാനം ചെയ്യപ്പെട്ട പുതിയ ഹൃദയം തരണമേ. “അവർക്കു ഞാൻ ഒരു പുതിയ ഹൃദയം നൽകും; ഒരു പുതിയ ചൈതന്യം അവരിൽ ഞാൻ നിക്ഷേപിക്കും. അവരുടെ ശരീരത്തിൽ നിന്ന് ശിലാഹൃദയം എടുത്തുമാറ്റി ഒരു മാംസളഹൃദയം ഞാൻ കൊടുക്കും. അങ്ങനെ അവർ എന്റെ കൽപ്പനകൾ അനുസരിച്ച് ജീവിക്കുകയും എൻ്റെ നിയമങ്ങൾ ശ്രദ്ധയോടെ പാലിക്കുകയും ചെയ്യും അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആയിരിക്കും” (എസക്കി 11 : 19,20). പരിശുദ്ധയും സ്നേഹനിധിയുമായ എൻ്റെ അമ്മേ, പരിശുദ്ധാത്മ സ്നേഹത്താൽ നിറഞ്ഞ് മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന പുതിയ മനുഷ്യനെ ധരിക്കാനായി അമ്മ എനിക്കായി പ്രാർത്ഥിക്കണമേ.
ഒന്നാം ദിവസം
4. വചനഭാഗം : യോഹന്നാൻ 14:15 – 26
നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്റെ കല്പന പാലിക്കും. ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും. ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന് നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും. ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരും. അല്പ സമയംകൂടി കഴിഞ്ഞാല്‍ പിന്നെ ലോകം എന്നെ കാണുകയില്ല. എന്നാല്‍, നിങ്ങള്‍ എന്നെ കാണും. ഞാന്‍ ജീവിക്കുന്നു; അതിനാല്‍ നിങ്ങളും ജീവിക്കും. ഞാന്‍ എന്റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലുമാണെന്ന് ആ ദിവസം നിങ്ങള്‍ അറിയും. എന്റെ കല്പനകള് സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും. യൂദാസ് – യൂദാസ്കറിയോത്തായല്ല – അവനോടു പറഞ്ഞു: കര്‍ത്താവേ, നീ നിന്നെ ഞങ്ങള്‍ക്കു വെളിപ്പെടുത്താന്‍ പോകുന്നു, എന്നാല്‍, ലോകത്തിനു വെളിപ്പെടുത്തുകയില്ല എന്നു പറഞ്ഞതെന്താണ്? യേശു പ്രതിവചിച്ചു: എന്നെ സ്നേഹിക്കുന്നവന് എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തു വന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും. എന്നെ സ്നേഹിക്കാത്തവനോ എന്റെ വചനങ്ങള്‍ പാലിക്കുന്നില്ല. നിങ്ങള്‍ ശ്രവിക്കുന്ന ഈ വചനം എന്റേതല്ല; എന്നെ അയച്ച പിതാവിന്റേതാണ്. നിങ്ങളോടുകൂടെ ആയിരിക്കുമ്പോള്‍ത്തന്നെ ഇതു ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു. എന്നാല്‍, എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും.
6. മദ്ധ്യസ്ഥപ്രാർത്ഥന
ലീഡർ: നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രത്യാശയോടും കൂടെ പരിശുദ്ധാത്മാവേ, അവിടുത്തെ ജ്ഞാനത്താൽ ഞങ്ങളെ നിറയ്ക്കണമേ എന്ന് അപേക്ഷിക്കാം. ജ്ഞാനം നമ്മിലെ വിശ്വാസം വർദ്ധിപ്പിക്കുന്നു, പ്രത്യാശയെ ബലപ്പെടുത്തുന്നു. നന്മകൾ പരിശീലിക്കുന്ന ജീവിതത്തിന് ഉടമകളാക്കുന്നു. നന്മയും തിന്മയും തിരിച്ചറിയാൻ നമ്മുടെ ബുദ്ധിക്ക് പ്രകാശം നൽകുന്നു. ലോകത്തിന്റെ നൈമിഷിക സുഖങ്ങളിൽ സന്തോഷം കണ്ടെത്താതെ, അനുദിന ജീവിതത്തിലെ സഹനങ്ങളിലൂടെയും കുരിശുകളിലൂടെയും സ്വർഗ്ഗീയ സന്തോഷം കണ്ടെത്താൻ ജ്ഞാനം നമ്മെ യോഗ്യരാക്കുന്നു,
സമൂഹം : ജ്ഞാനത്തിൻ്റെ ഉറവിടമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ.
1. പന്തക്കുസ്ത്തിരുനാളിൽ ശ്ലീഹന്മാരുടെ മേൽ ഇറങ്ങിവന്ന് തന്റെ ദാനങ്ങളാൽ അവരെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവേ, അങ്ങേ ജ്ഞാനത്താൽ ഞങ്ങളും നിറയപ്പെടുന്നതിനായി,
സമൂഹം : ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ.
2. പരിശുദ്ധാത്മാവേ, അങ്ങേ ശക്തിയാൽ ഞങ്ങൾ വിശ്വാസത്തിൽ ആഴ പ്പെടുന്നതിനും ലോകം മുഴവൻ യേശുവിനു സാക്ഷികളാകാനുമായി,
സമൂഹം : ജ്ഞാനത്തിൻ്റെ ഉറവിടമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ.
3. പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ഞങ്ങൾക്ക് അവബോധം ഉണ്ടാകുന്നതിനും അന്ധകാരം നിറഞ്ഞ ഈ ലോകത്തിൽ ദൈവനീതിയിലും വിശ്വസ്ഥതയിലും ജീവിക്കുന്നതിനായി,
സമൂഹം : ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമെ.
9. സമാപന പ്രാർത്ഥന
ലീഡർ: ഓ, ദൈവമേ… അങ്ങേ പരിശുദ്ധ സ്നേഹംകൊണ്ട് അങ്ങു ഞങ്ങളുടെ ഹൃദയങ്ങളെ നിറച്ചുവല്ലോ. അങ്ങു ഞങ്ങൾക്കായി നൽകുന്നതും ചെയ്യുന്നതുമായ അനുഗ്രഹങ്ങളോർത്ത് ഒരിക്കലും വിട്ടുപിരിയാതെ അങ്ങയെ അത്മാർത്ഥമായി സ്നേഹിക്കാൻ ഞങ്ങളെ സഹായിക്കണമേ. അങ്ങു ദാനമായി നൽകിയ ഈ ജീവിതത്തിൽ ഞങ്ങളുടെ കർത്താവും ഗുരുവും സ്നേഹിതനുമായ, ഈശോയെപ്പോപോലെ ചുറ്റുമുള്ളവരെയെല്ലാം നിസ്വാർത്ഥമായി സ്നേഹിക്കാനും അവരുടെ ആവശ്യങ്ങളിലെല്ലാം അവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്താനും ഞങ്ങളെ സഹായിക്കണമേ എന്ന് കർത്താവായ ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു. സമൂഹം: ആമേൻ
രണ്ടാം ദിവസം
4. വചനഭാഗം യോഹ. 7:37-39.
തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില് യേശു എഴുന്നേറ്റുനിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന് എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികള്‍ ഒഴുകും. അവന് ഇതു പറഞ്ഞതു തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്. അതുവരെയും ആത്മാവു നല്കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല.
6. മദ്ധ്യസ്ഥപ്രാർത്ഥന ലീഡർ: ദൈവിക രഹസ്യം ജ്ഞാനികളിൽനിന്നു മറച്ചുവെച്ച് ശിശുക്കൾക്കു വെളിപ്പെടുത്തിയ കർത്താവിനോട് നമുക്ക് പ്രാർത്ഥിക്കാം. അറിയുന്നവ മന സ്സിലാക്കാനുള്ള കൃപ പകരുന്നത് പരിശുദ്ധാത്മാവാണ്. നാം അറിയുന്ന വിശ്വാസസത്യങ്ങളെ മനസ്സിലാക്കുമ്പോഴാണ് അവയെ രുചിച്ചറിയാനാവുന്നത്. വെളിപ്പെട്ടുകിട്ടുന്ന ദൈവിക രഹസ്യങ്ങൾ ഉള്ളിൽ സ്വീകരിച്ച് സ്വന്തമാക്കു മ്പോഴാണ് നമ്മുടെ ജീവിതം പുതുതാക്കപ്പെടുന്നത്, സമൂഹം: പരിശുദ്ധാത്മാവേ ഞങ്ങളുടെ മനസ്സിനെ പ്രകാശിപ്പിക്കണമേ.
1.വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളിൽ നിന്ന് ജീവജലത്തിന്റെ അരുവികൾ ഒഴുകുമെന്ന് അരുളിച്ചെയ്തതുപോലെ.
സമൂഹം : പരിശുദ്ധാത്മാവേ ഞങ്ങളുടെ മനസ്സിനെ പ്രകാശിപ്പിക്കണമേ.
2. ദൈവമേ, വചനമായ അങ്ങ് ഞങ്ങളുടെ ഇടയിൽ മാംസം ധരിച്ചതുപോലെ, ഞങ്ങളിലും ഹൃദയത്തിൽ സ്വീകരിക്കുന്ന ദൈവവചനം ജീവിതത്തിൽ മാംസം ധരിക്കുവാനായി,
സമൂഹം: പരിശുദ്ധാത്മാവേ, ഞങ്ങളുടെ മനസ്സിനെ പ്രകാശിപ്പിക്കണമേ.
3. ദൈവമേ, അങ്ങ് ഞങ്ങളിൽ ചൊരിഞ്ഞ എല്ലാ പുണ്യങ്ങളാലും കഴിവുകളാലും മറ്റുള്ളവർക്ക് നന്മ ചെയ്യുവാനും അതുവഴി ദൈവമഹത്വം ഉണ്ടാകുന്നതിനുമായി,
സമൂഹം : പരിശുദ്ധാത്മാവേ ഞങ്ങളുടെ മനസ്സിനെ പ്രകാശിപ്പിക്കണമേ.
4.പരിശുദ്ധാത്മാവേ, ശാസ്ത്രീയമായും സാങ്കേതികമായും അങ്ങു നൽകുന്ന എല്ലാ അറിവുകളും നന്മയ്ക്കുവേണ്ടി മാത്രം വിനിയോഗിക്കുന്ന തിനായി,
സമൂഹം: പരിശുദ്ധാത്മാവേ ഞങ്ങളുടെ മനസ്സിനെ പ്രകാശിപ്പിക്കണമേ.
9. സമാപന പ്രാർത്ഥന
ലീഡർ: ഓ ദൈവമേ, പരിശുദ്ധാത്മ ഫലമായ ആനന്ദത്താൽ ഞങ്ങളെ നിറ യ്ക്കണമേ. എപ്പോഴും സന്തോഷത്തോടെ കഴിയാൻ ഞങ്ങളെ സഹായി ക്കണമേ. പ്രതീക്ഷയ്ക്ക് വിപരീതമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ പുഞ്ചി രിയോടെ നേരിടാനും, ഞങ്ങൾക്കുണ്ടാകുന്ന നഷ്ടങ്ങളിലെല്ലാം നന്മയുടെ വശം കണ്ടെത്താനും, അങ്ങേയ്ക്കു നന്ദി പറയാാനും ഞങ്ങൾക്കാകട്ടെ. ഞെരുക്കങ്ങളിൽ പിറുപിറുത്തും പരാതിപറഞ്ഞും ഞങ്ങളിലെ പ്രത്യാശ നഷ്ടപ്പെടാതെ കാക്കണമേ. എല്ലായ്പ്പോഴും എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ എന്നു പൂർണ്ണമനസ്സോടെ പറയാൻ ഞങ്ങളെ കഴിവു ള്ളവരാക്കണമേ എന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങ യോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം : ആമേൻ
മൂന്നാം ദിവസം
4. വചനഭാഗം: 1 കോറി 12:1-11.
സഹോദരരേ, നിങ്ങള്‍ ആത്മീയ ദാനങ്ങളെക്കുറിച്ച് അറിവുള്ളവരായിരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു. നിങ്ങള്‍ വിജാതീയരായിരുന്നപ്പോള് സംസാരശേഷിയില്ലാത്ത വിഗ്രഹങ്ങളുടെ അടുത്തേക്ക് അപഥസഞ്ചാരം ചെയ്തിരുന്നത് ഓര്‍ക്കുന്നുണ്ടല്ലോ. ദൈവാത്മാവുമുഖേന സംസാരിക്കുന്നവരാരും യേശു ശപിക്കപ്പെട്ടവനാണ് എന്ന് ഒരിക്കലും പറയുകയില്ലെന്നും യേശു കര്‍ത്താവാണ് എന്നു പറയാന്‍ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്നും നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ദാനങ്ങളില് വൈവിധ്യം ഉണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ. ശുശ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്കിലും കര്‍ത്താവ് ഒന്നുതന്നെ. പ്രവൃത്തികളില്‍ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവര്ക്കും എല്ലാറ്റിലും പ്രചോദനം നല്കുന്ന ദൈവം ഒന്നുതന്നെ. ഓരോരുത്തരിലും ആത്മാവുവെളിപ്പെടുന്നത് പൊതുനന്മയ്ക്കുവേണ്ടിയാണ്. ഒരേ ആത്മാവുതന്നെ ഒരാള്‍ക്കു വിവേകത്തിന്റെ വചനവും മറ്റൊരാള്‍ക്കു ജ്ഞാനത്തിന്റെ വചനവും നല്കുന്നു. ഒരേ ആത്മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗ ശാന്തിക്കുള്ള വരവും നല്കുന്നു. ഒരുവന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന് ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന് വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്മാവു തന്നെ നല്കുന്നു. തന്റെ ഇച്ഛയ്ക്കൊത്ത് ഓരോരുത്തര്‍ക്കും പ്രത്യേക പ്രത്യേക ദാനങ്ങള്‍ നല്കുന്ന ഒരേ ആത്മാവിന്റെ തന്നെ പ്രവൃത്തിയാണ് ഇതെല്ലാം.
6. മദ്ധ്യസ്ഥപ്രാർത്ഥന ലീഡർ: നമുക്കെല്ലാവർക്കും സ്നേഹത്തോടും സന്തോഷത്തോടുംകൂടി കർത്താവേ അങ്ങേ വിവേകത്തിന്റെ ആത്മാവിനാൽ ഞങ്ങളെ നിറയ്ക്ക ണമേ എന്ന് പ്രാർത്ഥിക്കാം. ജീവിതപ്രതിസന്ധികളിൽ ശരിയും തെറ്റും വിവേ ചിച്ചറിയാനും, ശരിയായവ തെരഞ്ഞെടുക്കാനും ഈ പരിശുദ്ധാത്മ ദാനം നമ്മെ സഹായിക്കുന്നു. ക്രിസ്തീയ വിശ്വാസികൾ എന്ന നിലയിൽ നമ്മൾ ആയിരിക്കുന്ന എല്ലാ ജീവിതസാഹചര്യങ്ങളിലും ദൈവം ആഗ്രഹിക്കുന്നവ വിവേചിച്ചറിഞ്ഞ് ജീവിക്കാൻ നമുക്ക് സാധിക്കുന്നു. രക്ഷയിലേക്കുള്ള ഈ ജീവിത യാത്രയിൽ, അമൂല്യമായ നിധിയാണ് വിവേകം. എല്ലാറ്റിലും ഉപരി ദൈവം നയിക്കുന്ന സത്യത്തിന്റെ പാതയിൽ ചരിക്കാൻ ഇതു നമ്മെ യോഗ്യ രാക്കുന്നു,
സമൂഹം: കർത്താവേ, വിവേകത്തിന്റെ ആത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ.
1. ദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ഞങ്ങൾ അങ്ങ് ദാനമായി നൽകിയ ബുദ്ധിയും കഴിവുകളും അങ്ങയുടെ ഹിതമനുസരിച്ചു മാത്രം വിനിയോഗിക്കാനായി,
സമൂഹം: കർത്താവേ, വിവേകത്തിൻ്റെ ആത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ.
2. ദൈവമേ, അങ്ങേ ആത്മാവിൻ്റെ അനുഗ്രഹങ്ങളാലും വരങ്ങളാലും അങ്ങു സഭയെ സമ്പന്നമാക്കുന്നുവല്ലോ. സ്നേഹത്തിൽ വേരൂന്നി വിശുദ്ധിയിൽ സഭയോടു ചേർന്ന് നിൽക്കുവാനും സഭയെ പടുത്തുയർ ത്തുവാനുമായി,
സമൂഹം: കർത്താവേ, വിവേകത്തിന്റെ ആത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ.
3. ദൈവമെ അനുദിന ജീവിതത്തിൽ ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും അങ്ങയുടെ ഇഷ്ടം മാത്രം അന്വേഷിക്കുവാനും അതു നിറവേറ്റാനുമായി,
സമൂഹം: കർത്താവേ, വിവേകത്തിൻ്റെ ആത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ.
4. ചെന്നായ്ക്കളുടെ ഇടയിൽ കുഞ്ഞാടുകൾ എന്ന പോലെ ഞങ്ങൾ വിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ട് ഈ കാലഘട്ടത്തിലെ വെല്ലുവിളികളെ വിവേകത്തോടെ നേരിടാനായി,
സമൂഹം: കർത്താവേ, വിവേകത്തിന്റെ ആത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ.
സമാപനപ്രാർത്ഥന
ദൈവമേ, പരിശുദ്ധാത്മ ഫലമായ സമാധാനം തരണമേ… അനുദിന ജീവിതത്തിലെ പ്രതിസന്ധികളിൽ ആകുലപ്പെടാതെ അസ്വസ്ഥരാകാതെ എല്ലാം ശാന്തതയോടെ നേരിടാൻ ഞങ്ങളെ സഹായിക്കണമേ. ഞെരുക്കങ്ങളിലും മറ്റുള്ളവർ മൂലം ഉണ്ടാകുന്ന വിഷമങ്ങളിലും സമചിത്തത വെടിയാതെ സമാധാനത്തോടെ വർത്തിക്കാൻ ഞങ്ങളെ അനുഗ്രഹി ക്കണമേ എന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശാഹാ വഴി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു,
സമൂഹം : ആമ്മേൻ.
നാലാം ദിവസം
4. വചനഭാഗം: അപ്പ: 4:23-31
മോചിതരായ അവര്‍ സ്വസമൂഹത്തിലെത്തി പുരോഹിതപ്രമുഖന്മാരും ജനപ്രമാണികളും പറഞ്ഞകാര്യങ്ങള്‍ അവരെ അറിയിച്ചു. അതുകേട്ടപ്പോള്‍ അവര്‍ ഏക മനസ്സോടെ ഉച്ചത്തില്‍ ദൈവത്തോടപേക്ഷിച്ചു: നാഥാ, ആകാശത്തിന്റെയും ഭൂമിയുടെയും സമുദ്രത്തിന്റെയും അവയിലുള്ള സകലത്തിന്റെയും സ്രഷ്ടാവേ, ഞങ്ങളുടെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിന്റെ അധരത്തിലൂടെ പരിശുദ്ധാത്മാവു മുഖേന അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തിട്ടുണ്ടല്ലോ: വിജാതീയര്‍ രോഷാകുലരായതെന്തിന്? ജനങ്ങള്‍ വ്യര്‍ഥമായ കാര്യങ്ങള്‍ വിഭാവനം ചെയ്തതുമെന്തിന്? കര്‍ത്താവിനും അവിടുത്തെ അഭിഷിക്തനുമെതിരായി ഭൂമിയിലെ രാജാക്കന്മാര് അണിനിരക്കുകയും അധികാരികള്‍ ഒരുമിച്ചുകൂടുകയും ചെയ്തു. അവിടുന്ന് അഭിഷേകംചെയ്ത അവിടുത്തെ പരിശുദ്ധദാസനായ യേശുവിനെതിരേ ഹേറോദേസും പന്തിയോസ് പീലാത്തോസും വിജാതീയരോടും ഇസ്രായേല്‍ ജനങ്ങളോടുമൊപ്പം സത്യമായും ഈ നഗരത്തില്‍ ഒരുമിച്ചുകൂടി. അവിടുത്തെ ശക്തിയും ഹിതവും അനുസരിച്ചു നിശ്ചയിച്ചിരുന്ന കാര്യങ്ങള്‍ നിറവേറുന്നതിനുവേണ്ടിയാണ് അവര്‍ ഇപ്രകാരം ചെയ്തത്. അതിനാല്‍, കര്‍ത്താവേ, അവരുടെ ഭീഷണികളെ അവിടുന്നു ശ്രദ്ധിക്കണമേ. അവിടുത്തെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ. പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ അവര്‍ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി ദൈവവചനം ധൈര്യപൂര്‍വം പ്രസംഗിച്ചു.
6. മദ്ധ്യസ്ഥപ്രാർത്ഥന ലീഡർ: അനുദിന ജീവിതത്തിൽ എപ്പോഴും നമ്മൊട് ഒപ്പമായിരിക്കുന്ന പരിശുദ്ധാത്മാവിന് നമ്മെത്തന്നെ ഭരമേൽപ്പിക്കാം. പരിശുദ്ധാത്മ ശക്തിയിൽ നാം നയിക്കപ്പെടാനും അവിടുത്തെ ദാനമായ സഹന ശക്തിയാൽ നിറയപ്പെടാനും പ്രാർത്ഥിക്കാം. സഹനശക്തി ആത്മ ധൈര്യം പ്രദാനം ചെയ്യുന്നു. ഇതുമൂലം സകലഭയങ്ങളെയും നാം അതിജീവിക്കു ന്നു. ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ പ്രത്യാശ കൈവിടാതെ നമ്മെ ഭര മേൽപ്പിക്കുന്നവ നിറവേറ്റാൻ സാധിക്കുന്നു. രക്ഷാകരമായ സഹനത്തിന്റെ വേളകളെ സന്തോഷത്തോടെ സ്വീകരിക്കാനും അവസാനം വരെ സഹിച്ചുനിന്ന് രക്ഷ സ്വന്തമാക്കാനും സഹനശക്തി നമ്മെ യോഗ്യരാക്കുന്നു, സമൂഹം: ആത്മാവിന്റെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ.
1. ആദിമ സഭയെ ശക്തിയിലും കൃപയുടെ നിറവിലും നയിച്ച പരിശുദ്ധാ ത്മാവേ, അങ്ങയിലുള്ള വിശ്വാസം ധൈര്യപൂർവ്വം പ്രഘോഷിക്കുന്നതിന്,
സമൂഹം: ആത്മാവിൻ്റെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ.
2. ഈശോയേ, ഈ ലോകത്ത് ഞങ്ങൾ സഹിക്കേണ്ട പീഡനങ്ങളെയും കഷ്ടതകളെയും കുറിച്ച് അങ്ങു ഞങ്ങൾക്കു മനസിലാക്കി തന്നു. വിശ്വാസത്തിൽ ആഴപ്പെട്ട് ഞങ്ങൾക്കുണ്ടാകുന്ന സഹനങ്ങളെ സ്വീകരി ക്കാനുള്ള ശക്തിക്കായി,
സമൂഹം: ആത്മാവിന്റെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ.
3. ക്രിസ്ത്യാനികൾക്കെതിരേ നടക്കുന്ന എല്ലാ പീഡനങ്ങൾക്കും നടുവിലും എല്ലാവരും പതറാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു സഹിച്ചു നിൽക്കുന്ന തിനായി,
സമൂഹം: ആത്മാവിന്റെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ.
4. ഈ കാലഘട്ടത്തിൻ്റെ പ്രവാചകരാകാൻ വിളിക്കപ്പെട്ട ഞങ്ങളിൽ ഓരോ വ്യക്തിയും ചുറ്റുമുള്ള തിന്മകൾ തിരിച്ചറിയുന്നതിനും നന്മമാത്രം സ്വീകരിച്ച് സ്വർഗ്ഗം ലക്ഷ്യമാക്കി ജീവിക്കുന്നതിനുമായി,
സമൂഹം : ആത്മാവിന്റെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ.
9. സമാപന പ്രാർത്ഥന ലീഡർ: ഓ.. ദൈവമേ, പരിശുദ്ധാത്മഫലമായ ക്ഷമയാൽ ഞങ്ങളെ നിറയ്ക്കണമേ. ഞങ്ങൾ ആയിരിക്കുന്ന എല്ലാ ജീവിതസാഹചര്യങ്ങളിലും ക്ഷമ കൈവിടാതെ, മറ്റുള്ളവരോട് സഹിഷ്ണുതയോടെ വർത്തിക്കാൻ ഞങ്ങളെ സഹായിക്കണമേ. അസ്വസ്ഥരാകുകയും കോപിക്കുകയും എതിർക്കുകയും ചെയ്യാൻ സാദ്ധ്യതയുള്ള എല്ലാ സാഹചര്യങ്ങളിലും അങ്ങു ഞങ്ങൾക്കു കൂട്ടായിരിക്കണമേ. ഞങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് കാര്യങ്ങൾ നടക്കാതെ വരുമ്പോഴും വിപരീതമായവ സംഭവിക്കുമ്പോഴും, പ്രത്യാശ നഷ്ടപ്പെടാതെ എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന അങ്ങയുടെ പരിപാലനയിലാശ്രയിച്ച് ക്ഷമയോടെ നിലകൊള്ളാൻ ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോ മിശിഹാ വഴി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: ആമേൻ
അഞ്ചാം ദിവസം
4. വചന ഭാഗം : 1. കോറിന്തോസ് 14:1-5
സ്നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. അതേസമയം ആത്മീയ ദാനങ്ങള്‍ക്കായി, പ്രത്യേകിച്ച് പ്രവചനവരത്തിനായി, തീക്ഷ്ണതയോടെ ആഗ്രഹിക്കുവിന്‍. ഭാഷാവരമുള്ളവന്‍ മനുഷ്യരോടല്ല ദൈവത്തോടാണു സംസാരിക്കുന്നത്. അവന് പറയുന്നത് ആരും ഗ്രഹിക്കുന്നില്ല. അവന് ആത്മാവിനാല്‍ പ്രചോദിതനായി രഹസ്യങ്ങളെക്കുറിച്ചു സംസാരിക്കുന്നു. നേരേമറിച്ച്, പ്രവചിക്കുന്നവന്‍ മനുഷ്യരോടു സംസാരിക്കുന്നു. അത് അവരുടെ ഉത്കര്‍ഷത്തിനും പ്രോത്സാഹത്തിനും ആശ്വാസത്തിനും ഉപകരിക്കുന്നു. ഭാഷാവരത്തോടെ സംസാരിക്കുന്നവന് തനിക്കുതന്നെ അഭിവൃദ്ധി കൈവരുത്തുന്നു; പ്രവചിക്കുന്നവനാകട്ടെ സഭയ്ക്കും. നിങ്ങളെല്ലാവരും ഭാഷാവരത്തോടെ സംസാരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു. എന്നാല്‍, നിങ്ങള്‍ പ്രവചിക്കുന്നെങ്കില്‍ അതു കൂടുതല്‍ ഉത്തമം. ഭാഷാവരമുള്ളവന്റെ വാക്കുകള്‍ സഭയുടെ ഉത്കര്ഷത്തിനുതകും വിധം ആരെങ്കിലും വ്യാഖ്യാനിക്കുന്നില്ലെങ്കില്‍ പ്രവചിക്കുന്നവനാണ് അവനെക്കാള്‍ വലിയവന്‍.
6. മദ്ധ്യസ്ഥപ്രാർത്ഥന ലീഡർ: നമ്മൾക്കെല്ലാവർക്കും ഭക്തിയോടും വിശ്വാസത്തോടും കൂടെ പരിശുദ്ധാത്മാവിനോട് ‘അറിവ്’ എന്ന ദാനം തരണമേയെന്ന് പ്രാർത്ഥിക്കാം. ദൈവത്തിന്റെ ശക്തിയെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാകുമ്പോൾ മനുഷ്യൻ്റെ നിസ്സാരത വെളിപ്പെടുന്നു. ജീവിത പ്രതിസന്ധികളിൽ ദൈവത്തിന് നമ്മോ ടുള്ള കരുതലും സ്നേഹവും തിരിച്ചറിയുമ്പോഴാണ്, എല്ലായ്പ്പോഴും അവിടുത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിക്കുവാൻ നമുക്ക് സാധിക്കു ന്നത്. അവിടുത്തെ കരങ്ങളിലെ ഉപകരണം മാത്രമാണ് നാമെന്ന് ഈ പരി ശുദ്ധാത്മദാനം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. എല്ലാത്തിനെക്കാളുമുപരി ദൈവവുമായുള്ള ബന്ധത്തിന് വില കല്പിക്കുന്നവൻ അറിവാകുന്ന അരുവി സ്വന്തമാക്കുന്നു,
സമൂഹം: കർത്താവേ, അറിവെന്ന പരിശുദ്ധാത്മദാനത്താൽ ഞങ്ങളെ നിറയ്ക്കണമേ.
1. ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്ന ഈശോയെപ്പോലെ ഞങ്ങളും വളരാനായി,
സമൂഹം: കർത്താവേ, അറിവെന്ന പരിശുദ്ധാത്മദാനത്താൽ ഞങ്ങളെ നിറയ്ക്കണമേ.
2. ലൗകീക സുഖങ്ങളുടെ നിസ്സാരത തിരിച്ചറിഞ്ഞു ജീവിക്കാനായി,
സമൂഹം: കർത്താവേ, അറിവെന്ന പരിശുദ്ധാത്മദാനത്താൽ ഞങ്ങളെ നിറയ്ക്കണമേ.
3. ഞങ്ങളുടെ ബുദ്ധിയും മനസ്സും അങ്ങയുടെ ദാനങ്ങളാണെന്ന തിരിച്ചറിവിൽ ജീവിക്കാനായി,
സമൂഹം: കർത്താവേ, അറിവെന്ന പരിശുദ്ധാത്മദാനത്താൽ ഞങ്ങളെ നിറയ്ക്കണമേ.
4. എല്ലായ്പ്പോഴും ദൈവസ്വരം തിരിച്ചറിഞ്ഞ് ആനന്ദകരമായി ജീവിക്കുന്നതിന്,
സമൂഹം: കർത്താവേ, അറിവെന്ന പരിശുദ്ധാത്മദാനത്താൽ ഞങ്ങളെ നിറയ്ക്കണമേ.
5. ദൈവ വചനത്തിൽ അധിഷ്ഠിതമായ ജീവിത ശൈലിക്ക് ഉടമയാകാൻ, സമൂഹം: കർത്താവേ, അറിവെന്ന പരിശുദ്ധാത്മദാനത്താൽ ഞങ്ങളെ നിറയ്ക്കണമേ.
സമാപന പ്രാർത്ഥന ഓ.. ദൈവമേ, ദയയെന്ന പരിശുദ്ധാത്മഫലത്താൽ ഞങ്ങളെ നിറയ്ക്കണമേ. മറ്റുള്ളവർക്കു നന്മ ചെയ്യാൻ കിട്ടുന്ന അവസരങ്ങൾ നഷ്ടപ്പെടുത്താതിരി ക്കാനും നന്മ ചെയ്യുന്നതിൽ സന്തോഷിക്കാനും ഞങ്ങളെ ശക്തരാക്കണമേ. ഞങ്ങൾക്കുള്ളത് ആവശ്യക്കാരുമായി സന്തോഷത്തോടെ പങ്കു വയ്ക്കാനും ആരെയും പുച്ഛിക്കാതെ മുറിപ്പെടുത്താതെ, എല്ലാവരിലെയും നന്മ കാണാനും വേദനിപ്പിക്കുന്നവരോടു നിരൂപാധികം ക്ഷമിക്കാനും ഞങ്ങളെ ശക്തരാക്കണമേ. എല്ലായ്പ്പോഴും എല്ലാവരോടും ദയയോടെ വർത്തിക്കാൻ ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാവഴി അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: ആമേൻ.
ആറാം ദിവസം
4. ദൈവവചനഭാഗം : റോമ. 8:26-30
നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. ഹൃദയങ്ങള്‍ പരിശോധിക്കുന്നവന് ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍, ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്ധര്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നത്. ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. അവിടുന്നു മുന്‍കൂട്ടി അറിഞ്ഞവരെ തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാന്‍ മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്തു. ഇതു തന്റെ പുത്രന് അനേകം സഹോദരരില്‍ ആദ്യജാതനാകുന്നതിനു വേണ്ടിയാണ്. താന്‍മുന്‍കൂട്ടി നിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി.
6. മദ്ധ്യസ്ഥപ്രാർത്ഥന ലീഡർ: നമ്മൾ ആവശ്യപ്പെടുന്നതെല്ലാം സമൃദ്ധിയിൽ നൽകാൻ കഴിയുന്ന പരിശുദ്ധാത്മാവിനോട് നമ്മളിൽ വന്നു നിറയാനായി പ്രാർത്ഥിക്കാം. ഓ… എൻ്റെ ജീവനേ, ഭക്തിയുടെ സ്രോതസേ, എന്നിൽ വന്നു നിറയണമേ. ദൈവഭക്തി എന്ന ദാനം നമ്മുടെ ഹൃദയങ്ങളിൽ ദൈവപിതാവിനോടുള്ള സ്നേഹം ജനിപ്പിക്കുന്നു. ഈ സ്നേഹത്തെപ്രതി അവിടുത്തേക്കു സമർപ്പിക്കപ്പെട്ട സകലതിനെയും സകലരെയും പരി. അമ്മയെയും, വിശുദ്ധരെയും, വിശ്വാസികളെയും സഭയെയും, സഭാധികാരികളെയും ഭരണാധികാരികളെയും നമ്മൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ദൈവഭക്തിയുള്ള ഒരു വ്യക്തിക്ക് ഭക്താനുഷ്ഠാനങ്ങൾ ഒരിക്കലും ഒരു ഭാരമാകുന്നില്ല. മറിച്ച്, ആനന്ദപൂരിതമായ അനുഭവമാകുന്നു,
സമൂഹം : ഓ.. എന്റെ ജീവനേ, ഭക്തിയുടെ സ്രോതസേ, എന്നിൽ വന്നു നിറയണമേ.
1. ഞങ്ങൾ ദൈവഭക്തിയിൽ ആനന്ദിക്കാനും സമാധാനത്തിന്റെ മാധുര്യം അനുഭവിക്കാനുമായി,
സമൂഹം : ഓ… എൻ്റെ ജീവനേ, ഭക്തിയുടെ സ്രോതസേ, എന്നിൽ വന്നു നിറയണമേ.
2. ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നവരായി എന്നും നിലകൊള്ളാൻ,
സമൂഹം : ഓ… എൻറെ ജീവനേ, ഭക്തിയുടെ സ്രോതസേ, എന്നിൽ വന്നു നിറയണമേ.
3. ജ്ഞാനത്തിൻ്റെ ഉറവിടമായ ദൈവഭക്തി ആഴത്തിൽ നിറയാനും എപ്പോഴും ദൈവഹിതം മാത്രം നിറവേറ്റാനുമായി,
സമൂഹം: ഓ… എൻ്റെ ജീവനേ, ഭക്തിയുടെ സ്രോതസേ, എന്നിൽ വന്നു നിറയണമേ.
4. ബലഹീനതയിൽ ശക്തി പകരുന്ന പരിശുദ്ധാത്മാവിനെ എപ്പോഴും കൂട്ടുപിടിച്ചു ജീവിക്കാനായി,
സമൂഹം: ഓ… എൻ്റെ ജീവനേ, ഭക്തിയുടെ സ്രോതസേ, എന്നിൽ വന്നു നിറയണമേ.
സമാപന പ്രാർത്ഥന ഓ.. എന്റെ ദൈവമേ, നന്മയെന്ന പുണ്യം ഞങ്ങളിൽ നിറയ്ക്കണമേ ഞങ്ങളുടെ പ്രവൃത്തികൾവഴി ഞങ്ങൾ അനേകർക്കു മാതൃകയാകട്ടെ. ഞങ്ങൾ ആർക്കും ദുഷ്പ്രേരണയ്ക്കു കാരണമാകാതിരിക്കട്ടെ. ഞങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധതയും ആത്മാർത്ഥതയും ഉള്ളവരാകാൻ ഞങ്ങളെ സഹായിക്കണമേ. വിശുദ്ധമായ ചിന്തകളാൽ ഞങ്ങളെ നയിക്കണമേ. ഞങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്ന് ആയിരിക്കേണ്ട അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവ് ഞങ്ങളിൽ എപ്പോഴും നൽകണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു,
സമൂഹം : ആമേൻ
ഏഴാം ദിവസം
4. വചനഭാഗം : ഗലാത്തിയ 5 : 22-26
എന്നാല്‍, ആത്മാവിന്റെ ഫലങ്ങള്‍ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്. ഇവയ്ക്കെതിരായി ഒരു നിയമവുമില്ല. യേശുക്രിസ്തുവിനുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു. നമ്മള് ആത്മാവിലാണ് ജീവിക്കുന്നതെങ്കില്‍ നമുക്കു ആത്മാവില്‍ വ്യാപരിക്കാം. നാം പരസ്പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ഥാഭിമാനികളും ആകാതിരിക്കട്ടെ!
6. മദ്ധ്യസ്ഥപ്രാർത്ഥന ലീഡർ: നമ്മുടെ പൂർവ്വപിതാക്കന്മാരോടു ചെയ്ത വാഗ്ദാനം നിറവേറ്റിയ ദൈവത്തോടുള്ള വിശ്വസ്തതയിൽ അന്ധകാരത്തിന്റെ പ്രവൃത്തികൾ പരിത്യജിച്ച് ദൈവഭയത്തിൽ ജീവിക്കുന്നതിനും അതുവഴി പ്രകാശത്തിൻ്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നവരാകുന്നതിനുമായി നമുക്കു പ്രാർത്ഥിക്കാം. പാപത്തെ വെറുത്തുപേക്ഷിക്കാനും പാപം ചെയ്തു ദൈവത്തെ വേദനിപ്പിക്കാതിരിക്കാനും ദൈവഭയം നമ്മെ സഹായിക്കുന്നു. നരകത്തെക്കുറിച്ച് ഭയപ്പെടാനല്ല മറിച്ച്, നമുക്ക് ദൈവപിതാവിനോടുള്ള സ്നേഹവും ആദരവും വിധേയത്വവും പ്രകടമാക്കാൻ ഈ പരിശു ദ്ധാത്മദാനം നമ്മെ ശക്തരാക്കുന്നു. ദൈവഭയം ജ്ഞാനത്തിൻ്റെ ആരംഭമാ കുന്നു. ലോകമോഹങ്ങൾ ഒരിക്കലും നമ്മെ കീഴ്പ്പെടുത്താതെ നാം ദൈവ പിതാവിൻറെ സ്നേഹവലയത്തിലാകുന്നു. ദൈവദൃഷ്ടിയിൽ സ്വീകാര്യമായവരുടെ ആത്മാക്കളെ അവിടുന്ന് അനുദിനം ശുദ്ധീകരിക്കുന്നു,
സമൂഹം: അനുദിനം ദൈവഭയത്തിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹി ക്കണമേ.
1. തിരുരക്തത്താൽ ഞങ്ങളെ വീണ്ടെടുത്ത, പരിശുദ്ധ അമ്മയുടെ പ്രിയപുത്രനായ മിശിഹായേ, ഞങ്ങളുടെ പാപബന്ധനങ്ങളിൽനിന്ന് ഞങ്ങൾ മോചിതരാകാൻ,
സമൂഹം: അനുദിനം ദൈവഭയത്തിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹി ക്കണമേ.
2. അങ്ങയുടെ ഉയിർപ്പിൻ്റെ ശക്തി തിരിച്ചറിഞ്ഞ് അവിടുത്തെ ജീവിതവും മരണവും മഹത്വപ്പെടുത്തി വിശ്വസ്തതയോടെ ജീവിക്കാനായി,
സമൂഹം: അനുദിനം ദൈവഭയത്തിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹി ക്കണമേ.
3. രക്ഷയുടെ സദ്വാർത്ത ലോകമെങ്ങും അറിയിക്കാനായി ശ്ലീഹൻമാരെ തെരഞ്ഞെടുക്കുകയും എപ്പോഴും കൂടെയുണ്ടാകുമെന്ന് വാഗ്ദാനം നൽകുകയും ചെയ്ത കർത്താവേ,
സമൂഹം: അനുദിനം ദൈവഭയത്തിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹി ക്കണമേ.
4. അങ്ങു സ്ഥാപിച്ച സഭയെ ആത്മാർഥമായി സ്നേഹിക്കാനും അതിന്റെ മൂല്യം തിരിച്ചറിഞ്ഞ് രക്ഷയുടെ ദൗത്യം തുടരാനുമായി,
സമൂഹം: അനുദിനം ദൈവഭയത്തിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹി ക്കണമേ.
9. സമാപന പ്രാർത്ഥന ഓ.. ദൈവമേ, അങ്ങയോടും മറ്റുള്ളവരോടും ഞങ്ങളോടു തന്നെയും വിശ്വസ്തരായിരിക്കാൻ ഞങ്ങളെ സഹായിക്കണമേ. എല്ലായ്പ്പോഴും സത്യം മാത്രം പറയാനും, താഴ്മയോടെ വർത്തിക്കാനും മറ്റുള്ളവരെ വിധിക്കാതെ ഞങ്ങളെക്കാൾ ശ്രേഷ്ഠരായി അവരെ കരുതാനും ഞങ്ങളെ ശക്തരാക്കണമെ. ഞങ്ങളുടെ ബലഹീനതയിൽ അങ്ങു ഞങ്ങൾക്കു ബലം പകരണമേ. ഞങ്ങളെ സ്നേഹിക്കുന്നവരും ഞങ്ങൾ സ്നേഹിക്കുന്നവരുമായ ആരെയും വേദനിപ്പിക്കാതെ അവർക്കായി ചെയ്യു ന്ന കാര്യങ്ങളിൽ ആത്മാർത്ഥതയുള്ളവരായിരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് ഞങ്ങളുടെ കർത്താവ് ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: ആമേൻ.
എട്ടാം ദിവസം
4. വചനഭാഗം : അപ്പ. പ്രവ. 2-37 – 47
ഇതു കേട്ടപ്പോള്‍ അവര്‍ ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ് അപ്പസ്തോലന്മാരോടും ചോദിച്ചു: സഹോദരന്മാരേ, ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്? പത്രോസ് പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ് തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്ക്കും ഉള്ളതാണ്. അവന് മറ്റു പല വചനങ്ങളാലും അവര്‍ക്കു സാക്ഷ്യം നല്‍കുകയും ഈ ദുഷിച്ച തലമുറയില്‍നിന്നു നിങ്ങളെത്തന്നെ രക്ഷിക്കുവിന്‍ എന്ന് ഉപദേശിക്കുകയുംചെയ്തു. അവന്റെ വചനം ശ്രവിച്ചവര്‍ സ്നാനം സ്വീകരിച്ചു. ആദിവസം തന്നെ മൂവായിരത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു. അവര്‍ അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു. എല്ലാവരിലും ഭീതി ഉളവായി. അപ്പസ്തോലന്മാര് വഴി പല അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചു. വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു. അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു. അവര്‍ ഏക മനസ്സോടെ താത്പര്യപൂര്‍വ്വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ളാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു. അവര്‍ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു.
6. മദ്ധ്യസ്ഥപ്രാർത്ഥന ലീഡർ: രക്ഷയുടെ മാർഗ്ഗം വെളിപ്പെടുത്താനായി പരിശുദ്ധാത്മാവിനെ ഭൂമിയിലേക്ക് അയച്ച ദൈവത്തോടു പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാലും ദാനങ്ങളാലും നമ്മെ നിറയ്ക്കണമെന്ന് പ്രാർത്ഥിക്കാം, സമൂഹം: കർത്താവേ, പരിശുദ്ധാത്മാവിൻ്റെ ദാനങ്ങളാലും, ഫലങ്ങളാലും ഞങ്ങളെ നിറയ്ക്കണമേ.
1. ആദിമ ക്രൈസ്തവ സമൂഹത്തെപ്പോലെ ഞങ്ങൾക്കുള്ളവ പങ്കുവയ്ക്കുന്നതിലൂടെ ദൈവരാജ്യം ഇവിടെ സ്ഥാപിതമാകുവാനായി,
സമൂഹം : കർത്താവേ, പരിശുദ്ധാത്മാവിൻറെ ദാനങ്ങളാലും, ഫലങ്ങളാലും ഞങ്ങളെ നിറയ്ക്കണമേ.
2. ഈശോയേ, അവിടുത്തെ അമ്മയെ ഞങ്ങൾക്കും അമ്മയായി നൽകിയല്ലോ. അങ്ങ് ആഗ്രഹിക്കുന്നതുപോലെ ഈ അമ്മയിലൂടെ ഞങ്ങൾ അങ്ങയിലെത്തിച്ചേരാൻ,
സമൂഹം : കർത്താവേ, പരിശുദ്ധാത്മാവിൻ്റെ ദാനങ്ങളാലും, ഫലങ്ങളാലും ഞങ്ങളെ നിറയ്ക്കണമേ.
3. അങ്ങു സ്ഥാപിച്ച കൂദാശകളെ ഏറ്റവും യോഗ്യതയോടെ സ്വീകരിച്ച്, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഞങ്ങളെത്തന്നെ കൂടുതൽ വിശുദ്ധീകരിക്കാൻ,
സമൂഹം: കർത്താവേ, പരിശുദ്ധാത്മാവിന്റെ ദാനങ്ങളാലും, ഫലങ്ങളാലും ഞങ്ങളെ നിറയ്ക്കണമേ.
4. എളിമ, അനുസരണം എന്നീ പുണ്യങ്ങളാൽ പരിശുദ്ധ അമ്മയെ അനുകരിച്ച് മറ്റുള്ളവരെ അങ്ങയിലേക്കടുപ്പിക്കാൻ,
സമൂഹം: കർത്താവേ, പരിശുദ്ധാത്മാവിൻ്റെ ദാനങ്ങളാലും, ഫലങ്ങളാലും ഞങ്ങളെ നിറയ്ക്കണമേ.
5. പരിശുദ്ധ ത്രിത്വത്തിന്റെ ഐക്യത്തോടു സാദൃശ്യമുള്ള ആദിമ ക്രൈസ്തവ സമൂഹത്തെപ്പോലെ ഞങ്ങളും കൂട്ടായ്മയുടെ ഐക്യത്തിൽ ശക്തിപ്പെടാൻ, സമൂഹം: കർത്താവേ, പരിശുദ്ധാത്മാവിൻ്റെ ദാനങ്ങളാലും, ഫലങ്ങളാലും ഞങ്ങളെ നിറയ്ക്കണമേ.
സമാപന പ്രർത്ഥന ഓ.. ദൈവമേ, ഞങ്ങൾക്ക് സൗമ്യതയെന്ന ഫലം നൽകണമേ. പരുഷമായ വാക്കുകളാലും പ്രവൃത്തികളാലും മറ്റുള്ളവരെ വേദനിപ്പിക്കാനും മുറി പ്പെടുത്താനും ഞങ്ങൾക്ക് ഇടയാക്കാതിരിക്കാൻ ഞങ്ങളെ സഹായിക്കണമേ. മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന വരായി ഞങ്ങൾ ഒരിക്കലും മാറാതിരിക്കട്ടെ. മറ്റുള്ളവർ ഞങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവോ അതുപോലെ അവരോടു പെരുമാറാനും ഞങ്ങളെ ശക്തരാക്കണമേ. രോഗികളോടും ദു:ഖിതരോടും പ്രായമായവരോടും അവശരോടും കരുണയും കരുതലും ഉള്ളവരാ യിരിക്കാൻ ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: ആമേൻ
ഒമ്പതാം ദിവസം
4. വചനഭാഗം : അപ്പ. 2:1-13
പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു. അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി. ആകാശത്തിന്‍കീഴുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്തരായ യഹൂദര്‍ ജറുസലെമില്‍ ഉണ്ടായിരുന്നു. ആരവം ഉണ്ടായപ്പോള്‍ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്തോലന്മാര് സംസാരിക്കുന്നതുകേട്ട് അദ്ഭുതപ്പെടുകയുംചെയ്തു. അവര്‍ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ? നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയില്‍ ശ്രവിക്കുന്നതെങ്ങനെ? പാര്‍ത്തിയാക്കാരും മേദിയാക്കാരും എലാമിയാക്കാരും മെസെപ്പൊട്ടാമിയന്‍ നിവാസികളും യൂദയായിലും കപ്പദോക്കിയായിലും പോന്തസിലും ഏഷ്യയിലും താമസിക്കുന്നവരും ഫ്രീജിയായിലും പാംഫീലിയായിലും ഈജിപ്തിലും കിറേനേയുടെ ലിബിയാപ്രദേശങ്ങളിലും നിവസിക്കുന്നവരും റോമായില്‍നിന്നുള്ള സന്ദര്‍ശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും ക്രേത്യരും അറേബ്യരും ആയ നാമെല്ലാം, ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികള്‍ അവര്‍ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷകളില്‍ കേള്‍ക്കുന്നല്ലോ. ഇതിന്റെയെല്ലാം അര്‍ഥമെന്ത് എന്ന് പരസ്പരംചോദിച്ചുകൊണ്ട് എല്ലാവരും വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്തു. എന്നാല്‍, മറ്റു ചിലര്‍ പരിഹസിച്ചു പറഞ്ഞു: പുതുവീഞ്ഞു കുടിച്ച് അവര്‍ക്കു ലഹരി പിടിച്ചിരിക്കുകയാണ്.
6. മദ്ധ്യസ്ഥപ്രാർത്ഥന ലീഡർ: തന്റെ ദാനങ്ങളാലും ഫലങ്ങളാലും നമ്മെ നിറച്ച പരിശുദ്ധാത്മാവിന് ഉത്സാഹത്തോടും സന്തോഷത്തോടും കൂടി നമുക്കു നന്ദി പറയാം, സമൂഹം: പരിശുദ്ധാത്മാവേ, ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു.
1. പ്രാർത്ഥനയിലായിരുന്ന പരിശുദ്ധ അമ്മയുടെയും ശ്ലീഹന്മാരുടെയും മേൽ തീനാള രൂപത്തിൽ ഇറങ്ങിവന്ന് അവരെ ശക്തിപ്പെടുത്തിയ,
സമൂഹം : പരിശുദ്ധാത്മാവേ, ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു
2. ഭൂമിയുടെ അതിർത്തികൾവരെ, രക്ഷയുടെ സദ്വാർത്ത അറിയിക്കാനായി ശ്ലീഹന്മാരെ തെരഞ്ഞെടുക്കുകയും തന്റെ ദാനങ്ങളാലും വരങ്ങളാലും അവരെ നിറയ്ക്കുകയും ചെയ്ത,
സമൂഹം: പരിശുദ്ധാത്മാവേ, ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു
3. ഭാരതസുവിശേഷവത്കരണത്തിനായി അനേകരുടെ സമയവും കഴിവുകളും വിനിയോഗിക്കാൻ പ്രചോദിപ്പിച്ച,
സമൂഹം : പരിശുദ്ധാത്മാവേ, ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു
4. സഭയെ നയിക്കാനായി എല്ലായ്പ്പോഴും പരിശുദ്ധപിതാവിനെയും മെത്രാന്മാരെയും ശക്തിപ്പെടുത്തുന്ന,
സമൂഹം: പരിശുദ്ധാത്മാവേ, ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു
5. നിത്യവും ഞങ്ങളിൽ വസിച്ച് ഞങ്ങളെ വിശുദ്ധീകരിക്കുന്ന,
സമൂഹം: പരിശുദ്ധാത്മാവേ, ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു
9. സമാപന പ്രാർത്ഥന
ഓ.. ദൈവമേ, ഞങ്ങൾക്ക് ആത്മസംയമനം നൽകണമേ. ഞങ്ങളുടെ വികാരങ്ങളെയും നാവിനെയും നിയന്ത്രിക്കാൻ സഹായിക്കണമേ. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വിധത്തിൽ ഞങ്ങൾ സംസാരിക്കുകയോ പെരുമാറുകയോ ചെയ്യാതിരിക്കട്ടെ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അസൂയയുടെയും ദുരാത്മാക്കളിൽ നിന്ന്ഞങ്ങളുടെ ഹൃദയങ്ങളെ വിമുക്തമാക്കണമേ. ഞങ്ങളുടെ വികാരങ്ങളും പ്രവർത്തികളും സ്നേഹത്തിൽ വേരൂന്നിയതാകാൻ ഞങ്ങളെ അനുഗ്രഹിക്കണമെയെന്നു ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: ആമേൻ
പന്തക്കുസ്താ തിരുനാൾ പ്രാരംഭ പ്രാർത്ഥന
സ്തുതി : ജോയൽ 2:28-32 ദൈവവചനം : അപ്പ. 2:1-47
പ്രാർത്ഥന
ദൈവമേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. യേശുവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. പരിശുദ്ധാത്മാവേ, ഞങ്ങൾ അങ്ങയെ മഹത്വപ്പെടുത്തുന്നു. പരിശുദ്ധാത്മാവേ, ഞങ്ങളിൽ വന്നു നിറയണമേ ഒരു പുതിയ പന്തക്കുസ്താ അനുഭവം ഞങ്ങൾക്കു നൽകണമേ പരിശുദ്ധാത്മാവേ, ഞങ്ങളെ വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കണമേ ലോകത്തിനു സാക്ഷ്യം നൽകുവാൻ ഞങ്ങളെ പഠിപ്പിക്കണമേ. സ്നേഹംനിറഞ്ഞ അമ്മേ, ഞങ്ങളുടെ പ്രാർത്ഥനകൾ സ്നേഹംനിറഞ്ഞ പിതാവിന്റെ സന്നിധിയിൽ സമർപ്പിക്കണമേ. അങ്ങനെ ഞങ്ങൾക്ക് പരിശു ദ്ധാത്മാവിന്റെ ദാനങ്ങളും അനുഗ്രഹങ്ങളും ലഭിക്കുമാറാകട്ടെ. അങ്ങയുടെ മദ്ധ്യസ്ഥതയാലും സഹായത്താലും, പിതാവായ ദൈവം ഞങ്ങളെ പുണ്യങ്ങൾകൊണ്ടും ദാനങ്ങൾകൊണ്ടും പരിശുദ്ധാത്മാവിൻ്റെ ഫലങ്ങൾകൊണ്ടും അനുഗ്രഹിക്കുമാറാകട്ടെ. ആമ്മേൻ.
ദൈവത്തിന്റെ വാഗ്ദാനവും, ഏഴ് ദാനങ്ങളുടെ നിത്യാരാധനയും
പരിശുദ്ധാത്മാവേ! എഴുന്നള്ളിവരിക. അങ്ങേ വെളിവിൻ കതിർ ആകാശ ത്തിൽനിന്നു അയച്ചുകൊൾക. അഗതികളുടെ പിതാവേ! ദാനങ്ങൾ കൊടു ക്കുന്നവനേ! ഹൃദയത്തിൻ്റെ പ്രകാശമേ! എഴുന്നള്ളിവരിക. എത്രയും നല്ല ആശ്വസിപ്പിക്കുന്നവനേ! ആത്മാവിനു മധുരമായ വിരുന്നേ! മധുരമായ തണുപ്പേ! അലച്ചിലിൽ സുഖമേ! ഉഷ്ണത്തിൽ തണുപ്പേ! കരച്ചിലിൽ സ്വൈര്യമേ! എഴുന്നള്ളിവരിക. എത്രയും ആനന്ദത്തോടുകൂടിയിരിക്കുന്ന പ്രകാശമേ! അങ്ങേ വിശ്വാസികളുടെ ഹൃദയത്തിന്റെ ഉള്ളുകളെ നിറയ്ക്കു ക. അങ്ങേ വെളിവുകൂടാതെ മനുഷ്യരിൽ പാപമല്ലാതെ ഒന്നുമില്ല. അറപ്പു ള്ളതു കഴുകുക. വാടിപ്പോയതു നനയ്ക്കുക. മുറിവേറ്റിരിക്കുന്നത് സുഖ പ്പെടുത്തുക. രോഗപ്പെട്ടത് സുഖപ്പെടുത്തുക. കടുപ്പമുള്ളതു മയപ്പെടുത്തു ക. തണുപ്പുള്ളത് ചൂടുപിടിപ്പിക്കുക. പെരുവഴിയല്ലാതെ പോയതു തിരി ക്കുക. അങ്ങിൽ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികൾക്ക് അങ്ങേ ഏഴു വിശുദ്ധ ദാനങ്ങൾ നൽകുക. ഭാഗ്യമരണവും പുണ്യയോഗ്യതയും, നിത്യാനന്ദവും ഞങ്ങൾക്കു തരിക. ആമ്മേനീശോ.
പരിശുദ്ധാത്മാവിനു പ്രതിഷ്ഠിക്കുന്ന പ്രാർത്ഥന
ദൈവത്തിന്റെ നിത്യനായ പരിശുദ്ധാത്മാവേ, സ്വർഗ്ഗീയ സാക്ഷികളുടെ മഹാ സമൂഹത്തിനു മുമ്പിൽ, മുട്ടിൻമേൽ നിന്നുകൊണ്ട് എന്നെത്തന്നെ, എൻ്റെ ആത്മാവിനെയും ശരീരത്തെയും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. അങ്ങ യുടെ പരിശുദ്ധിയുടെ വെണ്മയെയും അങ്ങയുടെ തെറ്റുവരാത്ത സൂക്ഷ് മായ നീതിയെയും അങ്ങയുടെ സ്നേഹത്തിന്റെ ശക്തിയെയും ഞാൻ ആരാധിക്കുന്നു. അങ്ങുന്ന് എന്റെ ആത്മാവിന്റെ ശക്തിയും പ്രകാശവുമാകു ന്നു. ഞാൻ അങ്ങയിൽ ജീവിക്കുകയും ചലിക്കുകയും ആയിരിക്കുകയും ചെയ്യുന്നു. അങ്ങയുടെ കൃപാവരത്തോട് അവിശ്വസ്തത കാണിച്ച് അങ്ങയെ ഒരിക്കലും ദു:ഖിപ്പിക്കരുതെന്നു ഞാൻ ആഗ്രഹിക്കുന്നു. അങ്ങേക്കെതി രായി ഏറ്റവും ചെറിയ പാപം പോലും ചെയ്ത് അങ്ങയെ ഉപദ്രവിക്കാൻ എനിക്ക് ഇടയാക്കല്ലേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. എൻ്റെ ഓരോ ചിന്തയെയും അവിടുന്നു കാരുണ്യപൂർവ്വം കാത്തുസൂക്ഷിക്കണമേ, എപ്പോഴും അങ്ങയുടെ പ്രകാശത്തിലേക്കു നോക്കാനും അങ്ങയുടെ സ്വരം കേൾക്കാനും അങ്ങയുടെ കരുണാമയമായ പ്രചോദനങ്ങളെ പിന്തുടരാനും എനിക്ക് അനുഗ്രഹം നൽകണമേ. ഞാൻ അങ്ങയിൽ പൂർണ്ണമായി ആശ്രയിക്കുന്നു. എന്നെത്തന്നെ അങ്ങേക്ക് സമർപ്പിക്കുന്നു. എൻ്റെ ബലഹീന തയിൽ എന്നെ സംരക്ഷിക്കണമെന്നു ഞാൻ യാചിക്കുന്നു. യേശുവിന്റെ മുറിവേറ്റ പാദങ്ങളിൽ പിടിച്ചുകൊണ്ടും അവിടുത്തെ അഞ്ചു തിരുമുറിവുകളിൽ നോക്കികൊണ്ടും അവിടുത്തെ അമൂല്യരക്തത്തിൽ ആശ്ര യിച്ചുകൊണ്ടും അവിടുത്തെ വിലാപ്പുറത്തെയും കുത്തിമുറിവേല്പിക്കപ്പെട്ട ഹൃദയത്തെയും ആരാധിച്ചുകൊണ്ടും ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു. ആരാധ്യനായ പരിശുദ്ധാരൂപിയും ദൗർബല്യത്തിൽ എന്റെ സഹായിയുമായ അങ്ങയോടു ഞാൻ യാചിക്കുന്നു. ഞാൻ ഒരിക്കലും അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കാൻ അങ്ങയുടെ കൃപാവരത്താൽ സഹായിക്കണമേ. പരിശുദ്ധാത്മാവേ, പിതാവിന്റെയും പുത്രന്റെയും ചൈതന്യമേ, എനിക്ക് അനുഗ്രഹം നൽകണമേ. അങ്ങനെ എപ്പോഴും എല്ലായിടത്തും “കർത്താ വേ, സംസാരിച്ചാലും അങ്ങയുടെ ദാസൻ കേൾക്കുന്നുണ്ട്.” എന്ന് ഞാൻ പറയാൻ ഇടയാകട്ടെ. ആമേൻ.
ലുത്തിനിയ
കർത്താവേ, കനിയണമേ
ക്രിസ്തുവേ, കനിയണമേ
കർത്താവേ, കനിയണമേ
ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
ക്രിസ്തുവേ, ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ.
സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ / ഞങ്ങളെ അനുഗ്രഹിക്കണമേ.
ദൈവത്തിൻ്റെ പുത്രാ, ലോകവിമോചകാ / ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവായ ദൈവമേ / ഞങ്ങളെ അനുഗ്രഹിക്കണമേ.
പരിശുദ്ധ ത്രിത്വമേ, ഏക ദൈവമേ / ഞങ്ങളെ അനുഗ്രഹിക്കണമേ.
പിതാവിനും പുത്രനും സമനായ പരിശുദ്ധാത്മാവേ / ഞങ്ങളിൽ വന്നു നിറയണമേ. പിതാവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവേ / ഞങ്ങളിൽ വന്നു നിറയണമേ. ലോകത്തിന്റെ മുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവേ / ഞങ്ങളിൽ വന്നു നിറയണമേ.
പ്രാവിന്റെ രൂപത്തിൽ യേശുവിൻറെ മേൽ എഴുന്നള്ളി വന്ന പരിശുദ്ധാ ത്മാവേ / ഞങ്ങളിൽ വന്നു നിറയണമേ.
ആദിമ ക്രൈസ്തവ സമൂഹത്തിൽ നിറഞ്ഞപരിശുദ്ധാത്മാവേ / ഞങ്ങളെ നയിക്കണമേ. അത്ഭുതങ്ങളും അടയാളങ്ങളും നടത്തുന്ന പരിശുദ്ധാത്മാവേ / ഞങ്ങളെ നയിക്കണമേ. യേശുവിന്റെ സാക്ഷികളാകാൻ ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ / ഞങ്ങളെ നയിക്കണമേ.
വചനത്താൽ ഞങ്ങളെ ശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ / ഞങ്ങളെ നയിക്കണമേ. സഭയിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന പരിശുദ്ധാത്മാവേ / ഞങ്ങളെ നയിക്കണമേ. കൂദാശകളാൽ ഞങ്ങളെ ശക്തിപ്പെടുത്തുന്ന പരിശുദ്ധാത്മാവേ / ഞങ്ങളെ നയിക്കണമേ.
പ്രാർത്ഥിക്കുവാൻ ഞങ്ങളെ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവേ / ഞങ്ങളെ നയിക്കണമേ. പ്രലോഭനങ്ങളെ അതിജീവിക്കാൻ ശക്തിനൽകുന്ന പരിശുദ്ധാത്മാവേ/ ഞങ്ങളെ നയിക്കണമേ.
പാപബോധം നൽകുന്ന പരിശുദ്ധാത്മാവേ / ഞങ്ങളെ നയിക്കണമേ.
നീതിബോധം നൽകുന്ന പരിശുദ്ധാത്മാവേ / ഞങ്ങളെ നയിക്കണമേ. അന്ത്യവിധിയെക്കുറിച്ച് ഞങ്ങളെ പഠിപ്പിച്ച പരിശുദ്ധാത്മാവേ / ഞങ്ങളെ നയിക്കണമേ. സത്യത്തിന്റെ പൂർണ്ണതയിലേയ്ക്ക് ഞങ്ങളെ നയിച്ച പരിശുദ്ധാത്മാവേ/ ഞങ്ങളെ നയിക്കണമേ.
ഞങ്ങൾക്ക് ജീവൻ സമൃദ്ധമായി നൽകുന്ന പരിശുദ്ധാത്മാവേ / ഞങ്ങളെ നയിക്കണമേ. ജ്ഞാനത്തിന്റെ ആത്മാവേ / ഞങ്ങളെ നയിക്കണമേ.
ബുദ്ധിയുടെ ദിവ്യപ്രകാരമേ / ഞങ്ങളെ നയിക്കണമേ. ജ്ഞാനത്തിന്റെ ഉറവിടമേ / ഞങ്ങളെ നയിക്കണമേ.
ആത്മീയ ശക്തിയുടെ രശ്മികൾ പരത്തുന്നവനേ / ഞങ്ങളെ നയിക്കണമേ. അറിവിന്റെ പ്രകാശമേ / ഞങ്ങളെ നയിക്കണമേ.
ഭക്തിയുടെ ജീവശക്തിയേ / ഞങ്ങളെ നയിക്കണമേ. ദൈവഭയത്തിന്റെ പ്രകാശമേ / ഞങ്ങളെ നയിക്കണമേ.
വിശ്വാസത്തിന്റെ്റെ ആത്മാവേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
പ്രത്യാശയുടെ ആത്മാവേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
സ്നേഹത്തിന്റെറെ ആത്മാവേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
ആനന്ദത്തിന്റെ ആത്മാവേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
സമാധാനത്തിൻ്റെ ആത്മാവേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
എളിമയുടെ ആത്മാവേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
മാന്യതയുടെ ആത്മാവേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
ക്ഷമയുടെ ആത്മാവേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
ആത്മനിയന്ത്രണത്തിൻ്റെ ആത്മാവേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
നന്മയുടെ ആത്മാവേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
കരുണയുടെ ആത്മാവേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
ഐക്യത്തിന്റെ ആത്മാവേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
വിശുദ്ധിയുടെ ആത്മാവേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
വിശ്വസ്തതയുടെ ആത്മാവേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
ദൈവമക്കളുടെ ആത്മാവേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
സഭയുടെ സംരക്ഷകാ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
ദിവ്യകൃപയുടെ ഉറവിടമേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
സഹനത്തിൽ ആശ്വാസമേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
നിത്യപ്രകാശമേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
ജീവന്റെ ഉറവയേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
ആത്മീയ അഭിഷേകമേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
മാലാഖമാരുടെ ആനന്ദമേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
പ്രവാചകന്മാരുടെ പ്രചോദനമേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
അപ്പസ്തോലന്മാരുടെ ഗുരുവേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
രക്തസാക്ഷികളുടെ ശക്തിയുടെ ഉറവിടമേ / ഞങ്ങളെ ശുദ്ധീകരിക്കണമേ. വിശുദ്ധരുടെ ആനന്ദമേ / ഞങ്ങളെ ശുദ്ധീകരിക്കണമേ.
പരിശുദ്ധാത്മാവേ, കരുണയുള്ളവനേ / ഞങ്ങളുടെമേൽ കരുണയായിരിക്കണമേ. പരിശുദ്ധാത്മാവേ, കരുണയുള്ളവനേ / ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. പരിശുദ്ധാത്മാവേ, കരുണയുള്ളവനേ / ഞങ്ങളെ അനുഗ്രഹിക്കണമേ…
പിതാവിനോടും പുത്രനോടും ഒന്നായിരിക്കുന്ന പരിശുദ്ധാത്മാവേ എല്ലാവരെയും വിശുദ്ധീകരിക്കുകയും സാന്ത്വനപ്പെടുത്തുകയും ചെയ്യുന്നവനേ അങ്ങയുടെ ദാസരുടെ ഹൃദയങ്ങളിൽ നിറയണമേ. അത്യുന്നതനായ പിതാവിന്റെ ദാനവും, ജീവൻ്റെ ഉറവയും ആത്മീയ അഭിഷേകവും, അഗ്നിയും, സ്നേഹവുമായവനേ.
പ്രാർത്ഥന പിതാവിനോടും പുത്രനോടുംകൂടെ ഒന്നായിരിക്കുന്ന പരിശുദ്ധാത്മാവേ, എല്ലാവരെയും വിശുദ്ധീകരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നവ നേ, അങ്ങയുടെ ദാസരുടെ ഹൃദയങ്ങളിൽ നിറയണമേ, അവിടുന്ന് അത ന്നതനായ ദൈവത്തിന്റെ ദാനവും ജീവൻ്റെ ഉറവിടവും ആദ്ധ്യാത്മിക അഭി ഷേകവുമാണ്. അഗ്നിയും സ്നേഹവുമാണ്. അങ്ങുന്ന പിതാവിന്റെ വാഗ്ദാ നമാണ്. ഏഴു ദാനങ്ങളുടെ ഉടമസ്ഥനാണ്. അങ്ങയുടെ ദാനങ്ങളും ഫലങ്ങളുംകൊണ്ട് ഞങ്ങളെ സമ്പന്നരാക്കണമേ. വിശുദ്ധിയോടെ ചിന്തിക്കാനും വിനയത്തോടെ സംസാരിക്കാനും വിവേകത്തോടെ പ്രവർത്തിക്കാനുമുള്ള വരം നൽകണമേ. സഹനങ്ങളുടെയിടയിൽ സ്ഥിരോത്സാഹത്തോടെ പിടിച്ചു നിൽക്കാനും സംശയങ്ങളെ ദൂരീകരിക്കാനും ജീവിത്തിലെ മോഹഭംഗങ്ങ ളിൽ പ്രത്യാശ കൈവിടാതിരിക്കാനും സ്നേഹിക്കാനും മറ്റുള്ളവരിൽ അങ്ങയെ കാണാനും അനുഗ്രഹിക്കണമേ. സർവ്വശക്തനായ പിതാവി നോടും അവിടുത്തെ ഏകജാതനായ യേശുക്രിസ്തുവിനോടും കൂടെ എന്നെന്നും ജീവിച്ചുവാഴുന്ന അങ്ങേക്ക് എല്ലാ സ്തുതിയും മഹത്വവും കൃത ജ്ഞതയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ.
