‘എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിൻറെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും’ (മത്തായി 24:14).
യുഗാന്ത്യത്തിനു മുൻപായി ലോകത്തിലെ എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടും എന്നു തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. അത് അക്ഷരാർഥത്തിൽ നിറവേറിക്കൊണ്ടിരിക്കുന്ന നാളുകളിലാണു നാം ജീവിക്കുന്നത്. ആദിമ നൂറ്റാണ്ടുകളിൽ സുവിശേഷപ്രചാരണം പ്രസംഗങ്ങൾ വഴിയായിരുന്നു. അച്ചടിവിദ്യ കണ്ടുപിടിച്ചതോടെ ബൈബിളിൻറെ കോടിക്കണക്കിനു പ്രതികൾ അച്ചടിക്കപ്പെട്ടു. 1455-1456 കാലഘട്ടത്തിൽ ആദ്യത്തെ ബൈബിൾ അച്ചടിച്ചതിനുശേഷം ഇന്നുവരെ ഏതാണ്ട് അഞ്ചര ബില്യൺ (550 കോടി) ബൈബിളുകൾ എങ്കിലും അച്ചടിക്കപ്പെട്ടിട്ടുണ്ട് എന്നു കണക്കാക്കപ്പെടുന്നു. അതിൽ മൂന്നു ബില്യണും പ്രസിദ്ധീകരിച്ചത് ഇക്കഴിഞ്ഞ അമ്പതു വർഷങ്ങളിലാണ്. ഇപ്പോൾ ലോകത്തിൽ ഒരു വർഷം അച്ചടിക്കപ്പെടുന്ന ബൈബിളിൻറെ എണ്ണംതന്നെ പത്തുകോടിയോളമാണ്.
ഇന്നു ലോകത്തിലെ എഴുനൂറ്റിമുപ്പതോളം ഭാഷകളിൽ സമ്പൂർണബൈബിൾ ലഭ്യമാണ്. കൂടാതെ ആയിരത്തി അറുനൂറോളം ഭാഷകളിൽ പുതിയനിയമം മാത്രമായി ലഭിക്കുന്നു. ഇതിനുപുറമെ ഏതാണ്ട് ആയിരത്തി ഇരുനൂറോളം ഭാഷകളിൽ ബൈബിളിൻറെ തെരഞ്ഞെടുത്ത ഭാഗങ്ങൾ അച്ചടിച്ചതു ലഭ്യമാണ്. അതായത് ആകെ മൂവായിരത്തിഅഞ്ഞൂറിലധികം ഭാഷകളിൽ യേശുവിൻറെ സന്ദേശം പ്രചരിച്ചുകഴിഞ്ഞു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ലോകജനസംഖ്യയുടെ എൺപത്തിയൊന്നു ശതമാനം പേർക്കു തങ്ങളുടെ മാതൃഭാഷയിലോ അല്ലെങ്കിൽ തങ്ങൾക്കു മനസിലാകുന്ന ഒരു ഭാഷയിലോ സമ്പൂർണബൈബിൾ ലഭ്യമാണ്. ബൈബിളിൻറെ ഏതെങ്കിലും ഒരു ഭാഗം മാത്രമെടുക്കുകയാണെങ്കിൽ ലോകജനസംഖ്യയുടെ 99 ശതമാനത്തിനും മനസിലാകുന്ന ഭാഷയിൽ ബൈബിൾ വിവർത്തനം ചെയ്യപ്പെട്ടുകഴിഞ്ഞു.
ആശയവിനിമയസംവിധാനങ്ങൾ അഭൂതപൂർവമായി പുരോഗമിക്കുകയും ഇൻറർനെറ്റും മൊബൈൽ ഫോണും വ്യാപകമാവുകയും ചെയ്തിരിക്കുന്ന ഇക്കാലത്തു സുവിശേഷം പ്രസംഗിക്കാൻ ബൈബിളിൻറെ അച്ചടിച്ച കോപ്പികൾ ആവശ്യമില്ലാതായിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു ലോകമെങ്ങും എല്ലാ ജനതകളോടും രാജ്യത്തിൻറെ സുവിശേഷം പ്രസംഗിക്കപ്പെടും എന്ന പ്രവചനം നമ്മുടെ കണ്മുന്നിൽ നിറവേറിക്കൊണ്ടിരിക്കുകയാണ്. സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടുന്നതിനുശേഷം അന്ത്യം ആഗതമാകും എന്നാണു കർത്താവിൻറെ വചനം. അതിനായി നമുക്കു കാത്തിരിക്കാം. എന്നാൽ അതിനിടയിലും നമുക്കു ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. സുവിശേഷവിവർത്തനത്തിലും അച്ചടിയിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെയും സംഘടനകളെയും ( ഉദാ. ഫിയാത്ത് മിഷൻ) നമുക്കു സഹായിക്കാൻ കഴിയും. ഫിയാത്ത് മിഷൻ ഇതിനകം 23 ഭാഷകളിൽ ബൈബിൾ അച്ചടിച്ചു വിതരണം ചെയ്തുകഴിഞ്ഞു. ഏതാനും ആയിരം പേർ മാത്രം സംസാരിക്കുന്ന Maram, Wancho തുടങ്ങിയ ഭാഷകളിൽ പോലും ബൈബിൾ വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കാൻ അവർക്കു സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ സുവിശേഷത്തെപ്രതി തീക്ഷ്ണതയാൽ ജ്വലിക്കുന്ന അനേകം പ്രഘോഷകരും നമ്മുടെ സഭയിലുണ്ട്. സുവിശേഷപ്രഘോഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വൈദികരെയും മറ്റു ശുശ്രൂഷകരെയും ധ്യാനകേന്ദ്രങ്ങളെയും പ്രാർഥന കൊണ്ടും സമ്പത്തുകൊണ്ടും സഹായിക്കുക എന്നതു നമ്മുടെ കടമയാണ് എന്നതും മറക്കാതിരിക്കാം.
എന്തിനുവേണ്ടിയാണു ലോകമെങ്ങും സുവിശേഷം പ്രസംഗിക്കപ്പെടുന്നത് എന്നു കർത്താവ് വ്യക്തമാക്കുന്നുണ്ട്. അതു ജനതകളുടെ സാക്ഷ്യത്തിനുവേണ്ടിയാണ്. അതായതു ക്രിസ്തു വിധിയാളനായി വരുമ്പോൾ എനിക്കു സുവിശേഷം അറിയില്ലായിരുന്നു എന്ന് ഒരാൾ പോലും പറയാൻ ഇടവരരുത്. അജ്ഞതയുടെ കാലഘട്ടത്തെ ദൈവം കണക്കിലെടുക്കുന്നില്ല (അപ്പ. 17:30). എന്നാൽ സുവിശേഷം അറിഞ്ഞ ഒരാൾ അതിൽ വിശ്വസിക്കാൻ ബാധ്യസ്ഥനാണ് എന്നു സഭ പഠിപ്പിക്കാൻ കാരണം ഇതാണ് (CCC 846).
‘ നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ’ ( മാർക്കോസ് 16:15) എന്നതായിരുന്നു കർത്താവിൻറെ അവസാനത്തെ കല്പന. സുവിശേഷപ്രഘോഷണം ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ്. അനുദിനജീവിതത്തിൽ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് അതിനായി എളുപ്പത്തിൽ നമുക്കു ചെയ്യാവുന്ന കാര്യം. വ്യക്തിബന്ധങ്ങളും സോഷ്യൽ മീഡിയയും എല്ലാം സുവിശേഷപ്രഘോഷണം എന്ന ഏകലക്ഷ്യത്തിലേക്കു ഫോക്കസ് ചെയ്യാൻ നമുക്കു കഴിയണം. കൂടാതെ സഭയുടെ സുവിശേഷപ്രവർത്തനങ്ങളിൽ നമ്മുടെ കഴിവിനൊത്തു പങ്കാളികളായിക്കൊണ്ടു കർത്താവ് നമ്മെ ഏല്പിച്ച ദൗത്യം നമുക്കു പൂർണമായി നിറവേറ്റുകയും ചെയ്യാം.
(തുടരും)
