St. പാട്രിക്കിൻ്റെ പ്രാർത്ഥന

പരമപരിശുദ്ധത്രിത്വത്തിൽ വിശ്വസിച്ചുകൊണ്ടും സകലത്തിന്റേയും സ്രഷ്ടാവിന് ത്രിത്വത്തിലുള്ള ഐക്യം ഏറ്റുപറഞ്ഞുകൊണ്ടും പരിശുദ്ധത്രിത്വത്തിന്റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ടും വലിയ ശക്തിയോടെ ഞാൻ ഇന്ന് ഉണർന്നെഴുന്നേൽക്കുന്നു.

ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റേയും ജ്ഞാനസ്നാനത്തിന്റേയും ശക്തിയിലും അവിടുത്തെ കുരിശുമരണത്തിന്റേയും സംസ്കാരത്തിന്റേയും ശക്തിയിലും, അവിടുത്തെ ഉത്ഥാനത്തിന്റേയും സ്വർഗ്ഗാരോഹണത്തിന്റേയും ശക്തിയിലും വിധിയാളനായുള്ള അവിടുത്തെ രണ്ടാംവരവിന്റെ ശക്തിയിലും ശരണം വെച്ച് ഞാൻ ഉണർന്നെഴുന്നേൽക്കുന്നു.

കെരൂബുകളുടെ സ്നേഹത്തിന്റെ ശക്തിയിലും മാലാഖമാരുടെ അനുസരണത്തിലും, മുഖ്യദൂതന്മാരുടെ ശുശ്രൂഷയിലും നിത്യസമ്മാനത്തിനായുള്ള ഉയിർപ്പിന്റെ പ്രത്യാശയിലും പൂർവ്വപിതാക്കന്മാരുടെ പ്രാർത്ഥനകളിലും പ്രവാചകന്മാരുടെ ദീർഘദർശനങ്ങളിലും അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളിലും കുമ്പസാരക്കാരുടെ വിശ്വാസത്തിലും നിർമ്മലകന്യകമാരുടെ ശുദ്ധതയിലും നീതിമാന്മാരുടെ പ്രവർത്തികളിലും ശരണംവെച്ചുകൊണ്ട് ഞാൻ ഉണർന്നെഴുന്നേൽക്കുന്നു.

സ്വർഗ്ഗത്തിന്റെ ശക്തിയിൽ, സൂര്യന്റെ പ്രകാശത്തിൽ, അഗ്നിയുടെ തേജസ്സിൽ, മിന്നലിന്റെ വേഗത്തിൽ, കാറ്റിന്റെ ശീഘ്രതയിൽ, ആഴിയുടെ അഗാധതയിൽ, ഭൂമിയുടെ സ്ഥിരതയിൽ, പാറക്കെട്ടുകളുടെ ദാർഢ്യത്തിൽ ഞാൻ ഇന്ന് ഉണർന്നെഴുന്നേൽക്കുന്നു.

പിശാചിന്റെ കെണികൾക്കെതിരായും ദുശ്ശീലങ്ങളുടെ പ്രലോഭനങ്ങൾക്കെതിരായും പ്രകൃതിയുടെ ആസക്തികൾക്കെതിരായും അടുത്തോ അകലെയോ ഒറ്റയ്ക്കോ കൂട്ടമായോ എനിക്കെതിരെ തിന്മ നിരൂപിക്കുന്ന എല്ലാവർക്കുമെതിരായും എന്നെ നയിക്കുന്നതിനായി ദൈവത്തിന്റെ ശക്തിക്കും എന്നെ താങ്ങിനിർത്തുന്നതിനായി ദൈവത്തിന്റെ ബലത്തിനും എന്നെ വഴിനടത്തുന്നതിനായി ദൈവത്തിന്റെ ജ്ഞാനത്തിനും എന്നെ കാണുന്നതിനായി ദൈവത്തിന്റെ കണ്ണുകൾക്കും എന്നെ കേൾക്കുന്നതിനായി ദൈവത്തിന്റെ കാതുകൾക്കും എനിക്കുവേണ്ടി സംസാരിക്കാനായി ദൈവത്തിന്റെ വചനത്തിനും എന്നെ കരുതുന്നതിനായി ദൈവത്തിന്റെ കരത്തിനും എനിക്ക് സഞ്ചരിക്കാനായി ദൈവത്തിന്റെ പാതയ്ക്കും എന്നെ സംരക്ഷിക്കുന്നതിനായി ദൈവത്തിന്റെ പരിചയ്ക്കും ഭരമേൽപ്പിച്ചുകൊണ്ട് ഇന്ന് ഞാൻ ഉണർന്നെഴുന്നേൽക്കുന്നു.

എന്റെ ആത്മാവിനും ശരീരത്തിനുമെതിരായി നിർഭയം യുദ്ധം ചെയ്യുന്ന എല്ലാ ക്രൂരശക്തികൾക്കും എതിരായും വ്യാജപ്രവാചകന്മാരുടെ മന്ത്രോച്ചാരണങ്ങൾക്കെതിരായും വിജാതീയതയുടെ എല്ലാ കരിനിയമങ്ങൾക്കും എതിരായും പാഷണ്ഡമതക്കാരുടെ എല്ലാ അബദ്ധപ്രബോധനങ്ങൾക്കും എതിരായും വിഗ്രഹാരാധനയുടെ എല്ലാ കൗശലങ്ങൾക്കും എതിരായും ദുർമന്ത്രവാദികളുടെയും കൂടോത്രക്കാരുടെയും എല്ലാ വശീകരണങ്ങൾക്കും എതിരായും മനുഷ്യാത്മാവിനെയും ശരീരത്തെയും വഴിപിഴപ്പിക്കുന്ന എല്ലാ അറിവുകൾക്കുമെതിരായും ഞാൻ ദൈവത്തിന്റെ ഈ അനുഗ്രഹങ്ങളിൽ ശരണംതേടി പ്രാർത്ഥിക്കുന്നു.

വിഷബാധയിൽ നിന്നും പൊള്ളലിൽ നിന്നും മുങ്ങിമരണത്തിൽ നിന്നും മുറിവുകളിൽ നിന്നും ക്രിസ്തു എന്നെ സംരക്ഷിക്കുകയും എനിക്ക് സമൃദ്ധമായ പ്രതിഫലം ലഭിക്കുകയും ചെയ്യുമാറാകട്ടെ.

ക്രിസ്തു എന്നോടുകൂടെയായിരിക്കട്ടെ. ക്രിസ്തു എനിക്ക് മുമ്പേയും എനിക്ക് പുറകെയും എന്റെ ഉള്ളിലും ആയിരിക്കട്ടെ. ക്രിസ്തു എനിക്ക് മുകളിലും എനിക്ക് കീഴിലും എന്റെ വലത്തും എന്റെ ഇടത്തും ഉണ്ടായിരിക്കട്ടെ. ഞാൻ ഇരിക്കുമ്പോഴും കിടക്കുമ്പോഴും ക്രിസ്തു എന്റെ കൂടെ ഉണ്ടായിരിക്കട്ടെ.

എന്നെക്കുറിച്ച് ചിന്തിക്കുന്നവരുടെ ഹൃദയത്തിലും എന്നെക്കുറിച്ച് സംസാരിക്കുന്നവരുടെ അധരത്തിലും എന്നെ കാണുന്നവരുടെ കണ്ണുകളിലും എന്നെ കേൾക്കുന്നവരുടെ കാതുകളിലും ക്രിസ്തു ഉണ്ടായിരിക്കട്ടെ. പരമപരിശുദ്ധത്രിത്വത്തിൽ വിശ്വസിച്ചുകൊണ്ടും സകലത്തിന്റേയും സ്രഷ്ടാവിന് ത്രിത്വത്തിലുള്ള ഐക്യം ഏറ്റുപറഞ്ഞുകൊണ്ടും പരിശുദ്ധത്രിത്വത്തിന്റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ടും വലിയ ശക്തിയോടെ ഞാൻ ഇന്ന് ഉണർന്നെഴുന്നേൽക്കുന്നു. രക്ഷ ക്രിസ്തുവിൽ നിന്നാണ് എന്ന് ഞാൻ ഏറ്റുപറയുന്നു. കർത്താവേ, അങ്ങയുടെ രക്ഷ എന്നേക്കും ഞങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. ആമേൻ.

(അയർലണ്ടിലെ ടാരായിൽ സുവിശേഷപ്രഘോഷണം തടയാനായി ഒന്നിച്ചുകുടിയ തിന്മയുടെ ശക്തികളുടെ മേൽ വിജയം കൈവരിക്കാ നായി വിശുദ്ധ പാടിക്ക് രചിച്ച ഈ പ്രാർത്ഥന പൈശാചിക ശക്തിക ളിൽ നിന്നുള്ള സംരക്ഷണത്തിനായി ചൊല്ലുക)