വിമലഹൃദയ പ്രതിഷ്ഠ – പത്താം ദിവസം

പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എന്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങൾ ഇതു മനസ്സിൽ കോരിയിടുക. എന്റെ വിമലഹൃദയ ഭക്തി ആന്തരികമാണ്. നിങ്ങളുടെ ഹൃദയത്തിൽ നിന്നും അതു പുറപ്പെടണം ; നിങ്ങളുടെ ആത്മാവിൽ അത് വളർത്തപ്പെടണം. എന്നോടുള്ള സമർപ്പണം സംപൂർണ്ണമാകുമ്പോൾ നിങ്ങളുടെ അമ്മയായ എന്നിൽ നിങ്ങൾക്കു ശിശുസഹജമായ വിശ്വാസം ഉണ്ടാകും. എല്ലാ ആവശ്യങ്ങൾക്കും വേണ്ടി നിങ്ങളുടെ ആത്മാവിന് എന്റെ വിമലഹൃദയത്തിലേക്കണയാം – വിശ്വാസത്തോടെ , സ്നേഹത്തോടെ, ലാളിത്യത്തോടെ. എല്ലാ സമയത്തും എല്ലാ കാലത്തും എല്ലാറ്റിനും ഉപരിയായും നിങ്ങൾ എന്നിലേക്കു തിരിയും നിങ്ങളുടെ സംശയങ്ങളിൽ പ്രകാശം ലഭിക്കാൻ, വഴി തെറ്റി അലയുമ്പോൾ നേർവഴിയിലേക്കു തിരികെവരുവാൻ, നിങ്ങളുടെ പരീക്ഷകളിൽ സഹായത്തിനായി, നിരാശകളിൽ പ്രതീക്ഷയായി, കുരിശുവഹിച്ചു ദുഃഖിച്ചു കഷ്ടപ്പെടുമ്പോൾ നിന്നെ ഞാൻ ആലിംഗനം ചെയ്ത് ധൈര്യപ്പെടുത്താനും മുമ്പോട്ടു നയിക്കാനും.

ഇവയെല്ലാം നിനക്കു നൽകപ്പെടുന്നത് എന്റെ ഹൃദയത്തിൽ ഞാൻ സൂക്ഷിക്കുന്ന നിന്നോടുള്ള അപാര സ്നേഹത്താലാണ്. പ്രിയമുള്ളവരേ, സ്വർഗ്ഗത്തിൽനിന്നുള്ള കൃപകൾ ശേഖരിച്ചു വയ്ക്കുവിൻ. പരിശുദ്ധാത്മാവ് ആവസിക്കുവാനായി നിങ്ങളുടെ ഹൃദയവാതിൽ തുറന്നിടുക. കൈകൾ വിരിച്ച് തുറന്ന നെഞ്ചകം കാട്ടികൊടുക്കുക ; പരിശുദ്ധാത്മാവ് നിങ്ങളെ പുണരട്ടെ.

വഴികാട്ടി

ഈശോയുടേയും മാതാവിന്റെയും ഹൃദയങ്ങൾ ഒന്നു ചേർന്ന് ഭരണം നടത്തുമ്പോൾ, രക്ഷ സംഭവിക്കുന്നു. ഈ രക്ഷയാണ് അവരുടെ ഐക്യത്തിന്റെ ലക്ഷ്യം. പരിശുദ്ധാത്മാവ് ഹൃദയത്തിൽ വരുന്നത് ഹൃദയങ്ങളെ ഒന്നാക്കി ത്തീർക്കുവാനാണ്. അങ്ങനെ മാതാവിന്റെയും ഈശോയുടേയും ഹൃദയങ്ങൾ പരിശുദ്ധാത്മാവിനാൽ ഒന്നാക്കപ്പെടുന്നു. രക്ഷകനും അമ്മയും ഒരു ഹൃദയം പങ്കു വയ്ക്കുന്നു ; രക്ഷ സംഭവിക്കുന്നു. പരിശുദ്ധാത്മാവിലൂടെ ഈശോയെ സ്വീകരിക്കുവാൻ സമർപ്പണം സഹായിക്കുന്നു. തത്സമയം ഈശോയുടെ രക്ഷണീയ ശക്തി പ്രവർത്തിക്കുന്നു. ഈ പ്രവർത്തനമാണ് ആത്മാവിനു കൃപയുടെ ഫലങ്ങൾ നൽകുന്നത് ; മൂന്നു ഹൃദയങ്ങളെയാണ് പരിശുദ്ധാത്മാവ് ഏകീഭവിപ്പിക്കുന്നത്.

പ്രവൃത്തിപഥം

ഹൃദയത്തിന്റെ ഏകാന്തത എന്നാൽ ആത്മാവിന്റെ ഏകാന്തതയാണ്. ദൈവത്തെ പൂർണ്ണ ഹൃദയത്തോടെ അന്വേഷിക്കുന്ന ആത്മാവിന്റെ അവസ്ഥ മനസ്സിലാക്കുക. അത് ദൈവത്തെപ്പറ്റി മാത്രം ചിന്തിക്കുന്നു, ദൈവത്തെ മാത്രം സ്നേഹിക്കുന്നു, ദൈവത്തെ നിക്ഷേപമായും, സമ്പത്തായും കാണുന്നു. എവിടെയാണോ നിക്ഷേപം, അവിടെയാണ് ഹൃദയം. അങ്ങനെ ആത്മാവിൽ ഈ ലോകമോ, അതിന്റെ മോഹങ്ങളോ ഇല്ലാതെ പോകുന്നു. ഈ ലോകത്തിൽ ജീവിക്കുമ്പോഴും ലോകത്തെ ആത്മാവ് ഹൃദയത്തിലേറ്റുന്നില്ല. അവിടെ ദൈവം മാത്രം. ഇതാണ് ആത്മാവിന്റെ ഏകാന്തത.

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയമേ, എവിടെയും എല്ലാറ്റിനും ഉപരിയായും ദൈവത്തെ അന്വേഷിക്കുവാൻ എന്റെ ഹൃദയത്തെ നയിക്കേണമേ ! ദൈവത്തിൽ ഞാൻ ഏകാന്തത അനുഭവിക്കട്ടെ ! എന്റെ സമർപ്പണത്തിലൂടെ ദൈവത്തിൽ ഞാൻ ഏകാന്തതയും സമാധാനവും കണ്ടെത്തട്ടെ !. പരിശുദ്ധാത്മാവിന്റെ അഗ്നി എന്റെ എല്ലാ ലൗകിക മോഹങ്ങളും ചാമ്പലാക്കട്ടെ ! അമ്മേ, എന്റെ സങ്കേതമേ, എകാന്തത എന്ന കൃപ എനിക്കു വാങ്ങിത്തരേണമേ !

വചനം

“ എന്നാൽ നീ പ്രാർത്ഥിക്കുമ്പോൾ, നിന്റെ മുറിയിൽ പ്രവേശിച്ച്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോട് പ്രാർത്ഥിക്കുക. ”

( മത്തായി 6 : 6 )

ഇന്ന് ചെയ്യേണ്ട പുണ്യങ്ങൾ

  • വിചാരത്തിൽ: എന്റെ എല്ലാ കാര്യങ്ങളും കേൾക്കാൻ മനസുള്ള ഒരമ്മ എനിക്കുണ്ട് എന്ന് മനസ്സിൽ പറയുന്നു.
  • വാക്കിൽ: “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും’. (ലൂക്കാ 1:35) എന്ന് 3 പ്രാവശ്യം ചൊല്ലും.
  • പ്രവർത്തിയിൽ: എന്റെ ഉത്തരവാദിത്തം മറ്റാരെയും ഏൽപ്പിക്കാതെ ഞാൻ തന്നെ നിറവേറ്റും. ഉപേക്ഷ വരുത്താതെ ഇന്നത്തെ എന്റെ വീഴ്‌ചകൾക്ക് ഇപ്പോൾത്തന്നെ ഈശോയോടു ക്ഷമ ചോദിക്കും

2. വിശ്വാസപ്രമാണം

സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

3. പ്രതിഷ്ഠാ ജപം

എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.

ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം

സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)

I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!

II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

6.മാതാവിനോടുള്ള ജപം

പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്‌പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!

7.പന്തക്കുസ്‌ത പ്രാർത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.

അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.

പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!