ഒരു വിശുദ്ധൻറെ ഓർമ

ഇന്നു   വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാളാണ്.  എല്ലാ വൈദികർക്കും വിശിഷ്യാ നമ്മുടെ പ്രിയപ്പെട്ട ഇടവകവൈദികർക്കു വേണ്ടി   നമുക്കു   പ്രാർഥിക്കാം.

ജോൺ മരിയ വിയാനി ഫ്രാൻസിലെ  ആർസ് എന്ന ഒരേയൊരു  ഇടവകയിൽ മാത്രമേ  വികാരിയായി ശുശ്രൂഷ ചെയ്തിട്ടുള്ളൂ.   അവിടെ   ചിലവഴിച്ച നാല്പതുവർഷത്തിൻറെ  ഭൂരിഭാഗം    സമയവും അദ്ദേഹം കുമ്പസാരക്കൂട്ടിൽ ആയിരുന്നു എന്നു  പറഞ്ഞാൽ അത് അതിശയോക്തിയല്ല.  തണുപ്പുകാലത്ത് 11-12 മണിക്കൂറുകൾ അദ്ദേഹം   ജനങ്ങളെ കുമ്പസാരിപ്പിക്കാനായി മാറ്റിവച്ചിരുന്നു. വേനൽക്കാലത്ത് പലപ്പോഴും അതു പതിനാറു  മണിക്കൂറുകൾ വരെ നീണ്ടുപോയിരുന്നു.

ഇത്രയേറെ ത്യാഗം സഹിച്ചുകൊണ്ടു  കുമ്പസാരക്കൂട്ടിൽ നീണ്ട മണിക്കൂറുകൾ വിശ്രമമില്ലാതെ ചെലവഴിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതു   പാപത്തിനുമേൽ പാപം ചെയ്തു  നിത്യനാശത്തിലേക്കു പൊയ്‌ക്കൊണ്ടിരുന്ന  മനുഷ്യരെക്കുറിച്ചുള്ള ആത്മഭാരമായിരുന്നു.

വിയാനി പുണ്യവാളൻറെ ഓർമ  ആചരിക്കുമ്പോൾ കുമ്പസാരം എന്ന കൂദാശയുടെ വില അറിയാതെ പോകുന്ന നമുക്കു  ചുറ്റുമുള്ള നമ്മുടെ പ്രിയപ്പെട്ടവരെ പ്രാർഥനയിൽ ഓർക്കാം. ഇന്നു  നമ്മുടെ ദൈവാലയങ്ങളിൽ  മുടക്കമില്ലാതെ കുമ്പസാരം നടക്കുന്നുണ്ട്.  എപ്പോൾ വേണമെങ്കിലും കുമ്പസാരിക്കാൻ സൗകര്യപ്പെടുന്നവിധത്തിൽ   അത്രയധികം ദൈവാലയങ്ങളും  ധ്യാനകേന്ദ്രങ്ങളും കൊണ്ടു സമ്പന്നമാണു കേരളം.

എന്നാൽ എത്ര പേർ  കുമ്പസാരത്തിനു വരുന്നുണ്ട്?  പലരുടെയും മനസിൽ  കുമ്പസാരം ഒരു അവശ്യഘടകം അല്ലാതായി മാറിക്കഴിഞ്ഞു. അതിനേക്കാൾ  ഭയപ്പെടുത്തുന്ന കാര്യം കുമ്പസാരിക്കാൻ മടികാണിക്കുന്നവരും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ വിശുദ്ധകുർബാന സ്വീകരിക്കാൻ വരുന്നു എന്നതാണ്.  വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവരാണു വിശുദ്ധരാകുന്നത് (ജ്ഞാനം  6:10).  പരമപരിശുദ്ധമായ  ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള വിശുദ്ധി പാപികളായ നമുക്കു ലഭിക്കുന്നതു കുമ്പസാരത്തിലൂടെയാണെന്നതു  മറക്കരുത്.  കുമ്പസാരം വേണ്ടെന്നുവയ്ക്കുകയും അതേസമയം വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യുന്ന  പ്രവണത അങ്ങേയറ്റം ആപത്കരമാണ്  എന്നു നാം അറിഞ്ഞിരിക്കണം.

വിയാനി  പുണ്യവാളൻറെ തിരുനാൾ ദിനത്തിൽ നമുക്കു നല്ലൊരു തീരുമാനമെടുക്കാം. കുമ്പസാരിക്കാൻ അവസരമുള്ള ഇപ്പോൾ തന്നെ   കുമ്പസാരിക്കുക. നാളെ ഒരുപക്ഷെ അതിന് അവസരം കിട്ടിയെന്നുവരില്ല. അതറിയാവുന്നതുകൊണ്ടാണു   നമ്മുടെ   വൈദികർ   ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കുമ്പസാരിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നതിൽ ഉപേക്ഷ കാണിക്കാത്തത്.  നമുക്കു ലഭിക്കുന്ന ഈ അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കാം.  ആർക്കും വേല ചെയ്യാൻ കഴിയാത്ത രാത്രികാലം അടുത്തുവരികയാണെന്ന്  ഓർത്തുകൊള്ളുക (യോഹ. 9:4).

(www.divinemercychannel.com)