‘അക്കാലത്തെ പീഡനങ്ങൾക്കുശേഷം പൊടുന്നനെ സൂര്യൻ ഇരുണ്ടുപോകും. ചന്ദ്രൻ പ്രകാശം തരുകയില്ല. നക്ഷത്രങ്ങൾ ആകാശത്തിൽ നിന്നു നിപതിക്കും. ആകാശശക്തികൾ ഇളകുകയും ചെയ്യും’ (മത്തായി 24:29).
യുഗാന്ത്യത്തിൻെറ അടയാളങ്ങളിൽ ഒന്നായി കർത്താവ് പറഞ്ഞിരിക്കുന്നതു സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നതാണ്. ഭൂമിയിലെ ജീവൻറെ ആധാരം സൂര്യനിൽ നിന്നുള്ള പ്രകാശമാണ്. അത് ഇല്ലാതായാൽ പിന്നെ ഭൂമിയ്ക്കു നിലനിൽപില്ല. ആ അർഥത്തിൽ ദൈവസാന്നിധ്യത്തിൻറെ അടയാളവുമാണു സൂര്യപ്രകാശം. അതു പിൻവലിക്കപ്പെടുക എന്നു പറയുമ്പോൾ ആത്മീയതലത്തിൽ ദൈവത്തിൻറെ പ്രകാശം സ്വീകരിക്കാൻ സാധിക്കാതെ പോകുന്ന ഒരു തലമുറയുടെ പ്രതീകം കൂടിയാണത്. നീതിസൂര്യനായ ക്രിസ്തുവിൻറെ മഹത്വമേറിയ സുവിശേഷത്തിൻറെ പ്രകാശം അനുഭവിക്കാൻ കഴിയാതെ പോകുന്ന ഒരു തലമുറയെക്കുറിച്ചു പൗലോസ് ശ്ലീഹായും എഴുതിയിട്ടുണ്ട്. അതിനു കാരണം അവിശ്വാസികളായ അവരുടെ മനസുകളെ ഈ ലോകത്തിൻറെ ദേവൻ അന്ധമാക്കുന്നതാണെന്നും അപ്പസ്തോലൻ എഴുതിയിരിക്കുന്നു (2 കൊറി 4:4). ഭൗതികതയിൽ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന നമ്മുടെ തലമുറയ്ക്കു ക്രിസ്തുവിൻറെ പ്രകാശം അദൃശ്യമാകുന്നതിൽ എന്തത്ഭുതം!
എന്നാൽ ആകാശത്തിലെ സൂര്യൻ ഇരുണ്ടുപോകുന്നതിനെക്കുറിച്ചും ബൈബിൾ പലതവണ സൂചിപ്പിക്കുന്നുണ്ട്. എപ്പോഴെല്ലാം സൂര്യൻറെ പ്രകാശം മറയ്ക്കപ്പെടുന്നുവോ അപ്പോഴെല്ലാം അതു ദൈവത്തിൻറെ ശിക്ഷാവിധിയുമായി ബന്ധപ്പെട്ടാണു നാം കാണുന്നത്. ‘മോശ ആകാശത്തിലേക്കു കൈ നീട്ടി. ഈജിപ്ത് മുഴുവൻ മൂന്നു ദിവസത്തക്കു കൂരിരുട്ടു വ്യാപിച്ചു. അവർക്കു പരസ്പരം കാണാനോ യഥേഷ്ടം നീങ്ങാനോ സാധിച്ചില്ല. എന്നാൽ ഇസ്രായേൽക്കാരുടെ വാസസ്ഥലങ്ങളിൽ വെളിച്ചമുണ്ടായിരുന്നു’ (പുറ. 10:22-23).
പ്രവാചകന്മാരും അങ്ങനെയൊരു ദിവസത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു; ‘അന്നു മധ്യാഹ്നത്തിൽ സൂര്യൻ അസ്തമിക്കും. നട്ടുച്ചയ്ക്കു ഞാൻ ഭൂമിയെ അന്ധകാരത്തിൽ ആഴ്ത്തും’ (ആമോസ് 8:9). ‘കർത്താവിൻറെ മഹത്തും ഭയാനകവുമായ ദിനം ആഗതമാകുന്നതിനു മുൻപു സൂര്യൻ അന്ധകാരമായും ചന്ദ്രൻ രക്തമായും മാറും’ (ജോയേൽ 2:31). ‘ഇതാ, കർത്താവിൻറെ ക്രൂരമായ ദിനം ആസന്നമായിരിക്കുന്നു. ഭൂമിയെ ശൂന്യമാക്കാനും പാപികളെ നശിപ്പിക്കാനും കോപത്തോടും ക്രോധത്തോടും കൂടെ അതുവരുന്നു. ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശിയും പ്രകാശം തരുകയില്ല. സൂര്യൻ ഉദയത്തിൽത്തന്നെ ഇരുണ്ടുപോകും. ചന്ദ്രൻ പ്രകാശം പൊഴിക്കുകയില്ല’ (ഏശയ്യാ 13:9-10). എന്നിങ്ങനെ അനേകം പ്രവാചകന്മാർ വരാനിരിക്കുന്ന അന്ധകാരത്തിൻറെ നാളുകളെക്കുറിച്ചു പ്രവചിച്ചിട്ടുണ്ട്. അതെല്ലാം കർത്താവിൻറെ മഹാദിനവുമായി ബന്ധപ്പെടുത്തിയാണെന്നതു മറക്കരുത്. ‘കർത്താവിൻറെ ദിനം പ്രകാശമല്ല, അന്ധകാരമാണ്; പ്രകാശലേശമില്ലാത്ത തമസാണ്’ (ആമോസ് 5:20) എന്ന് പറയുമ്പോഴും കർത്താവിൻറെ ആഗമനത്തിൻറെ മുന്നോടിയായി വരാനിരിക്കുന്ന കനത്ത ഇരുട്ടിനെക്കുറിച്ചുള്ള സൂചനയാണു നമുക്കു ലഭിക്കുന്നത്.
വെളിപാടു പുസ്തകത്തിലേക്കു വരുമ്പോൾ അവിടെ സൂര്യചന്ദ്രന്മാർ ഇരുണ്ടുപോകുന്നതിനെക്കുറിച്ച് ഒരിക്കൽക്കൂടി വിവരിക്കുന്നുണ്ട്. ‘നാലാമത്തെ ദൂതൻ കാഹളം മുഴക്കി. അപ്പോൾ സൂര്യൻ്റെ മൂന്നിലൊന്നും ചന്ദ്രൻ്റെ മൂന്നിലൊന്നും നക്ഷത്രങ്ങളുടെ മൂന്നിലൊന്നും തകർക്കപ്പെട്ടു. തന്മൂലം അവയുടെ മൂന്നിലൊന്ന് ഇരുണ്ടുപോയി. പകലിൻറെ മൂന്നിലൊന്നും ഇരുണ്ടുപോയി. അതുപോലെ രാത്രിയുടെ മൂന്നിലൊന്നും’ (വെളി 8:12). ‘അഞ്ചാമൻ തൻറെ പാത്രം മൃഗത്തിൻ്റെ സിംഹാസനത്തിന്മേലോഴിച്ചു. അപ്പോൾ അതിൻറെ രാജ്യം കൂരിരുട്ടിലാണ്ടു. മനുഷ്യർ കഠിനവേദനകൊണ്ടു നാവുകടിച്ചു’ (വെളി 16:10).
യേശുക്രിസ്തു കുരിശിൽ മരിച്ച വേളയിൽ മൂന്നു മണിക്കൂർ ഭൂമിയിലെങ്ങും അന്ധകാരം നിറഞ്ഞു എന്നു നമുക്കറിയാം. കർത്താവിൻറെ രണ്ടാം വരവിൻറെ വേളയിലും മൂന്നുദിവസത്തേക്ക് അന്ധകാരം ഭൂമിയെ ആവരണം ചെയ്യും എന്നു ചില മിസ്റ്റിക്കുകൾക്ക് (ഉദാ: വാഴ്ത്തപ്പെട്ട . Anna Maria Taigi 1769–1837, Marie-Julie Jahenny 1850–1941) സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ത്രിദിനാന്ധകാരത്തിൻറെ ആ നാളുകളിൽ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും പുറത്തുപോകരുതെന്നും മുഴുവൻ സമയവും പ്രാർഥനയിൽ ചെലവഴിക്കണമെന്നും വെഞ്ചരിച്ച മെഴുകുതിരികൾ ഒഴികെ മറ്റൊരു വെളിച്ചവും പ്രകാശിക്കില്ല എന്നും ആ അന്ധകാരത്തിൻ്റെ വേളയിൽ നരകത്തിലെ പിശാചുക്കളെല്ലാം ഭൂമിയിലേക്കു തുറന്നുവിടപ്പെടുമെന്നും അത് അവിശ്വാസികൾക്കുള്ള ശിക്ഷയുടെ സമയം ആയിരിക്കുമെന്നും ചില സന്ദേശങ്ങളിൽ പറഞ്ഞിരിക്കുന്നു.
ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം വരാനിരിക്കുന്ന അന്ധകാരം ആത്മീയമോ ഭൗതികമോ (അതോ രണ്ടും ചേർന്നോ) ആയിക്കൊള്ളട്ടെ, നമുക്കു ദൈവത്തിൻറെ സംരക്ഷണം ലഭിക്കും എന്നതാണ്. കാരണം ഈ മഹാന്ധകാരം ദൈവത്തെ എതിർക്കുന്നവർക്കുള്ള അവസാന ശിക്ഷകളിൽ ഒന്നാണ്. ഫറവോയുടെ മേൽ ദൈവം അയച്ച പത്തു മഹാമാരികളിൽ ഒൻപതാമത്തേത് ആയിരുന്നല്ലോ ഈജിപ്തിൽ വ്യാപിച്ച അന്ധകാരം. നാടു മുഴുവൻ അന്ധകാരം വ്യാപിച്ചപ്പോഴും ദൈവത്തിൻ്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിൻറെ ഭവനങ്ങളിൽ വെളിച്ചമുണ്ടായിരുന്നു എന്നോർക്കണം. വെളിപാട് 16:10ൽ ഇതിനു സ്ഥിരീകരണം ലഭിക്കുന്നുണ്ട്. അവിടെ കൂരിരുട്ടു ബാധിക്കുന്നതു മൃഗത്തിൻ്റെ (എതിർക്രിസ്തുവിൻ്റെ) രാജ്യത്തെ മാത്രമാണ്.
ശിക്ഷാവിധിയായി ദൈവം അയയ്ക്കുന്ന അന്ധകാരം ഭൗതികമെന്നതുപോലെ ആത്മീയവുമാണെന്നു വിശുദ്ധഗ്രന്ഥം ഓർമിപ്പിക്കുന്നുണ്ട്. ‘തങ്ങളെ ഗ്രസിക്കാൻ വിധിക്കപ്പെട്ടിരുന്ന അന്ധകാരത്തിൻ്റെ പ്രതീകമായ ആ കനത്ത രാത്രി അവരെ മാത്രം ഗ്രസിച്ചു. എന്നാൽ, ആ അന്ധകാരത്തെക്കാൾ കനത്ത അന്ധകാരം അവർക്കു തങ്ങളിൽത്തന്നെ അനുഭവപ്പെട്ടു.എന്നാൽ അങ്ങയുടെ വിശുദ്ധജനത്തിൻ്റെ മേൽ വലിയ പ്രകാശമുണ്ടായിരുന്നു. ശത്രുക്കൾ അവരുടെ ശബ്ദം കേട്ടു. എന്നാൽ അവരുടെ രൂപം കണ്ടില്ല’ (ജ്ഞാനം 17:21 – 18:1).
പ്രകാശത്തിൻ്റെ മക്കളായ നമ്മെ ആ ഇരുട്ടു ബാധിക്കില്ല. കാരണം നമ്മെ നയിക്കുന്നതു വിശ്വാസത്തിൻ്റെയും കൃപയുടെയും പ്രകാശമാണ്. ആ വെളിച്ചം നമ്മുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും കെടാതെ സൂക്ഷിക്കുക എന്നതാണു നമുക്കു ചെയ്യാനുള്ള കാര്യം. ആ വെളിച്ചം നമ്മിൽ അണഞ്ഞുപോകാത്തിടത്തോളം കാലം നമുക്കു ഭയപ്പെടാൻ ഒന്നുമില്ല. ആ അന്ധകാരത്തിൻ്റെ നാളുകളെ അതിജീവിച്ചു നാം മനുഷ്യപുത്രൻ്റെ മുഖം ദർശിക്കുകതന്നെ ചെയ്യും എന്ന പ്രത്യാശയോടെ നമുക്കു കാത്തിരിക്കാം.
(തുടരും)
