കാലത്തിൻറെ അടയാളങ്ങൾ – 7

‘ നിരവധി  വ്യാജപ്രവാചകന്മാർ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും’ ( മത്തായി 24:11).

യുഗാന്ത്യത്തിൻറെ ഈ  സുനിശ്ചിതമായ അടയാളം കൂടുതൽ വിശദീകരണങ്ങൾ ഇല്ലാതെ  തന്നെ നമുക്കു മനസിലാകും. കാരണം  ഇപ്പോൾ സത്യപ്രവാചകന്മാരെക്കാൾ എണ്ണത്തിൽ  കൂടുതൽ വ്യാജപ്രവാചകന്മാരാണ്.  അത് എക്കാലത്തും അങ്ങനെ തന്നെയായിരുന്നല്ലോ എന്നൊരു മറുചോദ്യം സ്വാഭാവികമാണ്. സത്യപ്രവാചകനായ ഏലിയായ്ക്കു നേരിടേണ്ടിവന്നതു   ബാലിൻറെ നാനൂറ്റിയൻപതു  വ്യാജപ്രവാചകന്മാരെയായിരുന്നുവല്ലോ. സഭയുടെ ചരിത്രം നോക്കിയാലും  പാഷണ്ഡതകൾക്കും ശീശ്മകൾക്കും പിറകിൽ പ്രവർത്തിച്ചത് അതാതുകാലത്തെ വ്യാജപ്രവാചകന്മാർ ആയിരുന്നു എന്നു  കാണാം.

ഏലിയായുടെ കാലത്തെ വ്യാജപ്രവാചകന്മാരുടെ  രീതി ലളിതമായിരുന്നു. അവർ ബാലിനെ  ആരാധിക്കുകയും, ആരാധിക്കാൻ  ജനങ്ങളെ  പ്രേരിപ്പിക്കുകയും ചെയ്തു.   ആഹാബ് രാജാവും ജസബൽ രാജ്ഞിയും അതിനു വേണ്ട സഹായങ്ങൾ  ചെയ്തുകൊടുത്തു.   എന്നാൽ ദൈവകല്പനകൾ നേരത്തെതന്നെ ലഭിച്ചിരുന്ന ഒരു ജനത്തിന് അതു തിരിച്ചറിയാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതാത്തതായിരുന്നു.  എന്നിട്ടും അവർ  സത്യദൈവത്തെ ഉപേക്ഷിച്ച് ബാലിൻറെ പിറകെ പോയെങ്കിൽ അവരുടെ മനസുകൾ  അത്രമേൽ അന്ധമായിക്കഴിഞ്ഞിരുന്നു. ഒരേസമയം രണ്ടുവള്ളത്തിൽ കാലുവയ്ക്കുന്നത് അപകടമാണെന്ന് ഏലിയാ പറഞ്ഞപ്പോൾ ജനം ഒന്നും മിണ്ടാതെ നിൽക്കുകയാണ് ചെയ്തത്.

നമ്മുടെ തലമുറയിലും സംഭവിക്കുന്നത് അതുതന്നെയാണ്.  വ്യാജപ്രബോധനങ്ങൾ ചെവിക്ക്  ഇമ്പമുളളവയായതിനാൽ നാം അതിൻറെ പിറകെ പോകുന്നു. ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കുന്നതു സാധ്യമാണെന്ന വ്യാജപ്രബോധനം  വിശ്വാസികളെ വഴിതെറ്റിക്കുന്നു.  വ്യാജമായതിനെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ( 2 തെസ.  2:11) ഈ തലമുറയെ   ഗ്രസിച്ചിരിക്കുന്നു. ആരു പഠിപ്പിക്കുന്നതും കേൾക്കാൻ  തയാറായി നിൽക്കുന്ന ( 2 തിമോ. 3:7) ഒരു ജനത്തിനു കൂടുതൽ താൽപര്യം വ്യാജപ്രവാചകന്മാരെയായിരിക്കും.  സമൃദ്ധിയും സമ്പത്തും സുഖവും  വാഗ്ദാനം ചെയ്യുന്ന prosperity gospel   പ്രഘോഷിക്കുന്ന വ്യാജന്മാരുടെ  പിറകെ ജനം   ഓടിക്കൂടുകയാണ്.

ഹനനിയയെപോലെ ‘വ്യർത്ഥമായ പ്രത്യാശ ജനത്തിനു നൽകുന്ന പ്രവാചകന്മാർ’ (ജെറ. 28:15)  ഇന്ന് എത്രയെങ്കിലുമുണ്ട്. എന്നാൽ നമ്മുടെ ദുരന്തം  ജെറമിയയെപ്പോലുള്ള സത്യപ്രവാചകന്മാരുടെ എണ്ണം കുറവാണെന്നതാണ്.  ‘ഹനനിയാ, ശ്രദ്ധിക്കുക, കർത്താവ് നിന്നെ അയച്ചതല്ല’ ( ജെറ 28:15) എന്ന് മുഖത്തുനോക്കി  പറയണമെങ്കിൽ   കർത്താവിൻറെ ആത്മാവിനാൽ നയിക്കപ്പെടുന്ന ഒരു പ്രവാചകനു  മാത്രമേ  സാധിക്കുകയുളളൂ.

വ്യാജപ്രവാചകൻറെ നിത്യവാസസ്ഥലം  ഗന്ധകാഗ്നിത്തടാകമാണെന്നു വിശുദ്ധഗ്രന്ഥം പറയുന്നു (വെളി. 19:20,  20:10). എന്നാൽ അവിടേയ്ക്ക്  എറിയപ്പെടുന്നതിനു മുൻപായി  അവൻ പരമാവധി ആത്മാക്കളെ തന്നോടൊപ്പം കൊണ്ടുപോകാൻ ശ്രമിക്കും.  വ്യാജപ്രവാചകരുടെ നിരയിലെ അവസാനത്തെ അവതാരമായി നാം കാണുന്നതു ഭൂമിക്കടിയിൽ നിന്നു കയറിവരുന്ന മൃഗം എന്നു   വിശുദ്ധഗ്രന്ഥം  വിശേഷിപ്പിക്കുന്ന രണ്ടാമത്തെ മൃഗമാണ്. അവൻ വലിയ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചുകൊണ്ടാണു ജനങ്ങളെ വഴിതെറ്റിക്കുന്നത്.  എതിർക്രിസ്തുവിൻറെ മുദ്ര സ്വീകരിക്കാൻ  മനുഷ്യരെ  നിർബന്ധിക്കുന്നതും   ഈ വ്യാജപ്രവാചകനാണ് (വെളി  13: 11-17).

വ്യാജപ്രവാചകന്മാരെ തിരിച്ചറിയുക എന്നത് അതിപ്രധാനമായ ഒരു കാര്യമാണ്.  വ്യാജ അപ്പസ്തോലന്മാരെ തിരിച്ചറിയാനുള്ള കൃപ ലഭിച്ച   എഫേസോസിലെ സഭയെ  യോഹന്നാൻ   പ്രശംസിക്കുന്നുണ്ട്.  സ്മിർണയിലെ സഭയ്ക്കുള്ള കത്തിൽ  പറയുന്നതു  യഹൂദരെന്നു  നടിക്കുകയും  എന്നാൽ സാത്താൻറെ  പിണിയാളുകളായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യാജന്മാരെക്കുറിച്ചാണ്.  പെർഗാമോസിലാകട്ടെ  വിഗ്രഹാരാധനയിലേക്കും വ്യഭിചാരത്തിലേക്കും നയിക്കുന്ന പ്രബോധനങ്ങൾ നൽകിയിരുന്ന വ്യാജന്മാർ  ഉണ്ടായിരുന്നു.  തിയത്തീറയിലേക്കു വരുമ്പോൾ   വിഗ്രഹാരാധനയിലേക്കും വ്യഭിചാരത്തിലേക്കും ദൈവജനത്തെ നയിക്കുന്ന  ജസബലിനോടു  സഹിഷ്ണുത കാണിക്കുന്ന സഭയെ കുറ്റപ്പെടുത്തുന്നതാണു  നാം കാണുന്നത്.

വ്യാജപ്രവാചകന്മാരുടെ  പ്രവർത്തനരീതിയെക്കുറിച്ചു  പത്രോസ് ശ്ലീഹാ  വിവരിക്കുന്നുണ്ട്. ‘ ഇസ്രായേൽ ജനങ്ങൾക്കിടയിൽ വ്യാജപ്രവാചകന്മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെ മേൽ ശീഘ്രനാശം വരുത്തുന്ന വ്യാജോപദേഷ്ടാക്കൾ  നിങ്ങളുടെയിടയിലും ഉണ്ടാകും. അവർ വിനാശകരമായ അഭിപ്രായങ്ങൾ രഹസ്യത്തിൽ  പഠിപ്പിക്കുകയും  തങ്ങളെ വിലകൊടുത്തുവാങ്ങിയ  നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും’ (2 പത്രോസ്  2:1).

സഭയ്ക്കുള്ളിൽ ആണെന്നുപറയുകയും എന്നാൽ സഭാവിരുദ്ധമായ പ്രബോധനങ്ങൾ രഹസ്യത്തിൽ പഠിപ്പിക്കുകയും ചെയ്യുന്ന സെക്ടുകളെക്കുറിച്ചു നമുക്കറിയാം.  കർത്താവ് നമുക്കുവേണ്ടി കുരിശിൽ മരിച്ചതിനാൽ നാമെല്ലാം രക്ഷിക്കപ്പെട്ടുകഴിഞ്ഞു  എന്നും ഇനി അതിനായി നമ്മുടെ ഭാഗത്തുനിന്ന് ഒരു പ്രയത്നവും ആവശ്യമില്ല എന്നുമുള്ള വ്യാജപ്രബോധനം  ചില കോണുകളിൽ നിന്നുയരുന്നതും  നാം കാണുന്നുണ്ട്.  ദൈവം കരുണയാണെന്നും അതുകൊണ്ടു  ദൈവം എല്ലാം എപ്പോഴും ക്ഷമിക്കും എന്നും പറഞ്ഞുകൊണ്ടു പാപത്തിൽ ജീവിക്കുന്നവരെ  പ്രോത്സാഹിപ്പിക്കുന്ന   ഒരു വ്യാജസുവിശേഷവും  ഇക്കാലത്തു വ്യാപകമായി പ്രചരിക്കുന്നുണ്ട്.   എക്യൂമെനിസത്തിൻറെ പേരുപറഞ്ഞു  പരിശുദ്ധകുർബാനയെയും പരിശുദ്ധ അമ്മയെയും  അവഗണിക്കുന്ന  പ്രവണത ശക്തമാകുന്നതിനു പിറകിലും  ആശയതലത്തിൽ സജീവമായി പ്രവർത്തിക്കുന്ന  വ്യാജപ്രവാചകർ ആണുള്ളത്.  മതസൗഹാർദത്തിൻറെ  പേരിൽ യേശുവിനെ മറ്റു മതസ്ഥാപകരുമായും  ദൈവസങ്കല്പങ്ങളുമായും  തുലനം ചെയ്യുന്ന വ്യാജപ്രവാചകർ വേറെ.  യേശുക്രിസ്തു പഠിപ്പിച്ച എല്ലാറ്റിനെയും പരിഹസിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന  ഒരു ഗ്രന്ഥത്തിൽ യേശുവിൻറെയും മറിയത്തിൻറെയും പേരിനോടു സാമ്യമുള്ള  ചില പേരുകൾ ഉണ്ടെന്ന കാരണത്താൽ അതും ഇതും ഒന്നാണ് എന്നു  പഠിപ്പിക്കുന്ന വ്യാജപ്രവാചകർ സഭയിൽ  തന്നെയുണ്ട്.

 നരകം, ശുദ്ധീകരണസ്ഥലം എന്നിവയുടെ അസ്തിത്വത്തെക്കുറിച്ചു  തെറ്റായ ധാരണകൾ പകർന്നുനൽകുകയും പലപ്പോഴും അവയെ നിഷേധിക്കുകയും ചെയ്യുന്ന  വ്യാജപ്രബോധകരെയും നമുക്കു കാണാൻ സാധിക്കും.  ദൈവം കരുണാമയനാകയാൽ  ആരെയും ശിക്ഷിക്കില്ല എന്നതാണ് അവരുടെ വാദം. ഉല്പത്തിപുസ്തകത്തിലെ ആദ്യ പന്ത്രണ്ട് അധ്യായങ്ങൾ വെറും കെട്ടുകഥയാണെന്നു വാദിക്കുന്ന ദൈവശാസ്ത്രജ്ഞന്മാരുമുണ്ട്.  യേശുവിനെ  വലിയൊരു സാമൂഹ്യപരിഷ്കർത്താവോ  ദീനാനുകമ്പയുള്ള ഒരു ഉത്തമമനുഷ്യനോ  അത്ഭുതപ്രവർത്തകനോ  ഒക്കെയായി അവതരിപ്പിക്കുകയും അവിടുന്ന് മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ലോകത്തിലേക്ക് അയയ്ക്കപ്പെട്ട  ഏകവ്യക്തി ആണെന്ന സത്യം  മറച്ചുവയ്ക്കുകയും ചെയ്യുവരുമുണ്ട്.

കർത്താവിൻറെ രണ്ടാം വരവിനെ നിഷേധിക്കുന്ന  വ്യാജപ്രവാചകർ അവസാനനാളുകളിലുണ്ടാകും എന്നും പത്രോസ് ശ്ലീഹാ  മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അവർ അധമവികാരങ്ങൾക്ക് അടിമപ്പെട്ട നിന്ദകർ  ആയിരിക്കും ( 2 പത്രോസ്  3:3). കർത്താവിൻറെ പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനം എവിടെ?  നൂറ്റാണ്ടുകളായി   എല്ലാം പഴയതുപോലെ തന്നെ  തുടരുന്നുവല്ലോ ( 2 പത്രോസ്  3:4)  എന്നു പറഞ്ഞുകൊണ്ട് അവർ യുഗാന്ത്യത്തെയും  കർത്താവിൻറെ രണ്ടാംവരവിനെയും  കുറിച്ചു ചിന്തിക്കുന്നതിൽ നിന്നു  മനുഷ്യരെ വഴിതെറ്റിക്കും.  മറ്റു ചില വ്യാജപ്രവാചകരാകട്ടെ  രണ്ടാം  വരവിൻറെ നാളും  തിയതിയും സമയവും ഒക്കെ പ്രവചിച്ചുകൊണ്ടു  ജനത്തെ വഴിതെറ്റിക്കുന്നു. അവരെയോർത്താണ്  കർത്താവ് ഇങ്ങനെ പറഞ്ഞത്.  ‘ ഇതാ ഞാൻ മുൻകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട് അവൻ മരുഭൂമിയിലുണ്ടെന്ന് അവർ  പറഞ്ഞാൽ   നിങ്ങൾ പുറപ്പെടരുത്.  അവൻ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും  നിങ്ങൾ വിശ്വസിക്കരുത്’ (മത്തായി 24:25-26).

വ്യാജപ്രവാചകന്മാരെ തിരിച്ചറിയാനുള്ള വഴി യോഹന്നാൻ ശ്ലീഹാ ഇങ്ങനെ എഴുതിയിരിക്കുന്നു;  ‘പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.  ദൈവത്തിൻറെ ആത്മാവിനെ നിങ്ങൾക്ക് ഇങ്ങനെ തിരിച്ചറിയാം. യേശുക്രിസ്തു ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവ് ദൈവത്തിൽ   നിന്നാണ്. യേശുവിനെ ഏറ്റുപറയാത്ത ആത്മാവ്  ദൈവത്തിൽ നിന്നല്ല, വരാനിരിക്കുന്നു എന്നു നിങ്ങൾ കേട്ടിട്ടുള്ള  എതിർക്രിസ്തുവിൻറെ ആത്മാവാണ് അത്’ (1 യോഹ. 4:1-3).

യൂദാസിൻറെ  ലേഖനം ഏതാണ്ടു മുഴുവനും തന്നെ വ്യാജോപദേഷ്ടാക്കളെക്കുറിച്ചാണു  വിവരിക്കുന്നത്.  ‘പണ്ടുതന്നെ ശിക്ഷയ്ക്കായി  നിശ്ചയിക്കപ്പെട്ടിരുന്ന ദുഷ്ടമനുഷ്യർ’ എന്നാണ് അവരെ  ലേഖനത്തിൽ വിശേഷിപ്പിക്കുന്നത് (യൂദാസ് 1: 4). അവർ ദൈവത്തിൻറെ കൃപയെ  തങ്ങളുടെ അശുദ്ധജീവിതത്തിനായി ദുർവിനിയോഗിക്കുന്നു ( യൂദാസ് 1:4)  എന്ന  വചനത്തിൻറെ പൂർത്തീകരണമെന്നോണം അശുദ്ധിയിൽ ജീവിച്ചുകൊണ്ടു സുവിശേഷപ്രസംഗം  നടത്തുന്ന അനേകം വ്യാജപ്രവാചകർ ഇന്നുണ്ട് എന്നു നാം ഭയത്തോടെ ഓർക്കണം. അവരുടെ പിടിയിൽ അകപ്പെട്ടുപോകുന്ന  പാവപ്പെട്ട മനുഷ്യർക്കുവേണ്ടി പ്രാർഥിക്കുകയും വേണം.  അത്തരം വ്യാജോപദേഷ്ടാക്കൾ  ഏകനാഥനും കർത്താവുമായ യേശുക്രിസ്തുവിനെ തള്ളിപ്പറയുന്നു എന്ന പത്രോസിൻറെ മുന്നറിയിപ്പു യൂദാസും ആവർത്തിക്കുന്നുണ്ട് (യൂദാസ്  1:4).

ദുഷ്ടമായ അധമവികാരങ്ങൾക്ക് അടിമപ്പെട്ടു ജീവിക്കുന്ന പരദൂഷകർ എന്നു യൂദാസും (യൂദാസ്  1:18)  ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ട് അതിൻറെ ചൈതന്യത്തെ നിഷേധിക്കുന്നവർ എന്നു പൗലോസും ( 2 തിമോ 3 :5)  പറയുന്നതു വ്യാജപ്രബോധനം വഴി മറ്റുള്ളവരെ വഴിതെറ്റിക്കുന്നവരെയാണ്. വഴിതെറ്റിപ്പോകുന്ന നക്ഷത്രങ്ങളായ അവർക്കുവേണ്ടി  അന്ധകാരഗർത്തങ്ങൾ എന്നേക്കും തയാറാക്കപ്പെട്ടിരിക്കുന്നു എന്നു വിശുദ്ധഗ്രന്ഥം പ്രസ്താവിക്കുന്നു (യൂദാസ് 1:13).

വ്യാജപ്രവാചകൻമാർ  കൂടുതൽ അപകടകാരികളാകാൻ കാരണം അവർ സഭയ്ക്കുള്ളിൽ നിന്നുകൊണ്ടു പ്രവർത്തിക്കുന്നു എന്നതാണ്.  ദൈവം കരുണാമയനാകയാൽ  സ്വവർഗലൈംഗികബന്ധവും അബോർഷനും പോലുള്ള കാര്യങ്ങൾ ചെയ്താലും കുഴപ്പമില്ല എന്നു പഠിപ്പിക്കുന്നവർ സഭയ്ക്കുള്ളിൽ തന്നെയുണ്ട്.   വെറുക്കപ്പെടേണ്ട മ്ലേച്ഛകൃത്യങ്ങൾ ദൈവാലയങ്ങളിൽ വച്ച് ആശിർവദിച്ചുകൊടുക്കണം എന്നു വാദിക്കുന്നവരും സഭയിലുണ്ട്.  

സത്യപ്രബോധകരുടെ എണ്ണം കുറയുമ്പോൾ വ്യാജപ്രവാചകർക്കു ജോലി എളുപ്പമാകും. പൗലോസ് ശ്ലീഹാ എഴുതുന്നു, ‘എൻറെ വേർപാടിനുശേഷം ക്രൂരരായ ചെന്നായ്ക്കൾ നിങ്ങളുടെ മധ്യേ  വരുമെന്നും അവ അജഗണത്തെ വെറുതെവിടുകയില്ലെന്നും എനിക്കറിയാം. ശിഷ്യരെ  ആകർഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാൻ വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവർ  നിങ്ങളുടെയിടയിൽ ത്തന്നെയുണ്ടാകും.  അതിനാൽ നിങ്ങൾ ജാഗ്രതയുള്ളവരായിരിക്കുവിൻ’ (അപ്പ. 20:29-31).

ഒരുകാര്യം ഉറപ്പാണ്. യുഗാന്ത്യം സത്യമാണ്. കർത്താവിൻറെ രണ്ടാംവരവും സത്യമാണ്. അതിനു മുൻപായി ലോകമെങ്ങും വ്യാജപ്രവാചകന്മാർ പ്രത്യക്ഷപ്പെട്ട് ‘സാധ്യമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം  അടയാളങ്ങളും  അത്ഭുതങ്ങളും പ്രവർത്തിക്കും’ (മത്തായി 24:24).  അവരുടെ  പിടിയിൽ നിന്നു രക്ഷപെടാനായി ജാഗ്രതയുള്ളവരായിരിക്കുക.  വ്യാജപ്രവാചകന്മാരുടെ  പ്രവർത്തനകാലത്തും സത്യവിശ്വാസത്തിൽ നിന്ന് ഇടംവലം തിരിയാതെ ഉറച്ചുനിൽക്കാനുള്ള കൃപയ്ക്കുവേണ്ടി നമുക്കു പ്രാർഥിക്കാം.

(തുടരും)

( www.divinemercychannel.com)