ഓ! പരിശുദ്ധ മറിയമേ, അമലോത്ഭവയായ എന്റെ അമ്മേ, അങ്ങ് എന്നിലൂടെ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്താലും. എപ്പോഴും എന്നോടും എന്നിലൂടെയും അങ്ങു സംസാരിക്കുക; അങ്ങയുടെ ചിന്തകൾ സ്വന്തം ചിന്തകളായി എന്റെ മനസ്സിൽ നിറയട്ടെ; അവിടുത്തെ സ്നേഹം എന്നിലൂടെ അഭംഗുരം ഒഴുകിയിറങ്ങട്ടെ. അങ്ങയുടെ സുകൃതങ്ങളും ദീനാനുകമ്പയും എനിക്കു പകർന്നു നൽകുക; എന്നെ നിരന്തരം പഠിപ്പിക്കുകയും വഴിനടത്തുകയും ഈശോയിലേക്കു നയിക്കുകയും ചെയ്യുക. എനിക്കു ശിക്ഷണം നൽകുകയും ചിന്തകളെ ബോധദീപ്തമാക്കുകയും ചെയ്യുക. അങ്ങനെ എന്റെ ഇടുങ്ങിയ ചിന്താഗതിയും സ്വഭാവവും മറ്റുള്ളവരെ ഉൾക്കൊള്ളുന്നതിനായി കൂടുതൽ വിസ്തൃതമാകട്ടെ. ഏറ്റവും പ്രിയങ്കരിയായ എന്റെ അമ്മേ, എന്റെ വ്യക്തിത്വം, ജീവിതം, ആത്മാവ് എന്നിവ പൂർണ്ണമായും അങ്ങയുടെ നിയന്ത്രണത്തിലാക്കുക. അങ്ങയെത്തന്നെ അവിടെ പ്രതിഷ്ഠിക്കുക. ഇടതടവില്ലാതെ സ്തുതിക്കുന്നതിനും ആരാധിക്കുന്നതിനും കൃതജ്ഞതയർപ്പിക്കുന്നതിനും എന്റെ മനസ്സിനെ ഒരുക്കുക. അങ്ങ് എന്നിലും എന്നിലൂടെയും പ്രാർത്ഥിക്കുക. അങ്ങയിൽ ഞാൻ ജീവിച്ചുകൊള്ളട്ടെ. എന്റെ അമ്മേ, അവിടുത്തോടുള്ള ഈ ഗാഢബന്ധത്തിൽ ചിരകാലം ചരിക്കുവാൻ എനിക്കിടയാകട്ടെ.
ആമ്മേൻ.