കാലത്തിൻറെ അടയാളങ്ങൾ  – 10

‘ ദാനിയേൽ പ്രവാചകൻ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു  നിൽക്കുന്നത് കാണുമ്പോൾ  –  വായിക്കുന്നവർ ഗ്രഹിക്കട്ടെ- യൂദയായിലുള്ളവർ പര്വതങ്ങളിലേക്കു പലായനം ചെയ്യട്ടെ. പുറമുകളിലായിരിക്കുന്നവൻ വീട്ടിൽ നിന്ന് എന്തെങ്കിലും എടുക്കാൻ താഴേക്ക് ഇറങ്ങാതിരിക്കട്ടെ. വയലിലായിരിക്കുന്നവൻ മേലങ്കിയെടുക്കാൻ പിന്തിരിയരുത്’ (മത്തായി 24: 15-18).

യുഗാന്ത്യത്തിൻറെ അടയാളങ്ങളെക്കുറിച്ചു  പറയുമ്പോൾ  ഒരിടത്തുമാത്രം കർത്താവ് കാര്യങ്ങൾ തുറന്നുപറയുന്നില്ല എന്നു നമുക്കുകാണാം. അത്  വിനാശത്തിൻറെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നിൽക്കുന്നതിനെക്കുറിച്ചാണ്.  ഈ പ്രയോഗം ആദ്യം പ്രത്യക്ഷപ്പെടുന്നത് ദാനിയേലിൻറെ പ്രവചനത്തിലാണ്.

‘ ദൈവാലയത്തിൻറെ ചിറകിന്മേൽ വിനാശകരമായ മ്ലേച്ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകൻറെ മേൽ പതിക്കുന്നതുവരെ അത് അവിടെ നിൽക്കും’ ( ദാനി  9:27).

‘അവൻറെ സൈന്യം വന്ന് ദൈവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തര ദഹനബലി  നിരോധിക്കുകയും ചെയ്യും. അവർ വിനാശത്തിൻറെ മ്ലേച്ഛവിഗ്രഹം അവിടെ സ്ഥാപിക്കും’ ( ദാനി  11:31).

‘നിരന്തദഹനബലി നിർത്തലാക്കുന്നതും വിനാശകരമായ  മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതുമായ സമയം മുതൽ ആയിരത്തിയിരുനൂറ്റിത്തൊണ്ണൂറു  ദിവസം ഉണ്ടാകും. ആയിരത്തിമുന്നൂറ്റിമുപ്പത്തഞ്ചു   ദിവസം ഉറച്ചുനിൽക്കുന്നവൻ ഭാഗ്യവാൻ’ (ദാനി  12:11-12).

ദാനിയേൽ മൂന്നുതവണ സൂചിപ്പിച്ച വിനാശത്തിൻറെ അശുദ്ധലക്ഷണം  യേശുക്രിസ്തുവിൻറെ കാലത്തിനു മുൻപുതന്നെ ഒരിക്കൽ  നിറവേറിയിരുന്നു.  BC  167ൽ അന്തിയോക്കസ് എപ്പിഫാനസ് ജെറുസലേം ദൈവാലയം  കീഴടക്കി അതിനെ സേവൂസിൻറെ  ക്ഷേത്രമാക്കി  മാറ്റി.  ദൈവാലയത്തിൻറെ വിശുദ്ധസ്ഥലത്തു തന്നെ സേവൂസിന്  ഒരു ബലിപീഠം പണിയുകയും  അവിടെ അവൻറെ പ്രതിമ സ്ഥാപിച്ച് അതിനുമുൻപിൽ വച്ച് പന്നികളെ ബലികഴിക്കുകയും ചെയ്തു.  യേശുവിൻറെ കാലത്തിനുശേഷം AD  70ൽ ടൈറ്റസിൻറെ നേതൃത്വത്തിൽ റോമക്കാരും  ദൈവാലയം പിടിച്ചടക്കി, കൊള്ളയടിച്ച്, അശുദ്ധമാക്കുകയും തീവച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.

വെളിപാട് പുസ്തകത്തിൽ യോഹന്നാൻ അന്ത്യകാലപീഡനങ്ങളെക്കുറിച്ച് പറയുന്നതിനിടയിൽ കടലിൽ നിന്ന് കയറിവരുന്ന മൃഗത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.  ആ മൃഗം ആരാധന ആവശ്യപ്പെടുന്നു, ദൈവദൂഷണം പറയുന്നു, വിശുദ്ധരെ കീഴടക്കുന്നു. കൂടാതെ  അവൻറെ  സഹായിയായ രണ്ടാമത്തെ മൃഗം അവനെ ആരാധിക്കാനും അവൻറെ മുദ്ര ശരീരത്തിൽ സ്വീകരിക്കാനും ജനങ്ങളെ  നിർബന്ധിക്കുന്നു.  അവൻ വലിയ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുമെന്നും  തിരഞ്ഞെടുക്കപ്പെട്ടവർ ഒഴികെ മറ്റെല്ലാവരും അവനെ ആരാധിക്കുമെന്നും യോഹന്നാൻ എഴുതിയിരിക്കുന്നു. സമാന്തരസുവിശേഷങ്ങളിൽ പറഞ്ഞിരിക്കുന്നത് തെറീഞ്ഞെടുക്കപ്പെട്ടവർപ്രതി പീഡനത്തിൻറെ കാലം പരിമിതപ്പെടുത്തുന്ന എന്നാണ്.  കർത്താവ് ഒരു ക്രൈം കൂടി പറഞ്ഞിരുന്നു.  അക്കാലത്തെ പീഡനം ഇതുവരെ ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാനിടയില്ലാത്തതുമാണ്. അതായത് കർത്താവ്   പരാമർശിക്കുന്നത് അന്ത്യകാലത്തെ തന്നെയാണ്.  അന്ത്യകാലത്തെ ഭീകരതയുടെ  ഭാഗമായി  വിശുദ്ധസ്ഥലത്ത് അശുദ്ധി പ്രത്യക്ഷപ്പെടും എന്നു നാം മനസിലാക്കണം.

ദാനിയേൽ പ്രവചനവും സമാന്തരസുവിശേഷങ്ങളിലെ പ്രവചനങ്ങളും എല്ലാം  ഒരിക്കൽ സംഭവിച്ചവയുടെയും അതോടൊപ്പം  ഇനിയൊരിക്കൽ കൂടി സംഭവിക്കാനിരിക്കുന്നവയുടെയും  വിവരണങ്ങളാണ്.  ദാനിയേലിന്റെ പുസ്തകം പന്ത്രണ്ടാം അധ്യായത്തിൽ മരിച്ചവരുടെ ഉയിർപ്പും അന്ത്യവിധിയും നിത്യജീവനും  പരാമർശിച്ചിരിക്കുന്നു ( ദാനി  12:2). അതുപോലെ അവസാനദിവസം എന്ന പ്രയോഗം  മൂന്നുതവണ ആവർത്തിക്കപ്പെടുന്നുണ്ട് ( ദാനി  12:4,9,13). അതിനിടയിലാണ് നിരന്തര ദഹനബലി നിര്ധതലക്കപ്പെടുനന്തും വിനാശകരമായ  മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതുമായ സംഭവങ്ങളെക്കുറിച്ചു വിവരിക്കുന്നത്. അതുകൊണ്ട് ഇത്  യുഗാന്ത്യാകാലഘട്ടത്തിൽ  ഇനിയൊരിക്കൽ കൂടി സംഭവിക്കാനുള്ളതാണെന്നു മനസിലാക്കണം.  

നിരന്തരദഹനബലി എന്നത് പരിശുദ്ധകുർബാനതന്നെയാണ്. കാൽവരിയിൽ തൻ പൂർത്തിയാക്കാനിരിക്കുന്ന സനാതനബലിയെക്കുറിച്ച് അറിയാമായിരുന്നു  യേശു ഒരിക്കലും യഹൂദദൈവാലയത്തിലെ  പഴയ ബലികളെക്കുറിച്ച് തൻറെ കാലത്തിനുശേഷം സംഭവിക്കുന്നവയായി  സൂചിപ്പിക്കുകയില്ലല്ലോ.   വായിക്കുന്നവർ ഗ്രഹിക്കട്ടെ  എന്ന് കർത്താവ് പറയുന്നെങ്കിൽ അതിൻറെയർത്ഥം പരിശുദ്ധ കുർബാന എല്ലാവര്ക്കും മനസിലാകുന്ന രഹസ്യമല്ല എന്നതാണ്.  കുർബാന എന്തെന്ന് മനസിലാകാത്ത യേശുവിൻറെ  കുറെ ശിഷ്യന്മാർ  അവനെ വിട്ടുപോയി എന്ന് നാം  യോഹ 6: 66ൽ വായിക്കുന്നത് ഇതിനോട്  ചേർത്തുവായിക്കണം.

അവസാനകാലഘട്ടത്തിൽ പരിശുദ്ധകുര്ബാന  നിരോധിക്കപ്പെടുകയോ നിർത്തലാക്കപ്പെടുകയോ  ചെയ്യും എന്ന  പ്രവചനം  പല കാലഘട്ടങ്ങളിലായി നമുക്ക് ലഭിച്ചിട്ടുണ്ട്. വിശുദ്ധനും വേദപരംഗത്താനുമായ  അൽഫോൻസ് ലിഗോരി (1696-1787)  പറഞ്ഞത് മനുഷ്യപാപങ്ങൾക്കുള്ള ശിക്ഷയായി  ഒരു നിശ്ചിതകാലത്തേക്ക് പരിശുദ്ധകുർബാന ലഭിക്കാതെ വരും എന്നാണ്. പരിശുദ്ധ അമ്മ വൈദികർക്കുള്ള സന്ദേശത്തിൽ ഇങ്ങനെ പറയുന്നു. ‘  വിശുദ്ധ കുർബാനയാണ് അനുദിനബലി. സൂര്യോദയം  മുതൽ അസ്തമയം വരെയും ദഹനബലി കർത്താവിൽ അർപ്പിക്കപ്പെടും. ………പ്രൊട്ടസ്റ്റന്റ് വാദഗതി സ്വീകരിച്ച് ജനങ്ങൾ പറയും. വിശുദ്ധകുർബാന ഒരു ബലിയല്ല, മറിച്ച് അന്ത്യ അത്താഴവേളയിൽ യേശു നടത്തിയ വിരുന്നിനെ അനുസ്മരിപ്പിക്കുന്ന വിശുദ്ധഭോജനം മാത്രമാണ് അതെന്ന്. അങ്ങാണ് വിശുദ്ധബലിയാചരണം സഭയിൽ അമർത്തലാക്കപ്പെടും. അനുദിനദിവ്യബലി നിർത്തലാക്കപ്പെടുനനത്തിലൂടെ  എൻറെ ശത്രുവായ  എതിർക്രിസ്തു വിശുദ്ധ വസ്തുക്കളോടുള്ള ഭയങ്കരമായ  അവഹേളനം അവൻ നേടിയെടുക്കും. മൂന്നര വർഷത്തോളം- അതായത് ആയിരത്തിഇരുനൂറ്റിതൊണ്ണൂറ്റിരണ്ടു ദിവസം ഈ അവസ്ഥ നിലനിൽക്കും’ (നമ്മുടെ ദിവ്യനാഥ വൈദികരോടു സംസാരിക്കുന്നു: സന്ദേശം  485).

കഹോളിക്ക ദൈവാലയങ്ങളെ അശുദ്ധമാക്കുന്നതും  പരിശുദ്ധ കുർബാന മോഷ്ടിച്ചുകൊണ്ടുപോയി  അതിഹീനമായ വിധത്തിൽ ഉപയോഗിക്കുന്നതും ഒക്കെ  നാം കണ്ടുകൊണ്ടിരിക്കുന്നു. മെജുഗോറിയയിൽ മതഖ്‌വിൻറെ തിരുസ്വരൂപങ്ങളും   മറ്റും  അശുദ്ധമാക്കിയതിനെക്കുറിച്ചുള്ള   നാം  കേട്ടു. ദൈവദൂഷണത്തിൻറെ ആത്മാവാണ് എതിർക്രിസ്തുവിനെ നയിക്കുന്നത് (വെളി 13:5). പൗലോസ്സ് ശ്ലീഹ പറയുന്നത്  അവൻ ദൈവത്തിൻറെ ആളായതിൽ  സ്ഥാനം പിടിക്കുമെന്നു തന്നെയാണ്. അതിനേക്കാൾ വലിയ മ്ലേച്ഛത ദൈവാലയത്തിൽ പ്രതിഷ്ഠിക്കപ്പെടാൻ സാധ്യമല്ലല്ലോ. ‘ ദൈവമെന്നു വിളിക്കപ്പെടുനന്തോ ആരാധനാവിഷയമായിരിക്കുനന്തോ ആയ എല്ലാറ്റിനെയും അവൻ എത്രിക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും.  അതുവഴി, താൻ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവൻ ദൈവത്തിൻറെ ആലയത്തിൽ സ്ഥാനം പിടിക്കും’ ( 2 തെസ  2:4). നമ്മുടെ ദൈവാലയങ്ങൾക്കുള്ളിൽ വിഷ്വസവിരുദ്ധമായ കാര്യങ്ങൾ സ്വാഗതം ചെയ്യപ്പെടുകയും  വ്യാജദൈവങ്ങളെ പ്രകീർത്തിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്യുമ്പോൾ ഓർത്തുകൊള്ളുക,  അതെല്ലാം എതിർക്രിസ്തു ദൈവാലയത്തിൽ സ്ഥാനം പിടിക്കുന്ന  മഹാമ്ലേച്ചതയ്ക്കു മുൻപുള്ള കാര്യങ്ങളാണ്.

ഇതിനു സമാന്തരമായി  മറ്റൊന്ന് കൂടി സംഭവിക്കുന്നുണ്ട്. അത് നാം അറിയാതെ പോകുന്നു എന്നുമാത്രം. ദൈവത്തിൻറെ ആലയം നമ്മൾ തന്നെയാണെന്ന് വിശുദ്ധഗ്രന്ഥം പറയുന്നു.( 1 കൊറി  6:19, എഫേ 2:22). ഓരോ ദിവസവും  നാം സ്വീകരിക്കുന്ന പരിശുദ്ധകർബ്ബാനയിലൂടെ സജീവനായ ക്രിസ്തു നമ്മുടെ ഉള്ളിൽ എഴുന്നളിവരുകയും ചെയ്യുന്നുണ്ട്.     മനുഷ്യഹൃദയങ്ങളിൽ നിന്നു  ദൈവത്തിൻറെ സ്‌ഥാനം കവർന്നെടുക്കാനാണ് എക്കാലത്തെയും  പിശാചിൻറെ  ആഗ്രഹം.  ക്രിസ്തുവിൻറെ പ്രബോധനത്തിന് വിരുദ്ധമായ  പൈശാചികപ്രബോധനങ്ങൾ നെയിം ഹൃദയത്തിൽ സ്വീകരിക്കുമ്പോൾ നമ്മുടെ ഹൃദയമാകുന്ന ദൈവാലയത്തിൽ  മ്ലേച്ഛത പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. വർധിച്ചുവരുന്ന തിന്മയും അശുദ്ധിയും  പാപങ്ങളും മനുഷ്യഹൃദയങ്ങളെ കീഴടക്കുമ്പോൾ നാമോരോരുത്തരും ഈ പ്രവചനപൂർത്തീകരണത്തിനു സ്വയം കാരണമാവുകയാണ് ചെയ്യുന്നത്.

വിനാശത്തിൻറെ അശുദ്ധലക്ഷണം നമ്മുടെ ദൈവാലയങ്ങളിൽ കയറിക്കൂടുന്നത് മനസിലാക്കാനുള്ള കൃപയ്ക്കുവേണ്ടി പ്രാർഥിക്കാം.  ഓർക്കുക; കർത്താവ്  പൂർണമായി വെളിപ്പെടുത്താത്ത ഒരു രഹസ്യമാണത്.  വായിക്കുന്നവർ തൻറെ  ഞാനതിൽ മാത്രം  മനസിലാക്കേണ്ട ഒരു രഹസ്യം.  ഏറ്റം പ്രിയങ്കരനായ മനുഷ്യാ  എന്ന് സ്വർഗത്തിൽ നിന്നുള്ള ദൂതൻ  അഭിസംബോധന ചെയ്ത ഡാനിയേലിനു പോലും ( ദാനി 10:19) ആ രഹസ്യം വെളിപ്പെട്ടുകിട്ടിയില്ല. ‘ ദാനിയേലെ, നീ നിൻറെ വഴിക്കു പോവുക.ഈ വചനം അവസാനദിനം  വരേയ്ക്കും അടച്ചു മുദ്രവച്ചതാണ്’ ( ദാനി  12:9).  നമ്മുടെ ദൈവാലയങ്ങളിൽ, വിശുദ്ധസ്ഥലത്തും, അതിവിശുദ്ധസ്ഥലത്തും ഒക്കെ  വിനാശകരമായ മ്ലേച്ഛത പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന് വായിക്കുന്നവർ ഗ്രഹിക്കും എന്ന് കരുതുന്നു. അതുതന്നെയാണ്  അന്ത്യകാലം അടുത്തെത്തിയിരുന്നു എന്നതിൻറെ തെളിവും.

( തുടരും)

(www.divinemercychannel.com)