ബന്ധന പ്രാർത്ഥന

ജീവനുള്ള ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ രക്തത്താൽ വിലയ്ക്കു വാങ്ങപ്പെട്ടവനായ എന്നിൽ യാതൊരു അന്ധകാരശക്തികൾക്കും ഒരവകാശവുമില്ലെന്നു ഞാൻ ഉറക്കെ പ്രഖ്യാപിക്കുന്നു. ഞാൻ പൂർണ്ണമായും ക്രിസ്തുവിന്റേതാണ്. എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന സകല ദുഷ്ടാരൂപികളെയും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ ബന്ധിച്ചു ബഹിഷ്ക്കരിക്കുന്നു. ഒരിക്കലും തിരിച്ചുവരാനാകാത്തവിധം നിർവീര്യമായിപ്പോകട്ടെ എന്നു പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ കല്പിക്കുന്നു. കർത്താവായ യേശുവേ, അങ്ങയിൽ എനിക്കുള്ള വിശ്വാസവും പ്രത്യാശയും സ്നേഹവും ആരാധനയും ഞാൻ ഏറ്റുപറയുന്നു. ഏകരക്ഷകനായ അങ്ങയിൽ ഞാൻ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നു. നിത്യജീവനിൽ ഞാൻ പൂർണ്ണഹൃദയത്തോടെ പ്രത്യാശിക്കുന്നു. എല്ലാറ്റിനും ഉപരിയായി അങ്ങയെ ഞാൻ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. അങ്ങേ അമൂല്യമായ തിരുരക്തത്തിന്റെ സംരക്ഷണകോട്ട കെട്ടി എന്നെ നിത്യവും കാത്തുപരിപാലിക്കണമെ. ആമ്മേൻ. യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന.

(ഈ ബന്ധന പ്രാർത്ഥന മുടങ്ങാതെ എല്ലാ ദിവസവും ഉറച്ച വിശ്വാസത്തോടെ അർത്ഥം ഗ്രഹിച്ച് ചൊല്ലുക. പിശാച് തോറ്റ് ഓടിമറയും.)