ഈ വാക്കുകൾ എവിടെയെങ്കിലും വായിച്ചതായി ഓർക്കുന്നുണ്ടോ? കർത്താവായ ദൈവം സ്വന്തം ജനത്തോടു പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു.
‘തേനും പാലുമൊഴുകുന്ന നാട്ടിലേക്കു പോകുവിൻ. ഞാൻ നിങ്ങളുടെ കൂടെ വരുന്നില്ല; വന്നാൽ നിങ്ങളുടെ ദുശ്ശാഠ്യം നിമിത്തം വഴിയിൽ വച്ചു നിങ്ങളെ നശിപ്പിച്ചുകളയും’ (പുറ. 33:3). പത്തു മഹാമാരികൾ കൊണ്ടു ഫറവോനെ ശിക്ഷിക്കുകയും, ഉണങ്ങിയ നിലത്തുകൂടെ എന്നതുപോലെ ചെങ്കടലിൻറെ മധ്യത്തിലൂടെ ഇസ്രായേൽക്കാരെ നയിക്കുകയും, തേനും പാലുമൊഴുകുന്ന കാനാൻ ദേശത്തേക്കുള്ള യാത്രയിൽ അവരോടൊപ്പം ഉണ്ടായിരിക്കും എന്നു വാഗ്ദാനം ചെയ്യുകയും ചെയ്ത കർത്താവ് തന്നെയാണ് ഈ വാക്കുകൾ പറഞ്ഞതും. ഈജിപ്തിൽ നിന്നു പുറപ്പെട്ടതിൻറെ മൂന്നാം മാസമാണ് ഇസ്രായേൽക്കാർ സീനായ് മരുഭൂമിയിലെത്തിയത്. അവിടെ വച്ചു ദൈവം അവർക്കു പ്രമാണങ്ങൾ നൽകി. പ്രമാണങ്ങളെല്ലാം തങ്ങൾ അനുസരിച്ചുകൊള്ളാം എന്നു വാക്കുകൊടുത്ത ജനം പക്ഷേ, വെറും നാല്പതുദിവസത്തിനുള്ളിൽ അതെല്ലാം മറന്നുപോയി. അവർ ആദ്യം ലംഘിച്ചത് ഒന്നാം പ്രമാണം തന്നെയായിരുന്നു.
തങ്ങളുടെ സ്വന്തം കരവേലയായ കാളക്കുട്ടിയുടെ മുൻപിൽ സ്വയം ലജ്ജിതരാകത്തക്കവിധം അഴിഞ്ഞാടാൻ ആ ജനത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. ജനത്തിനു വേണ്ടി മാധ്യസ്ഥം വഹിക്കാൻ അന്ന് ഒരു മോശ ഉണ്ടായിരുന്നതുകൊണ്ടാണ് കർത്താവിൻറെ ക്രോധം ആളിക്കത്തി അവരെ വിഴുങ്ങിക്കളയാതിരുന്നത്. എങ്കിലും മർക്കടമുഷ്ടിക്കാരായ ആ ജനം തൻറെ സാന്നിധ്യം ആഗ്രഹിക്കുകയോ അർഹിക്കുകയോ ചെയ്യുന്നില്ല എന്നറിഞ്ഞ ദൈവം അപ്പോഴും തൻറെ വാഗ്ദാനം പിൻവലിക്കുന്നതായി നാം കാണുന്നില്ല. അവരെ തേനും പാലുമൊഴുകുന്ന നാട്ടിൽ എത്തിക്കും എന്നുള്ള അവിടുത്തെ വാഗ്ദാനം നിലനിർത്തിക്കൊണ്ടുതന്നെ അവിടുന്ന് പറയുകയാണ്; ‘ഞാൻ വരുന്നില്ല, നിങ്ങൾ പൊയ്‌ക്കൊള്ളുക.’
ഇത് ഇന്നും സംഭവിക്കുന്നു. ഭൗതികമായ ദാനങ്ങളും അനുഗ്രഹങ്ങളും നമുക്കു നല്കാൻ മാത്രമല്ല, അതേസമയം തന്നെ നമ്മോടൊത്തു സഞ്ചരിക്കാനും ആഗ്രഹിക്കുന്ന ഒരു ദൈവമാണു നമ്മുടെ ദൈവം. എന്നാൽ നാം അവിടുത്തെ സാന്നിധ്യവും സൗഹൃദവും ആഗ്രഹിക്കുന്നുണ്ടോ? അഥവാ ദൈവത്തിനു നമ്മോടൊത്തു സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണോ നമ്മുടെ പ്രവൃത്തികൾ?
ആറുലക്ഷം ഇസ്രായേൽക്കാരിൽ ദൈവത്തിൻറെ മനസ് കണ്ടതും അവിടുത്തെ വേദന മനസ്സിലാക്കിയതും മോശ മാത്രമായിരുന്നു. അതിനപ്പുറം ഒരു കാര്യം കൂടി മോശ മനസിലാക്കി. കർത്താവ് കൂടെയില്ലെങ്കിൽ തങ്ങളുടെ യാത്ര നിഷ്ഫലമായിരിക്കും എന്നത്! കാനാൻ ദേശത്തെത്തും, ശത്രുക്കളെ കീഴടക്കും, ദേശം സ്വന്തമാക്കും, സുഖകരമായി ജീവിക്കും. എല്ലാം ശരി തന്നെ. എന്നാൽ കർത്താവ് കൂടെയില്ലെങ്കിൽ ആ ജീവിതം അനുഗ്രഹപ്രദമാവുകയില്ല എന്നു മോശയ്ക്കറിയാമായിരുന്നു. അതുകൊണ്ടു മോശ പറഞ്ഞു. ‘അങ്ങ് ഞങ്ങളോടു കൂടി വരുകയില്ലെങ്കിൽ, ഞങ്ങളെ ഇവിടെ നിന്നു പറഞ്ഞയയ്ക്കരുത്’ (പുറ. 33:15). എവിടെനിന്നാണു മോശ ഇതു പറയുന്നതെന്നുകൂടി ഓർക്കണം. കുടിക്കാൻ വെള്ളം പോലും കിട്ടാത്ത മരുഭൂമിയിൽ വച്ച്!
ദൈവം കൂടെയുള്ള മരുഭൂമിയാണു ദൈവം കൂടെയില്ലാത്ത കാനാൻ ദേശത്തേക്കാൾ നല്ലത് എന്നു തിരിച്ചറിയുന്നതാണു കൃപ. നിർഭാഗ്യവശാൽ ആ കൃപ ദുർലഭമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്. ദൈവം കൂടെയില്ലെങ്കിലും അമേരിക്കയിലോ കാനഡയിലോ, യൂറോപ്പിലോ ആസ്‌ത്രേലിയയിലോ എത്തിയാൽ മതി എന്നു ചിന്തിക്കുന്നവർ! ദൈവം കൂടെയില്ലെങ്കിലും വലിയൊരു വീടും ആഡംബരവാഹനവും കിട്ടിയാൽ മതി എന്ന് ചിന്തിക്കുന്നവർ! ദൈവം കൂടെയില്ലാത്തതിൻറെ കുറവു പണം നികത്തുമെന്നു കരുതുന്ന ഭോഷന്മാർ! ദൈവം കൂട്ടിയോജിപ്പിച്ച ജീവിതപങ്കാളിയോടൊപ്പം ദൈവത്തെയും ഹൃദയത്തിൽ നിന്നിറക്കി വിടുന്നവർ! ദൈവത്തെക്കൂടാതെ ബാബേൽ ഗോപുരങ്ങൾ പണിയുന്നവരുടെ എണ്ണം പെരുകുമ്പോൾ നമുക്ക് ഒരു സങ്കീർത്തനവാക്യം ഓർക്കാം.
‘കർത്താവ് വീടു പണിയുന്നില്ലങ്കിൽ പണിക്കാരുടെ അധ്വാനം വ്യർഥമാണ്. കർത്താവ് നഗരം കാക്കുന്നില്ലെങ്കിൽ കാവൽക്കാർ ഉണർന്നിരിക്കുന്നതും വ്യർഥം’ (സങ്കീ 127:1).
അതുകൊണ്ട് ഓരോ യാത്രയുടെ തുടക്കത്തിലും നാം ദൈവത്തോടു ചോദിച്ചറിയണം, അവിടുന്ന് നമ്മുടെ കൂടെ വരുന്നുണ്ടോ എന്ന്. ഓരോ തീരുമാനമെടുക്കുമ്പോഴും നാം ദൈവത്തോടു ചോദിക്കണം നമ്മുടെ തീരുമാനത്തിൻറെ അടിയിൽ ദൈവത്തിൻറെ കൈയൊപ്പ് ഉണ്ടോ എന്ന്. കർത്താവ് കൂടെയില്ലാത്ത യാത്രകൾ നിഷ്ഫലമാകും എന്ന തിരിച്ചറിവ് ജനത്തെ നയിക്കുന്നവർക്ക് ഉണ്ടാകാൻ വേണ്ടിയും നാം പ്രാർഥിക്കണം. ‘ഞാൻ നിങ്ങളുടെ കൂടെ വരുന്നില്ല എന്ന അശുഭസ്വരം ആരും ഒരിക്കലും കേൾക്കാൻ ഇടവരാതിരിക്കട്ടെ എന്നും പ്രാർഥിക്കാം.
(www.divinemercychannel.com)
