വിമലഹൃദയ പ്രതിഷ്ഠ – ഇരുപത്തിയേഴാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ മകൻ ഈശോ , ജറുസലേമിലെ സ്ത്രീകളോടു പറഞ്ഞത് ഓർമ്മയില്ലേ? ഈശോയെപ്രതി കരയേണ്ട; മറിച്ച് അവരുടെ മക്കളെ പ്രതി കരയണമെന്ന്. ഈശോ അനുകമ്പയോടെ സംസാരിച്ചത് നിങ്ങളെപ്പറ്റിയാണ്. ഇരുട്ടിൽ വീണുപോയ, ഈശോയാകുന്ന പ്രകാശം കണ്ണിൽപെടാത്ത ഈ തലമുറയെപ്പറ്റിയും.

പ്രത്യേകമായി ഞാൻ ഈ തലമുറയെ ക്ഷണിക്കുന്നു, എൻ്റെ സാന്നിധ്യം ഈ ലോകത്തിനു തെളിച്ചുകൊടുക്കുവാൻ. ഞാൻ പറയുന്നത് എൻ്റെ വിമലഹൃദയത്തിനു സമർപ്പിക്കാനാണ്. ആഗ്രഹം കൊണ്ട് തീപിടിച്ചപോലെ, ഹൃദയം വിശുദ്ധി ആഗ്രഹിക്കട്ടെ! അതിനായി പ്രാർത്ഥിക്കുക, പുണ്യങ്ങൾകൊണ്ട് അലങ്കരിക്കപ്പെടാൻ എൻ്റെ വിമലഹൃദയത്തോട് അപേക്ഷിക്കുക. കൂടാതെ വിശുദ്ധി ആത്മാവിൽ നിറയാനും. ഇവയെല്ലാം ആഗ്രഹം കൊണ്ട് ലഭിക്കും. ശ്രദ്ധയോടെ പരിശ്രമിക്കുമ്പോൾ അവ വളരുകയും ചെയ്യും. ഇവ എല്ലാം നല്കാൻ എനിക്കു കഴിയും. ഞാൻ നല്കുന്ന കൃപയിൽ അതായത് എൻ്റെ വിമല ഹൃദയം നല്കുന്നതും പരിശുദ്ധാത്മാവ് ബലപ്പെടുത്തുന്നതുമായ കൃപയിൽ ഇതെല്ലാം ഉണ്ട്. ഈ കൃപ പൂർണ്ണതയിലെത്തുന്നത് സമർപ്പണത്തിലൂടെയാണ്. ഇങ്ങനെ ലഭിക്കുന്ന കൃപ നിങ്ങൾക്കും അനുഭവവേദ്യമാണ്. എൻ്റെ വിമല ഹൃദയത്തിനോടുള്ള സമർപ്പണം വഴിയായി എൻ്റെ ക്ഷണം സ്വീകരിക്കുമ്പോൾ നിങ്ങൾ പൂർണ്ണവും ദൈവികവുമായ പ്രതികരണമാണ് നല്കുന്നത്. ഫലമോ? ഇനി നമുക്ക് ഒന്നും അസാധ്യമല്ല. നമ്മുടെ ഹൃദയങ്ങളുടെ കൂട്ടായ്മ അനന്തകാലം നിലനില്ക്കും.

വഴികാട്ടി

പരിശുദ്ധാത്മാവ് തൻ്റെ മണവാട്ടിയുടെ ആഗമനത്തിനായി സമർപ്പിതരുടെ ആത്മാവിൽ കാത്തിരിക്കുന്നു. കന്യകാമറിയം വന്നു സ്ഥിരതാമസം ആരംഭിക്കുമ്പോൾ, പരിശുദ്ധാത്മാവു തൻ്റെ സാന്നിധ്യം പൂർണ്ണമാക്കുന്നു. പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവുമായി ആശയവിനിമയം നടത്തും. അമ്മയുടെ വാസം അവിടെ ഉറപ്പിക്കുകയും ചെയ്യും. അവിടെ ദാനങ്ങളും വരങ്ങളും എപ്പോഴും ഉണ്ടായിരിക്കും. ഹൃദയങ്ങളുടെ ഐക്യം നല്കുന്ന ഏറ്റം വലിയ സംഭാവനയാണിത്.

അമ്മയുടെ ഹൃദയവുമായുള്ള ഐക്യം പൂർണ്ണമല്ലെങ്കിൽ കൃപകളും ദാനങ്ങളും അനുഭവപ്പെടില്ല. ഒരു ചെടി വേരുകളുടെ സഹായത്തോടെ മണ്ണിൽ ഉറയ്ക്കുന്നതു പോലെ അമ്മയും നമ്മുടെ ആത്മാവിൽ വാസം ഉറപ്പിച്ചാൽ കൃപകളുടെ ഉത്സവമായിരിക്കും അവിടെ.

പ്രവൃത്തിപഥം

വിശുദ്ധിക്കായി ദാഹിക്കുന്നവർക്ക് അമ്മ വിശ്വാസം നല്കുന്നു. അമ്മയുടെ വിശ്വാസം തന്നെയാണ് ദാനമായി തരുന്നത്. ഇത്ര വലിയ വിശ്വാസം ലോകത്തിൽ വേറെ ഉണ്ടായിട്ടില്ലല്ലോ. അമ്മ ആത്മധൈര്യവും തരുന്നു. കാരണം അമ്മ എപ്പോഴും കൂടെയുണ്ടല്ലോ. ദൈവത്തെ അഭിമുഖീകരിക്കാൻ നിങ്ങളിനി ഭയപ്പെടുകയില്ല. അമ്മ ഈ കാരുണ്യം കാട്ടുന്നത് നിങ്ങളുടെ സ്വന്തമായവയെല്ലാം അമ്മയ്ക്ക് നല്കിയതുമൂലമാണ്; കൃപകളും ആവശ്യങ്ങളും എല്ലാം. അമ്മ പ്രത്യുപകാരമായി നല്കുന്നത് അമ്മയുടെ കൃപകളാണ്, പുണ്യങ്ങളാണ്. അവകൊണ്ട് അമ്മ നിങ്ങളെ പൊതിയും. അങ്ങനെ ദൈവഹിതം നിങ്ങളിൽ നിറവേറും. ദൈവത്തിൽ ആനന്ദിക്കുന്ന അമ്മയുടെ ചിത്തം നിങ്ങളിലാണല്ലോ. എത്ര വലിയ മാറ്റമാണിത്! താഴ്മയുള്ളിടത്തു പരിശുദ്ധാത്മാവ് ഉണ്ടായിരിക്കും. സമർപ്പണത്തിൻ്റെ ഫലങ്ങളാണിതെല്ലാം എന്നു നമുക്ക് ഓർമ്മ ഉണ്ടായിരിക്കട്ടെ.

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ, അങ്ങയുടെ മാത്രുത്വത്തിനോട് ഞാൻ യാചിക്കുന്നു. തോല്ക്കാത്ത വിശ്വാസം എനിക്കു തരേണമേ. ഹ്യദയങ്ങളുടെ രാജ്ഞീ, കറയറ്റ എളിമയും, പ്രാർത്ഥനാചൈതന്യവും, ഉറച്ച വിശ്വാസവും സജീവമായ പരസ്നേഹവും, സമർപ്പണഫലമായി എൻ്റെ ഹൃദയത്തിനു നല്കണമേ. അങ്ങയുടെ മണവാളനായ പരിശുദ്ധാത്മാവിനെ കൊണ്ടു വരേണമേ. നിങ്ങൾ ഇരുവരും എൻ്റെ ഹൃദയത്തിൽ നിത്യമായി വസിക്കാൻ കൃപയാകണമേ. ആമ്മേൻ.

വചനം

മറിയം പറഞ്ഞു: “

എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എൻ്റെ ചിത്തം എൻ്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.”

(ലൂക്കാ 1:46-47 )

2. വിശ്വാസപ്രമാണം

സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

3. പ്രതിഷ്ഠാ ജപം

എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.

ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം

സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)

I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!

II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

6.മാതാവിനോടുള്ള ജപം

പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്‌പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!

7.പന്തക്കുസ്‌ത പ്രാർത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.

അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.

പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!