പരിശുദ്ധ കന്യകാമറിയം നല്‌കുന്ന സന്ദേശം
എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എൻ്റെ മഹാവിജയത്തിൻ്റെ പൂർത്തീകരണം ഇനിയും ആയിട്ടില്ല. എൻ്റെ മക്കളുടെ പ്രതികരണത്ത അതു ആശ്രയിച്ചിരിക്കുന്നു. ഞാൻ ഉറപ്പായിപ്പറയുന്നു, കാറ്റു പോലെ അതുവരും. എവിടെ നിന്നും അതു വരുന്നു എന്ന് നിങ്ങൾ അറിയുകയില്ല. അത് എത്ര സമീപത്തെന്നോ എത്ര ദൂരത്തെന്നോ നിങ്ങൾ അറിയുകയില്ല. അതിൻ്റെ വേഗമേറിയ പോക്ക് നിങ്ങൾക്കു മനസ്സിലാകും, ശബ്ദവും കേൾക്കും. എൻ്റെ കുഞ്ഞുങ്ങളേ, ഒരുങ്ങിയിരിക്കുക.
വഴികാട്ടി
നമ്മുടെ ആത്മാവിൻ്റെ സമ്യദ്ധമായ ജീവനുവേണ്ടി ദൈവം വിഭാവനം ചെയ്ത ഉന്നതമായ ഒരു തലമുണ്ട്. ദൈവവുമായി വളരെ അടുത്ത ബന്ധമാണ് ഈ തലത്തിലുള്ളത്. ഇതു സാധ്യമാക്കുന്നതാണ് സമർപ്പണത്തിലൂടെ ദൈവമാതാവ് സൃഷ്ടിക്കുന്ന ബന്ധം. അമ്മയെ നിഷേധിക്കുന്നവർക്ക് ഈ ബന്ധം ഒരിക്കലും ലഭിക്കുകയില്ല. ദൈവം സൃഷ്ടിക്കുന്ന കൂട്ടായ്മക്കുള്ളിൽ മാത്രമേ ഈ കൃപ ലഭിക്കുകയുള്ളൂ. യേശുവിൽ നമ്മുടെ ആത്മാവും, നമ്മുടെ ആത്മാവിൽ യേശുവും ജീവിക്കുമ്പോൾ, ആത്മാവിനു രൂപഭാവമാറ്റങ്ങൾ സംഭവിക്കുന്നു. യേശു രൂപപ്പെട്ട മാതാവിനുള്ളിലാണ് എല്ലാ കൂദാശകളുടേയും കലവറ സ്ഥിതിചെയ്യുന്നത്. ദൈവപുത്രനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ നാം മാതാവിനു സ്വയം സമർപ്പിക്കുന്നു.
പ്രവ്യത്തിപഥം
അമ്മയുടെ മഹാവിജയത്തിൽ പങ്കുചേരാൻ നാം ജാഗരൂകരായിരിക്കണം, വിളക്കും എണ്ണയുമായി കാത്തിരുന്ന കന്യകമാരെപ്പോലെ. അപ്രതീക്ഷിത സമയത്ത് കൃപയുടെ മഹാപ്രവാഹത്തിൽ മഹാവിജയം സംഭവിക്കും. സമാധാനത്തിന് വേണ്ടിയുള്ള യുദ്ധത്തിൽ പീഡനം നമ്മെ ഗ്രസിക്കുമ്പോൾ നമുക്ക് നല്ല മാതൃകയാകാം. സത്യമായിരിക്കട്ടെ നമ്മൾ ഉയർത്തുന്ന പടവാൾ. ഇരുട്ടിൽ തപ്പിനടക്കുന്നവർക്ക് നാം വെളിച്ചമാകണം. മാതാവിന് സമർപ്പിക്കപ്പെട്ടവർക്ക് ഈ സമയം പുണ്യത്തിൻ്റെതും ആശ്വാത്തിൻ്റെതുമാണ്.
പ്രാർത്ഥന
പരിശുദ്ധ കന്യാമറിയത്തിൻ്റെ വിമല ഹൃദയമേ, നിൻ്റെ ഹിതത്തിന് വിരുദ്ധമായി ഞാൻ ഒരിക്കലും പ്രവർത്തിക്കാതിരിക്കാൻ എന്നെ സഹായിക്കണമെ അമ്മയുടെ മഹത്വത്തിൻ്റെ ആഗമനത്തിനായി നിറവിളക്കുമായി ഞാൻ കാത്തിരിക്കട്ടെ! അങ്ങ് പ്രത്യുത്തരം നൽകിയതു പോലെ ഞാനും ദൈവഹിതത്തിന് ഉത്തരം നൽകട്ടെ! കുരിശിൽ കിടന്ന യേശുവിൻ്റെ ഹൃദയത്തിൽ ആളിക്കത്തിയ സ്നേഹാഗ്നിജ്വാല എൻ്റെ ഹൃദയത്തെ പൊതിഞ്ഞു സ്വന്തമാക്കട്ടെ! അമ്മയോടുള്ള സ്നേഹം എൻ്റെ ഹൃദയത്തെ ത്രസിപ്പിക്കട്ടെ. എൻ്റെ ഈ പ്രാർത്ഥനകളെല്ലാം അമ്മയുടെ മാദ്ധ്യസ്ഥത്തിലൂടെ ഞാൻ സമർപ്പിക്കുന്നു.
വചനം
“നിൻ്റെ ഹൃദയത്തിൽ മുദ്രയായും നിൻ്റെ കരത്തിൽ അടയാളമായും എന്നെ പതിക്കുക” (ഉത്തമ. 8:6)
ഇന്ന് ചെയ്യേണ്ട പുണ്യങ്ങൾ
- വിചാരത്തിൽ: സഹനം സന്തോഷത്തോടെ സ്വീകരിച്ചവരാണ് തിരുസഭയിലുള്ള വിശുദ്ധരെന്ന് ചിന്തിക്കുന്നു.
- വാക്കിൽ: മാറാനാത്ത – “കർത്താവായ യേശുവേ വരണമേ.’ (വെളി 22:20) എന്ന് 10 പ്രാവശ്യം ചൊല്ലും.
- പ്രവർത്തിയിൽ: ഈശോയുടെ രണ്ടാംവരവിനെ ഓർത്തു കരുണകാണിക്കും.
- ഉപേക്ഷ വരുത്താതെ: ആരെയും ഞാൻ കുറ്റം പറയുകയില്ല.
2. വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
3. പ്രതിഷ്ഠാ ജപം
എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.
4. ത്രികാല ജപം
കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.
ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.
5. പുണ്യങ്ങളുടെ ജപമാല
(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)
I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!
II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
6.മാതാവിനോടുള്ള ജപം
പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്‌പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!
7.പന്തക്കുസ്‌ത പ്രാർത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.
മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.
അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.
പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.
പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!
