പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എന്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, ആത്മാവ് സമർപ്പണം നടത്തുമ്പോൾ എന്റെ വിമലഹൃദയത്തോടുള്ള ഭക്തിക്ക് വലിയ പ്രാധാന്യം നൽകണമെന്ന് പിതാവായ ദൈവം ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് ഞാൻ ആവശ്യപ്പെടുകയാണ്. നിങ്ങൾ ദിവസവും ജപമാല അർപ്പിക്കുക. ആദ്യ ശനിയായാഴ്ച വ്രതം അനുഷ്ഠിക്കുക; നിങ്ങളുടെ യാചനകൾ എനിക്കു തരുക. നിങ്ങളുടെ ജീവിതത്തിൽ എന്നെ ആശ്രയിക്കുക. ഇവയെല്ലാം ഞാൻ എന്റെ മകനു കൈമാറും. എന്നോടുള്ള സ്നേഹത്തെപ്രതി ഇവയെല്ലാം ചെയ്യുക. നിങ്ങളോടുള്ള സ്നേഹത്തെപ്രതി ഞാനിവയെല്ലാം എന്റെ മകനു കൊടുക്കും.
എന്റെ കുഞ്ഞുമക്കളെ, നിങ്ങളുടെ ഓരോ ദിവസവും ആരംഭിക്കേണ്ടത് ഇപ്രകാരമുള്ള പ്രാർത്ഥനയോടെയാണ്. ” പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയം പോലെ , എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നല്കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. മറിയമേ , ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ ! ‘
വഴികാട്ടി
മാതാവിന്റെ മഹാവിജയം ഉറപ്പിക്കാൻ സമർപ്പണം ആവശ്യമാണ്. അമ്മയുടെ മഹാവിജയം വിശ്വാസികൾക്കു വലിയ സഹായം നല്കും. അങ്ങനെ വിശ്വാസികൾ ഈശോയുടെ തിരുഹൃദയത്തിന്റെ ഭരണത്തിനു യോഗ്യരാകും. രക്ഷകന്റെയും അമ്മയുടേയും ഹൃദയങ്ങളുടെ ഐക്യം സംഭവിക്കും. ലോകത്തിനു രക്ഷ നല്കാനുള്ള കൃപ സംവഹിക്കപ്പെടുന്നത് രക്ഷകന്റെയും അമ്മയുടേയും ഒന്നുചേർന്നിരിക്കുന്ന ഹൃദയങ്ങളിലാണ്. ഇതാണ് പിതാവിന്റെ പദ്ധതിയും. നാം സമർപ്പണം ചെയ്തു കഴിയുമ്പോൾ അമ്മ നമ്മെ വിജയത്തിലൂടെ മുമ്പോട്ടു നയിക്കും.
പ്രവൃത്തിപഥം
അമ്മയ്ക്ക് നമ്മുടെ ഹൃദയങ്ങൾ സമർപ്പിച്ചാൽ എല്ലാമായി എന്ന് നാം ധരിക്കരുത്. നാം നല്ല വിലകൊടുത്തേ പറ്റൂ. ദൈവമാതാവ് നമ്മുടെ അമ്മയാകണം. നാം അമ്മയുടെ മക്കളും. ഇതു സംഭവിക്കുവാൻ ചില നിബന്ധനകളുണ്ട്. നമ്മുടെ ജീവിത ശൈലിയെ മുഴുവനായി മാറ്റണം. പാപകരമായവയും തിന്മകളും ഈ ലോകത്തിന്റെതുമായതെല്ലാം ത്യജിക്കണം. അടുത്തതായി നമ്മുടെ ഹൃദയത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ചുമതല അമ്മയ്ക്കു കൊടുക്കണം. മൂന്നാമതായി, അമ്മയുടെ വിമലഹൃദയത്തിലേക്ക് കൂടുതൽ ആത്മാക്കളെ ആകർഷിക്കണം . ഇനിമേൽ നാം അമ്മയുടെ പാദത്തിങ്കൽ ഇരുന്ന് അമ്മയെ തന്ന നാഥനെ സ്തുതിച്ചുകൊണ്ടിരിക്കണം.
പ്രാർത്ഥന
പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയമേ, എന്റെ ആത്മാവിനു വിശുദ്ധി ലഭിക്കാൻ പ്രാർത്ഥിക്കണമേ, എന്തെന്നാൽ അമ്മയുടെ യാചനകളെല്ലാം സ്വീകരിക്കപ്പെടുന്നു. പരിശുദ്ധ കന്യകാമറിയമേ , എന്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളിൽ ഞാൻ ഭരമേല്പിക്കുന്നു. കൃപയിലുള്ള നിലനിൽപ് എനിക്കു വാങ്ങിത്തരേണമേ. ഞാൻ പരീക്ഷിക്കപ്പെടുമ്പോഴും നിത്യജീവൻ നഷ്ടപ്പെടുത്തുന്ന അപകടങ്ങളിൽപെടുമ്പോഴും അമ്മയെ ആശ്രയിക്കാൻ എനിക്കു സമർപ്പണം മുഖേന വരം ലഭിക്കട്ടെ. എന്റെ മരണസമയത്ത് എന്നെ തുണയ്ക്കണമേ. എന്റെ ആത്മാവിനെ പിതാവിന്റെ കൈകളിൽ ഏല്പിച്ചുകൊടുക്കേണമേ. എന്റെ എല്ലാ വിശ്വാസവും അങ്ങിൽ അർപ്പിക്കുന്നു. അമ്മയുടെ മഹാവിജയം സംഭവിക്കുമെന്ന ഉറപ്പും എനിക്കുണ്ടാകട്ടെ !
വചനം
“ എന്നെ അനുസരിക്കുന്നവൻ ലജ്ജിതനാവുകയില്ല ; എന്റെ സഹായത്തോടെ അദ്ധ്വാനിക്കുന്നവൻ പാപത്തിൽ വീഴുകയില്ല . ” ( പ്രഭാഷകൻ – 24:22 )
ഇന്ന് ചെയ്യേണ്ട പുണ്യങ്ങൾ
- വിചാരത്തിൽ: ഞാൻ മാതാവിന്റെ വിമലഹൃദയത്തിലാണ് എന്ന് ചിന്തിക്കുന്നു.
- വാക്കിൽ: “ഞാൻ ലോകത്തിന്റെ പ്രകാശമാണ്’ (മത്താ 5:14) എന്ന് 10 പ്രാവശ്യം ആവർത്തിക്കും.
- പ്രവർത്തിയിൽ: ഇഷ്ടമില്ലാത്ത ഒരു ജോലി ഈശോയ്ക്ക് വേണ്ടി ഏറ്റെടുത്ത് ചെയ്യും.
- ഉപേക്ഷ വരുത്താതെ: ആരും ആവശ്യപ്പെടാതെ ഒരു എളിയ ജോലി ചെയ്യും.
2. വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
3. പ്രതിഷ്ഠാ ജപം
എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.
4. ത്രികാല ജപം
കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.
ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.
5. പുണ്യങ്ങളുടെ ജപമാല
(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)
I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!
II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
6.മാതാവിനോടുള്ള ജപം
പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!
7.പന്തക്കുസ്‌ത പ്രാർത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.
മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.
അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.
പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.
പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!
