വിമലഹൃദയ പ്രതിഷ്ഠ – പന്ത്രണ്ടാം ദിവസം

പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എന്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എന്റെ വിമലഹൃദയം നല്കുന്ന വാഗ്ദാനങ്ങൾ നിങ്ങൾ വഴി പൂർത്തിയാക്കാൻ എന്നെ സഹായിക്കുക. പിതാവായ ദൈവം ലോകത്തിനു നല്കുന്ന സമാധാനം, എന്റെ മഹാവിജയത്തോടു ബന്ധപ്പെട്ടിരിക്കുന്നു. ആദ്യമായി ഞാൻ നിങ്ങൾക്ക് ആന്തരിക സമാധാനം നല്കട്ടെ ! ബാഹ്യമായി സമാധാനം പ്രതിഫലിപ്പിക്കുവാൻ സമാധാനം ആത്മാവിൽ ഉണ്ടായിരിക്കണം. സമാധാനത്തിനുവേണ്ടിയുള്ള പ്രയത്നത്തിൽ വിജയിക്കാൻ നിങ്ങൾ ജപമാല കയ്യിലെടുക്കുവിൻ. ഒന്നായുള്ള ജപമാല പ്രാർത്ഥനയിൽ ദൈവപിതാവിന്റെ ഹൃദയം അലിയും. കാരണം ജപമാല നിങ്ങൾക്ക് എന്നോടുള്ള സ്നേഹം എടുത്തു കാണിക്കുന്നു.

ഇന്നത്തെ യുവജനങ്ങളെ സമർപ്പിക്കുവിൻ. എന്റെ വിജയത്തിന്റെ ഭാവി അവരിലാണ്. ഭാവിതലമുറകൾക്കായി, സഭയ്ക്ക് പുതുജീവൻ നല്കി സഭയെ ഉദ്ധരിക്കുന്നത് അവരാണ്. എന്റെ കുഞ്ഞുങ്ങളേ, ഞാൻ മുന്നറിയിപ്പുതരട്ടെ ; മനുഷ്യകുലത്തിന്റെ തിന്മകൾക്കു പരിഹാരം ചെയ്യാതിരുന്നാൽ നിങ്ങൾ നാശത്തിൽ വീഴും. പരിശുദ്ധാത്മാവ് നല്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച്, ആത്മാവിനാൽ നിങ്ങൾ വീണ്ടും നയിക്കപ്പെടട്ടെ ! എന്റെ വിമലഹൃദയത്തിനു നിങ്ങളെ പ്രതിഷ്ഠിക്കുമ്പോൾ, പരിശുദ്ധാത്മാവ് നിങ്ങളുടെ ആത്മാവിൽ വാസമുറപ്പിക്കും.

നിങ്ങൾക്കു ഞാൻ ഉറപ്പുതരുന്നു. നാശത്തിന്റെ ആരംഭം കുറിക്കാനല്ല ഞാൻ വരുന്നത്. നിങ്ങൾക്കു ഉറപ്പു തരാനാണ് ഞാൻ വരുന്നത്. ഈ ഉറപ്പ് എന്റെ വാഗ്ദാനങ്ങൾ പൂർത്തിയാകുമെന്നും ദൈവകൃപ നിങ്ങളിൽ വർഷിക്കപ്പെടുമെന്നുമാണ്. ഇവയ്ക്കായി നമ്മുടെ ഹൃദയങ്ങളെ ഒന്നുചേർക്കാം. ദൈവപിതാവിനെ അനുസരിക്കുമ്പോൾ, പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവിൽ നിറയും, ആവസിക്കും.

വഴികാട്ടി

യേശു ലോകത്തിലേക്ക് വന്നത് ആത്മാക്കളുടെ രക്ഷക്കായിതന്നെ. മകന്റെ ദൗത്യത്തിൽ അമ്മ എപ്പോഴും ഭാഗഭാക്കായിരുന്നു. മാതാവിന്റെ പങ്ക് ഈശോയുടെ പ്രവൃത്തികളിൽ നിന്നും മാറ്റിവയ്ക്കാൻ സാധ്യമല്ല. മാനവരക്ഷയ്ക്കുവേണ്ടിയുള്ള പിതാവിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ അഭേദ്യമായ ബന്ധം സൃഷ്ടിക്കപ്പെട്ടത്. മാതാവിന്റെ ഓരോ പ്രവൃത്തിയും ഈ ലക്ഷ്യത്തിനുവേണ്ടി ആയിരുന്നു. ഈരക്ഷാകര പദ്ധതിയുടെ ഭാഗമായിത്തന്നെയാണ് അമ്മ ഇപ്പോൾ ഈ സമർപ്പണം ആവശ്യപ്പെടുന്നതും.

പ്രവൃത്തിപഥം

നമ്മുടെ എല്ലാ പ്രവർത്തനങ്ങളും ദൈവപ്രീതിക്കായി നാം ചെയ്യുമ്പോൾ, നമുക്ക് ഉദ്ദേശശുദ്ധി ഉണ്ടാകുന്നു. ദൈവതിരുമുമ്പിൽ ഒരു പ്രവർത്തി നല്ലതും ചീത്തയും ആകുന്നത് ഉദ്ദേശശുദ്ധി വച്ചുതന്നെ. ശരീരത്തിന്റെ ഉദ്ദേശത്തെ ആത്മാവിന്റെ നേത്രങ്ങൾകൊണ്ട് വിവേചിച്ചുകൊണ്ട് നമ്മുടെ പ്രവർത്തികൾ നല്ലതെന്നോ ചീത്ത എന്നോ കണ്ടുപിടിക്കാം. നമ്മുടെ ഉദ്ദേശങ്ങൾ ലളിതമാക്കാൻ അമ്മ ആവശ്യപ്പെടുന്നു. ദൈവപ്രീതി അല്ലാതെ മറ്റ് ഉദ്ദേശങ്ങളില്ല എങ്കിൽ, നമ്മുടെ പ്രവർത്തികൾ നല്ലതാണ്. വിശുദ്ധിയിൽ അതു പ്രകാശിക്കും. ഇതരലക്ഷ്യങ്ങളോടെ പ്രവർത്തിച്ചാൽ വിശുദ്ധി കുറയും. ലാളിത്യം നഷ്ടമാകും. ഈ സമർപ്പണത്തിലും നമുക്ക് ദൈവപ്രീതി ഒന്നുമാത്രം ലക്ഷ്യം വയ്ക്കാം. അങ്ങനെ പുണ്യപ്രഭയിൽ നമ്മുടെ ആത്മാവിനെ അമ്മ ദൈവത്തിനു സമർപ്പിക്കും.

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയമേ , ഈ സമർപ്പണംവഴി ദൈവസ്നേഹം എന്നിൽ ശക്തമാകാൻ പ്രാർത്ഥിക്കേണമേ. സ്നേഹം ശക്തമായാൽ അതു എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിക്കും. ഒരിക്കലും വിഭജിക്കപ്പെടാത്ത സ്നേഹമായിരിക്കട്ടെ അത്. അമ്മയോടുള്ള എന്റെ ഭക്തി, എന്റെ തുറന്ന ഹൃദയത്തിൽ കാണപ്പെടട്ടെ ! പ്രിയപ്പെട്ട അമ്മേ, എന്റെ എല്ലാ പ്രവർത്തികളും ദൈവത്തെ പ്രീതിപ്പെടുത്തുന്നതും ദൈവത്തിനുവേണ്ടി മാത്രം ചെയ്യപ്പെടുന്നതുമാകാൻ എന്നെ സഹായിക്കണമേ.

വചനം

“ ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് അന്വേഷിക്കുന്നത് ” ( യോഹന്നാൻ 5:30 )

ഇന്ന് ചെയ്യേണ്ട പുണ്യങ്ങൾ

  • വിചാരത്തിൽ: ഇന്ന് കണ്ടുമുട്ടുന്നവരെ ‘ഈശോ അനുഗ്രഹിക്കട്ടെ’ എന്ന് അനുഗ്രഹിക്കും.
  • വാക്കിൽ: ‘എന്റെ സമാധാനം നിങ്ങൾക്കു ഞാൻ നൽകുന്നു’. (യോഹ 14:27) എന്ന് 10 പ്രാവശ്യം ആവർത്തിക്കും.
  • പ്രവൃത്തിയിൽ: ലോകസമാധാനത്തിനുവേണ്ടി കരുണയുടെ ജപമാല ചൊല്ലും.
  • ഉപേക്ഷ വരുത്താതെ: മാർപാപ്പയുടെ നിയോഗങ്ങൾക്കായി 1 സ്വ. 1 നന്മ. 1 ത്രിത്വ. ചൊല്ലി കാഴ്ചവെക്കും.

2. വിശ്വാസപ്രമാണം

സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

3. പ്രതിഷ്ഠാ ജപം

എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.

ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം

സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)

I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!

II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

6.മാതാവിനോടുള്ള ജപം

പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്‌പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!

7.പന്തക്കുസ്‌ത പ്രാർത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.

അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.

പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!