പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം
എന്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, നിങ്ങൾ എന്നെ ഉപേക്ഷിച്ചു പോകരുത്. എന്റെ കൈക്കുള്ളിൽ നിർത്തി നിങ്ങളെ എന്റെ വിമല ഹൃദയത്തോട് ചേർക്കട്ടെ. യേശുവിനു ചുറ്റും നാം ഒന്നിച്ചു നിൽക്കുമ്പോൾ സാത്താൻ നമ്മെ ഉപദ്രവിക്കുകയില്ല, തീർച്ച. ഞാൻ നിങ്ങളുടെ മനസ്സിനെ ഒരുക്കാം – ലോകത്തിന്റെ മുഴുവനായ സമർപ്പണത്തിനു വേണ്ടി. സംയുക്തസമർപ്പണത്തിൽനിന്നും ഞാൻ വിളവെടുക്കും. നിങ്ങളെന്റെ സഹപ്രവർത്തകരുമാകും .
എന്റെ വിമല ഹൃദയത്തിനുള്ള പ്രതിഷ്ഠവഴി വിശേഷമായി ദൈവത്തെ സേവിക്കാൻ നിങ്ങൾ സമ്മതം നൽകി കഴിഞ്ഞു. വിജയത്തിനു മുമ്പു സഹിക്കേണ്ട കഷ്ടതകൾ സ്വീകരിക്കാൻ നിങ്ങൾ തയ്യാറാണല്ലോ. ശ്രദ്ധിച്ചു കൊള്ളുക. ഓരോ വ്യക്തിയിൽ നിന്നും ഞാൻ വളരെ ത്യാഗങ്ങൾ ആവശ്യപ്പെടും. സ്വയം എളിമപ്പെടുത്തുക, എന്റെ കയ്യിൽ പിടിച്ചു മുന്നേറുക, നിങ്ങൾ സമാധാനം കണ്ടെത്തും – നിങ്ങളുടെ കുടുംബങ്ങളിൽ, നിങ്ങളുടെ നാട്ടിൽ, അവസാനമായി ലോകം മുഴുവനിലും. പ്രിയമുള്ളവരെ, നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. ഞാൻ അതിൽ ജ്ഞാനത്തിൻ്റെ തീപ്പൊരി നിക്ഷേപിക്കാം. നിങ്ങൾക്കു സ്വീകരിക്കാൻ കഴിവുള്ളതുമാത്രം ഞാൻ തരും. എൻ്റെ വചസ്സുകൾ എത്ര അധികം നിങ്ങൾ സ്വീകരിക്കുവാൻ പ്രാപ്തരാണോ, അത്ര അധികം നിങ്ങളെ ഞാൻ ജ്ഞാനത്തിൻ്റെ ആഴത്തിലേക്കു നയിക്കും. എൻ്റെ വചസ്സുകൾക്കനുസരിച്ച് ജീവിക്കുക. അവ നിങ്ങളെ പഠിപ്പിക്കട്ടെ ; വരുംകാലത്തേക്ക് നിങ്ങളുടെ ആത്മാക്കളെ ഒരുക്കട്ടെ ! നിങ്ങളെ ഞാൻ സഹായിക്കാം. മാനസാന്തരം നിങ്ങളുടെ ഹൃദയങ്ങളെ മാറ്റി ദൈവത്തിൻ്റെ സാദൃശ്യത്തിലെത്തിക്കും. നിങ്ങൾ എൻ്റെ അടുത്തു വരില്ലേ ? നിങ്ങളുടെ ഹൃദയങ്ങളെ ഞാൻ പിതാവിൻ്റെ പക്കലേക്കു കൊണ്ടുപോകട്ടെയോ ? നിങ്ങൾ തന്നെ തീരുമാനിക്കുക. ജ്ഞാനത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി വിചിന്തനം ചെയ്യുവിൻ.
വഴികാട്ടി
സമർപ്പണം നിങ്ങളെ അഗാധവും മഹത്തരവുമായ സ്നേത്തിലേയ്ക്കു നയിക്കുന്നു. ശക്തമായ ഈ സ്നേഹം നമ്മുടെ അമ്മയെ നിങ്ങളുടെ ഹൃദയത്തിലെത്തിക്കുന്നു. മാതാവിനു സമർപ്പിക്കുവാനുള്ള തീവ്രമായി ആഗ്രഹം ഒരു കാന്തിക ആകർഷണം സൃഷ്ടിക്കുന്നു. ഈ ആകർഷണം അഗാധമായ ആഗ്രഹത്തെ ജനിപ്പിക്കുന്നു, അമ്മയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ. നിങ്ങളുടെ ആത്മാവിൻ്റെ ആഗ്രഹം മനസ്സിലാക്കിക്കഴിയുമ്പോൾ, നിങ്ങളുടെ സ്നേഹത്തെ അമ്മ ശക്തവും ബലവത്തും ആക്കുന്നു . ദൈവീകമായ ഹൃദയമാറ്റത്തിൻ്റെ അടിത്തറയാണിത് .
പ്രവൃത്തിപഥം
ഹൃദയത്തെ ഒരു പൂന്തോട്ടത്തോടുപമിക്കാം. ഇവിടെ കളകൾ ധാരാളം വളരുന്നു. ഒരു പരിത്യാഗമെന്നപോലെ നമ്മൾ തൂമ്പാകൊണ്ട് കിളച്ച് ഓരോ കളയും വേരോടെ പിഴുതെറിയണം. അല്ലാത്തപക്ഷം നിങ്ങളുടെ ഹൃദയം കളനിറഞ്ഞ പാഴ്ഭൂമിയാവും. പുറമെയുള്ള ഭക്തിയും അകമെയുള്ള ശൂന്യതയും എങ്ങനെ നിങ്ങളെ സഹായിക്കും ? സ്വാർത്ഥ ഇച്ഛകളാണ് നമ്മുടെ ആത്മാവിനെ നശിപ്പിക്കുന്നത്. എന്നാൽ സമർപ്പണം ചെയ്തുകഴിയുമ്പോൾ നിങ്ങളുടെ ഹൃദയഭൂമി ഫലപുഷ്ഠിയുള്ളതായി മാറുന്നു. ആത്മാവിൻ്റെ ശിഖരങ്ങൾ വെട്ടി ഒരുക്കുമ്പോൾ കൃപകൾ ഉണ്ടാകുന്നു. ശ്രദ്ധയോടെ ജോലി ചെയ്യുമ്പോൾ, വിശുദ്ധിയുടെ പൂന്തോട്ടം രൂപപ്പെടുന്നു. പുണ്യപുഷ്പങ്ങൾ ആത്മാവാകുന്ന ചെടിയിൽ പൊട്ടിവിടരുന്നു.
പ്രാർത്ഥന
പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ, എന്നെ മുഴുവനായി നിൻ്റെ മകൻ്റെ പക്കലേക്കു അടുപ്പിക്കണമേ. നിൻ്റെ പുത്രനായ ഈശോയോടുള്ള വിശുദ്ധ സ്നേഹം എൻ്റെ ഹൃദയത്തിൽ കത്തിക്കേണമേ. ഈ അഗ്നിയിൽ കത്തി ഞാൻ ഇല്ലാതാവട്ടെ. പ്രിയ അമ്മേ, എൻ്റെ ഹൃദയം അങ്ങു സ്വന്തമാക്കി, എനിക്കു അമ്മയുടെ ഹൃദയം നല്കണമേ. നന്മകൊണ്ടു നിറയ്ക്കണമേ. പ്രകാശിപ്പിക്കണമേ. പിതാവിൻ്റെ ഇഷ്ടം നിറവേറ്റാൻ അതിനെ പ്രാപ്തമാക്കണമേ. അമ്മയെപ്പോലെ ഞാനും വിശുദ്ധീകരിക്കപ്പെടട്ടെ ! ഒരിക്കലും അവസാനിക്കാത്ത സ്നേഹം നമ്മെ ബന്ധിപ്പിക്കട്ടെ ! എൻ്റെ ഹൃദയം ഇനിമേൽ എൻ്റെതല്ലാതാകട്ടെ ! അത് അമ്മയോടുള്ള സമർപ്പണം വഴി ദൈവത്തിൻ്റെതുമാത്രം ആകട്ടെ !
വചനം
” അടച്ചുപൂട്ടിയ ഉദ്യാനമാണ് എൻ്റെ സോദരി ; എൻ്റെ മണവാട്ടി അടച്ച ഉദ്യാനമാണ്, മുദ്ര വച്ച നീരുറവ ‘. ( ഉത്തമഗീതം 4:12 )
ഇന്ന് ചെയ്യേണ്ട പുണ്യങ്ങൾ
- വിചാരത്തിൽ ഈശോ എന്നെ സ്നേഹിച്ചതിനു നന്ദി പറയണമല്ലോ എന്ന് ചിന്തിക്കുന്നു.
- വാക്കിൽ “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ ചിത്തം എൻ്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു’. (ലൂക്കാ 1 :46-47) എന്ന് 5 പ്രാവശ്യം ചൊല്ലും.
- പ്രവർത്തിയിൽ വിശ്രമസമയത്തു ഒരു ജപമാല ചൊല്ലി പാപികൾക്കായി കാഴ്ചവയ്ക്കും. ഉപേക്ഷ വരുത്താതെ ആരെയും കളിയാക്കുകയില്ല.
2. വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
3. പ്രതിഷ്ഠാ ജപം
എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.
4. ത്രികാല ജപം
കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.
ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.
5. പുണ്യങ്ങളുടെ ജപമാല
(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)
I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!
II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
6.മാതാവിനോടുള്ള ജപം
പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!
7.പന്തക്കുസ്ത പ്രാർത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.
മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.
അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.
പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.
പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!
