എന്നെ അനുഗമിക്കുക 

കർത്താവ് പത്രോസിനോട് പറഞ്ഞ  അവസാനത്തെ വാക്കുകൾ ‘നീ എന്നെ അനുഗമിക്കുക’ ( യോഹ  21:22) എന്നായിരുന്നു.  പത്രോസിന് പിന്നെ സംശയം ഒന്നും ഉണ്ടായിരുന്നില്ല.  കർത്താവിനെപ്പോലെ തന്നെ ‘ മരണം വരെ – അതേ കുരിശുമരണം വരെ- അനുസരണമുള്ളവവനായി’ (ഫിലിപ്പി. 2:8)  ഗുരുവിനെ അനുഗമിച്ച പത്രോസാകുന്ന പാറമേലാണു  ക്രിസ്തു തൻറെ സഭയെ  സ്ഥാപിച്ചത്. നരക കവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല എന്ന   വാഗ്ദാനവും  പത്രോസിൻറെ സഭയ്ക്കു നല്കിയിട്ടാണു കർത്താവ് കടന്നുപോയത്. 

എന്നാൽ ഈ വാഗ്ദാനത്തെക്കുറിച്ചു  തികച്ചും  അജ്ഞനായ ഒരു യഹൂദനായിരുന്നു സാവൂൾ.  ആ അറിവില്ലായ്മ കൊണ്ട് അയാൾ ക്രിസ്തുവാകുന്ന ഇരുമ്പാണിമേൽ  ഒന്നു തൊഴിച്ചുനോക്കി (അപ്പ. 24:14).  കണ്ണുകൾ തുറന്നിരുന്നിട്ടും ഒന്നും കാണാൻ കഴിയാത്ത വിധത്തിൽ  അന്ധതയിലേക്കു വീണുപോയ ആ മനുഷ്യനെ സുഖപ്പെടുത്താൻ വേണ്ടി കർത്താവ് അയച്ച അനനിയാസിന്  പക്ഷേ പോകാൻ ഭയമായിരുന്നു. ആ ഭയം മാറ്റാൻ  വേണ്ടി കർത്താവ് അനനിയാസിനോട് ഇങ്ങനെ പറഞ്ഞു. ‘നീ പോവുക. വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേൽ മക്കളുടെയും മുമ്പിൽ എൻറെ നാമം വഹിക്കാൻ  തെരഞ്ഞെടുക്കപ്പെട്ട പാത്രമാണ് അവൻ.   എൻറെ നാമത്തെപ്രതി  അവൻ  എത്രമാത്രം സഹിക്കേണ്ടിവരുമെന്ന് അവനു ഞാൻ കാണിച്ചുകൊടുക്കും’ ( അപ്പ  9:15-16).

വചനം സാക്ഷ്യപ്പെടുത്തുന്നതുപോലെ  ക്രിസ്തുവാകുന്ന കല്ലിൽ വീണ സാവൂൾ തകർന്നുപോയി.  ക്രിസ്തു തൻറെ മേൽ പതിച്ചപ്പോൾ   അതു  തന്നെ ധൂളിയാക്കിക്കളയുന്നതും അയാൾ അറിഞ്ഞു.  ആ ധൂളിയിൽ നിന്ന് ഉയിർത്തെഴുന്നേറ്റതു  പക്ഷേ  സാവൂൾ ആയിരുന്നില്ല, പൗലോസ് ആയിരുന്നു.  യോഹന്നാൻറെ  മകനായ ശിമയോനെന്ന  മുക്കുവൻ  കേപ്പായും  പത്രോസും  ആയി മാറിയതുപോലെ  ഒരു സമ്പൂർണരൂപാന്തരം ആയിരുന്നു അതും.

കർത്താവ് അനനിയാസിനോട് അരുളിച്ചെയ്ത കാര്യങ്ങൾ അതിൻറെ പൂർണതയിൽ താൻ  അനുഭവിച്ചു എന്നു  പൗലോസ് തന്നെ എഴുതിവെച്ചിട്ടുണ്ട് (2 കൊറി  11: 23-28).  എന്നാൽ അതിനപ്പുറം പൗലോസ് ഒന്നുകൂടി എഴുതിവെച്ചു. ‘ ക്രിസ്തുവിൻറെ സ്നേഹത്തിൽ നിന്ന് ആരു  നമ്മെ വേർപെടുത്തും?  ക്ലേശമോ  ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? ………………ഉയരത്തിനോ   ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തിൽ  നിന്നു  നമ്മെ വേർപെടുത്താൻ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്’ ( റോമാ 8:35-39).

ആ സ്നേഹത്തെക്കുറിച്ചുതന്നെയാണു തൻറെ അന്തിമസംഭാഷണത്തിൽ കർത്താവ് പത്രോസിനോടു ചോദിച്ചതും. ‘യോഹന്നാൻറെ പുത്രനായ ശിമയോനെ, നീ  ഇവരേക്കാൾ അധികമായി എന്നെ   സ്നേഹിക്കുന്നുവോ?’ എന്ന് ഒന്നല്ല മൂന്നുവട്ടം ചോദിച്ചതിനുശേഷമാണു    തന്നെ അനുഗമിക്കാനുളള  അന്തിമകൽപന അവിടുന്ന് പത്രോസിനു നൽകിയത്. 

 ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി മറ്റെല്ലാം ഉച്ഛിഷ്ടം  പോലെ കരുതിയ   ഈ രണ്ടു വിശുദ്ധരുടെയും  തിരുനാൾ സഭ ഒരേ ദിവസംതന്നെ  ആഘോഷിക്കുമ്പോൾ  ദൈവസ്നേഹം നഷ്ടപ്പെട്ടുപോകുന്ന ലോകത്തെയോർത്തുള്ള ഒരു ആത്മഭാരം നമ്മുടെ ഉള്ളിൽ നിറയണം.  വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനിൽക്കുന്നവയാണെങ്കിലും അതിൽ സർവോത്കൃഷ്ടമായതു  സ്നേഹം തന്നെയാണല്ലോ ( 1 കൊറി  13:12-13). പത്രോസിനെയും പൗലോസിനെയും പോലെ  രക്തസാക്ഷികളാകാനുള്ള ധാരാളം   അവസരങ്ങൾ ലോകം നമുക്കു മുൻപിലേക്കു   വച്ചുനീട്ടുന്ന  ഈ നാളുകളിൽ  പിടിച്ചുനിൽക്കാനുള്ള വിശ്വാസവും പ്രത്യാശയും നൽകി   ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ എ ന്നു  നമുക്കു  പ്രാർഥിക്കാം.

(www.divinemercychannel.com)