കാലത്തിൻറെ അടയാളങ്ങൾ

യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും അതിനു നൽകപ്പെടുകയില്ല എന്നു   കർത്താവ് പറഞ്ഞത് (മത്തായി 16:4) ആരോടായിരുന്നു?  കാലത്തിൻറെ അടയാളങ്ങൾ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടുപോകുന്ന   ദുഷിച്ചതും   അവിശ്വസ്‌തവുമായ  ഒരു തലമുറയോടാണ്  (മത്തായി 16:4) കർത്താവ്  അങ്ങനെ പറഞ്ഞത്.  അവരാകട്ടെ  യേശുവിനെ പരീക്ഷിക്കുന്നതിൽ  മാത്രം  തല്പരരായിരുന്നു  (മത്തായി 16:1). അങ്ങനെയുള്ളവർക്ക് കാലത്തിൻറെ അടയാളങ്ങൾ  ഒരിക്കലും മനസിലാകില്ല.  സത്യം എന്തെന്നറിഞ്ഞാലും  അത് അവർക്കു   മനസിലാകണമെന്നില്ല. ഇടത്തും  വലത്തും കിടന്ന കള്ളന്മാരിൽ ഒരാൾക്കു മനസിലായ സത്യം മറ്റേയാൾക്കു   മനസിലായില്ല! പീലാത്തോസിൻറെ ഭാര്യയ്ക്കു  മനസിലായ സത്യം പീലാത്തോസിനു  മനസിലായില്ല!  എല്ലാ സത്യവും  യേശുവിൻറെ അധരങ്ങളിൽ നിന്നുതന്നെ  കേട്ടിട്ടും ആ മനുഷ്യൻ വീണ്ടും ചോദിച്ചത്  ‘എന്താണു സത്യം?’ (യോഹ.  18:38) എന്നായിരുന്നു. ഇതു   ചോദിച്ചിട്ടു  പീലാത്തോസ് ചെയ്തത് യേശുവിൻറെ മറുപടിയ്ക്കായി കാത്തുനിൽക്കുകയല്ല, പിന്നെയോ അവനെ ക്രൂശിക്കുക എന്നാർത്തുവിളിച്ചുകൊണ്ടിരുന്ന യഹൂദരുടെ അടുത്തേക്കു തിരിച്ചുപോവുകയായിരുന്നു. അങ്ങനെ തനിക്കു  ലഭിച്ച  അവസാനത്തെ അവസരവും പീലാത്തോസ് നഷ്ടപ്പെടുത്തിക്കളഞ്ഞു.

 ഇന്നത്തെ  ഈ തലമുറയ്ക്കും അതുതന്നെ സംഭവിക്കൂമോ എന്നു  നാം ഭയപ്പെടണം.  നമ്മുടെ ഏറ്റവും വലിയ അടയാളം മരണത്തെ ജയിച്ച്   ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു തന്നെയാണ്.  യോനാ ഉത്ഥിതനായ കർത്താവിൻറെ  പ്രതിരൂപമായിരുന്നു.  എന്നിട്ടും നാം   യേശുവിൽ ഇടറുന്നുവെങ്കിൽ  അതിനേക്കാൾ വലിയ  ദുരന്തം  മറ്റെന്തുണ്ട്?  ക്രൂശിതനായ കർത്താവിൽ  ഇടർച്ച തോന്നിയ ഗലാത്തിയക്കാരെ  പൗലോസ് ശ്ലീഹാ വിളിക്കുന്നതു ഭോഷന്മാർ എന്നാണ്.    യേശുക്രിസ്തു  തങ്ങളുടെ  കൺമുൻപിൽ  ക്രൂശിതനായി ചിത്രീകരിക്കപ്പെട്ടിരിക്കേ  ആരാണ് അവരെ ആഭിചാരം ചെയ്തത് ( ഗലാ  3:1) എന്ന് അപ്പസ്തോലൻ ആശ്ചര്യപ്പെടുന്നുണ്ട്.

ക്രൂശിൽ മരിച്ച് മൂന്നാം  നാൾ ഉത്ഥാനം ചെയ്ത യേശുക്രിസ്തു എന്ന    അടയാളത്തിൽ വിശ്വസിക്കാത്തവനു കാലത്തിൻറെ അടയാളങ്ങൾ  മനസിലാക്കാൻ കഴിയില്ല. ഈ നാളുകളിൽ  നമുക്കും ചുറ്റും നടക്കുന്ന കാര്യങ്ങൾ      വിശ്വാസം  കൊണ്ടു മാത്രമേ മനസിലാക്കാൻ  കഴിയുകയുള്ളൂ. അല്ലാത്തവർക്ക്  ഇപ്പോഴുള്ള യുദ്ധങ്ങൾ പണ്ടുള്ള യുദ്ധങ്ങൾപോലെ തന്നെയായിരിക്കും. ഇപ്പോഴുള്ള പ്രകൃതിദുരന്തങ്ങൾ  പണ്ടുള്ളവ പോലെ തന്നെയായിരിക്കും. ഇപ്പോഴുള്ള മഹാമാരികൾ പഴയതിൻറെ ആവർത്തനം മാത്രമായിരിക്കും.  ക്ഷാമവും  പട്ടിണിയും  ഫറവോയുടെ കാലത്തും സംഭവിച്ചിട്ടുണ്ടല്ലോ എന്ന ന്യായീകരണവും അവർ  കണ്ടെത്തും.  വിശ്വാസത്യാഗം  അപ്പസ്തോലന്മാരുടെ കാലത്തും ഉണ്ടായിരുന്നു എന്ന്  അവർ ആശ്വസിക്കും.  ലോകത്തോടുള്ള ആസക്തി മൂലം ശുശ്രൂഷ ഉപേക്ഷിച്ചുപോകുന്നവർ  ( 2 തിമോ 4:9) ആദിമസഭയിലും ഉണ്ടായിരുന്നു എന്ന് അവർ  പറയും.  വെളിപാടുപുസ്തകം മുഴുവൻ  നീറോയുടെ കാലത്തു നടന്ന കാര്യങ്ങളുടെ  വിവരണമാണ് എന്ന്  അവർ വാദിക്കും.എന്നാൽ അവ  അന്ത്യനാളുകളിൽ  ഒരിക്കൽ കൂടി സംഭവിക്കാനിരിക്കുന്നതാണ് എന്ന  ബോധ്യം, അഥവാ ഇന്നു  നടക്കുന്ന കാര്യങ്ങൾ എല്ലാം  കാലത്തിൻറെ അടയാളങ്ങൾ  ആണെന്ന ജ്ഞാനം, അവരിൽ നിന്ന് അകലെയാണ്.

പിതാക്കന്മാർ നിദ്ര പ്രാപിച്ച നാൾ മുതൽ സകലകാര്യങ്ങളും സൃഷ്ടിയുടെ ആരംഭത്തിലുണ്ടായിരുന്ന സ്ഥിതിയിൽ തന്നെ തുടരുന്നുവല്ലോ ( 2 പത്രോസ് 3:4) എന്ന  വ്യാജ ആത്മവിശ്വാസത്തിൽ അവർ കർത്താവിൻറെ  ആസന്നമായ  രണ്ടാം വരവിനെ നിഷേധിക്കും.  അങ്ങനെ സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ അവരുടെ മനസ് ദുർബലമായിരിക്കുമ്പോൾ ആ ദിവസം ഒരു കെണി പോലെ  (ലൂക്കാ 21:34) അവരുടെ മേൽ വന്നു വീഴാതിരിക്കട്ടെ എന്നു പ്രാർഥിക്കാം. 

നമുക്കും  അഹങ്കരിക്കാൻ ഒന്നുമില്ല. കാരണം ‘നിൽക്കുന്നു എന്നു  വിചാരിക്കുന്നവർ വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ’ എന്ന്   ഏതു  കാലത്തെക്കുറിച്ചാണോ പറഞ്ഞിരിക്കുന്നത്,  യുഗങ്ങളുടെ ആ അന്തിമഘട്ടത്തിലാണു  നാം ജീവിക്കുന്നത്  (1 കൊറി  10:11-12). കാലത്തിൻറെ അടയാളങ്ങൾ കർത്താവു  തന്നെ  നമുക്കായി   വെളിപ്പെടുത്തിത്തന്നിട്ടുള്ളതിനാൽ ( മത്തായി 24:3-44,  മർക്കോസ് 13:5-31, ലൂക്കാ  21:7-33) നമുക്ക്‌ ഇനി ന്യായീകരണമില്ല. 

ഇത് ഒരുക്കത്തിൻറെ നാളുകളാണ്.  സംഭവിക്കാനിരിക്കുന്ന ഇവയിൽ നിന്നെല്ലാം രക്ഷപെട്ട്  മനുഷ്യപുത്രൻറെ മുൻപിൽ പ്രത്യക്ഷപ്പെടാൻ വേണ്ട  കരുത്ത്  ലഭിക്കാനായി സദാ പ്രാർത്ഥിച്ചുകൊണ്ടു  ജാഗരൂകരായിരിക്കേണ്ട ( ലൂക്കാ  21:36) കാലം!   ഈ കാലത്തിൻറെ അടയാളങ്ങൾ മനസിലാക്കാതെ പോകുന്ന സഹോദരരെക്കൂടി നമ്മുടെ പ്രാർഥനകളിൽ നമുക്ക് അനുസ്മരിക്കാം. 

( www.divinemercychannel.com)