മാനവരിൽ മഹോന്നതൻ

താൻ കണ്ട ഏറ്റവും ശ്രേഷ്ഠനായ മനുഷ്യനെ  കർത്താവീശോമിശിഹാ  വിളിച്ചതു  സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ ഏറ്റവും വലിയവൻ എന്നാണ്.  അവൻ സഖറിയയ്ക്കും എലിസബത്തിനും   വാർധക്യത്തിൽ ജനിച്ച    മകനായിരുന്നു. അവൻറെ പേരു  യോഹന്നാൻ.  അവൻ ഈ പേരിൽ തന്നെ അറിയപ്പെടണമെന്നതു  ദൈവത്തിൻറെ ഇഷ്ടമായിരുന്നു. പേരുമാത്രമല്ല, യോഹന്നാനെ സംബന്ധിച്ചതെല്ലാം തന്നെ ദൈവത്തിൻറെ ഇഷ്ടമനുസരിച്ചായിരുന്നു സംഭവിച്ചത്. അവനെക്കുറിച്ചുള്ള പ്രവചനം അവൻറെ ജനനത്തിനു മുൻപു  തന്നെ  സഖറിയയ്ക്കു നല്കപ്പെട്ടിരുന്നു. എങ്കിലും അതു  വിശ്വസിക്കാൻ സഖറിയയ്ക്കായില്ല. 

പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്മാരുടെ  വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്ജീകൃതമായ ഒരു ജനത്തെ  കർത്താവിനുവേണ്ടി ഒരുക്കാനും വേണ്ടി ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടും കൂടെ അവൻ കർത്താവിൻറെ മുൻപേ പോകും എന്നായിരുന്നുവല്ലോ  (ലൂക്കാ 1:17) കർത്താവിൻറെ  ദൂതൻ അവനോടു പറഞ്ഞത്. സഖറിയ ഒരു പുരോഹിതനായിരുന്നു.  മാത്രവുമല്ല   ദൈവത്തിൻറെ മുൻപിൽ നീതിനിഷ്ഠനും   കർത്താവിൻറെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവനുമായിരുന്നു അവൻ (ലൂക്കാ 1:6). കർത്താവിനു വഴിയൊരുക്കാൻ  ഏലിയായുടെ ചൈതന്യത്തോടുകൂടെ ഒരു മനുഷ്യൻ വരുമെന്ന പ്രവചനം  സഖറിയയ്ക്ക് അന്യമായിരുന്നില്ല.  എന്നാൽ വാർധക്യത്തിൽ തനിക്കു ജനിക്കാനിരിക്കുന്ന മകനായിരിക്കും ആ മനുഷ്യൻ  എന്ന   ചിന്തയൊന്നും സഖറിയയ്ക്ക് ഉണ്ടായിരുന്നില്ല.

പഴയ നിയമത്തിലെ അവസാനത്തെ പുസ്തകവും പുതിയ നിയമത്തിലെ ആദ്യത്തെ പുസ്തകവും  രചിച്ച കാലഘട്ടങ്ങൾ തമ്മിൽ ഏതാണ്ട് അഞ്ഞൂറു വർഷത്തെ വ്യത്യാസമുണ്ട്. പഴയനിയമത്തെയും പുതിയനിയമത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാണു  സ്നാപകയോഹന്നാൻ. പഴയ നിയമത്തിലെ അവസാനത്തെ പുസ്തകം (മലാക്കി) അവസാനിക്കുന്നത്  ഇപ്രകാരമാണ്.  ‘കർത്താവിൻറെ  മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനു മുൻപു  പ്രവാചകനായ ഏലിയായെ ഞാൻ നിങ്ങളുടെ അടുത്തേക്ക് അയയ്ക്കും. ഞാൻ വന്നു ദേശത്തെ ശാപം കൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന് അവൻ പിതാക്കന്മാരുടെ  ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും (മലാക്കി 4:5,6). പുതിയനിയമത്തില്‍ ആദ്യം  രചിക്കപ്പെട്ട മർക്കോസിൻറെ സുവിശേഷം തുടങ്ങുന്നതു  തന്നെ  സ്നാപകയോഹന്നാനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്.  ‘ഇതാ, നിനക്കുമുൻപേ എൻറെ ദൂതനെ ഞാൻ അയയ്ക്കുന്നു. അവൻ നിൻറെ വഴി ഒരുക്കും. മരുഭൂമിയിൽ വിളിച്ചുപറയുന്നവൻറെ ശബ്ദം: കർത്താവിൻറെ വഴി ഒരുക്കുവിൻ, അവൻറെ പാത നേരെയാക്കുവിൻ എന്ന് ഏശയ്യാ പ്രവാചകൻറെ ഗ്രന്ഥത്തിൽ  എഴുതപ്പെട്ടിരിക്കുന്നതുപോലെ പാപമോചനത്തിനുള്ള അനുതാപത്തിൻറെ ജ്ഞാനസ്നാനം   പ്രസംഗിച്ചുകൊണ്ടു  സ്നാപകയോഹന്നാൻ മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ടു (മർക്കോസ് 1: 2,3,4).

അഞ്ഞൂറു  വർഷത്തെ വിടവു നികത്താൻ ദൈവം തെരഞ്ഞെടുത്ത പാലമായിരുന്നു യോഹന്നാൻ.   കർത്താവ് ഇന്നലെയും ഇന്നും എന്നും ഒരുവൻ തന്നെ. അതുകൊണ്ടാണല്ലോ അവിടുന്ന് യോഹന്നാനു  ധരിക്കാൻ ഒട്ടകരോമം കൊണ്ടുള്ള വസ്ത്രവും  അരയിൽ തോൽപ്പട്ടയും തന്നെ  കൊടുത്തത്. എട്ടു 

 നൂറ്റാണ്ടുകൾക്കപ്പുറം സത്യപ്രവാചകരുടെ വംശം അറ്റുപോയെന്നു തോന്നിപ്പിച്ച  ഒരു കാലത്തു  തനിക്കു  വേണ്ടി എഴുന്നേറ്റുനിന്നു ശബ്ദിച്ച ഒരേയൊരു  പ്രവാചകനു  കർത്താവു ധരിക്കാൻ കൊടുത്തതും  ഒരു  രോമക്കുപ്പായവും  തുകൽ കൊണ്ടുള്ള അരപ്പട്ടയും ആയിരുന്നു. തനിക്കെതിരെ പ്രവചിക്കാൻ ധൈര്യം കാണിച്ച ആ  മനുഷ്യൻറെ വേഷത്തെക്കുറിച്ചു  കേട്ട മാത്രയിൽ  തന്നെ അഹസിയാ  രാജാവു  പറഞ്ഞു; ‘തിഷ്‌ബ്യനായ  ഏലിയാ ആണ് അവൻ’ (2 രാജാ  1:8).

‘അനന്തരം പ്രവാചകനായ ഏലിയാ അഗ്നി പോലെ  പ്രത്യക്ഷപ്പെട്ടു;  അവൻറെ വാക്കുകൾ പന്തം പോലെ ജ്വലിച്ചു’ (പ്രഭാ. 48:1). യോഹന്നാൻറെ വാക്കുകളും  പന്തം പോലെ ജ്വലിക്കുന്നവയായിരുന്നു. ‘അണലി സന്തതികളേ..’ എന്നാണവൻ സ്വന്തം ജനത്തിനെ  വിളിച്ചത്. ആഗ്നേയാശ്വങ്ങളെ  ബന്ധിച്ച രഥത്തിൽ അഗ്നിയുടെ ചുഴലിക്കാറ്റിൽ  സ്വർഗത്തിലേക്കു സംവഹിക്കപ്പെട്ട (പ്രഭാ. 48:9) ഏലിയായുടെ പിൻഗാമിയ്ക്കു  പക്ഷേ സ്വർഗത്തിലേക്കുള്ള വഴി തുറന്നുകൊടുത്തതു  ഹേറോദോസിൻറെ  വാളായിരുന്നു. പിതാവിൻറെ ഹൃദയത്തെ പുത്രനിലേക്കു തിരിക്കുന്നതിനും അങ്ങനെ യാക്കോബിൻറെ ഗോത്രങ്ങളെ പുനസ്ഥാപിക്കുന്നതിനും  വേണ്ടി നിശ്ചിതസമയത്തു തിരിച്ചുവരുമെന്ന്  എഴുതപ്പെട്ടത് (പ്രഭാ 48:10) ബാലിൻറെ നാനൂറ്റമ്പത് പ്രവാചകന്മാർക്കും   ആഹാബ് രാജാവിനും എതിരെ മാത്രമല്ല ജെസബൽ രാജ്ഞിയ്ക്കും അവൾ പോറ്റുന്ന നാനൂറു  വ്യാജപ്രവാചകർക്കും എതിരെക്കൂടി  ഒറ്റയാൾ പട്ടാളമായി കർത്താവിൻറെ യുദ്ധം നയിച്ച് ഇസ്രായേൽ ജനത്തെ  വിശ്വാസത്തിലേക്കു  മടക്കിക്കൊണ്ടുവന്ന    ഏലിയായെക്കുറിച്ചായിരുന്നു. 

യോഹന്നാൻറെ നിയോഗവും രാജാവിനും രാജ്ഞിയ്ക്കുമെതിരെ പ്രവചിക്കുക എന്നതായിരുന്നു.  തെറ്റ് ചെയ്യുന്നതു  ഭരണാധികാരി  ആയാലും പ്രവാചകൻറെ ദൗത്യം അതു തെറ്റാണെന്നു വിളിച്ചുപറയുക എന്നതാണ്. അതിനു കൊടുക്കേണ്ടിവരുന്ന വില തൻറെ തല തന്നെയായിരിക്കും എന്നു  യോഹന്നാൻ നേരത്തെ അറിഞ്ഞിരുന്നു. വെട്ടുക്കിളികളും കാട്ടുതേനും മാത്രം ഭക്ഷിച്ചു   മരുഭൂമിയിലെ വിരസമായ ജീവിതത്തോടു സമരസപ്പെട്ട  ആ പ്രവാചകനു മരിക്കാൻ മടി തോന്നത്തക്കവിധം  ലോകത്തോട്  അത്ര വലിയ മമതയൊന്നും ഇല്ലായിരുന്നു.  യഹൂദൻറെ ഏറ്റവും വലിയ അഭിമാനം തങ്ങൾ അബ്രാഹത്തിൻറെ മക്കൾ ആണെന്നതായിരുന്നു. രണ്ടു സഹസ്രാബ്ദമായി അബ്രാഹത്തിൻറെ മക്കൾ എന്ന നെറ്റിപ്പട്ടം പ്രദർശനവസ്തുവാക്കി കൊണ്ടുനടന്നവരുടെ മേനിപറച്ചിലിൻറെ   കടയ്ക്കൽ തന്നെയാണു  യോഹന്നാൻ കത്തിവച്ചത്.  ഞങ്ങൾക്കു  പിതാവായി അബ്രഹാം ഉണ്ട് എന്നു പറഞ്ഞു നിങ്ങൾ  അഭിമാനിക്കേണ്ട. കാരണം, ഈ കല്ലുകളിൽ നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാൻ ദൈവത്തിനു കഴിയുമെന്നു  ഞാൻ  നിങ്ങളോടു  പറയുന്നു’ (ലൂക്കാ 3:8). തോമാശ്ലീഹായുടെ മക്കൾ എന്ന നെറ്റിപ്പട്ടം രണ്ടായിരം വർഷങ്ങളായി അണിഞ്ഞുകൊണ്ടു നടക്കുന്ന കേരളക്രിസ്ത്യാനികളോടും  സ്നാപകൻ പറയുന്നു.  തോമാശ്ലീഹായുടെ മക്കൾ എന്നതിൽ നിങ്ങൾ അഭിമാനിക്കേണ്ട……. വൃക്ഷങ്ങളുടെ വേരിനു കോടാലിവയ്ക്കപ്പെട്ടുകഴിഞ്ഞു എന്ന  യോഹന്നാൻറെ മുന്നറിയിപ്പു    നമ്മുടെ ഹൃദയത്തിലും ആഴത്തിൽ പതിയണം.

തന്നെ ഏല്പിച്ച ജോലി കൃത്യമായി ചെയ്തു   തൻറെ യജമാനനോടുള്ള വിശ്വസ്തത തെളിയിച്ച  യോഹന്നാനെ പ്രവാചകനേക്കാൾ  വലിയവനെന്നും  സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ ഏറ്റവും വലിയവൻ എന്നും വിളിച്ചുകൊണ്ട് (ലൂക്കാ  7:27-28) കർത്താവ്  ആദരിക്കുകയും ചെയ്തു.

അതെ, മാനവരിൽ മഹോന്നതൻ സ്നാപകയോഹന്നാനാണ്. ലോകത്തോടുള്ള പൂർണമായ നിർമമതയും രാജാവിൻറെ  മുൻപിൽപോലും  കുനിയാത്ത ശിരസും   സത്യം വിളിച്ചുപറയാനുള്ള ചങ്കൂറ്റവും യോഹന്നാനെ വ്യത്യസ്തനാക്കുന്നു.  അന്ത്യനാളുകളിൽ അനേകം യോഹന്നാൻമാർ ഉണ്ടാകണം. വിശുദ്ധർ ലോകത്തെ  വിധിക്കുമെന്നു നിങ്ങൾക്ക് അറിവില്ലേ? (1 കൊറി 6:2) എന്നു പൗലോസ് ശ്ലീഹാ ചോദിക്കുന്നു. ലോകത്തെ വിധിക്കുന്ന യോഹന്നാന്മാർ  ആകണമെങ്കിൽ   ഉറച്ച വിശ്വാസം വേണം. അണലിസന്തതികളേ എന്നു ലോകരെ വിളിക്കണമെങ്കിൽ  നാം സർപ്പങ്ങളെപ്പോലെ വിവേകികൾ മാത്രമല്ല, പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കണം. ആസന്നമായ ക്രോധത്തിൽ നിന്ന് ഓടിയകലാൻ  (ലൂക്കാ 3:7) മറ്റുള്ളവർക്കു   മുന്നറിയിപ്പു നൽകേണ്ടവരാണല്ലോ   നാം.  

മഹത്വപ്രതാപങ്ങളോടെ എഴുന്നള്ളി വരാനിരിക്കുന്ന കർത്താവീശോമിശിഹാ യ്ക്കു  വഴിയൊരുക്കാനുള്ള കടമ അന്ത്യകാല അപ്പസ്തോലന്മാരായ നമ്മുടെ മേൽ വന്നിരിക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞ്     അതനുസരിച്ചു  ജീവിക്കാനുള്ള ഉറച്ച തീരുമാനം എടുക്കേണ്ട നാളുകളാണിവ.  ഹൃദയത്തിൻറെ ഏകാന്തതയാകുന്ന മരുഭൂമിയിൽ   ദൈവസ്വരത്തിനു മാത്രം ചെവികൊടുത്തു   ലളിതജീവിതത്തിലൂടെ ലോകത്തിൻറെ പ്രലോഭനങ്ങളെ ചെറുത്തു   മുന്നേറാനുള്ള കൃപയ്ക്കു വേണ്ടി നമുക്കു  പ്രാർഥിക്കാം. മാനവരിൽ മഹോന്നതനായ സ്നാപകയോഹന്നാൻറെ  മാധ്യസ്ഥം അതിനു നമ്മെ സഹായിക്കട്ടെ.