അപ്പസ്തോലന്മാരുടെ അപ്പസ്തോല – 10

മറിയം – ക്രിസ്തുവിൻറെ ധീരപടയാളി 

‘ നീതിമാന്  ഒരിക്കലും ഇളക്കം തട്ടുകയില്ല. അവൻറെ സ്മരണ  നിലനിൽക്കും. ദുർവാർത്തകളെ അവൻ  ഭയപ്പെടുകയില്ല. അവൻറെ ഹൃദയം  അചഞ്ചലവും കർത്താവിൽ  ആശ്രയിക്കുന്നതുമാണ്. അവൻറെ ഹൃദയം ദൃഢത യുള്ളതായിരിക്കും. അവൻ ഭയപ്പെടുകയില്ല. അവൻ ശത്രുക്കളുടെ പരാജയം കാണും’ (സങ്കീ. 112:6-8).

യേശു  ഫരിസേയരുടെയും നിയമജ്ഞരുടെയും അധികാരികളുടെയും കണ്ണിലെ കരടായി മാറിക്കഴിഞ്ഞിരുന്നു, ഏതുവിധേനയും യേശുവിനെ നശിപ്പിക്കാനുള്ള ഗൂഢാലോചനകൾ  നടന്നുകൊണ്ടിരിക്കുന്നു.  യേശുവിനെ എവിടെക്കണ്ടാലും  ഉടനടി തങ്ങളെ  അറിയിക്കണം എന്ന നിർദേശം അവർ നാട്ടിലെങ്ങും   എത്തിച്ചുകൊടുത്തു. സാൻഹെദ്രീൻ   സംഘാംഗങ്ങളിൽ ബഹുഭൂരിപക്ഷവും   കൂടെ സദുക്കായരും ഹേറോദോസ് പക്ഷക്കാരും   യേശുവിനെ എതിർക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. അവരുടെ നിർദേശമനുസരിച്ചു   പടയാളികളും ദൈവാലയസൈന്യത്തിലെ അംഗങ്ങളും   യേശുവിനെ പിടികൂടാൻ അന്വേഷണവുമായി ഇറങ്ങി. യേശു  വല്ലപ്പോഴുമൊക്കെ തങ്ങുമായിരുന്ന  ഗെത് സമേനിലെ  ഒരു ഗൃഹത്തിലും അവർ അവനെ അന്വേഷിച്ചെത്തി.  യേശുവിനെ കണ്ടെത്താതെ വന്നപ്പോൾ ഗൃഹനായകനെയും കുടുംബാംഗങ്ങളെയും  താക്കീതു ചെയ്തിട്ടാണ് അവർ മടങ്ങിപ്പോയത്.

ഈ വിവരം അറിഞ്ഞ ശിഷ്യന്മാർ പരിഭ്രാന്തരായി. അവർ യേശുവിനു ചുറ്റും കൂടി തങ്ങളുടെ ആശങ്കകൾ അവനോടു തുറന്നുപറഞ്ഞു. എല്ലാം ശാന്തമായി കേട്ടതിനുശേഷം യേശു അവരോടു  പറഞ്ഞു; “നിങ്ങൾ ഭയപ്പെടാതിരിക്കുക.. കാരണം എൻറെ സമയം ഇനിയും  ആയിട്ടില്ല..”  അവൻറെ ആശ്വാസ വചനങ്ങൾ  ശിഷ്യന്മാരുടെ  ഭയമകറ്റാൻ പര്യാപ്‌തമായിരുന്നില്ല. അവർ അത്രമേൽ  പേടിച്ചിരുന്നു എന്നതാണു  സത്യം.  ആരും ഒന്നും മിണ്ടുന്നില്ല. അപ്പോൾ മറിയം  ധൈര്യപൂർവം എഴുന്നേറ്റുനിന്ന് എല്ലാവരോടുമായി ഇങ്ങനെ പറഞ്ഞു; ” വാളോ കുന്തമോ  എൻറെ നേർക്കു  വന്നാലും ഞാൻ ഭയപ്പെടുകയില്ല. അതൊന്നും എന്നെ  യേശുവിൽ നിന്നകറ്റാൻ കാരണമാകില്ല”.. മറ്റുള്ളവർ  പേടിച്ചിരിക്കുമ്പോൾ മറിയം  ഒരു  ധീരയോദ്ധാവിനെപ്പോലെ  ഉറച്ചു നിൽക്കുകയാണ്.  അതുകണ്ടപ്പോൾ മറ്റു ശിഷ്യന്മാർക്കു  മറിയത്തോട്   അസൂയ കലർന്ന നീരസം തോന്നി. അത് അവർ പുച്ഛരസത്തിൽ മുഖം കോട്ടിക്കൊണ്ടു   പ്രകടിപ്പിക്കുകയും ചെയ്തു.

മറിയം  അതൊന്നും വകവയ്ക്കാതെ വീണ്ടും എല്ലാവരും കേൾക്കാൻ പാകത്തിൽ ശബ്ദമുയർത്തിപ്പറഞ്ഞു. ‘ അനർത്ഥങ്ങൾ വന്നാലും യുദ്ധം ഉണ്ടായാലും എൻറെ കർത്താവിനുവേണ്ടി ശുശ്രൂഷ ചെയ്യുന്നതിൽ നിന്നു  ഞാൻ പിറകോട്ടു പോകില്ല.  ഞാൻ ഒട്ടും ഭയപ്പെടുന്നില്ല… പ്രിയസഹോദരന്മാരേ, പ്രശ്നങ്ങളൊന്നുമില്ലാത്തപ്പോൾ ഞങ്ങൾ ക്രിസ്തുവിൻറെ സഹായികളാണെന്നു പറഞ്ഞു നടക്കുന്നതിൽ കാര്യമില്ല. ആപത്തു വരുമ്പോൾ അടിപതറാതെ അവൻറെയൊപ്പം  ഉറച്ചുനിൽക്കുന്നതിലാണു  സ്നേഹം…” എല്ലാവരെയും ശാസനാരൂപത്തിൽ ഒന്നുകൂടി രൂക്ഷമായി നോക്കിയതിനുശേഷം  അവൾ  ഇരുന്നു.  ആരും ഒന്നും പറയുന്നില്ല.  ശിഷ്യന്മാരുടെ ജാള്യത അവരുടെ  മുഖത്തു വ്യക്തമായി കാണാം. മറിയം  അങ്ങനെ  വെട്ടിത്തുറന്നു പറയുമെന്ന്   ആരും പ്രതീക്ഷിച്ചിരുന്നില്ലല്ലോ.

 മറിയം  നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു 

————————————————————-

‘ ആകയാൽ  മക്കളേ, എൻറെ  വാക്കുകൾ ശ്രദ്ധിക്കുവിൻ. എൻറെ മാർഗങ്ങൾ  പിന്തുടരുന്നവർ ഭാഗ്യവാന്മാരാണ്. പ്രബോധനം കേട്ടു  വിവേകികളായിത്തീരുവിൻ. അതിനെ അവഗണിക്കരുത്. എൻറെ പടിവാതിൽക്കൽ അനുദിനം കാത്തുനിന്ന് , എൻറെ വാതിലുകളിൽ ദൃഷ്ടിയുറപ്പിച്ച് എൻറെ വാക്ക് കേൾക്കുന്നവൻ  ഭാഗ്യവാൻ. എന്തെന്നാൽ എന്നെ കണ്ടെത്തുന്നവൻ  ജീവൻ കണ്ടെത്തുന്നു; കർത്താവിൻറെ  പ്രീതി നേടുകയും  ചെയ്യുന്നു’ ( സുഭാ: 8:32-35).

യേശുവും ശിഷ്യന്മാരും യാത്രയിലാണ്.  യാത്രാമധ്യേ  അവർ ബഥാനിയയിൽ  ലാസറിൻറെ ഭവനത്തിൽ കയറുന്നു. അവർ വരുന്ന വിവരം  ലഭിച്ച നിമിഷം തന്നെ  മറിയം   എല്ലാവരേക്കാളും മുൻപേ ഓടി  വീടിൻറെ  പടിവാതിൽ തള്ളിത്തുറന്നു വഴിയിലേക്കു  നോക്കി നിൽക്കുകയാണ്. യേശു വന്നയുടനെ അവൾ  പതിവുപോലെ അവൻറെ പാദങ്ങൾ  ചുംബിച്ചുകൊണ്ട് അവനെ സ്വീകരിച്ചു. യേശു കൈ ഉയർത്തി ഒരു പുഞ്ചിരിയോടെ അവളെ അനുഗ്രഹിച്ചു. അതിനുശേഷം അവൾ ഗുരുവിനെ തങ്ങളുടെ ഭവനത്തിലേക്കു   സ്നേഹാദരപൂർവം  ആനയിച്ചു. അപ്പോഴേക്കും മാർത്തയും പരിചാരകരും എത്തിയിരുന്നു.  അവരെല്ലാവരും ചേർന്ന് യേശുവിനെയും ശിഷ്യന്മാരെയും   പരിചരിക്കുന്നതിൽ വ്യാപൃതരായി.

യേശുവിൻറെ പാദങ്ങൾ  കഴുകാൻ മറിയം  മറ്റാരെയും അനുവദിച്ചില്ല. അവൾ അതൊരു മഹാഭാഗ്യമായി  കരുതി സ്വയം ഏറ്റെടുത്തു.  രക്ഷകൻറെ പാദങ്ങൾ കഴുകി ചുംബിക്കുമ്പോൾ അവൾ  പതുക്കെ മന്ത്രിച്ചുകൊണ്ടിരുന്നു: ” ഓ പരിശുദ്ധമായ പാദങ്ങൾ… എന്നെ  രക്ഷിച്ച എൻറെ കർത്താവിൻറെ പാദങ്ങൾ …. എന്നെ അന്വേഷിച്ച് ഇത്രദൂരം സഞ്ചരിച്ച വിശുദ്ധ പാദങ്ങൾ…..”

അപ്പസ്തോലന്മാർ വിശ്രമത്തിനായി മാറിയപ്പോൾ യേശു  തനിയെ വീടിനു മുൻപിലുള്ള പൂന്തോട്ടത്തിലേക്കു പോയി. അവിടെയുള്ള ഒരു ഇരിപ്പിടത്തിൽ ഇരുന്ന്  അൽപനേരം പൂക്കളുടെ ഭംഗിയും  കിളികളുടെ  പാട്ടും  ആസ്വദിച്ചതിനുശേഷം    പ്രാർത്ഥനയിൽ മുഴുകി. മാർത്തയാകട്ടെ പരിചാരകരോടൊപ്പം മറ്റു  ജോലികളിൽ വ്യാപൃതയായി. എന്നാൽ മറിയം   യേശുവിനെ അനുഗമിച്ചു. അവൾ   തൻറെ ഗുരു ഇരുന്ന ഇരിപ്പിടത്തിനരികിൽ  വെട്ടിയൊരുക്കിയ പുൽത്തകിടിയിൽ യേശുവിൻറെ പാദത്തോടു ചേർന്ന് ഇരുന്നു. ഒരു കുഞ്ഞു  തൻറെ അമ്മയെ നോക്കുന്നതുപോലെ അവൾ  കണ്ണിമയ്ക്കാതെ യേശുവിൻറെ ദൈവികതേജസ്സു വഴിഞ്ഞൊഴുകുന്ന  മുഖത്തേക്കു നോക്കിക്കൊണ്ടിരുന്നു.  യേശു പുഞ്ചിരിയോടെ അവളെ  പഠിപ്പിച്ചുതുടങ്ങി.  പ്രകൃതിയെക്കുറിച്ച്, പരിശുദ്ധ അമ്മയെക്കുറിച്ച്, ജ്ഞാനത്തെക്കുറിച്ച്,  വിശുദ്ധിയെക്കുറിച്ച്, പുണ്യങ്ങളെക്കുറിച്ച്  ഒക്കെ   ഗുരു പറഞ്ഞ ഓരോ വാക്കും  അവൾ ഹൃദിസ്ഥമാക്കിക്കൊണ്ടിരുന്നു.    യേശുവിൻറെ അധരങ്ങളിൽ നിന്നു  വന്ന ഓരോ വാക്കും വിശക്കുന്നവൻറെ  മുൻപിൽ വിളമ്പിയ അപ്പം പോലെ മറിയം  ആർത്തിയോടെ സ്വീകരിച്ചു. തൻറെ ദിവ്യഗുരു പഠിപ്പിച്ച എല്ലാ പാഠങ്ങളും ഒരു നല്ല വിദ്യാർഥിനിയെപ്പോലെ അവൾ  ഹൃദയത്തിൽ സംഗ്രഹിച്ചു.  വചനത്തിനായി ദാഹിക്കുന്ന മറിയം ….. അവൾക്ക് യേശുവിൻറെ  മൊഴികൾ  ഇനിയും കേൾക്കണം.

പെട്ടെന്നു   മാർത്ത അങ്ങോട്ടു  കടന്നുവന്നു.  ഓടിവന്നതിനാലാണെന്നു തോന്നുന്നു അവൾ കിതയ്ക്കുന്നുണ്ട്.  അവൾ അല്പം പരിഭവത്തോടെ വിക്കി വിക്കി ഇങ്ങനെ പറഞ്ഞു; “മറിയം,  നീ ഇപ്പോഴുമിവിടെ ഇരിക്കുകയാണോ? എനിക്ക് എന്തുമാത്രം പണിയുണ്ടെന്നറിയാമോ!  അതിഥികൾക്കായി  എന്തൊക്കെ കാര്യങ്ങൾ ഒരുക്കാനിരിക്കുന്നു!”   ഒരു നിമിഷത്തേക്കു  മാത്രം മാർത്തയുടെ പരിഭവം പറച്ചിലിനു  ചെവി കൊടുത്തതിനുശേഷം  മറിയം  പെട്ടെന്നുതന്നെ  പഴയലോകത്തിലേക്കു തിരിച്ചുപോയി. അവൾ രക്ഷകൻറെ  ദിവ്യവാണികൾ കേട്ട്  ആത്മീയ നിർവൃതിയിൽ ലയിച്ചിരിക്കുകയാണ്. മാർത്തയെ അവൾ ഗൗനിക്കുന്നതേയില്ല.

 അതുകണ്ടപ്പോൾ മാർത്തയുടെ മുഖം  ഗൗരവമുള്ളതായി മാറി. അവൾ തെല്ലു പരിഭവത്തോടെ യേശുവിനോടു  പറഞ്ഞു; ” എന്നെ വന്നു സഹായിക്കുവാൻ അവളോടു ‌  പറയാമോ ഗുരുവേ..?”  യേശു വാത്സല്യത്തോടെ മാർത്തയെ   നോക്കി പുഞ്ചിരിച്ചു. എന്നാൽ അവളുടെ പരിഭവം ഇപ്പോഴും  മാറിയിട്ടില്ല എന്നു  മുഖഭാവത്തിൽ നിന്നു മനസിലാകുന്നുണ്ട്. യേശു സ്നേഹത്തോടെ പറയുകയാണ്; “എൻറെ സഹോദരീ, മാർത്താ, ഇവൾ മടികൊണ്ടല്ല ഇങ്ങനെ എൻറെ  അടുത്ത് ഇരിക്കുന്നത്…   . സ്നേഹം.കൊണ്ടാണ്. … വചനത്തോടുള്ള അവളുടെ സ്നേഹം… ഇത്രയും കാലം നീ ആഗ്രഹിച്ചതും  നിൻറെ സഹോദരി  ദൈവവചനമനുസരിച്ചു   ജീവിക്കണമെന്നും വചനത്തെ അതായതു  വചനമാകുന്ന ദൈവത്തെ  സ്നേഹിക്കണമെന്നും അല്ലായിരുന്നോ? അവൾക്ക് ഇങ്ങനെയൊരു മാറ്റം ഉണ്ടാകാൻ വേണ്ടി നീ എന്തുമാത്രം പ്രാർത്ഥിക്കുകയും ത്യാഗം സഹിക്കുകയും ചെയ്തിട്ടുണ്ട്! അതൊന്നും ഇനി വേണ്ട എന്നു  നീ ചിന്തിക്കുവാൻ തുടങ്ങിയോ?….. ദൈവത്തെ സ്നേഹിക്കുന്നതിൽ  നിൻറെ  സഹോദരി മറിയം  ഇപ്പോൾ മറ്റെല്ലാവരെയുംകാൾ  മുന്നിലായിരിക്കുന്നു  എന്നു  ഞാൻ വീണ്ടും പറയേണ്ട ആവശ്യമുണ്ടോ? അവളിപ്പോൾ ഒരു പുതിയ സൃഷ്ടിയാണ്. അവളെ സമാധാനത്തിൽ വിടുക….. മറിയം  തൻറെ ജോലികളിൽ മാത്രം ശ്രദ്ധിച്ചിരുന്നുവെങ്കിൽ  ഇപ്പോൾ അവൾ  അനുഭവിക്കുന്ന  സമാധാനം  അവൾക്കു കിട്ടുമായിരുന്നോ? … ദൈവത്തെ ആരാധിക്കുന്നതിലൂടെ, സ്നേഹിക്കുന്നതിലൂടെ   അവൾ അതു നേടുകയാണെന്നു നീ മനസിലാക്കുന്നില്ലേ?….. മാർത്താ … മാർത്താ ….  നീ പലതിനെക്കുറിച്ചും ഉൽക്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ..ഒന്നുമാത്രമേ ആവശ്യമുള്ളൂ… മറിയം  നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു… അത് അവളിൽ നിന്ന് എടുക്കപ്പെടുകയില്ല”.

പാവം മാർത്ത!  അവൾ അത്രയ്‌ക്കൊന്നും പ്രതീക്ഷിച്ചില്ല. ഗുരു പറഞ്ഞപ്പോഴാണു  മറിയം  അത്രയും നാൾ  കൊണ്ടു  നേടിയെടുത്തതെന്താണെന്നു   മാർത്തയ്ക്കു   ശരിക്കും   മനസിലായത്. അവൾ   അല്പം ജാള്യതയോടെ ഗുരുവിനെ വണങ്ങിയിട്ടു   വീട്ടിനുള്ളിലേക്ക്, തൻറെ ജോലികളിലേക്ക് തിരിച്ചുനടന്നു. യേശു അവൾ പോകുന്നതുനോക്കി കുറെ നേരം ഇരുന്നു. എന്നിട്ടു മറിയത്തോടു  പറഞ്ഞു; “വരൂ മറിയം,  നമുക്കു  മാർത്തയെ  സന്തോഷിപ്പിക്കാം. നമുക്കു  പോയി അവളെ സഹായിക്കാം”. മാർത്തയെ  വീട്ടുജോലികളിൽ സഹായിക്കാനായി മറിയത്തെ  യേശു പറഞ്ഞുവിട്ടു.  അവൾ  സന്തോഷത്തോടെ മാർത്തയുടെ അടുത്തേയ്ക്കു പോയി. മാർത്തയ്ക്കും സന്തോഷം.

(തുടരും)