നഷ്ടപ്പെട്ട ആടിനെ കണ്ടെത്തുന്ന യേശുക്രിസ്തുവിൻറെ ആനന്ദം
1. തൻറെ നൂറ് ആടുകളിൽ ഒന്നിനെ നഷ്ടപ്പെട്ടപ്പോൾ തൊണ്ണൂറ്റിയൊൻപതിനെയും മരുഭൂമിയിൽ വിട്ടിട്ട്, നഷ്ടപ്പെട്ട ഒന്നിനെ തേടി പോകുകയും അതിനെ കണ്ടെത്തുമ്പോൾ സന്തോഷത്തോടെ തോളിലേറ്റി വീട്ടിലേക്ക് മടങ്ങുകയും, തന്നോടൊപ്പം സന്തോഷിക്കാനായി അയൽക്കാരെ വിളിച്ചുകൂട്ടി ‘എന്നോടുകൂടെ സന്തോഷിക്കുവിൻ, കാരണം എൻറെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു’ എന്ന് പറയുകയും ചെയ്യുന്ന വാത്സല്യമുള്ള ഇടയനാണ് നമ്മുടെ അനുഗൃഹീതനായ രക്ഷകൻ എന്ന് യേശു തന്നെക്കുറിച്ചുതന്നെ പറയുന്നുണ്ട് (വിശുദ്ധ ലൂക്കയുടെ സുവിശേഷം അധ്യായം 15) . ഓ ദിവ്യ ഇടയാ! ആ നഷ്ടപ്പെട്ട ആടു ഞാനായിരുന്നു, എന്നാൽ ഞാൻ പ്രതീക്ഷിച്ചതുപോലെതന്നെ അങ്ങ് എന്നെ അന്വേഷിക്കുകയും അവസാനം കണ്ടെത്തുകയും ചെയ്തിരിക്കുന്നു. എൻറെ പ്രിയപ്പെട്ട കർത്താവേ, ഞാൻ അങ്ങയിൽ നിന്ന് എങ്ങനെ വീണ്ടും അകന്നുപോകും? എന്നാൽ ഇനിയും അത്തരമൊരു നിർഭാഗ്യം എനിക്കു സംഭവിച്ചേക്കാം. ഓ, അത് അനുവദിക്കരുതേ; ഓ യേശുവേ, അങ്ങയെ ഉപേക്ഷിക്കാനും വീണ്ടും നഷ്ടപ്പെടാനും എന്നെ ഒരിക്കലും അനുവദിക്കരുതേ.
2. എന്നാൽ, യേശുവേ! നഷ്ടപ്പെട്ട ആടുകളെ കണ്ടെത്തുമ്പോൾ അങ്ങയോടൊപ്പം സന്തോഷിക്കാൻ സുഹൃത്തുക്കളെയും അങ്ങു വിളിക്കുന്നത് എന്തുകൊണ്ടാണ്? മറിച്ച്, നഷ്ടപ്പെട്ട ആട് അതിൻറെ ദൈവമായ അങ്ങയെ വീണ്ടും കണ്ടെത്തിയതിൽ അതിനോടൊപ്പം സന്തോഷിക്കാനല്ലേ അങ്ങ് അവരെ വിളിക്കേണ്ടത്? എന്നാൽ എൻറെ എളിയ ആത്മാവിനോടുള്ള അങ്ങയുടെ സ്നേഹം വളരെ വലുതാകയാൽ അതിനെ കണ്ടെത്തിയതിലുള്ള അങ്ങയുടെ സന്തോഷത്തെ അങ്ങു വിലമതിക്കുന്നു! എൻറെ പ്രിയപ്പെട്ട രക്ഷകാ, അങ്ങ് എന്നെ കണ്ടെത്തിയതിനാൽ, അങ്ങയുടെ പരിശുദ്ധസ്നേഹത്തിൻറെ അനുഗ്രഹീതമായ കെട്ടുകളാൽ എന്നെ ബന്ധിക്കുക, അങ്ങനെ ഞാൻ എപ്പോഴും അങ്ങയെ സ്നേഹിക്കുകയും ഒരിക്കലും അങ്ങയിൽ നിന്ന് അകന്നുപോകാതിരിക്കുകയും ചെയ്യട്ടെ.
3. പ്രവാചകൻ പറയുന്നു: ‘അനുതപിക്കുകയും കാരുണ്യത്തിനായി നിലവിളിക്കുകയും ചെയ്യുന്ന പാപിയുടെ ശബ്ദം കേൾക്കുന്ന ഉടനെതന്നെ ദൈവം ഉത്തരം നൽകുകയും അവനോടു ക്ഷമിക്കുകയും ചെയ്യുന്നു. നിൻറെ വിലാപസ്വരം കേട്ട് അവിടുന്നു കരുണ കാണിക്കും; അവിടുന്ന് അതു കേട്ടു നിനക്കുത്തരം അരുളും’. ഓ ദൈവമേ, പലപ്പോഴായി അങ്ങയെ മുറിപ്പെടുത്തിയതിന് എൻറെ ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്നു ദുഃഖിച്ചുകൊണ്ടും അങ്ങയുടെ അനുകമ്പയും ക്ഷമയും യാചിച്ചുകൊണ്ടും അങ്ങയുടെ പരിശുദ്ധപാദങ്ങളിൽ വീണുകിടക്കുന്ന എന്നെ കടാക്ഷിക്കണമേ. അങ്ങയുടെ സ്നേഹം നഷ്ടപ്പെട്ട്, അങ്ങയിൽ നിന്ന് അകന്ന് എന്നെ കാണുന്നത് എനിക്ക് ഇനിയൊരിക്കലും സഹിക്കാനാവില്ല. അങ്ങ് അനന്തനന്മയും അനന്തമായ സ്നേഹത്തിന് ഏറ്റവും യോഗ്യനുമാണ്. ഇതുവരെ ഞാൻ അങ്ങയുടെ കൃപയെ പുച്ഛിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ഇപ്പോൾ അതിനെ ഭൂമിയിലെ എല്ലാ രാജത്വത്തെക്കാളും വിലമതിക്കുന്നു. ഞാൻ അങ്ങയെ ദ്രോഹിച്ചതിനാൽ, അങ്ങയുടെ ദൃഷ്ടിയിൽ നിന്ന് എന്നെ തള്ളിക്കളയാതെ, എൻറെ ജീവിതത്തിലെ എല്ലാ ദിവസവും അങ്ങയുടെ മുമ്പിൽ എൻറെ പാപങ്ങളെയോർത്തു വിലപിക്കാൻ ഇടയാക്കുന്ന ഒരു ദുഃഖം എനിക്കു നൽകണമേ. അങ്ങനെ എന്നെ അങ്ങയുടെ തിരുമുൻപിൽ നിന്ന് തള്ളിക്കളയാതെ ഇപ്രകാരം അങ്ങ് എന്നോടു ‘പകരംവീട്ടണമേ’ എന്ന് അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു. കർത്താവേ, ഞാൻ അങ്ങയെ എൻറെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു; അങ്ങയുടെ സ്നേഹത്തോടു ഞാൻ വിശ്വസ്തനായി തുടരുമെന്ന് എനിക്ക് ഉറച്ചു വിശ്വസിക്കാൻ കഴിയാത്തതിനാൽ, അങ്ങ് എൻറെ സഹായവും തുണയും ആകണമേ. ഓ പരിശുദ്ധ കന്യകയേ, അങ്ങയുടെ പരിശുദ്ധ മദ്ധ്യസ്ഥതയാൽ അങ്ങ് എന്നെ സഹായിക്കണമേ