നമ്മുടെ ആത്മാക്കളോട് ദൈവത്തിനുള്ള മഹാസ്നേഹം
1. ദൈവത്തിനു നമ്മുടെ ആത്മാക്കളോടുള്ള സ്നേഹം ശാശ്വതവും അനന്തവുമാണ്. ‘അനന്തമായ സ്നേഹത്തോടെ ഞാൻ നിന്നെ സ്നേഹിച്ചു.’ അതിനാൽ ദൈവം അനാദിമുതലേ എല്ലാ മനുഷ്യാത്മാക്കളെയും സ്നേഹിച്ചു. ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി അവിടുന്നു മറ്റെല്ലാ സൃഷ്ടികളെയും ലോകത്തിൽ പ്രതിഷ്ഠിച്ചു: എല്ലാ കാര്യങ്ങളും തിരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി ഒരുക്കിവച്ചു. അതിൻറെ അവസാനം, ദൈവം തൻറെ ഏകപുത്രനെ നമുക്കുവേണ്ടി മനുഷ്യനാക്കി, നമ്മുടെ ആത്മാക്കളുടെ രക്ഷയ്ക്കായി കുരിശിൽ മരിക്കാൻ ലോകത്തിലേക്ക് അയക്കുകയും ചെയ്തു. ഓ ദൈവമേ, അങ്ങ് അനാദിമുതൽ എന്നെ സത്യമായും സ്നേഹിക്കുകയും എനിക്കുവേണ്ടി മരിക്കുകയും ചെയ്തു, അതിനാൽ എനിക്ക് എങ്ങനെയാണ് നിരന്തരം അങ്ങയെ അതികഠിനമായി വേദനിപ്പിച്ചുകൊണ്ടിരിക്കാൻ കഴിയുക ?
2. നമ്മുടെ ആത്മാക്കളോടുള്ള സ്നേഹത്തെപ്രതി ദൈവത്തിൻറെ ഏകജാതനായ പുത്രൻ അവിടുത്തെ കുരിശുമരണം വഴി നിത്യമരണത്തിൽ നിന്നു നമ്മെ സ്വതന്ത്രരാക്കാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വന്നു; അവിടുത്തെ രക്തത്താൽ നമ്മെ വീണ്ടെടുത്തശേഷം, നഷ്ടപ്പെട്ട ആടുകളെ വീണ്ടെടുത്തതിനാൽ തന്നോടൊപ്പം ആഹ്ളാദിക്കുവാൻ അവിടുന്ന് തൻറെ ദൂതന്മാരെ വിളിച്ചു: ‘നിങ്ങൾ എന്നോടുകൂടെ സന്തോഷിക്കുവിൻ, എൻറെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു’. ഏറ്റവും പ്രിയപ്പെട്ട രക്ഷകാ, അങ്ങ് എന്നെ അന്വേഷിച്ചു വന്നു, എന്നാൽ ഞാൻ ഇതുവരെ എങ്ങനെയാണ് അങ്ങയിൽനിന്ന് ഓടിയകന്നത്!. ഇല്ല, എൻറെ യേശുവേ, ഞാൻ ഇനി മേലിൽ അങ്ങയിൽനിന്ന് ഓടിയകലുകയില്ല. ഞാൻ അങ്ങയെ സ്നേഹിക്കും; ഓ! അങ്ങയുടെ പവിത്രമായ ആശ്ലേഷത്തിൽ ഞാൻ ജീവിക്കുകയും മരിക്കുകയും ചെയ്യേണ്ടതിന് അങ്ങയുടെ പരിശുദ്ധസ്നേഹത്താൽ അങ്ങ് എന്നെ ബന്ധിക്കണമേ.
3. ഇപ്രകാരം നിത്യ പിതാവ് അവിടുത്തെ പുത്രനെ എനിക്കായി നൽകുകയും ആ ദൈവപുത്രൻ എൻറെ ആത്മാവിൻറെ രക്ഷയ്ക്കുവേണ്ടി തൻറെ വിലയേറിയ രക്തവും ജീവനും നൽകുകയും ചെയ്തു; എന്നിട്ടും കൂടെക്കൂടെ ഞാൻ ദൈവത്തിൽനിന്നു പിൻവലിഞ്ഞുകൊണ്ട് ശൂന്യതയെക്കാളും നികൃഷ്ടമായ ഒന്നിനായി അവിടുത്തെയും എൻറെയും മാരകശത്രുവായ പിശാചിന് എന്നെത്തന്നെ വിറ്റു! എൻറെ ദൈവമേ! വാസ്‌തവത്തിൽ, ഞാൻ നഷ്ടപ്പെട്ടുപോകാതിരിക്കാനായി അങ്ങ് ഒന്നും മാറ്റിവയ്ക്കാതെ എല്ലാം എനിക്കായി നൽകി. എന്നാൽ, ഞാൻ ചില വ്യർത്ഥമായ ആഗ്രഹസംതൃപ്തികൾക്കുവേണ്ടി, പല തവണ അങ്ങയുടെ സൗഹൃദവും സ്നേഹവും പരിത്യജിച്ചു. എൻറെ പാപങ്ങളെക്കുറിച്ചു വിലപിക്കാനും എൻറെ ആത്മാവിൻറെ ദൈവമായ അങ്ങയെ സ്നേഹിക്കാനും എനിക്കു സമയം ലഭിക്കേണ്ടതിന് അങ്ങ് എന്നെ ക്ഷമയോടെ സഹിച്ചു. അതിനാൽ, എൻറെ നന്മ മാത്രമായ അങ്ങയെ ഞാൻ സ്നേഹിക്കുകയും പലപ്പോഴും അങ്ങയെ വ്രണപ്പെടുത്തിയതിന് എല്ലാ തിന്മകൾക്കും ഉപരിയായി ദുഃഖിക്കുകയും ചെയ്യും. ഓ! ഇനിമേൽ അങ്ങയുടെ സ്നേഹത്തിൽ നിന്നു വേർപിരിയാൻ എന്നെ അനുവദിക്കരുതേ. എൻറെ നിധിയും, എൻറെ ജീവിതവും, എൻറെ സർവസ്വവുമായ അങ്ങയെ സ്നേഹിക്കുന്നതു ഞാൻ ഒരിക്കലും അവസാനിപ്പിക്കാതിരിക്കാൻ, അങ്ങ് എൻറെ രക്ഷയ്ക്കായി എത്രമാത്രം പ്രവർത്തിച്ചുവെന്നും, അങ്ങ് എന്നോടു കാണിച്ച സ്നേഹം എത്ര വലുതാണെന്നും എന്നെ നിരന്തരം ഓർമ്മിപ്പിക്കണമേ. എന്നെന്നും അങ്ങയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ, അതിനായി, അങ്ങ് ആഗ്രഹിക്കുന്നതുപോലെ എന്നോടു വർത്തിക്കണമേ. മറിയമേ, ദൈവമാതാവേ, അങ്ങയുടെ ദിവ്യപുത്രൻ അങ്ങ് ആവശ്യപ്പെടുന്നതൊന്നും അങ്ങേയ്ക്കു നിഷേധിക്കുന്നില്ലല്ലോ; എൻറെ പാപിയായ ആത്മാവിനെ, അങ്ങയുടെ ദിവ്യപുത്രനു നൽകണമേയെന്നു ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു.