കുമ്പസാരത്തിനു ശേഷം ഒരു ആത്മപരിശോധന

നല്ല കുമ്പസാരത്തിനുള്ള അഞ്ചു വ്യവസ്ഥകളിൽ ഒന്നാമത്തേത് ‘പാപങ്ങളെല്ലാം ക്രമമായി ഓർക്കുക ‘ എന്നതാണല്ലോ. അതായതു കുമ്പസാരത്തിൻറെ തുടക്കം തന്നെ ഒരു ആത്മപരിശോധനയിലാണ്.
എന്നാൽ അത് ഒരു തുടക്കം മാത്രമാണ്. കൂടുതൽ ഗൗരവത്തോടെ നാം ആത്മപരിശോധന ചെയ്യേണ്ടതു കുമ്പസാരത്തിനു ശേഷമാണ്. അതിലേക്കു വരുന്നതിനു മുൻപായി നല്ല കുമ്പസാരത്തിനു വേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നു നോക്കാം.

1. പാപങ്ങളെല്ലാം ക്രമമായി ഓർക്കുന്നത്
2. പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുന്നത്
3. മേലിൽ പാപം ചെയ്യുകയില്ലെന്നു ദൃഢപ്രതിജ്ഞ ചെയ്യുന്നത്
4. ചെയ്തുപോയ പാപങ്ങളെല്ലാം വൈദികനെ അറിയിക്കുന്നത്
5. വൈദികൻ കല്പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്

ഈ അഞ്ചുകാര്യങ്ങളും കൃത്യമായി ചെയ്താൽ മാത്രമേ ഒരു കുമ്പസാരം നല്ല കുമ്പസാരമാവുകയുള്ളൂ. അങ്ങനെയല്ലാത്ത കുമ്പസാരങ്ങളെല്ലാം കള്ളക്കുമ്പസാരങ്ങൾ ആണെന്ന കാര്യം നാം മറന്നുപോകരുത്. കുമ്പസാരത്തിനുശേഷമുള്ള ആത്മശോധനയുടെ ഉദ്ദേശം നാം നടത്തിയ കുമ്പസാരം നല്ല കുമ്പസാരമായിരുന്നോ അതോ കള്ളക്കുമ്പസാരമായിരുന്നോ എന്നു തിരിച്ചറിയാൻ വേണ്ടിയാണ്. അതിനു സഹായിക്കുന്ന ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ.

1. പാപങ്ങളെല്ലാം ഓർത്തെടുക്കാൻ വേണ്ടത്ര സമയം എടുത്തതിനുശേഷമാണോ കുമ്പസാരക്കൂട്ടിലേക്കു പോയത്? അതോ ഒരു വഴിപാടെന്നതുപോലെ പെട്ടെന്ന് ഓർമയിൽ വന്ന കുറച്ചു പാപങ്ങൾ മാത്രമാണോ കുമ്പസാരത്തിൽ ഏറ്റുപറഞ്ഞത്‌? പാപങ്ങൾ നേരത്തെതന്നെ എഴുതിയൊരുങ്ങി കുമ്പസാരിക്കാൻ പോകുന്നത് ഒരു നല്ല ശീലമാണ്. അപ്പോൾ ഒരു പാപവും വിട്ടുപോകാതെ ഓർത്തെടുക്കാൻ സാധിക്കുമല്ലോ.

2. യഥാർത്ഥമായ അനുതാപമോ പശ്ചാത്താപമോ ഇല്ലാതെ നടത്തുന്ന എല്ലാ കുമ്പസാരങ്ങളും കള്ളക്കുമ്പസാരങ്ങളാണ്. പശ്ചാത്താപം ഇല്ലെങ്കിൽ കുമ്പസാരിക്കാൻ പോകാതിരിക്കുകയാണു കൂടുതൽ നല്ലത്. താൻ ചെയ്തതു പാപമാണെന്നും അതുവഴി താൻ ‘ഏറ്റവും നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാൻ യോഗ്യനുമായ ദൈവത്തെ’ വേദനിപ്പിച്ചു എന്നുമുള്ള തിരിച്ചറിവിൽ നിന്നാണു പൂർണമായ അനുതാപം ഉണ്ടാകുന്നത്. അപ്പോൾ ‘പൂർണഹൃദയത്തോടെ മനസ്തപിക്കാനും പാപങ്ങളെ വെറുക്കാനും’ അങ്ങനെ കുമ്പസാരത്തിൻറെ അടുത്ത പടികൾ കയറാനും വളരെ എളുപ്പമാണ്.

3. മേലിൽ പാപം ചെയ്യുകയില്ല എന്ന പ്രതിജ്ഞ കൂടാതെയുള്ള ഏതു കുമ്പസാരവും നിഷ്ഫലമായ അധരവ്യായാമം മാത്രമാണ്. ചെയ്തതു തെറ്റാണ് എന്നറിഞ്ഞിട്ടും വീണ്ടും ആ പാപം ആവർത്തിക്കാനുള്ള തീരുമാനം മനസ്സിൽ സൂക്‌ഷിച്ചുകൊണ്ടു നടത്തുന്ന ഓരോ കുമ്പസാരവും കള്ളക്കുമ്പസാരമാണ്. ഒരു മദ്യപാനിയോ അവിഹിതബന്ധത്തിൽ ജീവിക്കുന്ന വ്യക്തിയോ കൈക്കൂലി വാങ്ങുന്നയാളോ അന്യായമായി പണം സമ്പാദിക്കുന്ന വ്യക്തിയോ ഒക്കെ കുമ്പസാരത്തിനുശേഷവും അതേ പ്രവൃത്തികൾ തന്നെ തുടർന്നും ചെയ്യുമെന്ന ബോധപൂർവമായ തീരുമാനത്തോടെ കുമ്പസാരത്തിൽ അവ ഏറ്റുപറയുമ്പോൾ അവർ കർത്താവിൻറെ കരുണയെ പരിഹസിക്കുകയാണു ചെയ്യുന്നത്. നാം വെറുത്തുപേക്ഷിച്ച പാപങ്ങൾ ദൈവസന്നിധിയിൽ ഏറ്റുപറയുന്ന ഒരു കർമമാണ് കുമ്പസാരം എന്നത് മറക്കരുത്.

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. മനുഷ്യൻ ബലഹീനനായതിനാൽ ഒരു കുമ്പസാരത്തിൽ ഏറ്റുപറഞ്ഞ പാപങ്ങൾ ചിലപ്പോൾ വീണ്ടും ചെയ്തെന്നു വരാം. അതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. പാപസാഹചര്യങ്ങളെ പൂർണമായി ഉപേക്ഷിക്കും എന്ന മനസ്താപപ്രകരണത്തിലെ പ്രതിജ്ഞ നിറവേറ്റാൻ നമ്മെ സഹായിക്കുന്നതു നമ്മുടെ കഴിവോ നിശ്ചയദാർഢ്യമോ അല്ല, മറിച്ച് കർത്താവിൻറെ പ്രസാദവരസഹായം മാത്രമാണ്. കുമ്പസാരത്തിൽ നമുക്ക് ഒരേസമയം രണ്ടു കൃപകൾ ലഭിക്കുന്നുണ്ട്. പാപം മോചിക്കപ്പെടുന്നു എന്നതും അതുപോലെതന്നെ മേലിൽ പാപത്തിൽ വീഴാതിരിക്കാനുള്ള പ്രസാദവരസഹായവും. ഈ പ്രസാദവരസഹായം ഫലപ്രദമായി ഉപയോഗിക്കുമ്പോൾ മാത്രമാണു പാപസാഹചര്യങ്ങളെ ഉപേക്ഷിക്കാൻ നമുക്കു സാധിക്കുന്നത്.

4. ചെയ്തുപോയ പാപങ്ങളെല്ലാം വൈദികനോടു പറയുക എന്നതു കുമ്പസാരത്തിൻറെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. വൈദികൻ കേൾക്കാതിരിക്കാൻ വേണ്ടി സ്വരം കുറച്ചോ അവ്യക്തമായോ പറയുക, ചില പാപങ്ങൾ ബോധപൂർവം വിട്ടുകളയുക, വൈദികനു മനസിലാകാത്ത രീതിയിൽ പാപത്തെക്കുറിച്ചു പറയുക, ഇവയെല്ലാം കുമ്പസാരത്തെ അസാധുവാകുന്ന സാഹചര്യങ്ങളാണ് എന്നു നാം അറിഞ്ഞിരിക്കണം. അനേകം പാപങ്ങൾ ചെയ്ത ഒരു വ്യക്തി അതിൽ ഒരു പാപം മറച്ചുവച്ച്, ബാക്കി എല്ലാ പാപങ്ങളും ഏറ്റുപറയുകയും പുരോഹിതൻ ആ വ്യക്തിക്കു പാപമോചനം നൽകുകയും ചെയ്താലും ആ കുമ്പസാരം കൊണ്ടു യാതൊരു ഫലവുമില്ല. ഏറ്റുപറഞ്ഞതും മറച്ചുവച്ചതും അടക്കം അയാൾ ചെയ്ത എല്ലാ പാപങ്ങളും, അതേപടി നിലനിൽക്കുന്നു എന്നുമാത്രമല്ല, കുമ്പസാരം എന്ന ദൈവത്തിൻറെ കരുണയുടെ മഹാദാനത്തെ നിന്ദിക്കുക എന്ന ഒരു പാപം കൂടി അയാൾ ചെയ്യുന്നു.

5. വൈദികൻ കല്പിക്കുന്ന പ്രായശ്ചിത്തം പാപത്തിൻറെ ഗൗരവത്തിനനുസരിച്ചുള്ള ഒരു ശിക്ഷയല്ല. നമ്മുടെ പാപങ്ങൾ ക്ഷമിച്ച നല്ല ദൈവത്തോടുള്ള ഒരു സമർപ്പണത്തിൻറെ ഭാഗമായി ആ പ്രായശ്ചിത്തം ആത്മാർഥമായി നിറവേറ്റാൻ കുമ്പസാരിക്കുന്ന വ്യക്തി കടപ്പെട്ടിരിക്കുന്നു. പ്രായശ്ചിത്തം നീട്ടിവച്ചാൽ അതു മറന്നുപോകാൻ സാധ്യതയുളളതുകൊണ്ടു കുമ്പസാരം കഴിഞ്ഞാൽ ഉടനെ തന്നെ പ്രായശ്ചിത്തം നിറവേറ്റുന്നതാണ് ഉചിതം.

ഇത്രയും കാര്യങ്ങൾ മനസിൽ വച്ചുകൊണ്ട് ഓരോ കുമ്പസാരത്തിനുശേഷവും നമുക്ക് ആത്മശോധന ചെയ്യാം. പലപ്പോഴും നാം നടത്തുന്ന കുമ്പസാരം വൃഥാവിലാകുന്നു എന്നതിനേക്കാൾ അപകടകരം അസാധുവായ കുമ്പസാരത്തിൽ നാം ഏറ്റുപറഞ്ഞ പാപങ്ങൾ മോചിക്കപ്പെട്ടുകഴിഞ്ഞു എന്ന മിഥ്യാബോധത്തിൽ ജീവിക്കാനും ഒരുപക്ഷേ അതേ ബോധ്യത്തിൽ തന്നെ മരിച്ചുപോകാനും ഇടയുണ്ട് എന്നതാണ്.

പത്തുപ്രമാണങ്ങളും സഭയുടെ കല്പനകളും ഏഴു മൂലപാപങ്ങളും മനസിൽ ഉറപ്പിച്ച് അവയ്‌ക്കെതിരായി ചെയ്ത പാപങ്ങൾ ഓർത്തെടുത്ത്, സാധിക്കുമെങ്കിൽ എഴുതിയൊരുങ്ങി നമുക്കു കുമ്പസാരക്കൂടിനെ സമീപിക്കാം. അവിടെ കർത്താവിൻറെ കരുണ സ്വീകരിക്കാനുള്ള ഒരു വ്യവസ്ഥ കൂടി നാം പാലിക്കേണ്ടതുണ്ട്. അതു നമ്മോടു തെറ്റു ചെയ്തവരോടു ക്ഷമിക്കുക എന്നതാണ്. മറ്റുള്ളവരോടു ക്ഷമിക്കാത്ത വ്യക്തിക്കു ദൈവത്തിൽ നിന്നു ക്ഷമ യാചിക്കാനുള്ള അർഹത ഇല്ല എന്നാണല്ലോ യേശു നമ്മെ പഠിപ്പിച്ചിട്ടുള്ളതും.

കുമ്പസാരത്തിനു ശേഷമുള്ള ആത്മശോധന ഒഴിവാക്കാൻ ഒരൊറ്റ വഴിയേയുള്ളൂ. അതു കുമ്പസാരത്തിനു മുൻപു നന്നായി ആത്മശോധന ചെയ്ത് ഒരുങ്ങുക എന്നതുമാത്രമാണ്. അതിനുള്ള കൃപ നമുക്കെല്ലാവർക്കും ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

(www.divinemercychannel.com)