എല്ലാ പ്രിയപ്പെട്ടവർക്കും ദൈവകരുണയുടെ തിരുനാളിൻറെ ആശംസകൾ നേരുന്നു. ദൈവകരുണയുടെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ലഭിച്ച സന്ദേശങ്ങൾ നമുക്കു സുപരിചിതമാണ്. ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ കുമ്പസാരിച്ച് പരിശുദ്ധ കുർബാന സ്വീകരിക്കുന്നവർക്കു പൂർണമായ പാപപ്പൊറുതി കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 1109). ഈ ദിവസം ജീവൻറെ സ്രോതസിനെ സമീപിക്കുന്നവർക്ക് പാപങ്ങളിൽ നിന്നു മോചനവും ശിക്ഷയിൽ നിന്നു വിടുതലും ലഭിക്കും (ഡയറി 300). ഈ ദിവസം കുമ്പസാരിച്ച് പരിശുദ്ധ കുർബാന സ്വീകരിക്കുന്നവർക്കു പൂർണമായ പാപമോചനവും ശിക്ഷയിൽ നിന്ന് ഇളവും ലഭിക്കും (ഡയറി 699).
നമ്മുടെ പാപങ്ങൾക്കു പരിഹാരം കുരിശിൽ അർപ്പിക്കപ്പെട്ട യേശുവിൻറെ തിരുശരീരവും തിരുരക്തവുമാണല്ലോ. നാം അർഹിക്കുന്ന ശിക്ഷയിൽ നിന്നു നമ്മെ രക്ഷിക്കുന്നതും യേശുക്രിസ്തുവിൻറെ പീഡാസഹനത്തിൻറെയും കുരിശുമരണത്തിൻറെയും ഉത്ഥാനത്തിൻറെയും യോഗ്യതകളാണ്.
അതിൻറെ അനുസ്മരണവും ആഘോഷവുമായ പരിശുദ്ധ കുർബാനയുടെയും അതു യോഗ്യതയോടെ ഉൾക്കൊള്ളാൻ നമ്മെ യോഗ്യരാക്കുന്ന കുമ്പസാരത്തിൻറെയും പ്രാധാന്യം ദൈവകരുണയുടെ തിരുനാളിനോടനുബന്ധിച്ച് യേശു എടുത്തുപറയുന്നുണ്ട്. പരിശുദ്ധ കുർബാനയിൽ ഈശോയുടെ ശരീരവും രക്തവും ആത്മാവും ദൈവത്വവും സത്യമായും സന്നിഹിതമാണ്. അതുകൊണ്ടാണു കുർബാന സ്വീകരണം നമുക്കു പാപപ്പൊറുതിയും പാപകടങ്ങളിൽനിന്നുള്ള മോചനവും നൽകുവാൻ ശക്തമാകുന്നത്.
പരിശുദ്ധ കുർബാനയിൽ നാം യഥാർഥത്തിൽ സമർപ്പിക്കുന്ന ഈശോയുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും തന്നെയാണു കരുണയുടെ ജപമാല ചൊല്ലുമ്പോഴൊക്കെയും നാം ആത്മീയമായി ദൈവത്തിനു കാഴ്ച വയ്ക്കുന്നതും. പരിശുദ്ധ കുർബാനയിൽ സംപ്രീതനായി നമ്മുടെ കടങ്ങൾ ഇളച്ചുതരുന്ന പിതാവായ ദൈവം അതേ കാര്യങ്ങൾ ആത്മീയമായി സമർപ്പിക്കുമ്പോളും നമ്മിൽ സംപ്രീതനാകുമല്ലോ.
കഴിഞ്ഞ ഒൻപതു ദിവസങ്ങളിൽ നടത്തിയ ദൈവകരുണയുടെ നൊവേനയ്ക്കു പുറമേ നമ്മുടെ വലിയനോമ്പും വിശുദ്ധവാരത്തിലെ പ്രത്യേകമായ ആത്മീയ ഒരുക്കങ്ങളും എല്ലാം ദൈവകരുണയുടെ തിരുനാളിനും കൂടിയുള്ള ഒരുക്കങ്ങളായി നാം കാണണം. ദൈവകരുണയുടെ തിരുനാളിൽ പൂർണമായ അനുതാപത്തോടെ കുമ്പസാരിച്ച് മാരകപാപത്തിലും ലഘുപാപത്തിലും നിന്നു വിടുതൽ നേടി, പരിശുദ്ധ കുർബാന സ്വീകരിക്കുകയും ഒരു ദൈവാലയത്തിലോ ചാപ്പലിലോ നടക്കുന്ന ദൈവകരുണയുടെ പ്രാർഥനയിലോ ഭക്താഭ്യാസങ്ങളിലോ പങ്കെടുക്കുകയും ചെയ്തുകൊണ്ട് നമുക്കു ദണ്ഡവിമോചനം സ്വന്തമാക്കാം. അല്ലെങ്കിൽ ദിവ്യകാരുണ്യനാഥൻറെ മുൻപിൽ കുറച്ചുസമയം ചെലവഴിക്കുകയും കരുണയുടെ ഈശോയോടുള്ള പ്രാർഥനകൾ ( ഉദാ: ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു) ചൊല്ലുകയും ചെയ്യാം. കൂടാതെ മാർപ്പാപ്പയുടെ നിയോഗാർത്ഥമുള്ള പ്രാർഥനകളും ചൊല്ലേണ്ടതാണ്.
ദൈവകരുണയുടെ തിരുനാൾ ദിവസം നാം ഓർക്കേണ്ട വലിയൊരു കാര്യം ദൈവത്തിൽ നിന്നു കരുണ ആഗ്രഹിക്കുന്നവർ മറ്റുള്ളവരോടു കരുണ കാണിക്കാനും കടപ്പെട്ടിരിക്കുന്നു എന്നതാണ്. ഈ തിരിച്ചറിവോടെ കാരുണ്യപ്രവൃത്തികൾ ചെയ്തുകൊണ്ടും ദണ്ഡവിമോചനത്തിൻറെ വ്യവസ്ഥകൾ നിറവേറ്റിക്കൊണ്ടും നമുക്ക് ഈ ദൈവകരുണയുടെ തിരുനാൾ ആഘോഷിക്കാം.
ദൈവകരുണയുടെ തിരുനാളുമായി ബന്ധപ്പെട്ട രണ്ടുകാര്യങ്ങളിൽ ചില ആശയക്കുഴപ്പങ്ങൾ പ്രചരിക്കുന്നതുകൊണ്ട് അതുകൂടി പരാമർശിക്കാം എന്നു കരുതുന്നു. ഒന്നാമത്തേത്, ദൈവകരുണയുടെ തിരുനാൾ ദിവസം സഭ അനുവദിച്ചിട്ടുള്ള ദണ്ഡവിമോചനവും തിരുനാൾ യോഗ്യമായ വിധത്തിൽ ആചരിക്കുന്നവർക്ക് ഈശോ വാഗ്ദാനം ചെയ്തിട്ടുള്ള പ്രത്യേക കൃപകളും സംബന്ധിച്ച സംശയങ്ങളാണ്. ദണ്ഡവിമോചനത്തിൻറെ കാര്യം നേരത്തെ സൂപിപ്പിച്ചുകഴിഞ്ഞുവല്ലോ. ദണ്ഡവിമോചനാർത്ഥമുള്ള കുമ്പസാരം ദിവ്യകാരുണ്യ സ്വീകരണത്തിനു മുൻപോ ശേഷമോ ഉള്ള നിശ്ചിതകാലയളവിനുള്ളിൽ നടത്തിയാൽ മതി. പ്രത്യേക കൃപകൾ ലഭിക്കണമെങ്കിൽ തിരുനാൾ ദിനത്തിൽ കുർബാന സ്വീകരിക്കുന്നതിന് മുമ്പുതന്നെ കുമ്പസാരിച്ച് ഒരുങ്ങി കൃപവരാവസ്ഥയിൽ ആയിരിക്കണം എന്ന നിബന്ധനയുണ്ട്. നല്ലകുമ്പസാരവും, ദൈവത്തിൻറെ കരുണയിൽ ആശ്രയിച്ചുകൊണ്ടുള്ള ദിവ്യകാരുണ്യസ്വീകരണവും മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. യേശുവിൻറെ വാഗ്ദാനപ്രകാരമുള്ള ഈ വിശേഷകൃപകൾ നേടിയെടുക്കാൻ സാധിക്കാത്തവർക്കുള്ള മറ്റൊരുപാധിയാണു പൂർണ്ണ ദണ്ഡവിമോചനം നേടുക എന്നത്.
രണ്ടാമത്തെ സംശയം കേരളസഭയിൽ ദൈവകരുണയുടെ തിരുനാളും തോമാശ്ലീഹായുടെ തിരുനാളും ഒരേ ദിവസം വരുന്നതുകൊണ്ട് ഏതാണു കൂടുതൽ പ്രധാനം എന്ന സംശയമാണ്. വളരെ സങ്കടകരമായ കാര്യം എന്താണെന്നുവച്ചാൽ പല ദൈവാലയങ്ങളിലും തോമാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്കിടയിൽ ദൈവകരുണയുടെ തിരുനാളിനെക്കുറിച്ച് ആരും ഓർക്കാറില്ല എന്നതാണ്. ദൈവകരുണയെക്കുറിച്ചു പ്രഘോഷിക്കാൻ കർത്താവ് പ്രത്യേകം ഭരമേല്പിച്ചിരിക്കുന്ന വൈദികരും പലപ്പോഴും ഇക്കാര്യം മറന്നുപോകുന്നു. സത്യത്തിൽ ദൈവകരുണയുടെ തിരുനാൾ ആഘോഷിക്കാൻ തോമാശ്ലീഹായുടെ തിരുനാളായ പുതുഞായറിനേക്കാൾ അനുയോജ്യമായ മറ്റൊരു ദിവസം ഇല്ലതന്നെ. കാരണം ദൈവകരുണയുടെ ഉറവിടം യേശുവിൻറെ തിരുഹൃദയമാണ് എന്നു യേശു തന്നെ ഫൗസ്റ്റീനയ്ക്കു വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. ആ തുറക്കപ്പെട്ട തിരുഹൃദയം ഉത്ഥാനത്തിനു ശേഷം കാണാൻ ഭാഗ്യം ലഭിച്ചതു തോമാശ്ലീഹായ്ക്കു മാത്രമാണ്. അതു സംഭവിച്ചതാകട്ടെ ആദ്യത്തെ പുതുഞായറാഴ്ചയും! ദൈവകരുണയുടെ തിരുനാൾ തോമാശ്ലീഹായുടെ തിരുനാൾ ദിവസം തന്നെ ആഘോഷിക്കാൻ അവസരം ലഭിച്ചവർ എന്ന നിലയിൽ നാം ദൈവത്തിനു നന്ദി പറയണം.
ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന വിശേഷകൃപകൾ നമ്മുടെ ആത്മാവിലെ സകല പാപക്കറകളും കഴുകിക്കളഞ്ഞ് ജ്ഞാനസ്നാനവേളയിൽ നമുക്കു ലഭിച്ച അതേ വരപ്രസാദാവസ്ഥയിലേക്കു നമ്മെ വീണ്ടും കൊണ്ടുവരുന്നു. ഇത് മനസിലാക്കി ദൈവകരുണയുടെ തിരുനാൾ യോഗ്യതയോടെ ആചരിക്കുകയും യേശു വാഗ്ദാനം ചെയ്ത വിശേഷ കൃപകളോ അല്ലെങ്കിൽ സഭയിലൂടെ ലഭിക്കുന്ന പൂർണ്ണ ദണ്ഡവിമോചനമോ നേടുവാനും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
