വിലക്കപ്പെട്ട പഴത്തേക്കാൾ  ശ്രേഷ്ഠമായ പഴം  

 സർപ്പത്തിൻറെ   പ്രലോഭനത്തിൽ വീണ  ഹവ്വ വിലക്കപ്പെട്ട പഴം കഴിക്കുകയും  അത്  ആദത്തിനും കൊടുക്കുകയും ചെയ്തതിൻറെ  ഫലമായി അവർ  രണ്ടുപേരും  പറുദീസയിൽ നിന്നു പുറന്തള്ളപ്പെട്ടു.   എന്തുകൊണ്ടാണു ദൈവം അവരെ  ഏദൻ തോട്ടത്തിൽ നിന്നു പുറത്താക്കിയത് എന്നതിനു  നമ്മുടെ മനസ്സിൽ പെട്ടെന്നു തെളിയുന്ന കാരണം  അവർ ദൈവകൽപന ലംഘിച്ചുകൊണ്ട്,  നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻറെ വൃക്ഷത്തിലെ ഫലം തിന്നതിൻറെ ശിക്ഷയായിരുന്നു  അതെന്നായിരിക്കും. എന്നാൽ അതിനേക്കാൾ പ്രധാനപ്പെട്ട ഒരു കാരണം  അവർ ഭാവിയിൽ  ഇതിനേക്കാൾ ഗുരുതരമായ ഒരു  പാപം ചെയ്യാൻ ഇടവരരുത് എന്ന ദൈവത്തിൻറെ കരുണാമയമായ   മുൻകരുതലായിരുന്നു. 

‘ അനന്തരം അവിടുന്ന് പറഞ്ഞു; മനുഷ്യനിതാ നന്മയും തിന്മയും അറിഞ്ഞു നമ്മിലൊരുവനെപ്പോലെയായിരിക്കുന്നു. ഇനി അവൻ കൈനീട്ടി ജീവൻറെ വൃക്ഷത്തിൽനിന്നുകൂടി പറിച്ചുതിന്ന്  അമർത്ത്യനാകാൻ ഇടയാകരുത്’ (ഉൽ 3:22). അതായിരുന്നു അവരെ  ഏദൻ തോട്ടത്തിൽ നിന്നു  പുറത്താക്കാനുള്ള യഥാർഥ കാരണം. എന്തെന്നാൽ വിലക്കപ്പെട്ട പഴം തിന്നതിനുള്ള  ശിക്ഷ അവർക്കു  നേരത്തെതന്നെ ദൈവം കൊടുത്തുകഴിഞ്ഞിരുന്നു (ഉൽ 3: 16-19).  അവർ  ഭക്ഷിച്ച വിലക്കപ്പെട്ട പഴത്തെക്കാൾ  കൂടുതൽ ശ്രേഷ്ഠമായ  മറ്റൊരു പഴത്തിൽ,  പാപാവസ്ഥയിൽ ആയിരിക്കുന്നിടത്തോളം കാലം  അവർ കൈവയ്ക്കരുത് എന്ന നിർബന്ധം ദൈവത്തിനുണ്ടായിരുന്നു. 

അങ്ങനെയെങ്കിൽ എന്താണു  ജീവൻറെ  വൃക്ഷം? ബൈബിളിലെ ആദ്യത്തെ പുസ്തകമായ ഉല്പത്തിയിൽ   ഒരു തവണ മാത്രം പരാമർശിക്കപ്പെടുന്ന  ജീവൻറെ വൃക്ഷത്തെ  (ഉൽ 3:22) നാം പിന്നെ കാണുന്നതു  അവസാനത്തെ പുസ്തകമായ വെളിപാടിലാണ്  (വെളി 2:7,  22:2, 22:14, 22:19).

ജീവൻറെ  വൃക്ഷം  യേശുക്രിസ്തു തന്നെയാണ്. കാരണം യേശുക്രിസ്തുവിലൂടെ മാത്രമേ നമുക്കു നിത്യജീവൻ പ്രാപിക്കാൻ സാധിക്കുകയുള്ളൂ.  അമർത്ത്യതയുടെ ഔഷധമായി  കർത്താവ് കല്പിച്ചുതന്നിരിക്കുന്നതു  തൻറെ  ശരീരവും രക്തവും തന്നെയാണ്.  ‘നിങ്ങൾ മനുഷ്യപുത്രൻറെ  ശരീരം ഭക്ഷിക്കുകയും  അവൻറെ രക്തം പാനം  ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്കു  ജീവൻ ഉണ്ടായിരിക്കുകയില്ല’ ( യോഹ. 6:53). ഇവിടെ കർത്താവ്  കൃത്യമായും   പരിശുദ്ധകുർബാനയിലേക്കാണു വിരൽ ചൂണ്ടുന്നത്. ഏദൻ  തോട്ടത്തിലെ  ജീവൻറെ വൃക്ഷത്തിൻറെ ഫലം  ഭക്ഷിക്കുന്നതിൽ  നിന്ന് ആദവും  ഹവ്വയും വിലക്കപ്പെട്ടത് അവർ പാപാവസ്ഥയിൽ ആയിരുന്നു എന്നതുകൊണ്ടു മാത്രമായിരുന്നു. അതേ നിബന്ധന മാത്രമേ ക്രിസ്തുവിൻറെ  ശരീരരക്തങ്ങൾ സ്വീകരിക്കുന്നവർക്കും ബാധകമാവുന്നുള്ളൂ.  അതായതു   പരിശുദ്ധ കുർബാന  യോഗ്യതയോടെ  മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ എന്നർത്ഥം.  യേശുക്രിസ്തുവിൻറെ ശരീരവും രക്തവും പാപാവസ്ഥയിൽ  സ്വീകരിച്ച്, പാപാവസ്ഥയിൽ തന്നെ മരിക്കുന്ന വ്യക്തിയുടെ നിത്യത  എപ്രകാരമായിരിക്കും എന്നു  ചിന്തിക്കുക?  തൻറെ മക്കൾ ഒരിക്കലും  ആയിത്തീരരുത് എന്നു ദൈവപിതാവ് മുൻകരുതലെടുത്തതും ഇതേ ജീവൻറെ വൃക്ഷത്തിൽ നിന്നുള്ള ഫലം  ഭക്ഷിക്കുന്ന കാര്യത്തിലായിരുന്നല്ലോ. 

ആദത്തിനും ഹവ്വയ്ക്കും  ജീവൻറെ വൃക്ഷത്തിൽ നിന്നുള്ള പഴം  ഭക്ഷിക്കാൻ  സത്യത്തിൽ ഒരു  തടസവും ഉണ്ടായിരുന്നില്ല.  നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻറെ   വൃക്ഷത്തിൻറെ ഫലം തിന്നരുതെന്ന  വിലക്കേർപ്പെടുത്തുന്ന  സമയത്തും  ജീവൻറെ വൃക്ഷം തോട്ടത്തിൽ ഉണ്ടായിരുന്നു.  എന്നാൽ  ഒരിക്കൽ വിലക്കപ്പെട്ട പഴം തിന്നുകഴിഞ്ഞാൽ  (അതായത് പാപം ചെയ്തുകഴിഞ്ഞാൽ) പിന്നെ ജീവൻറെ വൃക്ഷത്തിൽ നിന്നുള്ള പഴം  ഭക്ഷിക്കാൻ അനുവാദമില്ല.  എന്നിരിക്കിലും പാപം  ചെയ്ത  വ്യക്തിയ്ക്ക് ആത്മാർഥമായി അനുതപിച്ചു  ദൈവത്തിലേക്ക് തിരിച്ചുവരാനും  അതിനുശേഷം ക്രിസ്തുവാകുന്ന ജീവവൃക്ഷത്തിൻറെ ഫലം (പരിശുദ്ധ കുർബാന) ഭക്ഷിക്കുവാനും കഴിയും.  അല്ലാത്തവരെ സംബന്ധിച്ചിടത്തോളം അവർ സ്വീകരിക്കുന്ന പരിശുദ്ധ കുർബാന  അവർക്കു ശിക്ഷാവിധിയ്ക്കു കാരണമാകും. ഇക്കാര്യം പൗലോസ് അപ്പസ്തോലൻ  വളരെ  വ്യക്തമായി  നമ്മെ പഠിപ്പിക്കുന്നുണ്ട് (1 കൊറി 11:29).

കുമ്പസാരക്കൂടിനു  മുൻപിൽ കാണാത്ത  ജനത്തിരക്ക് പരിശുദ്ധ കുർബാന സ്വീകരിക്കാൻ കാണുന്നുണ്ടെകിൽ അതൊരു ദുരന്തസൂചനയാണ്.  തൻറെ ഛായയിലും സാദൃശ്യത്തിലും  സൃഷ്ടിച്ച  മനുഷ്യനെ   തൻറെ സന്നിധിയിൽ നിന്ന് അകറ്റിനിർത്തിക്കൊണ്ടുപോലും   ഒഴിവാക്കാൻ  ദൈവം ആഗ്രഹിച്ച മഹാദുരന്തം.  ആ ദുരന്തത്തിൻറെ വഴിയേ ആരും പോകാതിരിക്കാൻ വേണ്ടി നമുക്കു പ്രാർഥിക്കാം. 

ഓ, ദിവ്യകാരുണ്യ ഈശോയേ, പരിശുദ്ധകുർബാന അനുദിനം യോഗ്യതയോടെ ഉൾക്കൊള്ളാനുള്ള വരം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയുടെ തിരുശരീരവും  തിരുരക്തവും ഞങ്ങൾക്കു ശിക്ഷാവിധിയ്ക്കു കാരണമാകാതെ കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും നിത്യജീവനും കാരണമാകട്ടെ. ആമേൻ.