ഇരട്ട പൗരത്വം

ലോകത്തിലെ പല  രാജ്യങ്ങളും  ഇരട്ട പൗരത്വം അനുവദിക്കുന്നുണ്ട്.  എന്നാൽ ദൈവത്തിൻറെ രാജ്യത്തിൽ അത് അനുവദിച്ചിട്ടില്ല. അവിടെ ഒരാൾക്ക് ഒരേസമയം ഒരു പൗരത്വം മാത്രമേ അനുവദിച്ചിട്ടുള്ളൂ.  നമ്മുടെ പൗരത്വം സ്വർഗത്തിലാണ് എന്ന പൗലോസ് ശ്ലീഹായുടെ ഓർമ്മപ്പെടുത്തൽ (ഫിലിപ്പി  3:20) ഇതിനോടു ചേർത്തുവായിക്കണം. ദൈവത്തെയും മാമോനെയും  സേവിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല ( മത്തായി  6:24) എന്ന ക്രിസ്തുവചനം  സ്വർഗരാജ്യത്തെ ലക്ഷ്യമാക്കി ജീവിതത്തെ ക്രമപ്പെടുത്താനുള്ള  ആഹ്വാനമാണ്. ധനാസക്തിയുടെ രാജ്യവും അതിൻറെ രാജാവായ  മാമോനും എക്കാലത്തും ദൈവരാജ്യത്തിൻറെ ശത്രുക്കളായിരുന്നു.  എന്നുമാത്രമല്ല,  വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നതുപോലെ ‘ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണം’ ( 1 തിമോത്തി  6:10) എന്നു  പറയത്തക്കവിധം മാമോൻറെ രാജ്യത്തിൻറെ സ്വാധീനം ലോകത്തിൽ അത്രയധികം  ശക്തമാണ്.

എന്നാൽ മാമോൻറെ രാജ്യത്തിനു  പുറമെ മറ്റനേകം രാജ്യങ്ങളും ക്രിസ്തുവിൻറെ രാജ്യത്തിന് എതിരുനിൽക്കുന്നവയാണ് എന്ന കാര്യം മറന്നുപോകരുത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ നാം ഇന്നു  കാണുന്ന ഏതാണ്ടെല്ലാ രാജ്യങ്ങളും തന്നെ   ദൈവരാജ്യത്തിനെതിരാണ്. കാരണം അവയെയെല്ലാം ഭരിക്കുന്നതും നിയന്ത്രിക്കുന്നതും ഈ ലോകത്തിൻറെ അധികാരിയാണ് (യോഹ  14:30).  അവയുടെ ഒരു ചുരുക്കപ്പട്ടിക പൗലോസ്  അപ്പസ്തോലൻ ഇങ്ങനെ കൊടുത്തിരിക്കുന്നു.  അനീതി പ്രവർത്തിക്കുന്നവർ, അസാന്മാർഗികൾ, വിഗ്രഹാരാധകർ, വ്യഭിചാരികൾ,  സ്വവർഗഭോഗികൾ,  കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, പരദൂഷകർ, കവർച്ചക്കാർ  എന്നിവരാരും  ദൈവരാജ്യം അവകാശമാക്കുകയില്ല (1 കൊറി   6:9-10). അശുദ്ധി, ദുർവൃത്തി, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം,  മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദിരോത്സവം എന്നിവയെ കൂട്ടിച്ചേർത്തുകൊണ്ട് അപ്പസ്തോലൻ ഈ പട്ടികയെ വിപുലമാക്കുന്നുമുണ്ട് (ഗലാ  5:19-21).

സാത്താൻറെ ഈ രാജ്യങ്ങളുമായുള്ള യുദ്ധത്തിൽ വിജയം വരിച്ച് അവൻറെ  എല്ലാ ഭരണവും അധികാരവും ശക്തിയും നിർമാർജനം ചെയ്ത്  രാജ്യം  പിതാവായ ദൈവത്തിനു  സമർപ്പിക്കാനായി യേശുക്രിസ്തു വീണ്ടും വരുമ്പോൾ നരകരാജ്യത്തിലെ പൗരത്വം സ്വയം  സ്വീകരിച്ചവരെല്ലാവരും തീയും ഗന്ധകവും എരിയുന്ന അഗ്നിത്തടാകത്തിലെ നിത്യവാസത്തിനായി അയയ്ക്കപ്പെടും (വെളി  21:8).

എന്നാൽ നമുക്കുവേണ്ടി ഒരുങ്ങുന്ന  സ്വർഗരാജ്യത്തിലെ രാജാവ് യേശുക്രിസ്തുവാണ്.  അവൻറെ രാജ്യത്തിൽ പ്രവേശിക്കാനുള്ള ഒരേയൊരു വഴി അവൻ നടന്ന അതേ വഴിയിൽ കൂടി  നടക്കുക എന്നതാണ്.  ‘അവനിൽ  വസിക്കുന്നെന്നു പറയുന്നവൻ അവൻ നടന്ന അതേ  വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു’ (1 യോഹ  2:6). ആ വഴിയാകട്ടെ  ലോകത്തിൻറെ വഴിയല്ല, അതിൽ നിന്നു വേർപെട്ട മറ്റൊരു ജീവിതശൈലിയാണ്.  ആ വഴിയെക്കുറിച്ച്  അപ്പസ്തോലൻ ഇങ്ങനെ പറയുന്നു. ‘ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങൾ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാൽ പിതാവിൻറെ സ്നേഹം അവനിൽ ഉണ്ടായിരിക്കുകയില്ല’ (1 യോഹ  2:15). ലോകരാജ്യം നശ്വരമാണ്. എന്നാൽ സ്വർഗരാജ്യം എന്നേക്കും നിലനിൽക്കുന്നു. ‘ ലോകവും അതിൻറെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവർത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനിൽക്കുന്നു’ (1 യോഹ  2:17).

ഒരേസമയം ദൈവരാജ്യത്തിലെയും  സാത്താൻറെ രാജ്യത്തിലെയും  പൗരന്മാരായിരിക്കാൻ സാധിക്കുമെന്നതു തികഞ്ഞ  മൂഢചിന്തയാണ്.  അങ്ങനെ ചിന്തിച്ച   ഇസ്രായേൽ ജനത്തോട് ഏലിയാ പ്രവാചകൻ ചോദിച്ച ചോദ്യം ഇന്നു  കൂടുതൽ പ്രസക്തമാണ്. ‘നിങ്ങൾ  എത്രനാൾ രണ്ടുവഞ്ചിയിൽ കാൽവയ്ക്കും? കർത്താവാണു ദൈവമെങ്കിൽ അവിടുത്തെ അനുഗമിക്കുവിൻ; ബാലാണു ദൈവമെങ്കിൽ അവൻറെ പിന്നാലെ പോകുവിൻ’ ( 1 രാജാ  18:21).

നശ്വരമായ ലോകരാജ്യത്തിലെ നൈമിഷികമായ സുഖങ്ങൾ   അനശ്വരമായ സ്വർഗരാജ്യത്തിലെ പൗരത്വത്തിനായി അടിയറവയ്ക്കാൻ തയാറാകുന്നവരെയാണു  വിശുദ്ധഗ്രന്ഥം  വിജയം വരിക്കുന്നവരുടെ പട്ടികയിൽ  ചേർക്കുന്നത്. ഓർക്കുക, ‘ഇവിടെ നമുക്കു   നിലനിൽക്കുന്ന  നഗരമില്ല; വരാനുള്ള നഗരത്തെയാണല്ലോ നാം അന്വേഷിക്കുന്നത്’ ( ഹെബ്രാ  13:14).ആ നഗരമാകട്ടെ മറ്റൊരിടത്തെ പൗരത്വം അനുവദിക്കുകയുമില്ല.  അവിടെ പ്രവേശനം ലഭിക്കാനായി നാം നമ്മോടുതന്നെ  ബലപ്രയോഗം നടത്തണം എന്നതും  നിശ്ചയം (മത്തായി 11:12).   ആ  യുദ്ധത്തിൽ വിജയം വരിക്കുന്നവർക്കുള്ള നിത്യസമ്മാനമാണു സ്വർഗത്തിലെ ഇളക്കമില്ലാത്ത പൗരത്വം.  ക്രിസ്തു ലോകത്തിൻറേതല്ലാത്തതുപോലെതന്നെ  അവരും ലോകത്തിൻറേതല്ല (യോഹ.  17:16). എങ്കിലും അവർ ലോകത്തിലായിരിക്കുമ്പോൾ  അവരെ ദുഷ്ടനിൽ നിന്നു കാത്തുകൊള്ളണമേ (യോഹ 17:15) എന്ന   പിതാവിനോടുള്ള യേശുവിൻറെ പ്രാർഥനയാണ് അവരുടെ ബലം. ദൈവപുത്രൻ അപ്രകാരം അവരെ സംരക്ഷിക്കുമ്പോൾ ദുഷ്ടൻ അവരെ തൊടുകയില്ല (1 യോഹ  5:18).

ലോകം മുഴുവനെയും തൻറെ ശക്തിവലയത്തിൽ ആക്കിയിരിക്കുന്ന (1 യോഹ 5:19) ദുഷ്ടപിശാചിൻറെ    പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള ശക്തിക്കായി  നമുക്കു പ്രാർഥിക്കാം.