തീ പോലെയിറങ്ങണമേ……..

ഈ അടുത്ത കാലത്തായി ധ്യാനപ്രസംഗങ്ങളിലും സുവിശേഷപ്രഘോഷണങ്ങളിലും കൂടുതലായി കേട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണു   പരിശുദ്ധാത്മാഭിഷേകം.    പല ധ്യാനഗുരുക്കന്മാരും  ആത്മീയപ്രഭാഷകരും  സുവിശേഷപ്രഘോഷകരും  ഒരു രണ്ടാം പന്തക്കുസ്തായ്ക്ക് ഒരുങ്ങേണ്ടതിൻറെ  ആവശ്യകതയെക്കുറിച്ച്  നിരന്തരം പ്രസംഗിക്കുന്നതു  നമ്മുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും.

അവരുടെ പ്രസംഗങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും.  പരിശുദ്ധാത്മാഭിഷേകം നേടിയെടുക്കുക എന്നത് ഒരു അടിയന്തരാവശ്യമായാണ് അവർ പറയുന്നത്. അതു  ശരിയുമാണ്. കാരണം  ഇനി വരാനിരിക്കുന്ന ദിവസങ്ങളിൽ പരിശുദ്ധാത്മാവിൻറെ  അഭിഷേകമില്ലാതെ  മുന്നോട്ടുപോകുക എന്നത്  ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. നമ്മുടെ കാലത്തിൻറെ  പ്രത്യേകതകൾ ശ്രദ്ധിക്കുന്നവർക്കറിയാം ഇന്നലെ വരെ നാം കണ്ട ലോകമല്ല ഇന്നുള്ളത്. കോവിഡ് രോഗം മാറിയാലും ഇല്ലെങ്കിലും  ഇനിയങ്ങോട്ട് പുതിയൊരു ജീവിതരീതിയിലേക്കു  മാറാൻ നാം  നിർബന്ധിതരായിത്തീരും എന്നതാണു  സത്യം.

പുതിയ ജീവിതരീതി എന്നു  പറയുമ്പോൾ  വ്യക്തികളുടെ സ്വാതന്ത്ര്യം ഇല്ലാതാവുകയും ഭരണകൂടത്തിൻറെ  അധികാരം  അനിയന്ത്രിതമായി വർധിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമായിരിക്കും അത്. സത്യം 

 തുറന്നുപറഞ്ഞാൽ  നിങ്ങൾ നോട്ടപ്പുള്ളിയായി മാറുന്ന കാലം! വൈറസിനെക്കുറിച്ചോ രോഗബാധയുടെ പിന്നിലുള്ള ഗൂഢാലോചനകളെക്കുറിച്ചോ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്താൽ നിങ്ങളെ ജയിലിലടക്കാം.   യൂട്യൂബിലൊ  ഫേസ്ബുക്കിലോ സത്യം തുറന്നെഴുതിയാൽ   നിങ്ങളുടെ  അക്കൗണ്ട്  ബ്ലോക്ക് ചെയ്യപ്പെടാം.  പല പ്രതിരോധകുത്തിവയ്പുകളും ശരീരത്തിന് അപകടകരമാണെന്ന  സത്യം വിളിച്ചുപറഞ്ഞാൽ നിങ്ങൾ ദേശദ്രോഹിയാണെന്നു  മുദ്രകുത്തപ്പെടാം.

വെളിപാട് പുസ്തകം 13:16-18ൽ പ്രവചിക്കപ്പെട്ടതും   അന്ത്യനാളുകളിൽ  സർവമനുഷ്യരുടേയും  ശരീരത്തിൽ ഘടിപ്പിക്കാൻ നിർബന്ധിക്കപ്പെടുന്നതുമായ  എതിർക്രിസ്തുവിൻറെ  മുദ്രയെ നേരിടേണ്ട തലമുറയാണു  നാമെന്ന സത്യം     വിളിച്ചുപറഞ്ഞാൽ നിങ്ങൾ മതമൗലികവാദിയായി  ചിത്രീകരിക്കപ്പെടാം. ഇനി വരുന്ന ദിവസങ്ങൾ രൂക്ഷമായ  പ്രകൃതിദുരന്തങ്ങളുടെയും കഠിനക്ഷാമത്തിൻറെയും  യുദ്ധങ്ങളുടെയും   കൃഷിനാശത്തിൻറെയും മാരകമായ പകർച്ചവ്യാധികളുടെയും കാലമാണെന്നു   പറഞ്ഞാൽ നിങ്ങൾ  കത്തോലിക്കനേയല്ല,  മറിച്ചു   ജനങ്ങളെ ഭയപ്പെടുത്തുന്ന ഏതെങ്കിലും അന്ത്യകാല സെക്റ്റിൽ പെട്ട ആളാണെന്ന് ആരോപിക്കപ്പെടാം.

 സോഷ്യൽ മീഡിയയിലെയും ഫോണിലെയും വിവരങ്ങൾ  ചോർത്താനും മനുഷ്യരെ  ട്രാക്ക് ചെയ്യാനും  ഉള്ള സംവിധാനം ഉണ്ടെന്നും അത് അന്ത്യകാലങ്ങളിൽ സംഭവിക്കുമെന്നു  വിശുദ്ധഗ്രന്ഥത്തിൽ പ്രവചിക്കപ്പെട്ടിട്ടുള്ള സംഭവങ്ങളുടെ പൂർത്തീകരണത്തിലേക്കാണു  നയിക്കുന്നതെന്നും പറഞ്ഞാൽ  നിങ്ങൾ ഭ്രാന്തനാണെന്നു  മുദ്രകുത്തപ്പെടും.  ഐക്യരാഷ്ട്രസഭയും അതിൻറെ  കീഴിലുള്ള  പ്രസ്ഥാനങ്ങളും  ബൈബിളിൽ പ്രവചിക്കപ്പെട്ടിട്ടുള്ള ഒരു ഏകലോകഭരണക്രമത്തിലേക്കാണു  ലോകത്തെ നയിക്കുന്നതെന്നും അവരുടെ  ചായ്‌വ് തിന്മയിലേക്കാണെന്നും വിളിച്ചുപറഞ്ഞാൽ  ആരും നിങ്ങളെ അഭിനന്ദിക്കാനുണ്ടാകില്ല. 

യേശു പല ദൈവങ്ങളിൽ ഒരാളല്ല, മറിച്ച്  ഉയിർത്തെഴുന്നേറ്റ  ദൈവപുത്രനും ഏകരക്ഷകനും  ആണെന്നു  പറഞ്ഞാൽ  അതു കേൾക്കുന്ന ക്രിസ്ത്യാനികൾ പോലും നിങ്ങളെ  പരിഹസിക്കുന്ന കാലം വന്നുകഴിഞ്ഞു.  ഇത്തരമൊരു  പരിതസ്ഥിതിയിൽ നാം യേശുവിൻറെ  മഹത്വപൂർണ്ണമായ  രണ്ടാം വരവിൻറെ  തൊട്ടുമുൻപിലുള്ള ദിവസങ്ങളിലാണു  ജീവിക്കുന്നത് എന്നും നമുക്കുചുറ്റും സംഭവിക്കുന്ന എല്ലാ കാര്യങ്ങളും അതിൻറെ  അടയാളങ്ങൾ ആണ്  എന്നുമുള്ള സത്യം  വിളിച്ചുപറയാൻ എത്രപേർക്കു  ധൈര്യം ഉണ്ടാകും? ഇവിടെയാണു  ശക്തമായ പരിശുദ്ധാത്മാഭിഷേകത്തിൻറെ  ആവശ്യകത.  ഫാദർ സ്‌റ്റെഫാനോ ഗോബിക്ക് 1991 ജൂൺ  എട്ടാം തിയതി  കൊടുത്ത സന്ദേശത്തിൽ പരിശുദ്ധ കന്യകാമറിയം ഇപ്രകാരം പറഞ്ഞു;

“നിങ്ങൾ ഇപ്പോൾ രണ്ടാം പന്തക്കുസ്തയുടെ  നാളുകളിലേക്കു  പ്രവേശിച്ചിരിക്കുകയാണ്………

പരിശുദ്ധാത്മാവു  ദൈവവചനത്തിൻറെ  രഹസ്യങ്ങളിലേക്കു  നിങ്ങളെ നയിക്കുകയും, നിങ്ങളിപ്പോൾ  ജീവിക്കുന്ന കാലഘട്ടത്തെപ്പറ്റി സുവിശേഷത്തിൽ  പറഞ്ഞിരിക്കുന്നതെല്ലാം  മനസിലാക്കത്തക്കവണ്ണം  നിങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും ചെയ്യും………….. യേശുക്രിസ്തുവിൻറെ  മഹത്വമേറിയ  രണ്ടാമത്തെ വരവിൻറെ  മുന്നോടിയായി നമ്മെത്തന്നെ ഒരുക്കുന്ന അവസാനസംഭവങ്ങളുടെ  കാലമാണിത് ……… 

പരിശുദ്ധാത്മാവ്  യേശുവിൻറെ   രണ്ടാമത്തെ വരവിനുവേണ്ടി നിങ്ങളുടെ  ഹൃദയത്തെയും ആത്മാവിനെയും സജ്ജമാക്കുന്നു………..എന്തെന്നാൽ നവയുഗത്തിൻറെ   മുന്നോടിയായ അന്ത്യകാലഘട്ടത്തിലേക്കു  നിങ്ങൾ പ്രവേശിച്ചിരിക്കുന്നു……….”

വാഗ്ദാനം ചെയ്യപ്പെട്ട   ദ്വിതീയപെന്തക്കുസ്തയെ നാം കാത്തിരിക്കുന്ന ഈ നാളുകളിൽ   പരിശുദ്ധാത്മാഭിഷേകം പ്രാപിക്കേണ്ടതിൻറെ   പ്രാധാന്യം ഇനിയും എടുത്തുപറയണോ?   ഈ അവസാനമണിക്കൂറിലെങ്കിലും അതിനായി പ്രയത്നിക്കുന്നവർ  ഭാഗ്യവാന്മാർ.     പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെന്നല്ല, പ്രാർത്ഥിക്കാൻ പോലും ബുദ്ധിമുട്ടാകുന്ന നാളുകളാണു  മുന്നിലുള്ളതെന്നു  പറഞ്ഞാൽ  അതു  മനസിലാക്കണമെങ്കിലും പരിശുദ്ധാത്മാവു  കനിയണം.

അതുതന്നെയാണ്  ഈ ആഹ്വാനത്തിൻറെ  പ്രസക്തിയും.  പരിശുദ്ധാത്മാഭിഷേകത്തിനായി നമുക്കു   പ്രാർത്ഥിച്ചൊരുങ്ങാം.  ഇനിയൊരു ബലിയർപ്പിക്കുവാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ എന്ന പ്രാർത്ഥനയോടെ ബലിപീഠത്തോടു  വിടവാങ്ങുന്നവരാണല്ലോ നാം. ഇനിയൊരു പരിശുദ്ധാത്മാഭിഷേകത്തിന് അവസരം കിട്ടുമോ  എന്നും നമുക്കറിഞ്ഞുകൂടാ. അതുകൊണ്ട്  ഇപ്പോൾ നമുക്കു  കൂടുതൽ തീക്ഷ്ണതയോടെ പ്രാർത്ഥിക്കാം.  പരിശുദ്ധാത്മാഭിഷേകം കിട്ടിയേ തീരൂ എന്ന നിർബന്ധബുദ്ധിയോടെ പ്രാർത്ഥിക്കാം.   ‘സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല!’ ( ലൂക്കാ  11:13) എന്നു പറഞ്ഞുകൊണ്ടു    കർത്താവീശോമിശിഹാ  തന്നെ പരിശുദ്ധാത്മാഭിഷേകത്തിനായി പ്രാർഥിക്കാൻ നമ്മെ ആഹ്വാനം  ചെയ്യുന്നുണ്ടല്ലോ.

എന്നേക്കും  നമ്മോടു കൂടെയായിരിക്കാൻ   പരിശുദ്ധാത്മാവാകുന്ന സഹായകനെ വാഗ്ദാനം ചെയ്ത  യേശു നമ്മെയെല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.