തിരഞ്ഞെടുക്കപ്പെട്ടവരുടെ വിധി
1. ‘എൻറെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ’. വിജയദിനത്തിൽ ദൈവത്തെ സ്നേഹിച്ചവർക്ക് അനുകൂലമായി പ്രഖ്യാപിക്കപ്പെടുന്ന മഹത്തായ വിധി വാചകം ഇതായിരിക്കും. താൻ ദൈവത്താൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒരാളാണെന്ന് വിശുദ്ധ ഫ്രാൻസിസ് അസ്സീസിയ്ക്കു നേരത്തെതന്നെ വെളിപ്പെടുത്തപ്പെട്ടിരുന്നു. ആ അറിവ് നൽകിയ ആശ്വാസത്താൽ അദ്ദേഹം ഏറെക്കുറെ മരിച്ചതുപോലെയായിത്തീർന്നു! അപ്പോൾ, ‘അനുഗ്രഹിക്കപ്പെട്ട മക്കളേ നിങ്ങൾ വരുവിൻ, നിങ്ങളുടെ ദിവ്യപിതാവിൻറെ പൈതൃകമായ അവകാശം കൈവശമാക്കുവിൻ; വന്ന് അവിടുത്തോടൊപ്പം സ്വർഗത്തിൽ എന്നേക്കും വാഴുവിൻ ‘ എന്ന് യേശുക്രിസ്തു തൻറെ തിരഞ്ഞെടുക്കപ്പെട്ടവരെ ക്ഷണിക്കുന്നതു കേൾക്കുമ്പോൾ അവരുടെ സന്തോഷം എത്രയധികമായിരിക്കും! ഓ ദൈവമേ, എൻറെ പാപത്താൽ എത്രയോ തവണ അങ്ങയുടെ അനുഗ്രഹീതമായ രാജ്യം ഞാൻ നഷ്ടപ്പെടുത്തി! എന്നാൽ യേശുവേ, ഞാൻ അതു വീണ്ടെടുക്കുമെന്നു പ്രതീക്ഷിക്കാൻ അങ്ങയുടെ അമൂല്യയോഗ്യതകൾ എന്നെ പ്രോത്സാഹിപ്പിക്കുന്നു. എൻറെ പ്രിയപ്പെട്ട രക്ഷകാ, ഞാൻ അങ്ങയിൽ ശരണപ്പെടുകയും അങ്ങയെ സ്നേഹിക്കുകയും ചെയ്യുന്നു.
2. ഓ, സിംഹാസനങ്ങളിൽ തങ്ങൾ ഇരിക്കുന്നതും, ദൈവികമായ ആനന്ദത്തിൽ, ഒരിക്കലും ദൈവത്തിൽ നിന്നു വേർപിരിയപ്പെടുമെന്ന ഭയമില്ലാതെ എന്നെന്നേക്കുമായി ഐക്യപ്പെട്ടിരിക്കുന്നതും, കാണുമ്പോൾ അനുഗ്രഹിക്കപ്പെട്ടവർ എങ്ങനെ പരസ്പരം അഭിനന്ദിക്കും! ആ ദിവസം കിരീടമണിഞ്ഞ് ആഹ്ളാദഗാനങ്ങളോടൊപ്പം ദൈവത്തിനു പ്രിയങ്കരമായ സ്തുതികളും ആലപിച്ചുകൊണ്ടു സ്വർഗത്തിൽ പ്രവേശിക്കുമ്പോൾ അവർക്ക് എത്ര സന്തോഷവും മഹത്വവും ഉണ്ടാകും! അത്തരമൊരു അനുഗ്രഹീത ഭാഗ്യത്തിനു മുൻകൂട്ടി തീരുമാനിക്കപ്പെട്ട ആത്മാക്കൾ ഭാഗ്യവാന്മാരാണ്! എൻറെ ആത്മാവിൻറെ ദൈവമേ! അന്നേ ദിവസം ഞാൻ അങ്ങയുടെ രാജ്യത്തിൽ പ്രവേശിക്കുകയും അങ്ങയെ എന്നേയ്ക്കും സ്തുതിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടതിന് അങ്ങയുടെ പരിശുദ്ധസ്നേഹത്തിൻറെ പ്രിയങ്കരമായ ഉടമ്പടികളാൽ എന്നെ ബന്ധിക്കണമേ. കർത്താവിൻറെ കാരുണ്യത്തെ ഞാൻ എന്നും പ്രകീർത്തിക്കും.
3. നമ്മുടെ ഉറങ്ങുന്ന വിശ്വാസത്തെ നമുക്ക് ഉണർത്താം. നാം ഒരു ദിവസം വിധിക്കപ്പെടുമെന്നും ഒന്നുകിൽ നിത്യജീവൻ അല്ലെങ്കിൽ നിത്യമരണം എന്ന വിധിവാചകം നമുക്കു ലഭിക്കുമെന്നും ഉറപ്പാണ്. നിത്യജീവൻ എന്ന വിധി ലഭിക്കുമെന്നു നമുക്ക് ഉറപ്പില്ലെങ്കിൽ, അത് ഉറപ്പാക്കാൻ നമുക്കു ശ്രമിക്കാം. ആത്മാവിൻറെ നാശത്തിലേക്കു നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും നമുക്ക് ഓടിയകലാം; കൂടെക്കൂടെ ആത്മീയശുശ്രൂഷകളിൽ പങ്കെടുക്കുന്നതിലൂടെയും, ദൈവഭക്തി നിറഞ്ഞ ധ്യാനങ്ങളിലൂടെയും, ആത്മീയ വായനയിലൂടെയും, നിരന്തരമായ പ്രാർത്ഥനയിലൂടെയും നമ്മെ യേശുക്രിസ്തുവിലേക്കു ഐക്യപ്പെടുത്താം. ഈ മാർഗങ്ങൾ സ്വീകരിക്കുകയോ അതല്ലെങ്കിൽ അവഗണിക്കുകയോ ചെയ്യുന്നതു നമ്മുടെ രക്ഷയുടെ അല്ലെങ്കിൽ നമ്മുടെ നാശത്തിൻറെ അടയാളമായിരിക്കും. എൻറെ പ്രിയപ്പെട്ട യേശുവേ, എൻറെ ന്യായാധിപനേ, അന്ന് അങ്ങയുടെ വിലയേറിയ രക്തത്തിലൂടെ, എന്നെ അനുഗ്രഹിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു; അതിനാൽ അങ്ങ് ഇപ്പോൾ എന്നെ അനുഗ്രഹിക്കുകയും ഞാൻ അങ്ങയോടു ചെയ്ത എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്യണമേ. നിൻറെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് അങ്ങു മഗ്ദലന മേരിയോട് സംബോധന ചെയ്ത അതേ ആശ്വാസകരമായ വാക്കുകൾ കേൾക്കാൻ എന്നെ അനുവദിക്കണമേ. അങ്ങയെ ദ്രോഹിച്ചതിനു ഞാൻ പൂർണ്ണഹൃദയത്തോടെ ഖേദിക്കുന്നു; എന്നോടു ക്ഷമിക്കണമേ, അതോടൊപ്പം എപ്പോഴും അങ്ങയെ സ്നേഹിക്കാൻ എനിക്കു കൃപ നൽകണമേ. എൻറെ പരമനന്മയായ അങ്ങയെ ഞാൻ സ്നേഹിക്കുന്നു; എൻറെ നിധിയും എൻറെ സ്നേഹവും എൻറെ സർവസ്വവുമായ അങ്ങയെ എന്നെക്കാൾ കൂടുതൽ ഞാൻ സ്നേഹിക്കുന്നു. അങ്ങാണ് എന്നേക്കും എൻറെ ഹൃദയത്തിൻറെ ദൈവവും എൻറെ ഓഹരിയും. ഓ എൻറെ ദൈവമേ! അങ്ങയെ മാത്രം ഞാൻ ആഗ്രഹിക്കുന്നു. പരിശുദ്ധ മറിയമേ, അങ്ങയുടെ ശക്തമായ മദ്ധ്യസ്ഥതയാൽഎൻറെ രക്ഷ നേടിയെടുക്കാൻ അങ്ങേയ്ക്ക് കഴിയും, അങ്ങ് അത് ആഗ്രഹിക്കുകയും ചെയ്യുന്നു. ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.