നീതിമാൻറെ ഭാഗ്യമരണം
1. നീതിമാനു മരണം ശിക്ഷയല്ല, പ്രതിഫലമാണ്; അവൻ അതിനെ ഭയപ്പെടുന്നില്ല, മറിച്ച്, ആഗ്രഹിക്കുന്നു. അവൻറെ എല്ലാ വേദനകളും, കഷ്ടപ്പാടുകളും, സംഘർഷങ്ങളും, ദൈവത്തെ നഷ്ടപ്പെടാനുള്ള എല്ലാ അപകടസാധ്യതകളും അവസാനിപ്പിക്കുവാനാണെങ്കിൽ അതിന് അവനെ എങ്ങനെ ഭയപ്പെടുത്താൻ കഴിയും? പാപിയുടെ ആത്മാവിൽ വലിയ ഭയം ഉണ്ടാക്കുന്ന “ക്രിസ്തീയ ആത്മാവേ, ഈ ലോകത്തിൽ നിന്നു പുറപ്പെടുക” എന്ന വാക്കുകൾ ദൈവത്തെ സ്നേഹിക്കുന്ന ആത്മാവിനെ സന്തോഷം കൊണ്ടു നിറയ്ക്കുന്നു. ഈ ലോകത്തിലെ നല്ല വസ്തുക്കൾ ഉപേക്ഷിക്കുന്നതിൽ നീതിമാൻ സങ്കടപ്പെടുന്നില്ല, കാരണം എപ്പോഴും അവൻറെ ഏക നന്മ ദൈവമാണ്. ബഹുമതികൾ ഉപേക്ഷിക്കുന്നതിലുമില്ല, കാരണം അവൻ അവയെ എല്ലായ്‌പ്പോഴും പുകപോലെ കണക്കാക്കി; അവൻറെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും വേർപെടുന്നതിലുമില്ല, കാരണം അവൻ എല്ലായ്‌പ്പോഴും അവരെ ദൈവത്തിലും ദൈവത്തിനുവേണ്ടിയും സ്നേഹിച്ചു. അതിനാൽ, “എൻറെ ദൈവവും എൻറെ സർവസ്വവും!” എന്നു ജീവിതത്തിൽ ഇടയ്ക്കിടെ പറഞ്ഞതുപോലെ, അവൻ ഇപ്പോൾ മരണത്തിലും ആനന്ദത്തിൻറെ നിർവൃതിയിൽ അതുതന്നെ ആവർത്തിക്കുന്നു; അവനെ സൃഷ്ടിച്ച ദൈവത്തിലേക്കു മടങ്ങാനും സ്വർഗത്തിൽ ദൈവത്തെ എന്നെന്നേക്കും മുഖാമുഖം സ്നേഹിക്കാനുമുള്ള അവൻറെ സമയം അടുത്തിരിക്കുന്നു.
2. മരണത്തിൻറെ സങ്കടങ്ങൾ അവനെ ബാധിക്കുന്നില്ല; അവൻറെ മരണസമയത്തെ ക്ലേശങ്ങളെ യേശുവിൻറെ കുരിശുമരണത്തിലെ കഷ്ടപ്പാടുകളോട് ഒന്നായിചേർത്തുകൊണ്ട് ദൈവത്തോടുള്ള അവൻറെ സ്നേഹത്തിൻറെ സാക്ഷ്യമായി അവൻറെ ജീവിതത്തിൻറെ അവസാന നീക്കിയിരുപ്പുകളും ബലിയർപ്പിക്കുന്നതിൽപോലും അവൻ ആഹ്ളാദിക്കുന്നു. പാപം ചെയ്യാനുള്ള സാഹചര്യങ്ങളും ദൈവത്തെ നഷ്ടപ്പെടുമെന്ന ഭീതിയും ഇപ്പോൾ അവസാനിക്കുന്നുവല്ലോ എന്ന ചിന്ത അവനെ ആനന്ദപരവശനാക്കുന്നു. തൻറെ പഴയ പാപങ്ങളെപ്പറ്റി ഓർമ്മിപ്പിച്ചുകൊണ്ട് അവൻറെ മനസ്സിൽ വിഷാദ ചിന്തകൾ ജനിപ്പിക്കുന്നതിൽ പിശാച് പരാജയപ്പെടുന്നു; മറിച്ച്, വർഷങ്ങളോളം പഴയ പാപങ്ങളെപ്പറ്റി വിലപിക്കുകയും യേശുക്രിസ്തുവിനെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുകയും ചെയ്തതുകൊണ്ട്, അവനു സംഭ്രമമല്ല, ആശ്വാസമാണ് അനുഭവപ്പെടുന്നത്. ഓ യേശുവേ! അങ്ങയെ അന്വേഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു ആത്മാവിന് അങ്ങ് എത്ര നല്ലവനും വിശ്വസ്തനുമാണ്!
3. മാരകപാപത്തിൽ മരിക്കുന്ന പാപി, മരണവേളയിൽ, ആന്തരിക ബുദ്ധിമുട്ടുകളാലും നിയന്ത്രിക്കാനാവാത്ത കോപത്താലും, നരകത്തിൻറെ ഒരു മുന്നാസ്വാദനം അനുഭവിക്കുന്നതുപോലെ, നീതിമാൻ മരണത്തിൽ സ്വർഗ്ഗത്തിൻറെ ഒരു മുന്നാസ്വാദനം അനുഭവിക്കുന്നു. അവൻറെ ആത്മവിശ്വാസത്തിൻറെയും ദൈവസ്നേഹത്തിൻറെയും ചെയ്‌തികളും ദൈവത്തെ കാണാനുള്ള അവൻറെ തീവ്രമായ ആഗ്രഹവും, സ്വർഗത്തിൽ അവനുവേണ്ടി ഉടൻ പൂർത്തിയാകാനിരിക്കുന്ന ആ മഹാസന്തോഷത്തിൻറെ ഒരു തുടക്കം അവനു നൽകുന്നു. പരിശുദ്ധ കുർബാന അവൻറെ മുറിയിലേക്കു കൊണ്ടുവരുമ്പോൾ എത്ര സന്തോഷത്തോടെയാണ് അവൻ അതിനെ സ്വാഗതം ചെയ്യുന്നത്! വിശുദ്ധ ഫിലിപ്പ് നേരി മരണശയ്യയിൽ ആയിരുന്നപ്പോൾ പറഞ്ഞതുപോലെ “എൻറെ ദൈവമേ, ഞാൻ അങ്ങയെ മുറിപ്പെടുത്തിയതിനാൽ, വിശുദ്ധ ബെർണാർഡിനൊപ്പം ഞാൻ അങ്ങയോടു പറയും, “അങ്ങയുടെ മുറിവുകളാണ് എൻറെ യോഗ്യത.”, എന്ന് അവൻ ഉദ്‌ഘോഷിക്കുന്നു. ഓ എൻറെ ദൈവമേ! ഞാൻ പ്രതീക്ഷിക്കുന്നതുപോലെ ഞാൻ അങ്ങയുടെ കൃപയിലാണെങ്കിൽ , ഞാൻ അങ്ങയെ മുഖാമുഖം കാണുന്നതിനും സ്നേഹിക്കുന്നതിനും അങ്ങയെ മേലിൽ നഷ്ടപ്പെടാതിരിക്കുക എന്നത് ഉറപ്പാക്കുന്നതിനും വേണ്ടി, എന്നെ ഉടനെ മരിക്കാൻ അനുവദിക്കണമേ. പരിശുദ്ധ മറിയമേ, എൻറെ അമ്മേ, ഒരു ഭാഗ്യമരണം എനിക്കു നേടിത്തരണമേ.