‘സ്വർഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങൾക്കടിയിൽ ചന്ദ്രൻ. ശിരസിൽ പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടം’ (വെളി 12:1).
അങ്ങനെയൊരു സ്ത്രീ ഭൂമിയിൽ ഉണ്ടായിരിക്കുക എന്നതു സംഭവ്യമല്ല. എന്നാൽ അത് ഒരിക്കൽ, ഒരിക്കൽ മാത്രം സംഭവിച്ചു. മനുഷ്യബുദ്ധിയ്ക്കു മനസിലാക്കാൻ സാധിക്കാത്ത മഹാരഹസ്യമായിരുന്നു ആ സ്ത്രീയുടെ – മറിയത്തിൻറെ – ജീവിതം. അവളെ മനസിലാക്കാത്തവർ അവളെ അവഗണിച്ചു, അവളെ അനാദരിച്ചു. അൽപമെങ്കിലും മനസിലാക്കിയവരാകട്ടെ, അവളെ ദൈവമാതാവായും നിത്യകന്യകയായും അമലോത്ഭവയായും സ്വർഗാരോപിതയായും വണങ്ങി. ഈ നാലുസത്യങ്ങളും ആദിമനൂറ്റാണ്ടുകൾ മുതൽ തന്നെ ക്രൈസ്തവവിശ്വാസപാരമ്പര്യത്തിൻറെ ഭാഗമായിരുന്നു. മറിയത്തെക്കുറിച്ചു ലോകം വളരെക്കുറച്ചുമാത്രം അറിഞ്ഞാൽ മതി എന്നു ദൈവം തീരുമാനിച്ചു എന്നു വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് പറയുന്നതു സത്യമാണ്. മറിയത്തെ സംബന്ധിക്കുന്ന വളരെക്കുറച്ചു കാര്യങ്ങൾ മാത്രമേ നമുക്കു മനസിലാവുകയുള്ളൂ എന്നതും സത്യം. ദൈവം അനുവദിക്കുന്ന സമയത്തു തിരുസഭ മറിയത്തെക്കുറിച്ചുള്ള പരമ്പരാഗത വിശ്വാസങ്ങളെ വിശ്വാസസത്യങ്ങളായി പ്രഖ്യാപിച്ചുകൊണ്ടു മറിയത്തെ കൂടുതലായി വണങ്ങാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
വിശ്വാസികൾ നിർബന്ധമായും അംഗീകരിക്കേണ്ടതും സഭ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുമായ ദൈവിക വെളിപ്പെടുത്തലുകളാണു വിശ്വാസസത്യങ്ങൾ. ഒരു വിശ്വാസസത്യത്തെ അംഗീകരിക്കാതിരിക്കുന്നതു പാഷണ്ഡതയാണ്. ഉദാഹരണത്തിനു പരിശുദ്ധ ത്രിത്വം എന്നത് ഒരു വിശ്വാസസത്യമാണ്. ക്രിസ്തുവിൻറെ മനുഷ്യാവതാരവും കുരിശുമരണവും ഉത്ഥാനവും സ്വർഗാരോഹണവും വിശ്വാസസത്യങ്ങളാണ്. ഇവയിൽ വിശ്വസിക്കാത്ത ഒരാൾ ക്രിസ്ത്യാനി ആകുന്നില്ല.
ഈ കാഴ്ചപ്പാടിൽ നിന്നുകൊണ്ടുവേണം നാം മറിയത്തെകുറിച്ചുള്ള നാലു വിശ്വാസസത്യങ്ങളെക്കുറിച്ചും ധ്യാനിക്കാൻ. അവ യഥാക്രമം
1. മറിയം ദൈവമാതാവ്
2. മറിയം നിത്യകന്യക
3. മറിയം അമലോത്ഭവ
4. മറിയം സ്വർഗാരോപിത
എന്നിവയാണ്.
ഈ വിശ്വാസസത്യങ്ങളെക്കുറിച്ചുള്ള ഒരു ലഘുപഠനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
1. മറിയം ദൈവമാതാവ്
ശരീരപ്രകാരം മറിയം യേശുവിൻറെ അമ്മയായിരുന്നു എന്നതിൽ സംശയമില്ല. യേശു ദൈവമാണ് എന്നതിലും സംശയമില്ല. മനുഷ്യനു രക്ഷ നൽകാനായി ക്രിസ്തു സമർപ്പിച്ചതു തൻറെ തന്നെ ശരീരവും രക്തവുമാണ്. അതാകട്ടെ അവിടുന്ന് സ്വീകരിച്ചതു മറിയത്തിൽ നിന്നുമാണ്. അങ്ങനെയെങ്കിൽ മറിയത്തെ ദൈവമാതാവ് എന്നു വിളിക്കുന്നതിൽ എന്താണു തെറ്റ്?
യേശു പൂർണമനുഷ്യനും പൂർണദൈവവുമാണെന്നു നാം വിശ്വസിക്കുന്നു. എന്നാൽ ആദിമനൂറ്റാണ്ടുകളിൽ ഇതിനു വിരുദ്ധമായ ഒരു പഠനം വ്യാപകമായി പ്രചരിച്ചിരുന്നു. യേശു ദൈവകൃപ ലഭിച്ച ഒരു മനുഷ്യൻ മാത്രമാണെന്നതായിരുന്നു അവരുടെ പഠനം. യേശുവിൻറെ അമ്മ എന്ന നിലയിൽ മറിയം ബഹുമാനത്തിന് അർഹയാണെങ്കിലും അതിനുമുപരിയായി മറിയത്തിന് എന്തെങ്കിലും സ്ഥാനം കൽപ്പിക്കാൻ അവർ തയാറായിരുന്നില്ല. ദൈവം മനുഷ്യനായി ഭൂമിയിൽ ജനിക്കുക! അതും ഒരു മനുഷ്യസ്ത്രീയിൽ നിന്ന്! ഇത് അവർക്കു മനസിലാക്കാവുന്നതിനും അപ്പുറത്തുള്ള കാര്യമായിരുന്നു. മറിയം യേശുവിനു ജന്മം നൽകി എന്നതു ശരിതന്നെ. എന്നാൽ ദൈവത്തിനു ജന്മം കൊടുക്കാൻ മനുഷ്യനു സാധ്യമല്ലാത്തതിനാൽ മറിയത്തിൻറെ പുത്രൻ ദൈവം ആയിരിക്കുക സാധ്യമല്ല. ഇങ്ങനെ പോകുന്നു അവരുടെ വാദങ്ങൾ. ചുരുക്കത്തിൽ മറിയത്തിൻറെ ദൈവമാതൃത്വം നിഷേധിക്കുന്ന അവർ നിഷേധിക്കുന്നത് യേശുവിനെ ദൈവികതയെത്തന്നെയാണ്. അവർ ക്രിസ്തുവിൻറെ പൂർണതയെ (ഒരേസമയം പൂർണ ദൈവവും പൂർണ മനുഷ്യനും ആയിരിക്കുന്ന അവസ്ഥയെ) നിഷേധിക്കുന്നു.
എന്നാൽ ആദിമസഭയിലെ വിശ്വാസികളിൽ മഹാഭൂരിപക്ഷവും മറിയത്തെ ദൈവമാതാവായി തന്നെയാണു വണങ്ങിയിരുന്നത്. മറിയത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള Sub Tuum Praesidium എന്ന ഗ്രീക്ക് കീർത്തനം മൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതാണ് എന്നും ഓർക്കണം. അതിൽ മറിയത്തെ ദൈവമാതാവ് എന്നുതന്നെയാണ് അഭിസംബോധന ചെയ്യുന്നത്. മറിയത്തിൻറെ മധ്യസ്ഥശക്തിയിൽ ശരണപ്പെട്ടുകൊണ്ടുള്ള ഈ കീർത്തനം ഇന്നും പാശ്ചാത്യ പൗരസ്ത്യ സഭകൾ ഉപയോഗിച്ചുപോരുന്നു. ഇരണേവൂസ് , ഗ്രിഗറി, ഹിപ്പോളിറ്റസ് തുടങ്ങിയ സഭാപിതാക്കന്മാർ മറിയത്തെ ദൈവമാതാവ് എന്നുതന്നെ വിളിച്ചിരുന്നു.
ദൈവശാസ്ത്രപരമായി നോക്കുമ്പോൾ, യേശു വെറും ഒരു സാധാരണ മനുഷ്യസ്ത്രീയിൽ നിന്നാണു ജന്മമെടുക്കുന്നതെങ്കിൽ അവിടുന്ന് പൂർണദൈവമാണെന്ന് എങ്ങനെ പറയാൻ കഴിയും എന്ന ചോദ്യത്തിൻറെ ഉത്തരമായിരുന്നു മറിയം ദൈവമാതാവാണെന്ന പ്രസ്താവന. അതിൻറെയർഥം മറിയം സ്രഷ്ടാവായ ദൈവത്തിൻറെ അമ്മയാണെന്നതല്ല, പിന്നെയോ മനുഷ്യാവതാരം ചെയ്ത ദൈവത്തിൻറെ അമ്മയാണെന്നതാണ്. പൂർണദൈവമായ ഒരാൾക്കു ജന്മം കൊടുക്കണമെങ്കിൽ അവൾക്കു സാധാരണ സ്ത്രീകളിൽ ഇല്ലാത്ത ചില സവിശേഷതകൾ ഉണ്ടായേ തീരൂ. അതിൻറെ സ്ഥിരീകരണമായിരുന്നു ആദിമനൂറ്റാണ്ടുകൾ മുതൽ തന്നെ നിലനിന്നിരുന്ന മറിയം ദൈവമാതാവാണെന്ന വിശ്വാസവും അതിനെ സ്ഥിരീകരിച്ചുകൊണ്ടുള്ള സഭാപിതാക്കന്മാരുടെ പ്രസ്താവനകളും. മറിയത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന Theotokos (ദൈവമാതാവ്) എന്ന ഗ്രീക്ക് പദവും ആദിമനൂറ്റാണ്ടുകളിൽ തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്നു.
കോൺസ്റ്റാൻറിനോപ്പിളിലെ മെത്രാപ്പോലീത്തയായിരുന്ന നെസ്തോറിയസ് മറിയത്തെ വിശേഷിപ്പിക്കാൻ Theotokos എന്ന പദം അനുചിതമാണെന്നും അതിനുപകരം Christotokos (ക്രിസ്തുവിൻറെ മാതാവ്) എന്നാണു വേണ്ടതെന്നും വാദിച്ചു. ഇതു ക്രിസ്തു പൂർണദൈവവും പൂർണമനുഷ്യനുമാണെന്ന സത്യത്തിനെതിരായി വ്യാഖ്യാനിക്കപ്പെടാവുന്നതാണ് എന്നതിനാൽ അലക്സാണ്ഡ്രിയയിലെ സിറിലും മറ്റു പല പിതാക്കന്മാരും നെസ്തോറിയസിനെ എതിർത്തു. ഈ വിവാദം ശമിച്ചത് AD 431 ലെ എഫേസൂസ് കൗൺസിലിൻറെ തീരുമാനത്തോടെയായിരുന്നു. ദൈവസ്വഭാവവും മനുഷ്യസ്വഭാവവും ഒരേപോലെ ഒരേസമയം അടങ്ങിയിരിക്കുന്ന ഒരു വ്യക്തിയാണ് (Hypostatic Union) ക്രിസ്തു എന്ന് എഫേസൂസ് കൗൺസിൽ പ്രസ്താവിച്ചു. ആ തീരുമാനത്തിൻറെ സ്വാഭാവികമായ ഫലമായിരുന്നു ദൈവമാതാവ് എന്ന മറിയത്തിൻറെ വിശേഷണത്തിനു ലഭിച്ച സ്ഥിരീകരണം. Theotokos എന്ന വാക്കു സൂചിപ്പിക്കുന്നതു മറിയത്തിൻറെ പുത്രൻ ജനനത്തിൽ തന്നെ ദൈവം (Theos) ആയിരുന്നു എന്നാണ്. യേശു ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്നുവെന്നും കാലാന്തരത്തിൽ യേശുവിന് ദൈവികമായ സിദ്ധികൾ ലഭിക്കുകയാണു ചെയ്തത് എന്നുമുള്ള പാഷാണ്ഡതകൾ അന്നു നിലനിന്നിരുന്നു എന്നും നാം ഓർക്കണം.
മറിയം ജന്മം നൽകിയത് ഒരു ആശയത്തിനോ സ്വഭാവത്തിനോ പ്രകൃതത്തിനോ അല്ല, മറിച്ച് ഒരു വ്യക്തിയ്ക്കാണ്. ആ വ്യക്തി യേശുക്രിസ്തുവാണെന്നതും യേശുക്രിസ്തുവിൽ ദൈവത്വവും മനുഷ്യത്വവും ഒരേസമയം ഒരുപോലെ സമ്മേളിച്ചിരിക്കുന്നു എന്നതും യേശു ക്രിസ്തു ദൈവമാണെന്നതും തർക്കമില്ലാത്ത വസ്തുതകളാണ്. മറിയം ജന്മം കൊടുത്തതു രണ്ടു വ്യത്യസ്ത സ്വഭാവമുള്ള വ്യക്തികൾക്കല്ല, മറിച്ച് ദൈവികപ്രകൃതിയും മനുഷ്യപ്രകൃതിയും ഒരേപോലെ സന്നിഹിതമായിരിക്കുന്ന ഏകവ്യക്തിയ്ക്കാണ്. മറിയം ജന്മം കൊടുത്തതു ജീവനില്ലാത്ത ഒരു ശരീരത്തിനല്ല, പിന്നെയോ ദൈവം നിക്ഷേപിച്ച അക്ഷയവും അനശ്വരവും ദൈവികവുമായ ആത്മാവോടുകൂടിയ യേശുവിനെയാണ്. നമ്മുടെ ആത്മാവിനെ രൂപപ്പെടുത്തിയതും നമ്മുടെ ശരീരത്തിൽ അതിനെ നിക്ഷേപിച്ചതും ദൈവമാണെന്നതുകൊണ്ട് ശരീരപ്രകാരമുള്ള നമ്മുടെ അമ്മയെ അമ്മയെന്നു വിളിക്കാൻ പാടില്ല എന്നു പറയുന്നതുപോലെ ബാലിശമായ ഒരു വാദമാണു ദൈവമായ യേശുവിൻറെ അമ്മയെ ദൈവമാതാവെന്നു വിളിക്കാൻ പാടില്ല എന്നു പറയുന്നത്.
മറിയം പരിശുദ്ധത്രിത്വത്തിൻറെ അമ്മയാണെന്നു സഭ ഒരിക്കലും പഠിപ്പിച്ചിട്ടില്ല, വിശ്വാസികൾ വിശ്വസിച്ചിട്ടുമില്ല. അതിൻറെ കാരണം വളരെ ലളിതമാണ്. പിതാവായ ദൈവവും പരിശുദ്ധാത്മാവായ ദൈവവും ഭൂമിയിൽ മനുഷ്യാവതാരം ചെയ്തിട്ടില്ല. അതിനാൽ തന്നെ അവർക്ക് ഒരു മാതാവിൻറെ ആവശ്യമില്ല. എന്നാൽ പുത്രനായ ദൈവം ഭൂമിയിൽ അവതരിക്കണമെന്നു പിതാവ് തീരുമാനിച്ചപ്പോൾ അതിനു വേണ്ടി മറിയം എന്ന സ്ത്രീയെ തെരഞ്ഞെടുക്കുകയാണു ചെയ്തത്.
സത്യത്തിൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളുടെയോ വാദങ്ങളുടെയോ ആവശ്യമില്ല. യേശു ദൈവമാണെങ്കിൽ, മറിയം യേശുവിൻറെ മാതാവാണെങ്കിൽ, മറിയത്തെ ദൈവമാതാവ് എന്നു വിളിക്കുന്നതിൽ ഒരു യുക്തിഭംഗവുമില്ല. ഇത്ര ലളിതമായ ഒരു സത്യത്തെ നിഷേധിക്കുന്നവരുടെ പിറകിൽ പ്രവർത്തിക്കുന്നത് എലിസബത്തിനെ പ്രചോദിപ്പിച്ച ആത്മാവല്ല എന്നു നിസംശയം പറയാം. എലിസബത്തിൻറെ ഉദരത്തിൽ കിടന്നുകൊണ്ട് കുതിച്ചുചാടാൻ സ്നാപകയോഹന്നാനെ പ്രേരിപ്പിച്ച ആത്മാവും അല്ല അത്. താൻ ദൈവമാണെന്നു യേശുക്രിസ്തു പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ദൈവത്തിൻറെ സജീവസാന്നിധ്യം യേശുവിൻറെ രൂപത്തിൽ സംവഹിച്ചിരുന്ന പുതിയ വാഗ്ദാനപേടകമായിരുന്നു മറിയം. ഓബദ് ഏദോമിൻറെ വീട്ടിൽ മൂന്നു മാസം സൂക്ഷിക്കപ്പെട്ട പഴയ വാഗ്ദാനപേടകവും ( 2 സാമു 6:11) ദൈവത്തിൻറെ സജീവമായ സാന്നിധ്യത്താൽ നിറഞ്ഞിരുന്നു. പുതിയ വാഗ്ദാനപേടകമായ മറിയമാകട്ടെ എലിസബത്തിൻറെ വീട്ടിലും മൂന്നുമാസമാണു താമസിച്ചത്. രണ്ടിടത്തും അതു ദൈവത്തിൻറെ അനുഗ്രഹത്തിനു കാരണമായി. വാഗ്ദാനപേടകം സ്വന്തം നഗരത്തിലേക്കു കൊണ്ടുവന്നപ്പോൾ ദാവീദ് സർവശക്തിയോടും കൂടെ നൃത്തം ചെയ്തതു പേടകത്തിനുള്ളിൽ സ്ഥിതിചെയ്തിരുന്ന ദൈവസാന്നിധ്യത്തെ തിരിച്ചറിഞ്ഞതുകൊണ്ടാണ്. അതുപോലെതന്നെ മറിയത്തിൻറെ ഉദരത്തിൽ ഉണ്ടായിരുന്ന യേശു ദൈവമാണെന്നു മനസിലാക്കിയപ്പോഴാണു സ്നാപക യോഹന്നാൻ തൻറെ അമ്മയുടെ ഉദരത്തിൽ വച്ചു സന്തോഷത്താൽ കുതിച്ചുചാടിയതും. ദൈവത്തെ വഹിക്കുന്ന വാഗ്ദാനപേടകമായ മറിയത്തെ ദൈവമാതാവ് എന്നു വിളിക്കുന്നതിൽ എന്താണു തെറ്റ്?
കത്തോലിക്കാ സഭയിൽ വലിയ പിളർപ്പിനു കാരണമായ പ്രൊട്ടസ്റ്റൻറ് ആശയങ്ങളുടെ പ്രയോക്താക്കൾ പോലും മറിയത്തിൻറെ ദൈവമാതൃസ്ഥാനം ഒരിക്കലും നിഷേധിച്ചിട്ടില്ല എന്നും നാം ഓർക്കണം. മാർട്ടിൻ ലൂതറും ജോൺ കാൽവിനും ഒക്കെ മറിയത്തെ ദൈവമാതാവ് എന്നുതന്നെ യാണു വിളിച്ചിരുന്നത്.
ഇതത്രയും പറഞ്ഞതു ദൈവശാസ്ത്രപരമായ വീക്ഷണത്തിൽ മറിയത്തെ ദൈവമാതാവ് എന്നു വിളിക്കുന്നതിൽ അനൗചിത്യമില്ല എന്നു വിശദീകരിക്കാൻ വേണ്ടിയാണ്. എന്നാൽ വിശ്വാസികളായ നമ്മെ സംബന്ധിച്ചിടത്തോളം, മറിയം ദൈവമാതാവാണെന്നതു കഴിഞ്ഞ ഇരുപതു നൂറ്റാണ്ടുകളായി ഇളക്കമില്ലാതെ നിലനിൽക്കുന്ന ഒരു വിശ്വാസമാണ്. പരിശുദ്ധാത്മാവു നിറഞ്ഞ ഒരു വ്യക്തിക്കും മറിയം ദൈവമാതാവാണെന്നതിൽ സംശയമുണ്ടാകില്ല. അതിനുള്ള തെളിവ് എലിസബത്ത് തന്നെയാണ്. അവൾ മറിയത്തെ അഭിസംബോധന ചെയ്തത് ‘എൻറെ കർത്താവിൻറെ അമ്മ’ എന്നായിരുന്നല്ലോ (ലൂക്കാ 1:43). അതിനു തൊട്ടുമുൻപു നാം വായിക്കുന്നത് ഇങ്ങനെയാണ് ‘എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി’ (ലൂക്കാ 1: 41). എലിസബത്തിൻറെ അഭിവാദനത്തിൻറെ തികച്ചും സ്വാഭാവികമായ ഒരു വിശദീകരണം മാത്രമായിരുന്നുവല്ലോ നാലു നൂറ്റാണ്ടുകൾക്കു ശേഷം സഭ എഫേസൂസിൽ വച്ച് പ്രഖ്യാപിച്ച
വിശ്വാസസത്യം.
നമുക്കു പ്രാർത്ഥിക്കാം
ദൈവമാതാവായ പരിശുദ്ധ മറിയമേ, അങ്ങ് ഞങ്ങളുടെയും അമ്മയാണല്ലോ. അബദ്ധങ്ങളുടെയും പാഷാണ്ഡതകളുടെയും പിടിയിൽ നിന്ന് അങ്ങ് ഞങ്ങളെ കാത്തുകൊള്ളണമേ.
(www.divinemercychannel.com)
