സ്വീഡൻ ഒരു പ്രതീകം

സ്വീഡനിൽ നിന്നു  വരുന്ന വാർത്തകൾ അത്ര  സന്തോഷകരമല്ല. ജീവിതനിലവാരത്തിലും  പ്രതിശീർഷവരുമാനത്തിലും ആരോഗ്യപരിപാലനത്തിലും  സാമൂഹ്യസുരക്ഷയിലും ഒക്കെ മുൻപന്തിയിൽ നിൽക്കുന്ന ഈ യൂറോപ്യൻ രാജ്യത്തിൻറെ ജനസംഖ്യ  1.04 കോടിയാണ്. ജനങ്ങളിൽ ഭൂരിഭാഗവും പേരുകൊണ്ടു  ക്രിസ്ത്യാനികളാണെങ്കിലും  ഫലത്തിൽ ക്രിസ്തീയവിശ്വാസം പിൻതുടരുന്നവരുടെ എണ്ണം  കുറവാണ്.

പുതിയ ഏതു  സാങ്കേതികവിദ്യയും ആദ്യം പരീക്ഷിക്കപ്പെടുന്ന ഒരു രാജ്യം എന്നു വേണമെങ്കിൽ സ്വീഡനെ വിളിക്കാം.  ശരീരത്തിൽ ഘടിപ്പിക്കാവുന്ന മൈക്രോചിപ്പുകളുടെ കാര്യത്തിലും  ഇതു സത്യമാണ്. സ്വീഡനിൽ ആയിരക്കണക്കിനു  പൗരന്മാർ തങ്ങളുടെ ശരീരത്തിൽ  –  കൃത്യമായി പറഞ്ഞാൽ വലതുകൈയിലെ പെറുവിരലിൻറെയും ചൂണ്ടുവിരലിൻറെയും നടുവിൽ  –  അരിമണിയോളം വലുപ്പമുള്ള ബയോചിപ്പ്  ഘടിപ്പിച്ചുകഴിഞ്ഞു. ഈ ചിപ്പിൽ    തങ്ങളുടെ കംപ്യൂട്ടറിൻറെയും  ബാങ്ക് അക്കൗണ്ടിൻറെയും  ഡ്രൈവിംഗ് ലൈസൻസിൻറെയും  ആരോഗ്യ- ചികിത്സാവിവരങ്ങളുടെയും ഒക്കെ വിശദാംശങ്ങൾ  സൂക്ഷിച്ചുവച്ചുകൊണ്ട്   തങ്ങളുടെ ജീവിതം കൂടുതൽ  സുഗമമാക്കിത്തീർത്തു  എന്ന്  അവർ  അഭിമാനിക്കുന്നു.  ATM ൽ പോയാൽ പണമെടുക്കാൻ കാർഡ് വേണ്ട, കൈ സ്വൈപ്പ്  ചെയ്താൽ മതി, ഡ്രൈവിംഗ് ലൈസൻസ് പരിശോധനയ്ക്കായി  ആവശ്യപ്പെടുമ്പോഴും കൈ വീശിക്കാണിച്ചാൽ മതി. ഈ മൈക്രോ ചിപ്പ് സ്കാൻ ചെയ്താൽ, ഒരു അടിയന്തരസാഹചര്യത്തിൽ    ഡോക്ടർക്ക് ആ വ്യക്തിയുടെ  രോഗവിവരങ്ങളും ചികിത്സാവിവരങ്ങളും ലഭിക്കും.  കാറോ വീടോ തുറക്കാൻ  താക്കോൽ വേണ്ടിവരില്ല.  ഒന്നു  കൈവീശിക്കാണിച്ചാൽ  കാറിൻറെയും വീടിൻറെയും വാതിലുകൾ തനിയെ തുറക്കും. മനുഷ്യൻറെ ബുദ്ധിയും  യന്ത്രമനുഷ്യൻറെ   കാര്യക്ഷമതയും ഒത്തുചേർന്ന  മനുഷ്യറോബോട്ടുകളായി അവർ മാറിക്കഴിഞ്ഞു.

അങ്ങനെയിരിക്കുമ്പോഴാണ് കോവിഡ്  വരുന്നത്; അഥവാ കോവിഡിനെ കൊണ്ടുവന്നത്.   ആദ്യപടിയായി ഒരു സാധാരണ രോഗമായ കോവിഡ്  ഒരു മഹാമാരിയായി അവതരിപ്പിക്കപ്പെട്ടു.  സാധാരണ ചികിത്സകളൊന്നും ഫലിക്കില്ല എന്ന നുണ നമ്മുടെ നാട്ടിലേതുപോലെ തന്നെ അവിടെയും  ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു. കോവിഡിനെ  മഹാമാരിയായി കൊണ്ടുവന്നവർ  തന്നെ  തൊട്ടുപിറകെ അതിനുള്ള പ്രതിവിധിയും കൊണ്ടുവന്നു.  വാക്‌സിൻ എടുത്താൽ മാത്രമേ കോവിഡിൽ നിന്നു  രക്ഷനേടാൻ കഴിയുകയുള്ളൂ എന്ന നുണയും   ജനങ്ങളെ വിദഗ്ദ്ധമായി പറഞ്ഞുവിശ്വസിപ്പിച്ചു. അടുത്തപടിയായി  വാക്സിൻ എടുക്കാത്തവർക്കു   പലയിടങ്ങളിലും പ്രവേശനം നിരോധിച്ചു. കോവിഡ്  വാക്സിൻ എടുത്തതിൻറെ  സർട്ടിഫിക്കറ്റ്  എപ്പോഴും  കൈയിൽ സൂക്ഷിക്കണമെന്നായി.  ആദ്യം സർട്ടിഫിക്കറ്റ് കടലാസുരൂപത്തിലായിരുന്നു. പിന്നെ അതു  ഡിജിറ്റൽ രൂപത്തിൽ മൊബൈലിൽ ലഭ്യമാക്കി.  ഇങ്ങനെയൊക്കയാണെങ്കിലും  ആയിരക്കണക്കിനു  വാക്സിൻ  എടുത്തവർ വീണ്ടും രോഗബാധിതരായിക്കൊണ്ടിരുന്നത് ആരും കണ്ടില്ലെന്നു നടിച്ചു. വാക്സിൻറെ ഫലപ്രാപ്തിയെ  ചോദ്യം  ചെയ്തവരെ പിന്തിരിപ്പന്മാരെന്നു മുദ്രകുത്തി അവരുടെ വായടപ്പിച്ചു.  എല്ലാം നമ്മുട നാട്ടിൽ സംഭവിക്കുന്നതുപോലെ തന്നെ. ഒരു മാറ്റവുമില്ല!

കോവിഡ്  വാക്സിൻറെ സർട്ടിഫിക്കറ്റ് മൊബൈലിൽ കൊണ്ടുനടക്കുന്നതിനേക്കാൾ എളുപ്പമുള്ള ഒരു വിദ്യ സ്വീഡൻകാർ കണ്ടുപിടിച്ചുകഴിഞ്ഞു. അതു മറ്റൊന്നുമല്ല. വാക്‌സിനേഷൻറെ വിവരവും  കൂടി കൈയിൽ  ഘടിപ്പിച്ചിരിക്കുന്ന ചിപ്പിൽ ഫീഡ് ചെയ്താൽ  മതിയല്ലോ.  എവിടെപോകണമെങ്കിലും കൈ വീശിക്കാണിച്ചാൽ  താൻ   വാക്സിൻ എടുത്തവനാണെന്ന് ആരെയും ബോധ്യപ്പെടുത്താം. ജീവിതം എത്ര സുഖകരം  അല്ലേ!

ഇതിനിടയിൽ സ്വീഡൻകാർ ഒരു കാര്യംഓർമ്മിക്കാൻ വിട്ടുപോയി. തങ്ങൾ വായിക്കാൻ മറന്നുപോയ ഒരു പഴയ പുസ്തകത്തിൻറെ  അവസാനഭാഗത്ത് ഇങ്ങനെ എഴുതിവച്ചിട്ടുണ്ടെന്ന കാര്യം.  ‘ചെറിയവരും വലിയവരും  ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ  എല്ലാവരുടെയും വലതുകൈയിലോ നെറ്റിയിലോ  മുദ്ര കുത്തണമെന്ന് അത്  (ലോകത്തെ മുഴുവൻ  നിയന്ത്രിക്കാൻ  ഒരു നിശ്ചിതകാലത്തേയ്ക്ക് അധികാരം നൽകപ്പെട്ടതും  മൃഗം എന്ന നാമം കൊണ്ടു  വിശേഷിപ്പിക്കപ്പെടുന്നതുമായ തിന്മയുടെ ശക്തി)  നിർബന്ധിച്ചു.  മൃഗത്തിൻറെ  നാമമോ നാമത്തിൻറെ സംഖ്യയോ  മുദ്രയടിക്കപ്പെടാത്തവർക്കു  കൊടുക്കൽ വാങ്ങൽ അസാധ്യമാക്കാൻ വേണ്ടിയായിരുന്നു അത്’ ( വെളിപാട്  13:16-17).

സമൂഹവുമായി കൊടുക്കൽ വാങ്ങലടക്കം ഇടപാടുകൾ നടത്താൻ സ്വന്തം വലതുകൈയിൽ ഒരു മുദ്ര പതിപ്പിക്കണമെന്നു   ഭരണകൂടം നിർബന്ധിക്കുന്ന ഒരു കാലം വരുമെന്നു  രണ്ടായിരം വർഷങ്ങൾക്കു മുൻപേ  സത്യദൈവം  വെളിപ്പെടുത്തിത്തന്നിട്ടുണ്ട്. പൊതുസേവനങ്ങൾ ലഭിക്കാനോ സ്‌കൂളിൽ പോകാനോ ആശുപത്രിയിൽ ചികിത്സ തേടാനോ  ബസിലും ട്രെയിനിലും വിമാനത്തിലും കയറാനോ  ഒക്കെ കോവിഡ്  വാക്സിൻ എടുക്കുന്നത് നിർബന്ധമാക്കിക്കൊണ്ടിരിക്കുന്ന ഈ നാളുകളിൽ ഈ ബൈബിൾ പ്രവചനത്തിൻറെ  അർത്ഥവും വ്യാപ്തിയും മനസിലാക്കാൻ  ബുദ്ധിമുട്ടില്ലല്ലോ.

ഒരു കാര്യം കൂടി നാം ഓർക്കണം. ഇപ്രകാരം മുദ്ര പതിപ്പിക്കപ്പെടാൻ  ജനങ്ങൾ നിർബന്ധിക്കപ്പെടുന്നതു  യുഗാന്ത്യകാലത്താണെന്നു  ബൈബിൾ കൃത്യമായി  മുന്നറിയിപ്പു തരുന്നുണ്ട്. അതായത് യേശുക്രിസ്തുവിൻറെ  മഹത്വത്തോടെയുള്ള രണ്ടാം വരവിനു തൊട്ടുമുൻപുള്ള നാളുകളിലാണ് ഇതു  സംഭവിക്കുക.  മുദ്ര പതിക്കുന്നതു   വലതുകൈയിൽ ആയിരിക്കുമെന്നുപോലും കൃത്യമായി  ബൈബിളിൽ എഴുതിവച്ചിരിക്കുന്നതിൻറെ ഉദ്ദേശം  അതു  സംഭവിക്കുമ്പോൾ ഒരു കാരണവശാലും നമുക്കു  സംശയമുണ്ടാകരുതെന്നതുകൊണ്ടാണ്. ഇനി നെറ്റിയിൽ    മുദ്ര പതിപ്പിക്കുന്നത് എങ്ങനെയെന്നേ കാണാൻ ബാക്കിയുള്ളൂ.

ചിലർ ചോദിച്ചേക്കാം.  ശരീരത്തിൽ  ഇങ്ങനെയൊരു ചിപ്പ് ഘടിപ്പിക്കുന്നതിൽ എന്താണു  കുഴപ്പം? പറയാം. നേരത്തെ സൂചിപ്പിച്ച  വചനങ്ങളുടെ തുടർച്ചയായി  ബൈബിൾ പറയുന്നു; ‘ഇവിടെയാണു  ജ്ഞാനം ആവശ്യമായിരിക്കുന്നത്.  ബുദ്ധിയുള്ളവർ മൃഗത്തിൻറെ  സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യൻറെ സംഖ്യയാണ്’ (വെളിപാട് 13:18). അതായത്   ഈ മുദ്ര എന്നതു   വ്യക്തികളെ  തിരിച്ചറിയാനുള്ള ഒരു സംവിധാനം ആണ്. അയാൾ  ഏതു രാജ്യക്കാരനാണ്, സ്ത്രീയോ പുരുഷനോ, എത്ര വയസുള്ളയാളാണ്, അയാളുടെ   പശ്ചാത്തലം എന്താണ്, ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണോ, സാമ്പത്തിക ഇടപാടുകൾ എങ്ങനെ,  സോഷ്യൽ മീഡിയയിൽ നടത്തുന്ന ഇടപെടലുകൾ എപ്രകാരമാണ്, ആരോഗ്യസ്ഥിതി എങ്ങനെ,  ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ  ഏതൊക്ക, ഇൻഷുറൻസിൻറെയും  ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, ഇൻകം ടാക്സ്  എന്നിവയുടെയും  വിവരങ്ങൾ എന്നിങ്ങനെ  ഒരു വ്യക്തിയെക്കുറിച്ചു  ഗവണ്മെൻറിനോ സമൂഹത്തിനോ മറ്റു വ്യക്തികൾക്കോ  അറിയേണ്ട  എല്ലാ വിവരങ്ങളും ഈ ചിപ്പ്  സ്കാൻ ചെയ്താൽ ലഭിക്കും.  ഒരു മനുഷ്യനെ  തിരിച്ചറിയാൻ ഇതിൽ പരം വേറെയെന്താണു  വേണ്ടത്?

ഇനി ശരീരത്തിൽ ചിപ്പ് ഘടിപ്പിക്കുന്നതിൻറെ കുഴപ്പം പറയാം. ‘മൂന്നാമതൊരു  ദൂതൻ വന്ന്  ഉച്ചസ്വരത്തിൽ വിളിച്ചുപറഞ്ഞു; ആരെങ്കിലും  മൃഗത്തെയോ അതിൻറെയോ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ  മുദ്ര സ്വീകരിക്കുകയോ ചെയ്താൽ   അവർ ദൈവകോപത്തിൻറെ  പാത്രത്തിൽ അവിടുത്തെ ക്രോധത്തിൻറെ   വീഞ്ഞ്  കലർപ്പില്ലാതെ പകർന്നുകുടിക്കും. വിശുദ്ധദൂതന്മാരുടെയും  കുഞ്ഞാടിൻറെയും ( യേശുക്രിസ്തു) മുൻപാകെ അഗ്നിയാലും ഗന്ധകത്താലും അവർ പീഡിപ്പിക്കപ്പെടുകയും ചെയ്യും. അവരുടെ പീഡനത്തിൻറെ  പുക എന്നെന്നും ഉയർന്നുകൊണ്ടിരിക്കും. മൃഗത്തെയും  അതിൻറെ പ്രതിമയെയും ആരാധിക്കുന്നവർക്കും അതിൻറെ നാമമുദ്ര സ്വീകരിക്കുന്നവർക്കും രാപകൽ ഒരാശ്വാസവും ഉണ്ടായിരിക്കയില്ല’ ( വെളി.14:9-11).  നിത്യനാശത്തിലേക്കുള്ള    പാസ്പോർട്ടാണ് ഈ സാത്താൻറെ മുദ്ര എന്ന് അറിഞ്ഞിരിക്കുക.

നിത്യനാശം അഥവാ ആത്മാവിൻറെ  നാശം എന്നതു  മരണത്തിനുശേഷമുള്ള അവസ്ഥയാണല്ലോ. എന്നാൽ  സാത്താൻറെ മുദ്ര കൈയിൽ സ്വീകരിക്കുന്നവർക്ക് ഈ ലോകത്തിൽ വച്ചും  അതിൻറെ പരിണതഫലങ്ങൾ അനുഭവിക്കേണ്ടിവരും എന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നുണ്ട്.  ഈ വചനങ്ങൾ ശ്രദ്ധിക്കുക. ‘അപ്പോൾ മൃഗത്തിൻറെ മുദ്രയുള്ളവരും  അതിൻറെ പ്രതിമയെ ആരാധിക്കുന്നവരുമായ മനുഷ്യരുടെ  ശരീരത്തിൽ ദുർഗന്ധം വമിക്കുന്ന വ്രണങ്ങളുണ്ടായി’ (വെളി. 16:2). ഇനി വരാൻ  പോകുന്ന മഹാമാരി  ത്വക്കിനെ ബാധിക്കുന്നതാണെങ്കിൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല എന്നു  സാരം.

ഇനിയും ചിലർക്കു  സംശയം അവശേഷിച്ചേക്കാം. എന്തുകൊണ്ടാണ് ഒരു ചിപ്പ് ശരീരത്തിൽ വച്ചു എന്ന  ഒറ്റക്കാരണത്താൽ   ദൈവം മനുഷ്യരെ നിത്യകാലം പീഡനത്തിനു  വിട്ടുകൊടുക്കുന്നത് എന്ന്.  നിങ്ങളുടെ  ശരീരത്തിൽ ഘടിപ്പിക്കുന്ന ചിപ്പിലൂടെ നിങ്ങൾക്കു  വെളിയിൽ നിന്നു  നിർദേശങ്ങൾ തരാനും  ആ നിർദേശങ്ങൾക്കനുസരിച്ചു  നിങ്ങളെക്കൊണ്ടു  പ്രവർത്തിപ്പിക്കാനും സാധിക്കും എന്ന നിലയിലേക്കാണു  ശാസ്ത്രം ‘വളർന്നുകൊണ്ടിരിക്കുന്നത്’ എന്നറിഞ്ഞിരിക്കുക.  മനുഷ്യൻറെ തലച്ചോറും കമ്പ്യൂട്ടറുമായി നേരിട്ടു ബന്ധപ്പെടുത്താനുള്ള എലോൺ മസ്കിൻറെ  ന്യൂറാ ലിങ്ക് പദ്ധതിയെക്കുറിച്ചൊക്കെ നമുക്കറിയാമല്ലോ. ഏതുതരം വാക്സിനും സ്വീകരിക്കാൻ മടിയില്ലാത്ത തരത്തിൽ  മനുഷ്യർ തങ്ങളുടെ ബുദ്ധി അടിയറവച്ചുകഴിഞ്ഞ ഈ കാലത്തു   മനുഷ്യർക്കു  ദോഷകരമായ ഘടകങ്ങൾ ഒരു വാക്സിനിലൂടെ  ശരീരത്തിൽ കടത്തിവിട്ടാൽ ആരും അത് അറിയാൻ പോകുന്നില്ല.   ഈ ദോഷകരമായ ഘടകങ്ങൾ സ്വയം പ്രവർത്തനക്ഷമമാകുന്ന തരത്തിലുള്ള നിർദേശങ്ങൾ  പിന്നീടൊരിക്കൽ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ചിപ്പിലൂടെ  കൊടുക്കുക എന്നതും തികച്ചും സംഭവ്യമാണ്. ഒരു മൊബൈൽ ഫോൺ  എപ്രകാരമാണ് അതിലെ സിം കാർഡ് വഴി വരുന്ന നിർദേശങ്ങൾ അനുസരിച്ചു    പ്രവർത്തിക്കുന്നത് എന്നു  ചിന്തിച്ചാൽ കാര്യം  എളുപ്പത്തിൽ മനസിലാകും.  ഇവിടെ സിം കാർഡിനുപകരം മൈക്രോചിപ്പാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. പുറത്തുനിന്നുള്ള ഒരു സെർവർ അയയ്ക്കുന്ന സിഗ്നലുകൾ അനുസരിച്ചുള്ള നിർദേശങ്ങൾ ഈ  മൈക്രോചിപ്പ്‌ നമ്മുടെ ശരീരത്തിന്  നൽകുകയും നമ്മുടെ തലച്ചോർ അതനുസരിച്ചു  പ്രവർത്തിക്കുകയും ചെയ്യും.

ഇനിയും മനസിലാകാത്തവർക്കായി ഒരു ഉദാഹരണം പറയാം. പുരുഷനു  സ്ത്രീയോടും സ്ത്രീയ്ക്കു  പുരുഷനോടും ആകർഷണം തോന്നുന്നതു   ശരീരത്തിലെ ചില പ്രത്യേക ഹോർമോണുകളുടെ സാന്നിധ്യം മൂലമാണ്. ഈ ഹോർമോൺ സന്തുലിതാവസ്ഥയ്ക്കു   ഭംഗം വരുത്തിയാൽ സ്വാഭാവികമായ  സ്ത്രീ -പുരുഷ ആകർഷണം  നഷ്ടപ്പെടും. പകരം എന്താണു  സംഭവിക്കുകയെന്നു കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ.

ചുരുക്കിപ്പറഞ്ഞാൽ  ശരീരത്തിൽ  ചിപ്പ് വയ്ക്കാൻ  അനുവാദം കൊടുക്കുന്ന ഏതൊരാളും തൻറെ ശരീരത്തിൻറെ മേലുള്ള നിയന്ത്രണം  ചിപ്പ് വയ്ക്കുന്ന  അധികാരകേന്ദ്രങ്ങൾക്ക്  അടിയറവുവയ്ക്കുകയാണ് ചെയ്യുന്നത്.  ഈ പശ്ചാത്തലത്തിലാണ്,  ലോകം മുഴുവൻറെ മേലും നിശ്ചിതകാലത്തേക്ക് അധികാരം നൽകപ്പെട്ട മൃഗം  എന്നും, ഈ മൃഗത്തെ ആരാധിപ്പിക്കുന്നതിലേക്കു ജനങ്ങളെ  വശീകരിക്കുന്ന  രണ്ടാമത്തെ  മൃഗം  എന്നും  ഒക്കെ  ബൈബിളിൽ പരാമർശിക്കുന്നത്. അവർ ദൈവത്തിന് എതിരായി പ്രവർത്തിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവരുടെ  നിർദേശങ്ങൾക്കനുസരിച്ചു   പ്രവർത്തിക്കുന്ന ഏതൊരാളുടെയും   പ്രവർത്തികൾ തിന്മയും പാപവും ആയിരിക്കും. ഈ കാരണത്താലാണ്,   സാത്താൻറെ  മുദ്ര സ്വീകരിക്കുന്നവർ നിത്യനാശത്തിലേക്കു പോകുമെന്നു  പറയുന്നത്.

അതുകൊണ്ടു  ജാഗ്രത!  ഇന്നു  സ്വീഡൻ, നാളെ കേരളം. നാളെയെന്നത് ഏറെ ദൂരെയല്ല എന്നും ഓർത്തിരിക്കുക. വീടിനു പുറത്തിറങ്ങണമെങ്കിൽപോലും  സാത്താൻറെ മുദ്ര  കൈയിലോ  നെറ്റിയിലോ പതിക്കേണ്ട കാലം തൊട്ടുമുൻപിലുണ്ട് എന്നാണു  സ്വീഡൻ പഠിപ്പിക്കുന്നത്.  അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം.  ഈ മുദ്ര പതിക്കാതെ ജീവിക്കാൻ അനുവദിക്കില്ലെങ്കിൽ പിന്നെ ഞങ്ങളെന്തു ചെയ്യും എന്ന്. അതിനുള്ള മറുപടിയും   വിശുദ്ധഗ്രന്ഥം  നൽകുന്നുണ്ട്.  അതു മറ്റൊന്നുമല്ല, സാത്താൻറെ മുദ്ര സ്വീകരിക്കാതെ സഹനങ്ങളും  പീഡനങ്ങളും   നേരിടുക എന്നതു മാത്രമാണത്.

 ‘ ഇവിടെയാണ് ദൈവത്തിൻറെ കല്പനകൾ പാലിക്കുന്ന വിശുദ്ധരുടെ  സഹനശക്തിയും യേശുവിലുള്ള വിശ്വാസവും  വേണ്ടത്’ ( വെളി  14:12).  അതിൻറെ പ്രതിഫലമാകട്ടെ നിത്യജീവനും. ‘കൂടാതെ, യേശുവിനും  ദൈവവചനത്തിനും നൽകിയ സാക്ഷ്യത്തെപ്രതി  ശിരശ്ഛേദം  ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും, മൃഗത്തെയോ അതിൻറെ സാദൃശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കൈയിലും അതിൻറെ മുദ്ര  സ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാൻ കണ്ടു. അവർ ജീവൻ പ്രാപിക്കുകയും  ആയിരം വർഷം ക്രിസ്തുവിനോടുകൂടി വാഴുകയും ചെയ്തു. ഇതാണ് ഒന്നാമത്തെ പുനരുത്ഥാനം’ ( വെളി  20:4-5).

ചുരുക്കിപ്പറഞ്ഞാൽ  ഇനിയങ്ങോട്ടു  രണ്ടു വഴികളേ  അവശേഷിച്ചിട്ടുള്ളൂ എന്നു തിരിച്ചറിയുക. ഒന്നുകിൽ ലോകത്തിലെ സുഖസൗകര്യങ്ങൾ ആസ്വദിക്കാനായി സാത്താൻറെ മുദ്ര സ്വീകരിക്കുകയും  അതുവഴി  സ്വന്തം ആത്മാവിനെ എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുത്തുകയും ചെയ്യുക. അല്ലെങ്കിൽ യേശുക്രിസ്തുവിനോടുള്ള വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടു  സാത്താൻറെ  മുദ്ര സ്വീകരിക്കാതിരിക്കുക.അപ്പോൾ നമുക്കു ഞെരുക്കമുണ്ടാകും.  എങ്കിലും ഈ അല്പകാലത്തെ സഹനത്തിനും പീഡനത്തിനും ശേഷം നാം അനശ്വരവും ഒളിമങ്ങാത്തതുമായ മഹത്വത്തിലേക്കു പ്രവേശിക്കും.

ഇതിൽ ഏതുവേണമെന്ന തീരുമാനം ഓരോരുത്തരും വ്യക്തിപരമായി എടുക്കേണ്ടതാണ്. ആ  തീരുമാനം   എടുക്കുമ്പോൾ  കർത്താവായ  യേശുവിൽ  ആശ്രയം വച്ചുകൊണ്ട് അതു  ചെയ്യുക.. അവിടുന്ന് ഉറപ്പുതന്നിട്ടുണ്ടല്ലോ.  ‘ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ; ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു’ ( യോഹ. 16:33).