ഇതാ, ഞാൻ സീയോനിൽ ഒരു കല്ല്, ശോധന ചെയ്ത കല്ല്, അടിസ്ഥാനമായി ഇടുന്നു. വിലയുറ്റ മൂലക്കല്ല് അടിസ്ഥാനമായി ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ചഞ്ചലചിത്തനാവുകയില്ല (ഏശയ്യാ 28:16).
ഇതാ, തട്ടിവീഴ്ത്തുന്ന കല്ലും ഇടർച്ചയ്ക്കുള്ള പാറയും സീയോനിൽ ഞാൻ സ്ഥാപിക്കുന്നു. അവനിൽ വിശ്വസിക്കുന്നവർക്കു ലജ്ജിക്കേണ്ടിവരികയില്ല എന്ന് എഴുതപ്പെട്ടിരിക്കുന്നു ( റോമാ 9:33).
ഇതാ, സീയോനിൽ ഞാൻ ഒരു കല്ല് സ്ഥാപിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ മൂലക്കല്ല്. അതിൽ വിശ്വസിക്കുന്നവൻ ഒരിക്കലും ലജ്ജിക്കുകയില്ല. ( 1 പത്രോസ് 2:6).
ആ മൂലക്കല്ല് ക്രിസ്തുവാണെന്നു നമുക്കറിയാം. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല എന്നും നമുക്കറിയാം. യഹൂദർക്ക് ഇടർച്ചയും വിജാതീയർക്കു ഭോഷത്തവുമായ കുരിശിലൂടെയാണ് (1 കൊറി 1:23) നമ്മുടെ കർത്താവ് നമ്മുടെ ലജ്ജയെ നിത്യമഹത്വമാക്കി മാറ്റിയത്. തൻറെ കുരിശുമരണത്തിനുമുൻപ് അവിടുന്ന് തൻറെ ശരീരവും രക്തവും നമുക്കു ഭക്ഷണപാനീയങ്ങളായി നൽകിക്കൊണ്ടു യുഗാന്ത്യം വരെ എന്നും നമ്മോടൊപ്പമുണ്ടായിരിക്കുമെന്നുള്ള വാഗ്ദാനം നമ്മുടെ ശരീരത്തിലും, പന്തക്കുസ്താദിവസം പരിശുദ്ധാത്മാവിനെ നൽകികൊണ്ട് നമ്മുടെ ആത്മാവിലും നിറവേറ്റി.
പരിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം കർത്താവിനു നന്ദി പറയണം. ഇത്രയും ശ്രേഷ്ഠവും അമൂല്യവുമായ ഒരു സമ്മാനം ലോകത്തിൽ മറ്റാർക്കും ഒരിക്കലും നല്കപ്പെട്ടിട്ടില്ല. എന്നാൽ പരിശുദ്ധ കുർബാനയുടെ അമൂല്യതയും അനന്യതയും ശ്രേഷ്ഠതയും തിരിച്ചറിയണമെങ്കിൽ പരിശുദ്ധാത്മാവു തന്നെ നമ്മെ സഹായിക്കണം. അല്ലാത്ത പക്ഷം നാം യേശുക്രിസ്തുവാകുന്ന ആ കല്ലിൽ തട്ടിവീഴാം. അല്ലെങ്കിൽ ആ കല്ല് നമ്മുടെ മേൽ വന്നു വീഴാം. രണ്ടായാലും ഫലം ഒന്നുതന്നെ
പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് തന്നെ മൂലക്കല്ലായിത്തീർന്നു ……. ഈ കല്ലിൽ വീഴുന്നവൻ തകർന്നുപോകും. ഇത് ആരുടെ മേൽ വീഴുന്നുവോ, അവനെ അതു ധൂളിയാക്കും ( മത്തായി 21:42-44, ലൂക്കാ 20:17-18).
തൻറെ ശരീരവും രക്തവും നിത്യജീവൻ ഉറപ്പുതരുന്ന ഭക്ഷണപാനീയങ്ങൾ ആണെന്ന തൻറെ പ്രസ്താവന ശിഷ്യന്മാർക്ക് ഇടർച്ചയുണ്ടാക്കി എന്നും അവർ അതിനെച്ചൊല്ലി പിറുപിറുക്കുന്നുണ്ട് എന്നും യേശുവിനറിയാമായിരുന്നു (യോഹ. 6:61). പിതാവിൽ നിന്നു വരം ലഭിച്ചാലല്ലാതെ എൻറെയടുക്കലേക്കു വരാൻ ആർക്കും സാധിക്കുകയില്ല (യോഹ 6:65) എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് അവിടുന്ന് അവരോടു പറഞ്ഞത് ഈ പ്രബോധനം സ്വീകരിക്കാൻ സാധിക്കാത്തവർ പൊയ്‌ക്കൊള്ളട്ടെ എന്നാണ് (യോഹ. 6:67).
കുരിശിൽ കുർബാനയായവൻറെ അധരങ്ങളിൽ നിന്നു തന്നെ പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള സത്യപ്രബോധനം നേരിട്ടു കേട്ടിട്ടും അതു മനസിലാക്കാനുള്ള വരം പിതാവിൽ നിന്നു ലഭിക്കാതെ പോയ ‘അവൻറെ ശിഷ്യന്മാരിൽ വളരെപ്പേർ അവനെ വിട്ടുപോയി’ എന്ന് നാം വായിക്കുമ്പോൾ ആ വചനസംഖ്യ യോഹന്നാൻ 6:66 ആയിരുന്നു എന്നുകൂടി നാം ഓർക്കണം. ഇതുപോലൊരു സംഖ്യ യോഹന്നാൻ ശ്ലീഹാ പിന്നീടൊരിക്കൽ കൂടി ഉപയോഗിക്കുന്നുണ്ട്. അതാകട്ടെ എതിർക്രിസ്തുവിൻറെ സംഖ്യയുമാണ് (വെളി 13:18). അത് മനസിലാകണമെങ്കിലും ജ്ഞാനം വേണമെന്നു യോഹന്നാൻ എഴുതിയിരിക്കുന്നു.
പരിശുദ്ധ കുർബാനയെ എതിർക്കുന്നവരും നിഷേധിക്കുന്നവരും അവഹേളിക്കുന്നവരും അവസാനം എതിക്രിസ്തുവിൻറെ പാളയത്തിലല്ലാതെ മറ്റൊരിടത്തും ചെന്നെത്തില്ല. നിത്യജീവനരുളുന്ന അപ്പവും നിത്യരക്ഷ നൽകുന്ന പാനപാത്രവും നമ്മുടെ മുൻപിലുണ്ട്. നമുക്ക് അതു സ്വീകരിക്കാം, അനുദിനം സ്വീകരിക്കാം. നിരന്തരദഹനബലിയാകുന്ന പരിശുദ്ധ കുർബാന നിർത്തലാക്കപ്പെടുകയും ദൈവാലയത്തിൽ വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്ന നാളുകൾ ഏറെ അകലെയല്ല എന്നോർക്കുക (ദാനിയേൽ 9:27, 12:11). ആർക്കും വേല ചെയ്യാൻ കഴിയാത്ത ആ രാത്രി സമീപിക്കുന്നതിനു മുൻപ്, നമുക്ക് ഇപ്പോൾ പരിശുദ്ധ കുർബാനയുടെ പ്രകാശത്തിൽ വ്യാപരിക്കാം. ആ നാളുകളെ നേരിടാനുള്ള ശക്തി പരിശുദ്ധ കുർബാനയിൽ നിന്ന് സംഭരിക്കാം.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും സ്തുതിയും പുകഴ്ചയും ആരാധനയും ഉണ്ടായിരിക്കട്ടെ. ആമേൻ.