ജ്ഞാനികളുടെ ക്രിസ്മസ്

ദീർഘമായ ഒരു കാത്തിരിപ്പിൻറെ അവസാനമാണു  ക്രിസ്‌മസ്‌. നീണ്ടതും ക്ലേശകരവുമായ ഒരു  യാത്രയുടെ അവസാനം നമുക്കു  ലഭിക്കുന്ന സൗഭാഗ്യമാണു  ക്രിസ്തുദർശനം. യഥാർത്ഥത്തിൽ ക്രിസ്‌മസ്‌ എന്നതു ക്രിസ്തു ജനിച്ച ദിവസമല്ല, നാം ക്രിസ്തുവിനെ കണ്ടുമുട്ടുന്ന  ദിവസമാണ്. 

യഹൂദരുടെ രാജാവായി ജനിച്ചവനെ കാണാനും അവനെ ആരാധിക്കാനുമായി പുറപ്പെടുമ്പോൾ പൗരസ്ത്യദേശത്തുനിന്നുള്ള ജ്ഞാനികൾക്കു  മുൻപിൽ   പ്രതീക്ഷയുടെ ഒരു നേരിയ വെട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെ നയിച്ചിരുന്ന നക്ഷത്രത്തിൻറെ  വെളിച്ചം മാത്രം. എന്നാൽ ആ കുഞ്ഞുവെളിച്ചത്തിൽ അവർ  വഴിമാറിപ്പോകാതെ, വഴിതെറ്റാതെ ജറുസലേമിൽ എത്തി.  എന്നാൽ  കർത്താവിൻറെ നഗരത്തിൽ  വച്ച്  ഇനിയെങ്ങോട്ടുപോകണം എന്ന കാര്യത്തിൽ അവർക്ക് ആദ്യമായി സംശയം  ഉദിച്ചു.

രാജാവിനെ തിരഞ്ഞുചെല്ലേണ്ടതു   രാജകൊട്ടാരത്തിലാണല്ലോ എന്ന  സാമാന്യന്യായം അവരെ ഹേറോദോസിൻറെ കൊട്ടാരത്തിലേക്കു നയിച്ചു. യഹൂദരുടെ രാജാവായി ജനിച്ചവൻ എവിടെ എന്ന ചോദ്യം കേട്ടു   ഹേറോദോസ് അസ്വസ്ഥനായി. കാരണം അവനെ സംബന്ധിച്ചിടത്തോളം രാജാവെന്ന് അവകാശപ്പെടുന്ന ഏതൊരുവനും അവൻറെ ശത്രുവായിരുന്നു.  ഹൃദയങ്ങളുടെ രാജാവാണു  യേശുക്രിസ്തു എന്നു മനസിലാക്കാനുള്ള ജ്ഞാനം അവന് അന്യമായിരുന്നല്ലോ.

ജ്ഞാനികൾക്കു വഴികാണിച്ചുകൊടുത്തതു പ്രധാനപുരോഹിതന്മാരും ഇസ്രായേൽ ജനത്തിനിടയിലെ നിയമജ്ഞരുമായിരുന്നു. യേശു ബെത്ലഹേമിലാണു  ജനിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ അവർക്കാർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. കാരണം  പ്രവചനങ്ങൾ അത്രമേൽ സുവ്യക്തമായിരുന്നു.  എന്നിട്ടും എന്തുകൊണ്ട് അവർ ജ്ഞാനികളോടുകൂടെ ബെത്ലഹേമിലേക്കു പോയില്ല എന്നതിൻറെ ഉത്തരം

ഹേറോദോസിനെ ബാധിച്ചിരുന്ന അതേ  അരൂപി  അവരെയും ബാധിച്ചിരുന്നു എന്നതാണ്.

ക്രിസ്‌തു പാർക്കുന്നിടത്തേക്കുള്ള  വഴി തെളിഞ്ഞുകിട്ടണമെങ്കിൽ അജ്ഞാനത്തിൻറെയും അവിശ്വാസത്തിൻറെയും തിമിരം നമ്മുടെ കണ്ണുകളിൽ നിന്ന് എടുത്തുമാറ്റണം.  അല്ലെങ്കിൽ രക്ഷകൻ തൊട്ടടുത്തു നിൽക്കുമ്പോഴും അവനെ  കാണാൻ കഴിയാത്ത വിധം നമ്മുടെ കണ്ണുകൾ മൂടപ്പെട്ടിരിക്കും. കാഴ്ചയുണ്ടെന്ന് അഭിമാനിക്കുന്നവർ കർത്താവിൻറെ വെളിച്ചത്തിൽ അന്ധരായിപ്പോകുന്നതു നാം അറിയണം.  കാഴ്ചയില്ലാത്തവർ കാണുകയും കാഴ്ചയുള്ളവർ അന്ധരായിത്തീരുകയും ചെയ്യേണ്ടതിനു   ന്യായവിധിക്കായി  ഈ ലോകത്തിലേക്കു  വന്ന (യോഹ. 9:39)  ദൈവപുത്രനെ കാണാനുള്ള  ‘കാഴ്ച ലഭിക്കുന്നതിനു  കണ്ണിലെഴുതാനുള്ള അഞ്ജനം നാം വാങ്ങേണ്ടതും’ (വെളി 3:18)   അവൻറെ പക്കൽ നിന്നു  തന്നെയാണ്. 

അപ്പോഴാണു  തിരുപ്പിറവിയുടെ രഹസ്യം  നമുക്കു മനസിലാവുക.  നമ്മെക്കാൾ ശ്രേഷ്ഠരായ അനേകർ അനേകകാലം ആഗ്രഹിച്ചിട്ടും സാധിക്കാതെപോയ ഒന്നാണല്ലോ രക്ഷകനെ നേരിൽ കാണുക എന്നത്.  ‘നിങ്ങൾ കാണുന്നവ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ. എന്തെന്നാൽ, ഞാൻ പറയുന്നു, അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല’ (ലൂക്കാ 10:24) എന്നു  പറഞ്ഞുകൊണ്ട് യേശു നമ്മെ ഓർമ്മിപ്പിക്കുന്നത് ഓരോ ക്രിസ്തുദർശനവും  മഹാഭാഗ്യമാണെന്നാണ്. അവിടുത്തെ തിരുവചനങ്ങൾ  കേൾക്കുക എന്നതു  മഹാഭാഗ്യമാണെന്നാണ്. 

നമുക്കു കൈവന്നിരിക്കുന്ന ആ മഹാഭാഗ്യത്തിൻറെ വില നാം മനസിലാക്കുന്നുണ്ടോ എന്നറിയാൻ  ഒരെളുപ്പവഴിയുണ്ട്.  അതു  ജ്ഞാനികൾ തെരഞ്ഞെടുത്ത  വഴി  തന്നെയാണ്.  അവർ  വന്ന വഴിയേ തിരിച്ചുപോയില്ല.  യേശുക്രിസ്തുവിനെ കാണാൻ ഭാഗ്യം  ലഭിച്ചവർ പിന്നെ രാജകൊട്ടാരത്തിലേക്കു മടങ്ങേണ്ടതില്ല.  വഴിയും സത്യവും ജീവനുമായവൻ  പോകേണ്ട വഴി അവർക്കു കാണിച്ചുകൊടുക്കും.  കർത്താവിനെ കണ്ടവർക്കു പിന്നെ നക്ഷത്രത്തിൻറെ  ആവശ്യവും  ഉണ്ടായിരുന്നില്ല. 

 അനേകം ക്രിസ്മസുകൾ  ആഘോഷിച്ചിട്ടും നാം ഇപ്പോഴും ഏതെങ്കിലും നക്ഷത്രത്തിൻറെ  കുഞ്ഞുവെട്ടത്തെ  പിൻപറ്റി നടക്കുകയാണോ എന്നു  ചിന്തിക്കണം.  ‘എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം’  (യോഹ. 1:9) ലോകത്തിലേക്കു വന്നുകഴിഞ്ഞിട്ടും  ‘പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിക്കുകയാൽ സ്വന്തം  ശിക്ഷാവിധി സ്വയം രചിക്കുന്ന’ (യോഹ 3:19) ദൗർഭാഗ്യത്തിലേക്കല്ല,  ഏതൊരു ഇരുളിനെയും കീഴടക്കാൻ പോന്ന ക്രിസ്തുവിൻറെ പ്രകാശത്തിൻറെ (യോഹ 1:5) ഉദയശോഭയിലേക്കാണു നമ്മുടെ കണ്ണുകൾ തുറക്കേണ്ടത്. 

ക്രിസ്മസിനോടുള്ള നമ്മുടെ  മനോഭാവം  തന്നെയാണു  നമ്മുടെ ആത്മീയതയുടെ അളവുകോലും.  രക്ഷകനായ യേശുവിൻറെ ജനനത്തോടു  മൂന്നു വിധത്തിൽ പ്രതികരിച്ച  മനുഷ്യരെ നാം കണ്ടുമുട്ടുന്നുണ്ട്. ആദ്യത്തേത് ഹേറോദോസാണ്. ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആ വാർത്ത അറിഞ്ഞപ്പോൾ  അവൻ അസ്വസ്ഥനാവുകയാണു  ചെയ്തത്. അവനോടൊപ്പം  ജെറുസലേം മുഴുവനും അസ്വസ്ഥമായി. 

രണ്ടാമത്തെ കൂട്ടർ  പ്രധാനപുരോഹിതന്മാരും നിയമജ്ഞരും ആയിരുന്നു. രക്ഷകൻറെ  തിരുപ്പിറവിയോടുള്ള അവരുടെ പ്രതികരണം തികഞ്ഞ നിസംഗതയായിരുന്നു.  അതുകൊണ്ടാണല്ലോ ഏതാനും  കിലോമീറ്ററുകൾ മാത്രം ദൂരമുള്ള ബെത്ലഹേമിൽ വരെ പോയി ഒന്ന് അന്വേഷിക്കാം എന്നുപോലും  അവർക്കാർക്കും തോന്നാത്തത്.  

മൂന്നാമത്തെ കൂട്ടർ ജ്ഞാനികളാണ്.  ക്ലേശകരമായ ഒരു യാത്രയുടെ അന്ത്യത്തിൽ അവർ യേശുവിനെ കണ്ടെത്തുന്നു. അവനെ കുമ്പിട്ട് ആരാധിക്കുന്നു. നിക്ഷേപപാത്രങ്ങൾ തുറന്നു  പൊന്നും കുന്തിരിക്കവും മീറയും കാഴ്ചവയ്ക്കുന്നു. ആഹ്‌ളാദത്തോടെ  കർത്താവു കാണിച്ചുകൊടുത്ത വഴിയേ ശിഷ്ടജീവിതം നയിക്കുന്നു.

ഇതിൽ ഏതു രീതിയിലാണു  ക്രിസ്മസ്  ആഘോഷിക്കേണ്ടത്  എന്നു  തീരുമാനിക്കേണ്ടതു  നമ്മളോരോരുത്തരുമാണ്.  ജ്ഞാനികളുടെ  വഴി തെരഞ്ഞെടുക്കാൻ ഉണ്ണിയേശു നമ്മെ അനുഗ്രഹിക്കട്ടെ.