‘കർത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം സ്വർഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവൻ ദൈവത്തിൻറെ വലതുഭാഗത്ത് ഉപവിഷ്ടനായി’ (മർക്കോസ് 16:19).
ഉത്ഥാനം മുതൽ സ്വർഗാരോഹണം വരെയുള്ള നാൽപതു നാളുകളിൽ യേശു ഒരുപാടു കാര്യങ്ങൾ ശിഷ്യന്മാരോടു പറഞ്ഞിരുന്നു. അവരെ സുവിശേഷ വേല ഏല്പിച്ചു. പിശാചുക്കളുടെ മേൽ ആധിപത്യം നൽകി. രോഗികളെ സുഖപ്പെടുത്താനും അത്ഭുതങ്ങൾ പ്രവർത്തിക്കാനുമുള്ള അധികാരം നൽകി. ശത്രുവിൻറെ എല്ലാ ആയുധങ്ങൾക്കുമെതിരെ വിജയം വരിക്കാനുള്ള അനുഗ്രഹവും നൽകി. അങ്ങനെ തൻറെ ദൗത്യം പൂർത്തിയാക്കി യതിനുശേഷം സ്വർഗത്തിൽ തൻറെ പിതാവിൻറെ അടുത്തേക്കു മടങ്ങു ന്നതിനു മുൻപ് അവിടുന്ന് പ്രധാനപ്പെട്ട ഒരു കാര്യം കൂടി തൻറെ ശിഷ്യ ന്മാരോടു പറഞ്ഞിരുന്നു. ‘നിങ്ങൾ ജെറുസലേം വിട്ടു പോകരുത്. എന്നിൽ നിന്നു നിങ്ങൾ കേട്ട പിതാവിൻറെ വാഗ്ദാനം കാത്തിരിക്കുവിൻ’ (അപ്പ. 1:4).
യേശുവിൽ നിന്നു ശിഷ്യന്മാർ കേട്ട പിതാവിൻറെ വാഗ്ദാനം പരിശുദ്ധാത്മാവിനെ അയയ്ക്കും എന്നതായിരുന്നു (യോഹ. 14: 26). ശിഷ്യന്മാർ കർത്താവിൻറെ വാക്ക് അനുസരിച്ചു. അവർ ജെറുസലേം വിട്ടുപോകാതെ പ്രാർത്ഥനയിൽ ചെലവഴിച്ച ആ ഒൻപതുദിവസങ്ങളാണു പരിശുദ്ധാത്മാവിൻറെ ശക്തമായ അഭിഷേകത്തിനായി അവരെ ഒരുക്കിയത്.
സ്വർഗാരോഹണ തിരുനാളിനെയും പന്തക്കുസ്താ തിരുനാളിനെയും നാം ഒരുമിച്ചു കാണണം. കാരണം സ്വർഗാരോഹണം നടക്കുന്നില്ലെങ്കിൽ പരിശുദ്ധാത്മാവ് വർഷിക്കപ്പെടുകയില്ല എന്നു കർത്താവു തന്നെ പറയുന്നുണ്ട് (യോഹ. 16:7). പരിശുദ്ധാത്മാവിനെ സ്വീകരിക്കാനായി ശിഷ്യൻമാർ മറിയത്തോടൊപ്പം പ്രാർഥനയിൽ ചെലവഴിച്ച ആ ഒൻപതു ദിവസങ്ങളുടെ അഭിഷേകം വരും തലമുറകൾക്കും ലഭിക്കണം എന്ന ഉദ്ദേശത്തോടുകൂടെയാണ് സഭ പരിശുദ്ധാത്മാവിൻറെ നൊവേന നമുക്കു നൽകിയിരിക്കുന്നത്. കത്തോലിക്കാ സഭ ഔദ്യോഗികമായി നിർദ്ദേശിച്ചിരിക്കുന്ന ഒരേയൊരു നൊവേന പരിശുദ്ധാത്മാവിനോടുള്ള നൊവേന ആണെന്നത് അതിൻറെ പ്രാധാന്യം വർധിപ്പിക്കുന്നു.
സ്വർഗാരോഹണതിരുനാളിൻറെ പിറ്റേന്നു (വെള്ളിയാഴ്ച ) മുതൽ പന്തക്കുസ്താ തിരുനാളിൻറെ തലേന്നു ശനിയാഴ്ച വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് ഈ നൊവേന ചൊല്ലേണ്ടത്. പന്തക്കുസ്താ തിരുനാളിലെ ആത്മാവിൻറെ അഭിഷേകത്തിനായുള്ള ഈ ഒരുക്കത്തിൻറെ നാളുകൾ ഫലപ്രദമായി ചെവവഴിക്കാൻ പരിശുദ്ധാത്മാവിൻറെ നൊവേന എല്ലാവരെയും സഹായിക്കട്ടെ എന്നു പ്രാർഥിക്കുന്നതോടൊപ്പം എല്ലാവർക്കും സ്വർഗാരോഹണ തിരുനാളിൻറെ മംഗളങ്ങൾ നേരുകയും ചെയ്യുന്നു.
(www.divinemercychannel.com)
