മക്കളുടെ വിശ്വാസജീവിതത്തെക്കുറിച്ച്:
വൈകിട്ടു കുരിശുമണിയടിക്കുമ്പോൾ മക്കളെല്ലാവരും വീട്ടിൽ ഉണ്ടായിരിക്കണം എന്ന കാര്യം മാതാപിതാക്കൾ ഉറപ്പുവരുത്തണം. പ്രാർത്ഥന കഴിഞ്ഞയുടനെ അപ്പനും അമ്മയ്ക്കും കാരണവന്മാർക്കും സ്തുതി ചൊല്ലി കൈ മുത്താനും അവരെ പരിശീലിപ്പിക്കണം.
മക്കൾക്കു പന്ത്രണ്ടു വയസു തികഞ്ഞാൽ അത് ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ട പ്രായമാണ് എന്നോർത്തുകൊൾക. ആ പ്രായത്തിലുള്ള മക്കളെ പെരുന്നാൾ, വിരുന്ന്, കല്യാണം, അടിയന്തരം എന്നിങ്ങളെ ഓരോ കാരണം പറഞ്ഞു പുറത്തുപോകാൻ അനുവദിക്കാതെ അവരെ വീട്ടിൽ തന്നെ താമസിപ്പിച്ച് അവരുടെ പ്രായത്തിനൊത്ത തൊഴിലുകൾ അഭ്യസിപ്പിക്കണം. പെൺകുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പെരുന്നാൾ, ആഘോഷം എന്നൊക്കെ പറഞ്ഞ് അവരെ അണിയിച്ചൊരുക്കുന്നതും പുറത്തേക്ക് അയക്കുന്നതും ഒക്കെ നരകത്തിൽ നിന്നു വരുന്ന ഒരു സൂത്രമത്രേ.
മറ്റുളളവരുടെ മുന്നിൽ വില കിട്ടാനായും തറവാട്ടുമഹിമയും സമ്പത്തും പ്രതാപവും മറ്റുള്ളവരെ കാണിക്കാനുമായി പെൺമക്കളെ അണിയിച്ചു നടത്തുന്നതും തങ്ങളുടെ നിലയിൽ കവിഞ്ഞുള്ള ഉടുപ്പും ആഭരണങ്ങളും അണിയിക്കുന്നതും എത്രയോ ആത്മാക്കളിൽ നരകത്തീ കൊളുത്തുവാൻ കാരണമാകുന്നു! പെൺകുട്ടിയുടെ ആഭരണമെന്നാൽ എത്രയും വലിയ അടക്കവും ഭക്തിയും മിണ്ടടക്കവും കണ്ണടക്കവും ആകുന്നു എന്നോർത്തുകൊള്ളുക.
മക്കൾ തമ്മിൽ ഉണ്ടാകുന്ന വഴക്കുകൾ കലഹങ്ങളും അയൽക്കാർ തമ്മിലുള്ള വഴക്കായി മാറാതിരിക്കാൻ സൂക്ഷിക്കണം. കുഞ്ഞുങ്ങളുടെ താളത്തിനു തുള്ളി അയൽക്കാരോടു വഴക്കിടുന്ന മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിൽ എന്തു വ്യത്യാസം!
(തുടരും)