കഴിഞ്ഞ അധ്യായത്തിൽ 10,11,12 എന്നിങ്ങനെ മൂന്നു ഉപശീർഷകങ്ങളിലായി നാം ചർച്ച ചെയ്തത് വിശ്വാസികൾ ഒറ്റിക്കൊടുക്കപ്പെടുന്നതിനെയും വ്യാജപ്രവാചകന്മാർ പ്രത്യക്ഷപ്പെടുന്നതിനെയും അധർമത്തിൻറെ വർദ്ധനവു ഹേതുവായി അനേകരുടെ സ്നേഹം തണുത്തുപോകുന്നതിനെയും കുറിച്ചാണ്. ഇത്രയധികം അപകടകരമായ ഒരു സാഹചര്യത്തിൽ ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് ഈ ലോകത്തിൽ ജീവിക്കുക എന്നത് ഏറെ ദുഷ്കരമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും രക്ഷ പ്രാപിക്കുവാൻ അതല്ലാതെ മറ്റൊരു വഴിയില്ലാത്തതിനാൽ തിന്മ നിറഞ്ഞ ഈ കാലത്തു നമുക്കു പിടിച്ചുനിൽക്കുക തന്നെ ചെയ്യണം. അങ്ങനെയുള്ളവർ മാത്രമേ രക്ഷിക്കപ്പെടുകയുള്ളു എന്ന് യേശു വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. സൂത്രത്തിൽ കൂടി മോക്ഷം നേടാമെന്ന് ആരും കരുതേണ്ട എന്ന് സാരം.
13 . അവസാനം വരെ ക്ഷമിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും:
പക്ഷേ എത്രപേർ അവസാനം വരെ ക്ഷമിച്ചുനിൽക്കും? ഇസ്രായേൽ മക്കളുടെ സംഖ്യ കടലിലെ മണൽത്തരി പോലെയാണെങ്കിലും അവരിൽ ഒരു ചെറിയഭാഗം മാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ എന്ന ഏശയ്യാ പ്രവചനം ( ഏശയ്യാ 10:22-23 ) പൗലോസ് ശ്ലീഹാ റോമാക്കാരെ അനുസ്മരിപ്പിക്കുന്നുണ്ടല്ലോ ( റോമാ 9:27). സ്വർഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും അതിലൂടെ യാത്ര ചെയ്യുന്നവർ കുറവും ആണെന്നു പറയുന്ന യേശു നരകത്തിലേക്കുള്ള വിശാലമായ വഴിയിൽ കൂടി അനേകർ യാത്രചെയ്തുകൊണ്ടിരിക്കുന്നു എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറഞ്ഞുവച്ചിട്ടുമുണ്ട്. ദൈവരാജ്യം തന്നോടുതന്നെ ബലം പ്രയോഗിച്ചു നേടിയെടുക്കേണ്ട ഒന്നാണെന്നും അനേകർ അതിനായി ശ്രമിക്കുമെങ്കിലും കുറച്ചുപേർ മാത്രമേ അതിൽ വിജയിക്കുകയുള്ളൂ എന്നും പറയുന്ന യേശു അവസാനം വരെ പിടിച്ചുനിൽക്കേണ്ടതിൻറെ പ്രാധാന്യമാണ് ഓർമ്മിപ്പിക്കുന്നത്.
അന്ത്യകാലത്തെക്കുറിച്ചു പറയുമ്പോൾ വിശുദ്ധനായ പോൾ ആറാമൻ പാപ്പാ പറയുന്നത് ‘ഒരു ചെറിയ അജഗണം – അതെത്രതന്നെ ചെറുതാണെങ്കിലും – അവസാനം വരെ പിടിച്ചുനിൽക്കേണ്ടത് അത്യാവശ്യമാണ്’ എന്നാണ്.
അവസാനം വരെ പിടിച്ചുനിൽക്കുക എന്നതിൻറെ അർത്ഥമെന്താണെന്നു മനസ്സിലാക്കണമെങ്കിൽ കാനഡയിലേക്ക് നോക്കിയാൽ മതി. 2019 ഓഗസ്റ്റ് പതിനേഴാം തിയതി കാനഡയിലെ ഒട്ടാവയിൽ സാത്താൻ ആരാധകർ പരസ്യമായി ബ്ലാക്ക് മാസ്സ് നടത്തിയപ്പോൾ പ്രതിഷേധിക്കാൻ ഒരു ക്രിസ്ത്യൻ രാജ്യം എന്ന് നാമെല്ലാം കരുതിയിരുന്ന കാനഡയിൽ ഉണ്ടായിരുന്നത് അവിടുത്തെ ബിഷപ്പും നാലഞ്ചു വൈദികരും അടക്കം നൂറോളം പേർ മാത്രം. ബിഷപ്പു വെഞ്ചരിച്ചുകൊടുത്ത വെള്ളവും ഉപ്പും കൈയിലെടുത്ത്, നിന്ദനവും പുച്ഛവും പരിഹാസവും അവഹേളനവും സഹിച്ചു രാത്രി ഒൻപതര മുതൽ കർത്താവിൻറെ സാക്ഷികളായി അവർ ബ്ലാക്ക് മാസ്സ് നടക്കുന്ന കെട്ടിടത്തിൻറെ മുൻപിൽ പ്രാർത്ഥനയും ഉച്ചത്തിലുള്ള സ്തുതിപ്പുകളും കൊണ്ടു വലിയ സാക്ഷ്യം ആയി നിലകൊണ്ടു. പതുക്കെപ്പതുക്കെ ഓരോരുത്തരായി പിരിഞ്ഞുപോയപ്പോഴും അവസാനനിമിഷം വരെ അവിടെ പിടിച്ചുനിന്നത് ഏഴു മലയാളി ക്രിസ്ത്യാനികളായിരുന്നു എന്നറിയുമ്പോൾ കർത്താവിൻറെ രണ്ടാം വരവിനു ലോകത്തെ ഒരുക്കുന്നതിൽ കേരളത്തിൻറെ പങ്ക് എത്രത്തോളമാണെന്നു മനസിലാക്കാം.
14. എല്ലാ ജനതയുടെയും സാക്ഷ്യത്തിനായി രാജ്യത്തിൻറെ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും:
ക്രിസ്തുവിൻറെ രണ്ടാം വരവിനു മുൻപായി ലോകമെങ്ങും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നു. അത് യേശു തന്നെ പ്രവചിച്ചിട്ടുള്ളതാണ്. ആദിമനൂറ്റാണ്ടുകളിൽ ശിഷ്യൻമാരിലൂടെ തുടങ്ങിയ സുവിശേഷപ്രഘോഷണം ഇപ്പോൾ എല്ലാ വൻകരകളിലും എത്തിക്കഴിഞ്ഞിരിക്കുന്നു. ചരിത്രത്തിൽ ഏറ്റവുമധികം സുവിശേഷപ്രഘോഷണം നടക്കുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. അതിനു കാരണമായതു തീർച്ചയായും വാർത്താവിനിമയ രംഗത്തെ അഭൂതപൂർവമായ പുരോഗതിയും ഗതാഗതസൗകര്യങ്ങളിലുണ്ടായ വർധനയുമാണ്. ഇന്നു സുവിശേഷം പ്രസംഗിക്കപ്പെടാത്ത ഏതെങ്കിലുമൊരു രാജ്യമോ ദേശമോ ഉണ്ടെന്നു തോന്നുന്നില്ല. ലോകത്തിൽ ആകെയുള്ള ഏഴായിരത്തോളം ഭാഷകളിൽ 3300 ൽ അധികം ഭാഷകളിൽ ബൈബിൾ വിവർത്തനം ചെയ്യപ്പെട്ടുകഴിഞ്ഞു. അതായതു ലോകജനസംഖ്യയുടെ മഹാഭൂരിപക്ഷത്തിനും തങ്ങളുടെ മാതൃഭാഷയിൽ തന്നെ ബൈബിൾ വായിക്കാൻ കഴിയും എന്നർത്ഥം.
അവശേഷിക്കുന്ന ഭാഷകളിൽ പലതും സംസാരിക്കുന്നവരുടെ എണ്ണം പതിനായിരത്തിൽ താഴെമാത്രമാണ്. ആ ഭാഷകളിലേക്കും ബൈബിൾ എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ബൈബിൾ തദ്ദേശീയ ഭാഷകളിൽ ലഭ്യമല്ലാത്തയിടങ്ങളിലും പ്രാദേശികഭാഷകളിൽ സുവിശേഷപ്രസംഗങ്ങളൊ പ്രാർത്ഥനാശുശ്രൂഷകളോ ലഭ്യമാണ് എന്ന വസ്തുത കൂടി കണക്കിലെടുക്കുകയാണെങ്കിൽ ലോകമെങ്ങും സുവിശേഷം എത്തിക്കഴിഞ്ഞു എന്നു തന്നെ അനുമാനിക്കാം. ഇറാൻ പോലെ യാഥാസ്ഥിതിക ഇസ്‌ലാം മതം പിന്തുടരുന്ന രാജ്യങ്ങളിൽ നിന്നു ക്രിസ്തുവിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ അഭൂതപൂർവമായ വളർച്ചയുണ്ടെങ്കിൽ അതിനു കാരണം സുവിശേഷത്തിൻറെ സാർവലൗകികസന്ദേശം ഫലം പുറപ്പെടുവിച്ചുതുടങ്ങി എന്നാണ്. ക്രിസ്ത്യാനിയാണെന്നു ഹൃദയത്തിൽ അഹങ്കരിക്കുകയും എന്നാൽ ക്രിസ്തുവിൻറെ വഴി പിന്തുടരാതിരിക്കുകയും ചെയ്യുന്ന നാമമാത്രക്രിസ്ത്യാനികൾക്കുള്ള ശക്തമായ മുന്നറിയിപ്പാണിത്. കാരണം തെക്കുനിന്നും വടക്കുനിന്നും കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ജനതകൾ വന്നു ദൈവരാജ്യത്തിൽ വിരുന്നിനിരിക്കുമ്പോൾ രാജ്യത്തിൻറെ മക്കൾ പുറന്തള്ളപ്പെടാനുള്ള സാധ്യത ഏറെയാണെന്നു നമ്മുടെ ദിവ്യഗുരു നേരത്തെ തന്നെ പറഞ്ഞുവച്ചിട്ടുണ്ട്.
15. വിനാശത്തിൻറെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നിൽക്കുന്നതു നാം കാണും.
ഒരു പക്ഷെ ഇതായിരിക്കും നമ്മുടെ തലമുറയിൽ ഏറ്റവും പ്രകടമായി കാണുന്ന രണ്ടാംവരവിൻറെ അടയാളം. പച്ചമലയാളത്തിൽ പറഞ്ഞാൽ യേശുവിൻറെ സഭയിലും ദൈവാലയങ്ങളിലും അശുദ്ധി കയറിപ്പറ്റും എന്നു സാരം. അതിൻറെ മറുവശമാണ് പരിശുദ്ധാത്മാവിൻറെ ആലയമായ മനുഷ്യശരീരങ്ങളെ ബോധപൂർവം എല്ലാ അശുദ്ധിയ്ക്കും വിട്ടുകൊടുക്കുന്നതും. കത്തോലിക്കാസഭയിൽ വിജാതീയാചാരങ്ങളും അനുഷ്ടാനങ്ങളും തിരുകിക്കയറ്റുന്നതിൻറെ പിറകിൽ പ്രവർത്തിക്കുന്ന ശക്തികൾ ആരെന്നു ചിന്തിക്കുക. ക്രിസ്തീയവിശ്വാസത്തിനു നിരക്കുന്നതല്ല എന്നും ക്രൈസ്തവേതരവിശ്വാസങ്ങളിലേക്ക് നയിക്കുന്നതാണെന്നും മാർപ്പാപ്പാമാർ മുന്നറിയിപ്പു നൽകിയിട്ടുള്ള യോഗ പോലുള്ള കാര്യങ്ങൾ കേരള കത്തോലിക്കാസഭയിൽ പുറംവാതിലിലൂടെ സ്വീകാര്യമാക്കി അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നതു നമ്മുടെ കൺമുൻപിലുണ്ട്.
ക്രിസ്തീയവിശ്വാസത്തിൽ വിട്ടുവീഴ്ചചെയ്ത്, ക്രൈസ്തവർക്ക് അംഗീകരിക്കാൻ കഴിയാത്ത പ്രാദേശികാചാരങ്ങൾ തെരഞ്ഞുപിടിച്ച് സഭയിലേക്ക് കടത്തിക്കൊണ്ടുവരിക എന്നതും അതിൻറെ കൂടെ പൗരോഹിത്യബ്രഹ്മചര്യം നിർബന്ധമല്ല എന്നും സ്ത്രീപൗരോഹിത്യം അനുവദിക്കാം എന്നും ഉള്ള ചിന്തയിലേക്കു വിശ്വാസികളെ കൊണ്ടുവരിക എന്നതും നടത്തിയെടുക്കാനായി പലതും ശ്രമിക്കുന്നുണ്ട് എന്നു നമുക്കറിയാം. മ്ലേച്ഛത എന്നും അശുദ്ധം എന്നും കഴിഞ്ഞകാലങ്ങളിൽ നാം കരുതിയിരുന്ന പലതും ഇന്നു ദൈവാലയങ്ങളിൽ പരിശുദ്ധമായ അൾത്താരയ്ക്കു മുൻപിൽ നടമാടുന്നു. ഇതിൻറെയൊക്കെ മൂർദ്ധന്യാവസ്ഥയിൽ സംഭവിക്കുന്നതെന്തെന്നു പൗലോസ് ശ്ലീഹാ പ്രവചിച്ചിട്ടുണ്ട്. ‘ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവൻ എതിർക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി താൻ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവൻ ദൈവത്തിൻറെ ആലയത്തിൽ സ്ഥാനം പിടിക്കും ( 2 തെസ. 2:4 ).
കാര്യങ്ങൾ വ്യക്തമായി വരുന്നുണ്ടോ? ദൈവത്തേക്കാളുപരി മനുഷ്യനു സ്ഥാനം കൊടുക്കുന്ന ഏതു തത്വശാസ്ത്രവും ദൈവത്തിനെതിരാണ്. ചില പ്രത്യേകരീതിയിലുള്ള അഭ്യാസങ്ങൾ ചെയ്‌താൽ ആത്മസാക്ഷാത്കാരം നേടാം എന്നൊക്കെയുള്ള ഭോഷ്ക്കുകളിൽ ക്രിസ്ത്യാനികൾ കുടുങ്ങിപ്പോകുമ്പോൾ മനസിലോർക്കേണ്ടതു കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലെ 675, 676 ഖണ്ഡികകളാണ്. മതപരമായ പരമവഞ്ചന എതിർക്രിസ്തു ( antichrist)വിന്റേതായിരിക്കും എന്നും അതു മനുഷ്യൻ ദൈവത്തിൻറെയും മാംസം ധരിച്ചുവന്ന അവിടുത്തെ മിശിഹായുടെയും സ്ഥാനത്തു തന്നെത്തന്നെ മഹത്വപ്പെടുത്തുന്ന മിഥ്യയായ മിശിഹാവാദമാണ് എന്നും പറഞ്ഞതിനുശേഷം സഭ പഠിപ്പിക്കുന്നത് ‘യുഗാന്തപരമായ വിധിയിലൂടെ ചരിത്രത്തിന് അതീതമായി മാത്രം സാക്ഷാത്കരിക്കാൻ കഴിയുന്ന മെസിയാനിക പ്രത്യാശയെ ചരിത്രത്തിൽ തന്നെ സാക്ഷാത്കരിക്കാമെന്ന് അവകാശപ്പെടുന്ന ഓരോ പ്രാവശ്യവും എതിർക്രിസ്തുവിൻറെ വഞ്ചനയുടെ നിഴൽ ലോകത്തിൽ പടർന്നുതുടങ്ങുന്നു’ എന്നാണ്.
ദൈവത്തെക്കൂടാതെ ഭൂമിയിൽ സ്വർഗം പണിയാൻ ശ്രമിക്കുന്നവരുടെ കൂടാരമായി ക്രിസ്തീയസഭകൾ മാറുമ്പോൾ, അതിവിശുദ്ധസ്ഥലങ്ങളിൽ അശുദ്ധി നടമാടുമ്പോൾ, പരിശുദ്ധകുർബാനയുടെ ബലിഭാവം നിഷേധിച്ച് , അതിനെ വെറുമൊരു തിരുവത്താഴസ്മരണ മാത്രമായി തരംതാഴ്ത്താനുള്ള ശ്രമങ്ങൾ ശക്തമാകുമ്പോൾ, കുമ്പസാരത്തിനെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുമ്പോൾ, പുരോഹിതരിൽ പലരും എതിർക്രിസ്തുവിൻറെ വഞ്ചനയിൽ പെട്ടുപോകുമ്പോൾ, കോവിഡിനുശേഷം വീണ്ടും തുറക്കുന്ന ദൈവാലയങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ബെഞ്ചുകളുടെ എണ്ണം വർധിക്കുമ്പോൾ ഓർക്കുക, ഈ പ്രവചനം നമ്മുടെ കൺ മുന്നിൽ തന്നെ നിറവേറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ദൈവാലയങ്ങളും പരിശുദ്ധാത്മാവിൻറെ ആലയമായ നമ്മുടെ ശരീരങ്ങളും മ്ലേച്ഛതയുടെ രംഗവേദിയാകാതിരിക്കുവാൻ നാം ജാഗ്രതയോടെ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം.
(തുടരും)