യുഗാന്ത്യത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളിലൊന്നായ വിശ്വാസത്യാഗത്തെക്കുറിച്ചാണു നാം കഴിഞ്ഞ അധ്യായത്തിൽ ചർച്ച ചെയ്തത്. സ്വാഭാവികമായും വിശ്വാസത്യാഗത്തിൻറെ പ്രത്യാഘാതങ്ങളെക്കുറിച്ചും നാം മനസിലാക്കിയിരിക്കണം. ഞാൻ ഉദ്ദേശിക്കുന്നത് ആത്മീയമായ പരിണതഫലങ്ങളല്ല; അതു നമുക്കെല്ലാവർക്കും അറിയാവുന്നതുതന്നെ. ഭൗതികതലത്തിൽ നാം കരുതിയിരിക്കേണ്ട കാര്യം സത്യവിശ്വാസം നഷ്ടപ്പെട്ട ഒരാൾക്കു മറ്റാരെയും – പ്രത്യേകിച്ചു മുൻപു വിശ്വാസത്തിൽ തൻറെ സഹോദരരായിരുന്നവരെ – ഒറ്റിക്കൊടുക്കാൻ ഒരു മനഃസാക്ഷിക്കുത്തും ഉണ്ടാകില്ല. അതീവഗുരുതരമായ അത്തരമൊരവസ്ഥ അന്ത്യനാളുകളിൽ വന്നുഭവിക്കുമെന്ന് യേശു മുന്നറിയിപ്പു നല്കിയിരിക്കുന്നതിനാൽ നാം അതിനെക്കുറിച്ചും ബോധവാന്മാരായിരിക്കണം.
10. ഒരിക്കൽ വിശ്വാസികൾ ആയിരുന്നവർ തന്നെ പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും:
ഒരു വിശദീകരണവും കൂടാതെ തന്നെ നമുക്കു മനസിലാക്കാൻ കഴിയുന്ന ഒരു പ്രവചനമാണിത്. യഥാർത്ഥ ദൈവവിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നവരുടെ മുഖ്യശത്രു അവിശ്വാസികളല്ല, മറിച്ച് വിശ്വാസികൾ എന്ന പേരിൽ കൂടെ നടക്കുന്നവർ തന്നെയായിരിക്കും. വിജാതീയരിൽ നിന്നെന്നപോലെ സ്വന്തക്കാരിൽ നിന്നും അപകടങ്ങൾ നേരിടേണ്ടി വന്ന ശ്ലീഹാ വ്യാജസഹോദരരിൽ നിന്നുള്ള അപകടങ്ങൾക്കും താൻ വിധേയനായതായിഎഴുതുന്നുണ്ട് ( 2 കൊറി 11:26). പിതാവു പുത്രനും പുത്രൻ പിതാവിനും എതിരായും ‘അമ്മ മകൾക്കും മകൾ അമ്മയ്ക്കും എതിരായും അമ്മായിയമ്മ മരുമകൾക്കും മരുമകളൾ അമ്മായിയമ്മയ്ക്കും എതിരായും ഭിന്നിക്കും ( ലൂക്കാ 12:53) എന്ന ക്രിസ്തുവചനം ഓർത്താൽ വിശ്വാസത്തെ പ്രതി സ്വന്തം കുടുംബത്തിൽ നിന്നുതന്നെ പീഡനങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെടുന്ന ക്രിസ്ത്യാനിയുടെ അവസ്ഥ മനസിലാകും.
ഏശയ്യാ പ്രവാചകൻ പറഞ്ഞതുപോലെ അധരങ്ങൾ കൊണ്ടു ദൈവത്തെ സ്തുതിക്കുകയും എന്നാൽ ഹൃദയം ദൈവത്തിൽ നിന്ന് അകന്നിരിക്കുകയും ചെയ്യുന്ന ഒരു തലമുറ ഹൃദയം കൊണ്ടും അധരം കൊണ്ടും ക്രിസ്തുവിനെ സ്തുതിക്കുന്ന സത്യവിശ്വാസികളെ ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യുന്നതു നാം നിത്യേന കാണുന്ന യാഥാർഥ്യം.
കെസിബിസി ബൈബിൾ കമ്മീഷൻ 2012 ൽ പുറത്തിറക്കിയ പഠന ബൈബിളിൽ മത്തായി 24:9-12 ൻറെ വിശദീകരണം ആയി കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്. ‘മരണമുൾപ്പെടെയുള്ള പീഡനങ്ങൾക്കും സർവജനങ്ങളിൽ നിന്നുമുള്ള വിദ്വേഷത്തിനും പുറമേ, ഗുരുതരമായ സഹനങ്ങൾ സഭയ്ക്കുള്ളിൽ തന്നെ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പീഡനത്തിന് ഏല്പിച്ചുകൊടുക്കുന്നവരും ദ്വേഷിക്കുന്നവരും സഭയ്‌ക്കുള്ളിൽ തന്നെയുള്ളവരാണെന്ന് സുവിശേഷകൻ വ്യക്തമാക്കുന്നു’. മത്തായി 24:11 ൻറെ വിശദീകരണത്തിലാകട്ടെ വ്യാജപ്രവാചകന്മാർ എന്നതു ക്രൈസ്തവർ തന്നെയാണ് എന്നു നേരിട്ടു പറയുന്നുമുണ്ട്.
യൂറോപ്പിലും അമേരിക്കയിലുമുള്ള ക്രിസ്തീയരാജ്യങ്ങളിൽ വിശ്വാസികളെ പീഡിപ്പിക്കുന്നതു സഹോദരക്രിസ്ത്യാനികൾ തന്നെയാണല്ലോ. കോവിഡ് രോഗബാധയുടെ കാലത്ത് ഇടവകപ്പള്ളിയിൽ പരിശുദ്ധകുർബാന നടത്താതിരിക്കാൻ ഏറ്റവുമധികം ഉത്സാഹിച്ചതു നമ്മുടെ സ്വന്തക്കാർ തന്നെയാണെന്നോർത്താൽ നമുക്കു കാര്യങ്ങളുടെ കിടപ്പു പിടികിട്ടും. രോഗഭീതിയുടെ നടുവിലും വിശ്വാസം നഷ്ടപ്പെടുത്താതെ എത്ര ബുദ്ധിമുട്ടിയിട്ടാണെങ്കിലും പരിശുദ്ധകുർബാനയ്ക്കും കുമ്പസാരത്തിനും പോയിരുന്ന ക്രിസ്ത്യാനികളെ ഒറ്റപ്പെടുത്തിയതും പരിഹസിച്ചതും അന്യമതസ്ഥർ ആയിരുന്നില്ല എന്നും ഓർക്കണം.
11. നിരവധി വ്യാജപ്രവാചകന്മാർ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും:
എത്ര സത്യമായ പ്രവചനം എന്നു കാണുക. ഏലിയാ പ്രവാചകൻറെ കാലത്തേക്ക് ഒന്നു കണ്ണയയ്ക്കുന്നതു നല്ലതാണ്. അവിടെ സത്യദൈവത്തിൻറെ പ്രവാചകനായി ഏലിയാ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മറുവശത്തു ബാലിൻറെ നാനൂറ്റമ്പതു പ്രവാചകരും അഷേരായുടെ നാനൂറു പ്രവാചകരും അവരെ പിന്തുണയ്ക്കാൻ ഭരണകൂടത്തിൻറെ സർവ്വസജ്ജീകരണങ്ങളും! അന്നത്തേതുപോലെ തന്നെ ഇന്നും സത്യപ്രവാചകരുടെ എണ്ണം വിരലിലെണ്ണാമെങ്കിൽ വ്യാജപ്രവാചകരുടെ എണ്ണം നൂറുകണക്കിനാണ്. അവർ പറയുന്നത് വ്യാജമായതുകൊണ്ടുതന്നെ ലോകം അവരെ പിന്തുടരും.
വ്യാജപ്രവാചകരെപ്പോലെതന്നെ വ്യാജക്രിസ്തുമാരുവർധിച്ചുവരികയാണ്. ലക്ഷക്കണക്കിന് അനുയായികളുള്ള വ്യാജക്രിസ്തുമാർ പലരും ഇന്നു ലോകത്തിൽ ജീവിച്ചിരിപ്പുണ്ട്. അവർ തങ്ങളുടെ അനുയായികളെ ശീഘ്രനാശത്തിലേക്കു നയിക്കുകയും ചെയ്യുന്നു. വെള്ളം ചേർത്ത സുവിശേഷവും ലോകത്തിന് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സുവിശേഷവ്യാഖ്യാനങ്ങളും ആണു ഭൂരിഭാഗം ജനങ്ങൾക്കും പഥ്യം. അതിനിടയിൽ സത്യസുവിശേഷം പറയുന്നവരുടെയും അതു കേൾക്കുന്നവരുടെയും സ്വരം മുങ്ങിപ്പോകുന്നതിൽ എന്തത്ഭുതം?
വ്യാജപ്രവാചകൻറെ അന്ത്യമെന്തെന്നു തിരുവചനം പറയുന്നതു കൂടി വായിച്ചുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കാം. ‘ മൃഗം (എതിർക്രിസ്തു) പിടിക്കപ്പെട്ടു. അതിനോടൊപ്പം അതിൻറെ മുൻപാകെ ആയാളങ്ങൾ കാണിച്ച്, മൃഗത്തിൻറെ മുദ്ര സ്വീകരിക്കുകയും അതിൻറെ സാദൃശ്യത്തെ ആരാധിക്കുകയും ചെയ്തിരുന്നവരെ പാപത്തിലേക്കു വശീകരിച്ചിരുന്ന വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. ഇരുവരും ഗന്ധകമെരിയുന്ന അഗ്നിത്തടാകത്തിലേക്കു ജീവനോടെ എറിയപ്പെട്ടു (വെളി. 19:20).
12. അധർമം വർധിക്കുന്നതിനാൽ പലരുടെയും സ്നേഹം തണുത്തുപോകും.
വർധിച്ചുവരുന്ന അധർമ്മത്തിൻറെ പ്രതിഫലനമല്ലേ നാം ദിനംപ്രതിയെന്നോണം കാണുന്നത്? വിൻസെൻറ് ലാംബെർട്ടിനെ ആരെങ്കിലും ഓർക്കുന്നുണ്ടോ? 42 വയസ്സുള്ള ഫ്രഞ്ചുകാരൻ. ഒരു അപകടത്തെത്തുടർന്നു ശരീരം തളർന്ന വിൻസെൻറ് വർഷങ്ങളായി ശയ്യാവലംബിയായിരുന്നെങ്കിലും അടുത്തുവരുന്ന പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ മാത്രം ബോധം ആ മനുഷ്യനുണ്ടായിരുന്നു. അത് അയാൾ തൻറെ കണ്ണുകൾ കൊണ്ടു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അങ്ങനെയൊരു മനുഷ്യൻറെ ജീവൻ നിലനിർത്തേണ്ടതാണ് എന്നു ഫ്രാൻസിലെ ഭരണാധികാരികൾക്കോ പരമോന്നത നീതി(?)പീഠത്തിനോ തോന്നിയില്ല. മാതാപിതാക്കളുടെയും മനുഷ്യത്വമുള്ള അനേകരുടെയും കണ്ണീരിൽ കുതിർന്ന അപേക്ഷകൾക്കും വിൻസെന്റിൻറെ ജീവൻ രക്ഷിക്കാനായില്ല. നിരാലംബനും നിസ്സഹായനുമായ ആ പാവം മനുഷ്യനെ ദയാവധം എന്ന ഓമനപ്പേരിട്ടു പട്ടിണിക്കിട്ടു കൊന്നത് ഏറെ പുരോഗമിച്ചു എന്നു നാം പറയുന്ന ഫ്രാൻസിലെ ഗവണ്മെന്റും അവിടുത്തെ നിയമവുമാണ്.
ഇതു വിൻസെന്റിൻറെ മാത്രം കാര്യമല്ല. അതുപോലുള്ള 1700 പേർ ആ രാജ്യത്തെ ആശുപത്രികളിൽ കിടപ്പുണ്ട്. അവരുടെ ഗതിയും മറ്റൊന്നാവില്ല. ഇത് ഫ്രാൻസിൻറെ മാത്രം കഥയല്ല താനും. ദയാവധം നിയമവിധേയമാക്കിയ എല്ലാ രാജ്യങ്ങളിലെയും അവസ്ഥ ഇതുതന്നെയാണ്. കാനഡയടക്കം പല രാജ്യങ്ങളിലും നിയമനടപടികൾ പാലിക്കാതെ തന്നെയാണു ദയാവധത്തിൻറെ പേരിലുള്ള കൊലപാതകം അരങ്ങേറുന്നത് എന്നതിന് ഔദ്യോഗിക റിപ്പോർട്ടുകൾ തന്നെ സാക്ഷി.
അപകടത്തിൽപ്പെട്ട ഒരു മനുഷ്യനോടു കാണിക്കാൻ മടിക്കുന്ന കാരുണ്യം അപകടകാരികളായ വന്യമൃഗങ്ങളോടു കാണിക്കുന്ന തലതിരിഞ്ഞ ധാർമികത നമുക്കു സുപരിചിതമാണ്. വിള നശിപ്പിക്കുന്ന കാട്ടുപന്നിയെ കൊല്ലണമെങ്കിലും ആ കാട്ടുപന്നി ഗർഭിണിയല്ലെന്ന് ഉറപ്പുവരുത്തണമെന്നു നിയമമുള്ള നാട്ടിൽ ഇരുപത്തിനാല് ആഴ്ച വരെ പ്രായമുള്ള ഗർഭസ്ഥശിശുക്കളെ അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ കശാപ്പുചെയ്യാൻ അനുവദിക്കുന്ന നിയമം നിർമ്മിച്ചതു നമുക്കെല്ലാം അറിയാം. മുൻപ് ആ പരിധി ഇരുപത് ആഴ്ചയായിരുന്നു. അധർമം വർധിക്കുകയാൽ അന്യരോടുള്ള സ്നേഹം തണുത്തുപോകുമെന്നു ബൈബിളിൽ എഴുതിവച്ചിരിക്കുന്നതു സത്യമല്ലേ?
(തുടരും)