കഴിഞ്ഞ അധ്യായത്തിൽ മൂന്നു തലക്കെട്ടുകളിലായി ( 6, 7 & 8 ) നാം കണ്ടതു ലോകമെങ്ങും ക്രൈസ്തവവിശ്വാസികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പീഡനത്തെക്കുറിച്ചാണ്. അതിൻറെ തുടർച്ച തന്നെയാണ് ഇപ്പോൾ നാം ചർച്ച ചെയ്യാൻ പോകുന്നതും. യുഗാന്ത്യത്തിൻറെ വലിയൊരു ലക്ഷണമായി യേശു പ്രവചിച്ചിട്ടുള്ള മഹാവിശ്വാസത്യാഗത്തെ സമകാലികസംഭവങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്താനുള്ള ശ്രമമാണു തുടർന്നുവരുന്നത്.
വിശ്വാസത്യാഗമെന്നതു പുതിയൊരു കാര്യമല്ല. ക്രിസ്തുവിൻറെ കാലത്തുതന്നെ അവിടുത്തെ പ്രബോധനങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത പല ശിഷ്യരും അവിടുത്തെ വിട്ടുപോയിരുന്നു. ‘ ഇതിനുശേഷം അവൻറെ ശിഷ്യന്മാരിൽ വളരെപ്പേർ അവനെ വിട്ടുപോയി. അവർ പിന്നീടൊരിക്കലും അവൻറെ കൂടെ നടന്നില്ല’ ( യോഹ. 6:66). തൻറെ ശരീരവും രക്തവും പരിശുദ്ധകുർബാനയിൽ നമുക്കു ഭക്ഷണപാനീയങ്ങളായി തരുമെന്ന് യേശു പറഞ്ഞപ്പോഴാണ് അനേകർ അവനെ വിട്ടുപോയത്. സത്യം തന്നെയായ ക്രിസ്തുവിൻറെ അധരങ്ങളിൽ നിന്നു നേരിട്ടു കേട്ട വചനങ്ങൾ വിശ്വസിക്കാൻ കഴിയാതെ പോയവരുടെ എത്രയോ ഇരട്ടി ക്രിസ്ത്യാനികൾ നമ്മുടെ നാളുകളിൽ സത്യവിശ്വാസത്തിൽ നിന്നകന്നു പോയിക്കൊണ്ടിരിക്കുന്നു! അതിനാൽ തന്നെ ഈ വിഷയത്തെ നാം ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.
ആനുഷംഗികമായി ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ക്രിസ്തുവിൻറെ ശരീരരക്തങ്ങളാണു പരിശുദ്ധകുർബാനയിൽ നമുക്കു ലഭിക്കുന്നതെന്ന സത്യം അംഗീകരിക്കാൻ കഴിയാതെ വിശ്വാസം ഉപേക്ഷിച്ചുപോയവരെ പരാമർശിക്കുന്ന വചനസംഖ്യയും ( 6:66) സാത്താൻറെ ഭൂമിയിലെ അവതാരമായ എതിർക്രിസ്തുവിൻറെ നാമസംഖ്യയായ 666 ഉം ( വെളി . 13:18) തമ്മിലുള്ള സാമ്യം യാദൃച്ഛികമാണോ എന്നു ചിന്തിക്കുന്നതു നല്ലതാണ്. പ്രത്യേകിച്ചും അവസാനനാളുകളിൽ നിരന്തരദഹനബലി ( പരിശുദ്ധ കുർബാന) നിർത്തലാക്കപ്പെടുന്ന ഒരു കാലം വരുമെന്നുള്ള പ്രവചനത്തിൻറെ ( ദാനി. 12:11) വെളിച്ചത്തിൽ.
9. അനേകർ വിശ്വാസം ഉപേക്ഷിക്കും:
യേശുക്രിസ്തുവിൻറെ രണ്ടാം വരവിനു മുൻപായി വലിയ തോതിലുള്ള വിശ്വാസത്യാഗം ഉണ്ടാകും എന്നത് യേശുക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. ആ വിശ്വാസത്യാഗത്തിൻറെ തീവ്രതയും വ്യാപ്തിയും മുൻകൂട്ടിക്കണ്ടുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം വിലപിച്ചത്; ” മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?” ( ലൂക്കാ 18:8)
വിശുദ്ധ പൗലോസ് തൻറെ പല ലേഖനങ്ങളിലും എടുത്തുപറയുന്നു കാര്യമാണ് അന്തിമനാളുകളിൽ ഒരു മഹാവിശ്വാസത്യാഗം ഉണ്ടാകാനിരിക്കുന്നു എന്നത്. ‘ജനങ്ങൾ ഉത്തമമായ പ്രബോധനത്തിൽ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേൾവിക്ക് ഇമ്പമുള്ളവയിൽ ആവേശം കൊള്ളുകയാൽ, അവർ തങ്ങളുടെ അഭിരുചിക്കുചേർന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവർ സത്യത്തിനുനേരെ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധ തിരിക്കും’ ( 2 തിമോ.4:3-4). സത്യസുവിശേഷം പ്രസംഗിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് വ്യാജസുവിശേഷമോ വെള്ളം ചേർത്ത സുവിശേഷമോ പറയുന്നവരുടെ എണ്ണം കൂടിവരികയും ചെയ്യുന്നു.
അടിസ്ഥാനക്രിസ്തീയവിശ്വാസസത്യങ്ങൾക്കെതിരായി പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരിൽ മെത്രാന്മാരും വൈദികരും സമർപ്പിതരും ഉണ്ടെന്നതാണ് ഏറ്റവും വേദനാജനകമായ കാര്യം. പല ക്രിസ്തീയരാജ്യങ്ങളും സ്വവർഗലൈംഗികബന്ധങ്ങൾ നിയമം മൂലം അംഗീകരിച്ചുകഴിഞ്ഞു. അയർലൻഡ് പോലൊരു കത്തോലിക്കാ രാജ്യത്തു ജനങ്ങൾ നേരിട്ടു വോട്ടു ചെയ്ത് അബോർഷൻ അംഗീകരിച്ചു എന്നു പറയുമ്പോൾ നാം എവിടെഎത്തിനിൽക്കുന്നു എന്നു ചിന്തിക്കുക. പരിശുദ്ധകുർബാനയിൽ യേശുവിൻറെ സജീവ സാന്നിധ്യം ഉണ്ടെന്നു വിശ്വസിക്കുന്ന കത്തോലിക്കരുടെ എണ്ണം മൂന്നിലൊന്നാണെന്നാണ് അമേരിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പേരുകൊണ്ട് 90 ശതമാനത്തിലധികം പേരും ക്രിസ്ത്യാനികളായ ഫ്രാൻസിൽ സെൻസസ് കണക്കുകളനുസരിച്ച് ഏറ്റവും വലിയ മതവിഭാഗം മുസ്ലിങ്ങളാണ് ( 9 %). പല വിഘടിത സഭാവിഭാഗങ്ങളും വിവാഹമോചനം, സ്വവർഗവിവാഹം (?), അബോർഷൻ. ദയാവധം എന്നിവ അംഗീകരിച്ചുകഴിഞ്ഞു.
ഔദ്യോഗികമായി എതിർക്കുന്നുവെങ്കിലും കത്തോലിക്കാസഭയിലെ പല വ്യക്തികളും ഈ തിന്മകളെയൊക്കെ അനുകൂലിക്കുന്നുണ്ട് എന്നതു പരസ്യമായ രഹസ്യമാണ്. തിന്മയെ തിന്മ എന്ന് മുഖത്തുനോക്കി പറയുന്നവരെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങൾ സഭയുടെ ഉള്ളിൽ നിന്നു തന്നെ തുടങ്ങിക്കഴിഞ്ഞിട്ടും നാളേറെയായി. സഭയെ ലോകത്തിന് അനുരൂപമാക്കാനുള്ള പദ്ധതികൾ വിവിധതലങ്ങളിലായി ആസൂത്രണം ചെയ്തു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. അതിനു ചുക്കാൻ പിടിക്കുന്നതാകട്ടെ സഭയുടെ അധികാരശ്രേണികളിൽ നുഴഞ്ഞുകയറിയ ഫ്രീമേസൺ സംഘാംഗങ്ങളും. ഫ്രീമേസൺ സംഘങ്ങളിൽ കത്തോലിക്കർ അംഗത്വം എടുക്കുന്നതു നിരോധിച്ചുകൊണ്ടു കാലാകാലങ്ങളിൽ വത്തിക്കാനിൽ നിന്നു പുറപ്പെടുവിച്ചിട്ടുള്ള കല്പനകൾക്കു പുല്ലുവില കല്പിച്ചുകൊണ്ട് ലോകത്തിൻറെ പല ഭാഗങ്ങളിലും കത്തോലിക്കാ പുരോഹിതരും ഉയർന്ന സഭാ അധികാരികളും ഫ്രീമേസൺ സംഘടനയുടെ അംഗങ്ങളാകുന്നുണ്ട്.
കെറി കോസ്റ്റിഗൻ എന്ന കത്തോലിക്കാ പുരോഹിതൻ ഈയിടെ പറഞ്ഞതു കത്തോലിക്കർക്ക് ഫ്രീമേസൺ സംഘടനയിൽ അംഗമാകാൻ കഴിയുമോ എന്ന ചോദ്യത്തിന് ഓസ്‌ട്രേലിയയിലെ കത്തോലിക്കാ ബിഷപ്പ്സ് കൗൺസിൽ 2016ൽ എഴുതി നൽകിയ മറുപടിയിൽ അതിന് അനുവാദം കൊടുത്തു എന്നാണ്. ഈ വിവരം പുറത്തുവന്നപ്പോൾ ബിഷപ്പ്സ് കൗൺസിൽ നൽകിയ മറുപടിയിൽ പോലും സഭയുടെ ഔദ്യോഗികനിലപാടിനെ ഉയർത്തിപ്പിടിക്കുന്നില്ല എന്നു മനസ്സിലാക്കുമ്പോൾ വിശ്വാസത്യാഗത്തിൻറെ തീവ്രത എത്രയെന്ന് ഊഹിക്കാമല്ലോ. അവർ ആകെപ്പറഞ്ഞതു ബിഷപ്പ്സ് കൗൺസിലും ഓസ്‌ട്രേലിയയിലെ ഫ്രീമേസൺ സംഘടനയുമായി സ്വകാര്യമായി ചില കത്തിടപാടുകൾ നടന്നിട്ടുണ്ടെന്നാണ്. അതിൻറെ ഉള്ളടക്കം എന്തെന്നു വെളിപ്പെടുത്താൻ അവർ തയാറാകാത്തിടത്തോളം ഈ ആരോപണത്തിനു സാധുതയേറുന്നു.
ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ട് അതിൻറെ ചൈതന്യത്തെ നിഷേധിക്കുന്ന ക്രിസ്ത്യാനികളായിരിക്കും അവസാനനാളുകളിൽ ഉണ്ടായിരിക്കുക എന്നും വിശുദ്ധ പൗലോസ് പറയുന്നു ( 2 തിമോ. 3: 5). നമുക്കു ചുറ്റുമുള്ള ക്രിസ്തീയദൈവാലയങ്ങളിലേക്ക്, പ്രത്യേകിച്ചു കത്തോലിക്കാ ദൈവാലയങ്ങളിലേക്കു വെറുതെ ഒന്നു പാളിനോക്കുന്ന ഏതൊരു മനുഷ്യനും ആ സത്യം വെളിവായിക്കിട്ടും. പെരുന്നാൾ നടത്താനും മുത്തുക്കുട പിടിക്കാനും പള്ളിക്കമ്മറ്റിയിൽ കയറാനും തോമാശ്ലീഹാ നേരിട്ടു മാമോദീസ മുക്കി എന്നു പൊങ്ങച്ചം പറയാനും ഒക്കെ ആവേശം കാണിക്കുന്ന ക്രിസ്ത്യാനികളിൽ എത്ര പേർക്കു തങ്ങൾ സുവിശേഷം അനുസരിച്ചാണു ജീവിക്കുന്നത് എന്നു നെഞ്ചത്തു കൈവച്ചു പറയാൻ കഴിയും? അവരിൽ എത്രപേർ ലോക്ക് ഡൗൺ കഴിഞ്ഞ് പള്ളികൾ തുറന്നപ്പോൾ പരിശുദ്ധകുർബാനയ്ക്കു വന്നുതുടങ്ങി ? മകൻറെ ആദ്യകുർബാനയ്ക്കു വീട്ടിൽ മദ്യം വിളമ്പാനായി ഒരു ദിവസത്തേക്കു താൽക്കാലിക ബാർ ലൈസൻസ് എടുത്ത കത്തോലിക്കന് അതൊരു തെറ്റാണെന്നേ തോന്നിയില്ലെങ്കിൽ എന്തുപറയാൻ?
‘ ആ ദിവസത്തതിനുമുൻപു വിശ്വാസത്യാഗമുണ്ടാകുകയും നാശത്തിൻറെ സന്താനമായ അരാജകത്വത്തിൻറെ മനുഷ്യൻ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു’ (2 തെസ. 2:3) എന്നു പറഞ്ഞുകൊണ്ടു പൗലോസ് ശ്ലീഹാ അവസാനനാളുകളിൽ ഉണ്ടാകുവാനിരിക്കുന്ന വലിയ വിശ്വാസത്യാഗത്തെക്കുറിച്ചു നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട്.
ഇനി അല്പം കണക്കുകൾ. ലോകത്തിൽ ഏറ്റവുമധികം ക്രൈസ്തവർ അധിവസിക്കുന്ന രാജ്യം ആണ് അമേരിക്ക. 2007 ൽ രാജ്യത്തെ ജനങ്ങളിൽ 78.40 % ക്രിസ്ത്യാനികളായിരുന്നെങ്കിൽ 2014 ആയപ്പോഴേക്കും അവരുടെ എണ്ണം 70.60% ആയി കുറഞ്ഞു. രാജ്യത്തെ കത്തോലിക്കാ ജനസംഖ്യ ഇതേ കാലയളവിൽ 23.90 ശതമാനത്തിൽ നിന്ന് 20.80 ശതമാനമായി കുറഞ്ഞു. ഇത് വായിക്കുമ്പോൾ പെട്ടെന്നു മനസിലേക്കു വരിക അതിനു കാരണം മറ്റു രാജ്യങ്ങളിൽ നിന്നുള്ള അന്യമതവിശ്വാസികളുടെ കുടിയേറ്റമാണ് എന്നായിരിക്കും. എന്നാൽ സത്യം അതല്ല. ഒരിക്കൽ ക്രൈസ്തവരായിരുന്നവർ വിശ്വാസം ഉപേക്ഷിക്കുന്നു എന്നതാണ് വാസ്തവം.
വെളിപാടുപുസ്തകത്തിൽ പതിമൂന്നാം അധ്യായത്തിൽ പറയുന്നത് വിശുദ്ധരോട് (അതായത് സത്യവിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നവരോട് ) പോരാടി അവരെ കീഴ്‌പ്പെടുത്താൻ അനുവാദം നല്കപ്പെട്ടിട്ടുള്ള ഒരു ആഗോളഭരണാധികാരി പ്രത്യക്ഷപ്പെടും എന്നും അവന് അധികാരം നൽകി എന്നതിൻറെ പേരിൽ ഭൂവാസികൾ സർപ്പത്തിനെ ( പിശാചിനെ) ആരാധിക്കും എന്നുമാണ്. വധിക്കപ്പെട്ട കുഞ്ഞാടിൻറെ ( യേശുക്രിസ്തുവിൻറെ ) ജീവഗ്രന്ഥത്തിൽ ,ലോകസ്ഥാപനം മുതൽ പേരെഴുതപ്പെടാത്തവരായി ഭൂമിയിൽ വസിക്കുന്ന സകലരും അതിനെ ആരാധിക്കും എന്ന വെളിപാടു പുസ്തകത്തിലെ പ്രവചനം ( വെളി. 13:7-9 ) ഓർത്തെടുക്കുമ്പോൾ വിശ്വാസത്യാഗത്തിൻറെ വ്യാപ്തി എത്രത്തോളമായിരിക്കും എന്നു കണക്കുകൂട്ടിനോക്കുക.