അവൻ വീണ്ടും വരുന്നു – അധ്യായം 5

യുഗാന്ത്യനാളുകൾ സമീപിച്ചിരിക്കുന്നു എന്നു  മനസിലാക്കാൻ  നമ്മെ സഹായിക്കുന്ന ബൈബിൾ വചനങ്ങളാണു    കഴിഞ്ഞ അധ്യായത്തിൽ   അഞ്ചു തലക്കെട്ടുകളിലായി  നാം ചർച്ചചെയ്തത്.   അതിൻറെ തുടർച്ചയായി  ഈ അധ്യായത്തിൽ നാം  കാണുന്നതു   ലോകമെങ്ങും ശക്തി പ്രാപിച്ചുവരുന്ന ക്രൈസ്തവപീഡനമാണ്.

ഒരുപക്ഷേ യുഗാന്ത്യകാലത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളിലൊന്ന് ആഗോളവ്യാപകമായി നടക്കുന്ന ക്രൈസ്തവപീഡനമായിരിക്കും.  കഴിഞ്ഞ രണ്ടായിരം വർഷങ്ങളിലെ  പീഡനങ്ങളിലൂടെ കടന്നുപോന്നിട്ടും ക്ഷയിക്കാത്ത ക്രിസ്തീയവിശ്വാസത്തിന്  അവസാനനാളുകളിൽ വലിയൊരു  വെല്ലുവിളി നേരിടേണ്ടിവരും എന്നതു ബൈബിൾ വചനങ്ങളിൽ  മാത്രമല്ല, വിശുദ്ധരുടെ പ്രവചനങ്ങളിലും  പരിശുദ്ധ ദൈവമാതാവിൻറെ   സന്ദേശങ്ങളിലും കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിലും ( ഖണ്ഡിക 675)  വ്യക്തമായി സൂചിപ്പിച്ചിട്ടുള്ളതാണ്.

6. ക്രിസ്തുവിശ്വാസികളെ  മറ്റുള്ളവർ പീഡനത്തിന് ഏല്പിച്ചുകൊടുക്കും

7. ക്രിസ്തുവിശ്വാസികളെ  ശത്രുക്കൾ വധിക്കും

8.. യേശുവിൻറെ  നാമം നിമിത്തം സർവ ജനങ്ങളും  വിശ്വാസികളെ ദ്വേഷിക്കും ( ലൂക്കാ 21:12-19)

ലോകത്തിൽ  സ്വന്തം മതവിശ്വാസത്തിൻറെ  പേരിൽ ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്നത് ആരാണെന്നു  ചോദിച്ചാൽ  ഒരു ശരാശരി മലയാളിക്ക്   ഒരു സംശയവുമുണ്ടാകില്ല. അതു  മുസ്ലിങ്ങളാണെന്ന്  അവർ വായിക്കുന്ന മഞ്ഞപ്പത്രങ്ങളും ടെലിവിഷനിൽ  കാണുന്ന വ്യാജവാർത്തകളും അവരെ  പറഞ്ഞുവിശ്വസിപ്പിച്ചിരിക്കുന്നു. എന്നാൽ സത്യാവസ്ഥ എന്താണ്?  മതവിശ്വാസത്തിൻറെ  പേരിൽ  ലോകത്തിൽ ഏറ്റവുമധികം പീഡനമേൽക്കുന്ന വിഭാഗം  ക്രിസ്ത്യാനികളാണ്. ക്രൈസ്‌തവപീഡനം ഏറ്റവും കൂടുതൽ നടക്കുന്ന 50  രാജ്യങ്ങളുടെ പട്ടിക എല്ലാ വർഷവും Open Doors  World Watch List  പ്രസിദ്ധീകരിക്കുന്നുണ്ട്.  2019  ലെ പട്ടികയിൽ ഒന്നാം സ്ഥാനത്തു വടക്കൻ  കൊറിയയാണ്‌.  ആദ്യത്തെ 10  സ്ഥാനങ്ങളിൽ  എട്ടും  അതാതു  രാജ്യത്തിനു  നേടിക്കൊടുത്തത് അവിടുത്തെ ഇസ്ലാമികതീവ്രവാദികളാണ്.

നമുക്കും അഭിമാനിക്കാൻ വകയുണ്ട്. ആദ്യത്തെ പത്തുരാജ്യങ്ങളുടെ  ലിസ്റ്റിൽ നമ്മുടെ സ്വന്തം ഭാരതവുമുണ്ട്.  തൊട്ടുമുൻപത്തെ  റിപ്പോർട്ടു  കാലയളവിൽ നമ്മുടെ റാങ്കിങ്ങ് 31 ആയിരുന്നു. അവിടെ നിന്നാണീ കുതിച്ചുചാട്ടം!  ഈ റിപ്പോർട്ടു  പ്രസിദ്ധീകരിച്ചുതുടങ്ങിയിട്ട് 27  വർഷങ്ങളായി. ആദ്യമായാണു   നമുക്കു   ടോപ് ടെന്നിൽ  വരാൻ ഭാഗ്യം  ലഭിച്ചത്!

ഇനി അല്പം സ്ഥിതിവിവരക്കണക്കുകൾ.  ഈ അമ്പതു രാജ്യങ്ങളിലായി 24.50  കോടി ക്രൈസ്തവർ  മതപീഡനം നേരിടുന്നു. മുൻ റിപ്പോർട്ടു  കാലയളവിൽ ഇത് 21.50  കോടി ആയിരുന്നു.   ഒരു വർഷത്തിനിടയിൽ 14 % വർദ്ധനവ്!  ഇക്കാലത്തിനിടയിൽ  4136  ക്രിസ്ത്യാനികൾ യേശുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞതിൻറെ  പേരിൽ മാത്രം കൊല്ലപ്പെട്ടു. അതായത്  ഒരു ദിവസം 11 ക്രിസ്ത്യാനികളുടെ  ചുടുചോര വീഴുന്ന ഭൂമിയിലാണു  നാം ഇപ്പോൾ ജീവിക്കുന്നത്.

‘അവൻ അഞ്ചാമത്തെ മുദ്ര തുറന്നപ്പോൾ, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ബലിപീഠത്തിനു കീഴിൽ ഞാൻ കണ്ടു.  വലിയ സ്വരത്തിൽ അവർ ഇങ്ങനെ വിളിച്ചുപറഞ്ഞു; പരിശുദ്ധനും സത്യവാനുമായ  നാഥാ,  ഭൂമിയിൽ വസിക്കുന്നവരുടെ മേൽ  ന്യായവിധി നടത്തി ഞങ്ങളുടെ  രക്തത്തിനു  പ്രതികാരം ചെയ്യാൻ അങ്ങ്   എത്രത്തോളം വൈകും? അവർക്ക് ഓരോരുത്തർക്കും ധവളവസ്ത്രം നൽകപ്പെട്ടു. അവരെപ്പോലെ വധിക്കപ്പെടാനിരുന്ന സഹദാസരുടെയും സഹോദരരുടെയും എണ്ണം തികയുന്നതുവരെ അല്പസമയം കൂടി  വിശ്രമിക്കാൻ അവർക്കു  നിർദേശം കിട്ടി’.

ഇങ്ങനെയൊരു ഭാഗം എവിടെയെങ്കിലും വായിച്ചതായി ഓർമ്മിക്കുന്നുണ്ടോ?  വെളിപാടു  പുസ്തകം  ആറാം അധ്യായം 9 മുതൽ 11  വരെയുള്ള വചനങ്ങളാണിവ.  

ഒരുവർഷത്തിനിടയിൽ  ആക്രമിക്കപ്പെട്ട ദൈവാലയങ്ങളുടെയും  ക്രൈസ്തവസ്ഥാപനങ്ങളുടെയും എണ്ണം 1266. തക്കതായ കാരണമില്ലാതെ അറസ്‌റ്റു  ചെയ്യപ്പെടുകയോ ജയിലിൽ അടയ്ക്കപ്പെടുകയോ ചെയ്ത ക്രിസ്ത്യാനികളുടെ എണ്ണം 2625.

ഒൻപതിൽ ഒരു ക്രിസ്ത്യാനി ലോകത്തിൽ എവിടെയെങ്കിലുമായി  പീഡനത്തിനിരയായി ക്കൊണ്ടിരിക്കുകയാണ്. സ്വന്തം മതവിശ്വാസം ഏറ്റുപറഞ്ഞതിൻറെ  പേരിൽ മാത്രം അതിക്രൂരമായ കൂട്ടബലാൽസംഗങ്ങൾക്ക് ഇരയാകുന്ന ആയിരക്കണക്കിനു  സ്ത്രീകൾ മറ്റേതു  മതത്തിലുണ്ട്?

ഇന്ത്യയിൽ ക്രൈസ്തവപീഡനം ഒരു തുടർക്കഥയാണ്. പലയിടങ്ങളിലും  ഹിന്ദു തീവ്രവാദികൾക്ക് ഉന്നതതലങ്ങളിൽ നിന്നുള്ള സംരക്ഷണവും പിന്തുണയും കിട്ടുന്നുണ്ട്. 2008 ൽ  ഹിന്ദു വർഗീയവാദികൾ അഴിഞ്ഞാടിയ  ഒറീസ്സയിലെ കാണ്ഡമാലിൽ  ഇപ്പോഴും ആയിരക്കണക്കിനു  പീഡിതക്രിസ്ത്യാനികൾ  പുനരധിവാസവും നഷ്ടപരിഹാരവും കാത്തിരിക്കുകയാണ്. കാണ്ഡമാലിൽ  ഹിന്ദു ഭീകരന്മാർ നടത്തിയെടുത്ത  ക്രൈസ്തവ വംശഹത്യയുടെ  സ്കോർഷീറ്റ് ഒന്ന് പരിശോധിക്കാം.

കൊല്ലപ്പെട്ട ക്രിസ്ത്യാനികൾ                        

സർക്കാർ കണക്കിൽ 28  

 അനൗദ്യോഗിക കണക്കനുസരിച്ച് 98

തീവച്ചുനശിപ്പിച്ച വീടുകൾ                          5600

ഭവനരഹിതരായവർ                                        54000

പരുക്കേറ്റവർ                                                        1800

തകർത്ത  ദൈവാലയങ്ങൾ/

ക്രൈസ്തവസ്ഥാപനങ്ങൾ                                295

തകർക്കപ്പെട്ട  വിദ്യാഭ്യാസ സ്ഥാപനങ്ങൾ         13

ഇനി കലാപത്തിനു  കാരണമോ?  ലക്ഷ്മണാനന്ദ എന്നൊരാളെ ക്രിസ്ത്യാനികൾ  കൊന്നു എന്നായിരുന്നു ആരോപണം.  ആ കൊലപാതകത്തിനു  പിന്നിൽ നക്സലൈറ്റുകളായിരുന്നുവെന്നു   പോലീസിനും ഗവൺമെന്റിനും   കലാപം നടത്തിയ ഹിന്ദു വർഗീയവാദികൾക്കും  അറിയാമായിരുന്നു എന്നതാണീ സംഭവത്തിലെ  വേദനാജനകമായ  ഭാഗം.

 യുണൈറ്റഡ്  ക്രിസ്ത്യൻ ഫോറത്തിൻറെ  കണക്കനുസരിച്ച് 2019 ൻറെ  ആദ്യ പകുതിയിൽ മാത്രം  ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ 158  അക്രമസംഭവങ്ങൾ റിപ്പോർട്ട്  ചെയ്യപ്പെട്ടിട്ടുണ്ട്.  ഇത് അവരുടെ ഹെൽപ്‌ലൈനിൽ വന്ന പരാതികളുടെ മാത്രം കണക്കാണ്. അപ്പോൾ യഥാർത്ഥത്തിൽ നടന്ന അക്രമസംഭവങ്ങളുടെ  വ്യാപ്തി  എത്രയായിരിക്കും?  ഹെൽപ് ലൈനിൽ  റിപ്പോർട്ട് ചെയ്ത 158 പരാതികളിൽ തന്നെ  130 ലും ആക്രമം ഉണ്ടായതു   തികച്ചും  സമാധാനപരമായി  ദൈവാലയങ്ങളിലോ വീടുകളിലോ ഒത്തുചേർന്നു പ്രാർത്ഥിച്ചുകൊണ്ടിരുന്ന  സ്ത്യാനികൾക്കെതിരായിട്ടായിരുന്നു  എന്നത് എവിടേക്കാണ് വിരൽ ചൂണ്ടുന്നത്?  2014ൽ  150ൽ താഴെമാത്രം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നിടത്തുനിന്ന്  2018 ൽ   300ൽ  അധികം എന്ന നിലയിലേക്കു  വളർന്നതു  നമ്മുടെ രാജ്യം എങ്ങോട്ടേയ്ക്കാണു   പോകുന്നത് എന്നതിൻറെ  സൂചകമാണ്.

നിങ്ങളെ കൊല്ലുന്നതിലൂടെ    തങ്ങൾ ദൈവത്തിനു  ബലിയർപ്പിക്കുകയാണ്  ചെയ്യുന്നത് എന്നു  കരുതുന്ന  മനുഷ്യരുള്ള കാലം വരുന്നു എന്നു  ബൈബിളിൽ എഴുതിവച്ചിരിക്കുന്നതു  നിറവേറുക തന്നെ ചെയ്യും. തങ്ങളുടെ ദൈവം വലിയവനാണ് എന്ന് അലറിവിളിച്ചുകൊണ്ടാണു   പലയിടങ്ങളിലും മതഭ്രാന്തു പിടിച്ച ഭീകരന്മാർ  ക്രിസ്ത്യാനികളെ കഴുത്തുവെട്ടിക്കൊന്നത്.

Hate Crime , Hate Speech  എന്നിവയൊക്കെ താരതമ്യേന പുതിയ പദങ്ങളാണ്. ക്രിസ്തീയവിശ്വാസികൾ തങ്ങളുടെ വിശ്വാസം പരസ്യമായി പ്രഘോഷിക്കുമ്പോഴൊക്കെ അതിനെ ചിത്രീകരിക്കാൻ മറ്റുള്ളവർ  (എന്നു  വച്ചാൽ ഗവണ്മെന്റുകളും , ലിബറൽ സംഘടനകളും സ്ത്രീവിമോചനക്കാരും അബോർഷൻ  ലോബിയും  സ്വവർഗഭോഗികളും  ദയാവധത്തെ അനുകൂലിക്കുന്നവരും  നിരീശ്വരവാദികളും  ഫ്രീമേസൺ സംഘങ്ങളും  സാത്താൻ ആരാധകരും ക്രിസ്തീയവിശ്വാസത്തെ തുടച്ചുനീക്കാൻ ആയുധമെടുത്തിറങ്ങിയിരിക്കുന്ന മറ്റനേകം പൈശാചികശക്തികളും) ഉപയോഗിക്കുന്ന വാക്കാണിത്.  ഇന്ത്യയിൽ ഈ വാക്ക് അത്ര പ്രചാരത്തിലായിട്ടില്ല. അമേരിക്കയിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന വാക്കുകളിൽ  ഒന്നാണിത്.

ഉദാഹരണം പറഞ്ഞാൽ അബോർഷൻ പാപമാണ് എന്ന് ഒരു ക്രിസ്ത്യാനി പറഞ്ഞാൽ അവൻ  അബോർഷനെ  പിന്തുണയ്ക്കുന്നവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന  hate speech  നടത്തിക്കഴിഞ്ഞു.  സ്വവർഗലൈംഗികബന്ധം പ്രകൃതിയുടെ നിയമത്തിന് എതിരാണെന്നും പാപമാണെന്നും ഒരു  ക്രിസ്ത്യാനി പറഞ്ഞാൽ അതും hate speech. ദയാവധം തെറ്റാണെന്നു  പറഞ്ഞാൽ അതും hate speech. യൂറോപ്പിലേക്ക് അനധികൃതമായി നുഴഞ്ഞുകയറുന്നവരിൽ ഇസ്‌ലാമികഭീകരന്മാർ ഉണ്ടെന്നു പറഞ്ഞാൽ  അതും hate speech. സ്ത്രീകൾ പുരോഹിതരാകുന്നതു  ശരിയല്ല എന്നു  പറഞ്ഞാൽ അതും hate speech. വസ്ത്രം മാറുന്നതുപോലെ ഭാര്യയെയോ ഭർത്താവിനെയോ മാറുന്നതു തെറ്റാണെന്നു  പറഞ്ഞാൽ അതും hate speech.

സ്ത്രീകളുടെ  ടോയ്‌ലെറ്റിൽ പുരുഷന്മാർ കയറുന്നതു  ശരിയല്ല എന്നു  പറഞ്ഞാൽ അതും hate speech. പുരുഷനെ മിസ്റ്റർ എന്നും സ്ത്രീയെ മിസ്സ് / മിസ്സിസ് എന്നും  വിളിച്ചാൽ അതും hate speech. ഇതൊന്നും കെട്ടുകഥകളല്ല. അമേരിക്കയിലെയും യൂറോപ്പിലെയും  രാജ്യങ്ങളിൽ നിന്നുള്ള കഴിഞ്ഞ ഏതാനും മാസങ്ങളിലെ വാർത്തകളാണ്. 

ലോകം ക്രിസ്തുവിനുവേണ്ടിയും ക്രിസ്തുവിനെതിരായും എന്നിങ്ങനെ എന്ന വ്യക്തമായ രണ്ടു  ചേരികളായി തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു  എന്നതാണ്  സത്യം. നാം കാണുന്നതൊക്കെ അതിൻറെ ബഹിർസ്ഫുരണങ്ങൾ മാത്രം.

(തുടരും)